ചുറ്റോടുചുറ്റും കണ്ണോടിച്ചു ഞാൻ
എന്തെന്തു കാഴ്ചകളാണ് മുന്നിൽ
നേരം പുലരുന്ന പൊൻവെളിച്ചം
ചാരെ അരിച്ചിറങ്ങുന്നു മുന്നിൽ.
പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
മഞ്ഞനിറത്തിൽ തിളങ്ങിടുന്നു.
വർണങ്ങൾ വാരിവിതറി സൂര്യൻ
മെല്ലെ ഉദിച്ചങ്ങുയർന്നിടുന്നു.
നിദ്ര വെടിഞ്ഞൊരാ പൂവങ്കോഴി
കണ്ഠമുയർത്തി സ്തുതിച്ചിടുന്നു.
കാക്കകൾ കലപില പാടിടുന്നു
കൂവിത്തെളിയുന്നു പൊൻകുയിലും.
മാരുതൻ മെല്ലെ ഒഴുകിടുന്നു
താളത്തിലാടുന്നു വള്ളികളും.
പൂക്കൾ ചിരിച്ചു മദിച്ചിടുന്നു
തേനുണ്ണും വണ്ടുകൾ മൂളിടുന്നു.
ചിൽ ചിൽ ചിലച്ചിട്ട് അണ്ണാ നതാ
മാങ്കൊമ്പിൽ ചാടിക്കളിച്ചിടുന്നു.
കുടമാണിയാട്ടുന്ന പൈക്കന്നതാ
അമ്മയ്ക്ക് ചുറ്റുമായോടിടുന്നു.
പാൽ ചുരത്തുന്ന കറുമ്പിപ്പൈയ്യും
പാൽ കറക്കുന്ന പിതാമഹനും
പുഞ്ചിരിയോടൊന്നു നോക്കിടുന്നു
തങ്ങളിൽ സന്തോഷം പങ്കിടുന്നു.
തൊടിയിൽ പല പല വർണങ്ങളിൽ
വിടരുന്ന പൂവുകൾക്കെന്തു ഭംഗി..
തേനുണ്ണാൻ പാറും ശലഭങ്ങൾക്കും
നൂറു നിറങ്ങളുണ്ടെന്ന് കണ്ടു.
കണ്ടില്ലറിഞ്ഞില്ലിതൊന്നുമേ ഞാൻ
മുൻപൊരു നാളുമീ ഭംഗിയൊന്നും.
എന്നുമുണ്ടായിരുന്നീക്കാഴ്ചകൾ
എന്നറിഞ്ഞീടുന്നു ഞാനാദ്യമായ്.
കോവിഡ് തന്നതീ പൊൻദിനങ്ങൾ
ആസ്വദിക്കുന്നു ഞാനാവോളവും.
നിത്യവും കണ്മുന്നിൽ മിന്നിനിൽക്കും
ചുറ്റുപാടിൻ ചന്തം ഞാനറിവൂ.