സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/അറിവും തിരിച്ചറിവും

Schoolwiki സംരംഭത്തിൽ നിന്ന്
അറിവും തിരിച്ചറിവും

വേനൽക്കാലമായി... എവിടെയും വരൾച്ച ... ഒരു ദിവസം ഭക്ഷണത്തിനായി അലഞ്ഞുതിരിഞ്ഞ കാട്ടിലെ ഒരു ചെന്നായ നാട്ടിലേക്കിറങ്ങി. നാട്ടിലെത്തിയ ചെന്നായ ഒന്ന് ഞെട്ടി. ആളനക്കമോ വാഹനങ്ങളുടെ ഒച്ചയോ ഒന്നുമില്ല. ഈ നാടിന് ഇതെന്തു പറ്റി ? ആരോട് ചോദിക്കും ? അലഞ്ഞു നടന്നു ക്ഷീണിച്ച ചെന്നായ ഒരു മരച്ചുവട്ടിൽ വിശ്രമിക്കുമ്പോൾ ഒരു നായ ആ വഴി വരുന്നതു കണ്ടു. ചെന്നായ നായയോട് ചോദിച്ചു. ഈ നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? മനുഷ്യരേയോ മൃഗങ്ങളെയോ വാഹനങ്ങളോ ഒന്നും കാണാനില്ലല്ലോ? അപ്പോൾ നായ പറഞ്ഞു; ആഹാ നീയിതൊന്നും അറിഞ്ഞില്ലേ? നാട്ടിലാകെ കൊറോണ എന്ന രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ചെന്നായ ചോദിച്ചു. എന്താ കൊറോണയോ ? അതെ, കൊറോണ! ഞങ്ങൾ പോലും പുറത്തിങ്ങാറില്ല. നായ പറഞ്ഞു. നാട്ടിലെ രോഗത്തിന്റെ അവസ്ഥയെപ്പറ്റിയും പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണമെന്നും നായ ചെന്നായയോട് പറഞ്ഞു കൊടുത്തു. ഇതു കേട്ട ചെന്നായ ജീവനും കൊണ്ട് കാട്ടിലേക്കോടി. കാട്ടിലെത്തിയ ഉടനെ നാട്ടിലെ അവസ്ഥകൾ ചെന്നായ മറ്റു മൃഗങ്ങളോട് വിവരിച്ചു. ഇനിയാരും ഉടനെയൊന്നും നാട്ടിലേക്ക് പോകരുതെന്നും ചെന്നായ നിർദേശിച്ചു. എന്നാൽ ചെന്നായ പറഞ്ഞ കാര്യങ്ങൾ അപ്പാടെ വിശ്വസിക്കാൻ കാട്ടിലെ മൃഗങ്ങൾ തയ്യാറായില്ല. നാട്ടിലെ ഭക്ഷണം ഒറ്റയ്ക്ക് അകത്താക്കാനുള്ള തന്ത്രമാണ് ചെന്നായ കാണിക്കുന്നതെന്ന് മൃഗങ്ങൾ ആരോപിച്ചു. അവർ പല വഴികളിലൂടെ സഞ്ചരിച്ച് നാട്ടിലെത്തി. നാട്ടിലെത്തിയ മൃഗങ്ങൾക്ക് ചെന്നായ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായി. തിരികെ കാട്ടിലെത്തിയ മൃഗങ്ങൾ ചെന്നായയോട് മാപ്പു പറഞ്ഞു. ചെന്നായയിൽ നിന്നു കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ അവർ കാട്ടിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു; അവർ ഒറ്റ സ്വരത്തിൽ ഏറ്റുചൊല്ലി :

   " കൈയും മുഖവും കഴുകേണം
     ശുചിയായ്ത്തന്നെയിരിക്കേണം
     തമ്മിൽ അകലം പാലിച്ച്
     കാടിനെ രക്ഷിച്ചീടേണം "


വൈഗ.എം.രാജേഷ്
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ