@ കോവിഡ് 19

2019ൽ ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന പുതിയ കൊറോണ വൈറസ് മൂലം ലോകവ്യാപകമായി പടർന്നു പന്തലിച്ച ഒരു രോഗമാണ് കോവിഡ് 19. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന വലിയ കൂട്ടം വൈറസുകളാണിവ. SARS-CoV-2 എന്നായിരുന്നു പുതിയ രോഗത്തിനിട്ട പേര്. എന്നാൽ, ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് വേണ്ടി ലളിതമായ ഒരു പേരെന്ന നിലയിലാണ് കോവിഡ്‌ 19 എന്ന പേര് നിർദ്ദേശിക്കപ്പെടുന്നത്. കൊറോണ, വൈറസ്, ഡിസീസ് എന്നീ മൂന്ന് പദങ്ങളിൽ നിന്നാണ് കോവിഡ് എന്ന പദത്തിന്റെ ഉത്ഭവം. 19, 2019 വർഷത്തെ സൂചിപ്പിക്കുന്നു. ചൈനയിലെ വുഹാനിലായിരുന്നു ഇതിന്റെ ഉത്ഭവം.

ലക്ഷണങ്ങൾ

പനി, ക്ഷീണം, വരണ്ട ചുമ ഇവയാണ് കോവിഡ് 19ന്റെ സാധാരണമായ ചില ലക്ഷണങ്ങൾ. രോഗികൾക്ക് ശരീര വേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ലക്ഷണങ്ങൾ ലഘുവായതും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകളിൽ വൈറസ് ബാധക്ക് ശേഷവും എന്തെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ കണ്ടില്ലെന്നും വരാം. കൂടുതൽ ആളുകളും പ്രത്യേക ചികിത്സ ഒന്നും കൂടാതെ സുഖപ്പെടുന്നു. കോവിഡ്-19 ബാധിക്കുന്ന ആറുപേരിൽ ഒരാൾ എന്ന കണക്കിൽ ഗുരുതരാവസ്ഥയിൽ ആകുകയും ശ്വസനം പ്രയാസകരമാകുകയും ചെയ്യും. പ്രായമുള്ളവരും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരും ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത ഏറെയാണ്.

രോഗം പകരുന്നത് എങ്ങനെ?

രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അയാളുടെ മൂക്കിൽ നിന്നോ വായിൽ നിന്നോ തെറിക്കുന്ന ചെറുകണങ്ങളിലൂടെയാണ് രോഗം പകരുന്നത്. രോഗബാധിതന് ചുറ്റുമുള്ള വസ്തുക്കളിലും പ്രതലങ്ങളിലും ആ ചെറുകണങ്ങൾ പറ്റിയിരിക്കുകയും മറ്റുളളവർ അവിടെ തൊട്ട കൈകൊണ്ട് സ്വന്തം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ രോഗം അവരിലേക്കെത്തുന്നു. രോഗബാധിതർ ചുമയ്ക്കുകയോ തുമ്മുകയോ വഴി പുറത്തേക്ക് വമിപ്പിക്കുന്ന ചെറുകണങ്ങൾ ശ്വസിക്കുക വഴിയും രോഗം പിടിപെടാം.

പ്രതിരോധ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്

ലോകാരോഗ്യസംഘടന, നമ്മുടെ ദേശീയ, സംസ്ഥാന സർക്കാരുകൾതുടങ്ങിയവർ നൽകുന്ന കോവിഡ്-19 സംബന്ധിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ആൽക്കഹോൾ ആധാരമാക്കിയ സാനിട്ടൈസർ കൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ നന്നായി ശുദ്ധിയാക്കുക. അവ കൈകളിലെ വൈറസിനെ നശിപ്പിക്കും.മറ്റൊരാളിൽനിന്ന് ഒരു മീറ്റർ അകലം പാലിക്കുക. അയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിൽ വൈറസ് ഉണ്ടാകാനും നിങ്ങൾ അത് ശ്വസിച്ച് ഉള്ളിൽ എത്താനുമുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ഇത്. സ്വയം മുഖം തൊടുന്നത് ഒഴിവാക്കുക. നാം പലയിടത്തും തൊടുന്നത് വഴി കൈകളിൽ വൈറസ് പറ്റിയിരിക്കാം. കണ്ണ്, മൂക്ക്, വായ എന്നിവയിൽക്കൂടി ആ വൈറസ് ഉള്ളിൽ എത്താതിരിക്കാനാണ് ഈ മുൻകരുതൽ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മടക്കിയ കൈമുട്ട് കൊണ്ടോ ടിഷ്യൂ കൊണ്ടോ വായും മൂക്കും മറച്ചുപിടിക്കുക. ആ ടിഷ്യൂ ഉടനെ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുക. അസ്വാസ്ഥ്യം തോന്നുകയാണെങ്കിൽ വീട്ടിൽതന്നെ കഴിയുക. ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക. അടുത്തായി യാത്രകൾ നടത്തുകയോ യാത്ര കഴിഞ്ഞ് വന്നവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ആരോഗ്യപ്രവർത്തകരുമായി പങ്ക് വയ്ക്കുക. അവർക്ക് നിങ്ങളെ ശരിയായി ഗൈഡ് ചെയ്യാനും കോവിഡ് വ്യാപനത്തെ ചെറുക്കാനും കഴിയും.

ബിസ്‌മി ബഷീർ
3 എ സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം