സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
തൃശൂർ പൂരം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ അഥവാ തൃശ്ശിവപേരൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്.ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ഈ ക്ഷേത്രം ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. തിരു (തമിഴിലെ ബഹുമാന പദം) ശിവന്റെ (വടക്കുംനാഥനെ ഉദ്ദേശിച്ച്) പേരൂർ/പെരിയഊര് -തിരുശിവപേരൂർ- എന്ന പദം കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നായി മാറുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1947 ജൂലൈ 14 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും യും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ ത‌മ്പുരാനാണ് നഗരശില്പി. തൃശ്ശൂർ നഗരത്തിന്റെ സുപ്രധാന മാറ്റങ്ങൾക്ക് രാമവർമ്മ കുടുബത്തിലെ പാറുക്കുട്ടി നേത്യാരമ്മയും പങ്കു വഹിച്ചിട്ടുണ്ട്. പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു. നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.

കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻകാട്‌ മൈതാനിയിൽ‍ ഉള്ള വടക്കുംനാഥൻ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ്‌ സ്ഥിതി ചെയുന്നത് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ്. അവിടെത്തന്നെയാണ് കേരളത്തിലെ ആദ്യത്തെ കാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നതും. റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളിയും ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്‌. എടുത്തു പറയാവുന്ന ആരാധനാലയങ്ങൾ ആയ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, പാലയൂർ പള്ളി, ഇരുനിലംകോട് ശിവക്ഷേത്രം, ഉത്രാളിക്കാവ്, നെല്ലുവായ ധന്വന്തരീക്ഷേത്രം ഇവയെല്ലാം തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സം‌പ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽത്തീരം 20 കിലോമീറ്റർ അകലെയുള്ള വാടാനപ്പള്ളി കടൽത്തീരമാണ്.

തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ 10.52°N 76.21°Eലായാണ് സ്ഥിതിചെയ്യുന്നത്. .[2] തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, പടിഞ്ഞാറെച്ചിറ, കൊക്കർണി തുടങ്ങിയവ. പുഴയ്ക്കൽപ്പുഴയാണ് തൃശ്ശുർ നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി.

സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂർ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്.  അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരിൽ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂർ ഒരു പ്രധാന താവളമായി മാറി. ആര്യന്മാർ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയർത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അർണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്.

ആദ്യമായി യഹൂദന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരിലാണ്. ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാൻ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ വിരളമായ കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.

തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളിയിലാണ് സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ചിറ നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമായ ശ്രീരാമൻ ചിറ.

പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂർ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ഈ ജില്ലയുടെ സംഭാവനകൾ ആണ്. സി.പി. അച്യുതമേനോൻ, ആറ്റൂർ കൃഷ്ണപിഷാരടി, വള്ളത്തോൾ നാരായണമേനോൻ, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമൻ തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യർ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ) എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.