സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/അടച്ചുപൂട്ടലും അടിപൊളിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അടച്ചുപൂട്ടലും അടിപൊളിയാക്കാം


ലോകം മുഴുവൻ കോവിഡ്- 19 എന്ന മഹാരോഗത്തിന്റെ ഭീതിയിലാണ്. കേരളത്തിലും ഈ രോഗം വ്യാപിച്ചതിനെ തുടർന്ന് മാർച്ച് 10 ന് സ്‌കൂൾ അടച്ചു. പരീക്ഷ നടത്താത്തിലും സ്‌കൂൾ അടച്ചതിലും എനിക്ക് വളരെ വിഷമം തോന്നി. അതിനാൽ ഞങ്ങൾ മലപ്പുറത്തുള്ള അങ്കിളിന്റെ വീട്ടിൽ പോയി. ഇവിടെ എത്തി രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ലോക്ക് ഡൗൺ തുടങ്ങി. കേരളം പൂർണമായും അടച്ചിടുകയാണെന്നും പുറത്തിറങ്ങാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. രോഗം വരാതിരിക്കാനാണ് ഈ അടച്ചിടൽ എന്നറിഞ്ഞപ്പോൾ അത് മാറി. പിന്നെ എല്ലാവരും വീട്ടിൽ തന്നെയുണ്ടല്ലോ.

അങ്കിളിന്റെ മക്കളും ഞാനും പലതരം കളികൾ കളിച്ചും ടി. വി കണ്ടും ചിത്രം വരച്ചും പാട്ടു പാടിയും സമയം ചിലവിടുന്നു. വൈകുന്നേരം കുറച്ചു സമയം മുറ്റത്ത് ഓടികളിക്കാറുണ്ട്. ചെറിയ കൃഷിയും ഞങ്ങൾ തുടങ്ങി. ചീര, വെണ്ട, പയർ എന്നിവയാണ് കൃഷി ചെയ്‌തത്. പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക്ക് ധരിക്കുന്നത് എനിക്ക് പുതിയ അനുഭവമായിരുന്നു. ഇടയ്‍ക്കിടെ കൈകഴുകുന്നത് എനിക്ക് ശീലമായി. അതിനുള്ള ഹാൻഡ് വാഷ് ചന്ദ്രിക സോപ്പും വെള്ളവും വെളിച്ചെണ്ണയും ചേർത്ത് വീട്ടിൽ ഉണ്ടാക്കി. എനിക്ക് ജലദോഷം വന്നപ്പോൾ തുളസിയില ഇട്ട് ആവി പിടിച്ചതും വയറിന്റെ അസുഖത്തിന് ഇഞ്ചി, കരുപ്പെട്ടി, നാരങ്ങ നീര്, ഏലയ്‌ക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചതും എനിക്ക് ഇഷ്ടമായി. ഷാമ്പു ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ചെമ്പരത്തി താളി ഉപയോഗിക്കാനും എനിക്ക് സമയം കിട്ടി. അവയെല്ലാം പഴയകാലത്ത് ഉപയോഗിച്ചിരുന്നതാണെന്ന് എനിക്ക് മനസ്സിലായി. പലതരത്തിലുള്ള ആഹാര സാധനങ്ങൾ വീട്ടിലുണ്ടാക്കി. ഇലയട, കട്‌ലറ്റ്, തക്കാളി സോസ്, ഉപ്പേരി, ഉണ്ണിയപ്പം, കിണ്ണത്തപ്പം തുടങ്ങുയവ.

കുറച്ചു സമയം ഞങ്ങൾ ഹിന്ദിയും കണക്കും പഠിച്ചു. സിൻഡ്രല്ല, ആലിബാബയും 40 കള്ളന്മാരും, ആലീസിന്റെ അത്‌ഭുത ലോകം എന്നീ പുസ്തകങ്ങൾ ഈ സമയത്തു വായിക്കാൻ കഴിഞ്ഞു. ടി. വി യിലൂടെയും പത്രങ്ങളിലൂടെയും വാർത്തകൾ അറിയുമ്പോൾ എത്രയും വേഗം രോഗം മാറണമെന്ന് ആഗ്രഹിക്കുന്നു. ഈ രോഗത്തിന് മരുന്നില്ല എന്നതാണ് എറ്റവും വലിയ വിഷമം. പെട്ടെന്ന് മരുന്ന് കണ്ടുപിടിക്കാൻ സാധിക്കട്ടെ. ഈ മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും കേരള സർക്കാരിനും എന്റെ അഭിനന്ദനങ്ങൾ. വേഗം ഈ ലോക്ക് ‍ഡൗൺ അവസാനിച്ചാലെ എനിക്ക് നാട്ടിലെത്താൻ കഴിയുകയുള്ളൂ. അതിനായി ഞാൻ കാത്തിരിക്കുന്നു. തിരിച്ചുപോകുമ്പോൾ എനിക്കും മാസ്‌ക് ധരിക്കേണ്ടി വരും. അതും വീട്ടിലുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് അമ്മ.

ദിവ്യ എസ്. എസ്
6 F സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം