സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ വീണ്ടെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടെടുപ്പ്

കോവിഡ്-19 വൈറസ് ബാധ ലോകമെങ്ങും ഭീതി വളർത്തിയിട്ട് മാസങ്ങൾ പിന്നിടുന്നു. കോവിഡ്-19 ന്റെ പ്രാഥമിക ഉറവിടം മൃഗങ്ങളിൽ നിന്നാകാം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചൈനയിലെ വുഹാനിലെ വന്യജീവി മാംസ വിപണന കേന്ദ്രത്തിലാണ് ഈ രോഗം ആദ്യം ഉണ്ടായത്. ഇപ്പോളിത് ദരിദ്ര- സമ്പന്ന വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളെയും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 2 ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിനാളുകളെ രോഗികളാക്കുകയും മനുഷ്യ ജീവിതം നിശ്ചലമാക്കി ലോകത്തെ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നു ഈ മഹാമാരി. ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുമ്പോൾ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങൾ വിഛേദിക്കപ്പെടുന്നു. ഇന്ത്യയിലും ആഗോള തലത്തിലും ഉണ്ടായതും ഉണ്ടാകുന്നതുമായ സാമ്പത്തിക മേഖലയിലെ വൻ തകർച്ചയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇനി എത്ര വർഷം വേണ്ടി വരുമെന്ന് നിശ്ചയമില്ല. പല രാജ്യങ്ങളിലേക്കും പുതുതായി വൈറസ് ബാധ പടരുന്നതും മരണസംഖ്യയും രോഗബാധിതരുടെ എണ്ണം കൂടുന്നതും മാനവരാശിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ലോകമെങ്ങും ആഞ്ഞുവീശുന്ന ഒരു വൈറസ് ബാധയെ തടഞ്ഞുനിർത്താൻ എല്ലാവരും ഒരേ മനസ്സോടെ ജാഗ്രതയും കരുതലും പുലർത്തിയാലെ സാധിക്കൂ. വ്യക്തി, പൊതുശുചിത്വം, രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതരീതികൾ, പ്രകൃതി സംരക്ഷണം, കൂടുതൽ ഗവേഷണങ്ങളുടെയും ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ആവശ്യകത എന്നീ മേഖലകളിൽ അനിവാര്യമായ തിരുത്തലുകൾ വരുത്തുവാൻ നാം തയാറാകണം. കേരളീയ സമൂഹം വ്യക്തിശുചിത്വത്തിന് മുൻ പന്തിയിലെങ്കിലും പൊതു ശുചിത്വത്തിന് വളരെ പിൻ പന്തിയിലാണ്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏറെ നേട്ടം കൈവരിച്ചു കഴിഞ്ഞ മനുഷ്യർ ഒരു കാര്യം മറന്നു പോയി, ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ. എല്ലാം തനിക്കായി ഒരുക്കിയിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ മനുഷ്യർ വേണ്ടത്ര ശ്രദ്ധാലുക്കളല്ല. മലയിടിച്ചും പുഴകൾ മണ്ണി്ട്ട് നിരത്തിയുമൊക്കെ നാം കാണിക്കുന്ന ക്രൂരതകൾ കാലാവസ്ഥാ മാറ്റത്തിനും പ്രളയം, സുനാമി, വരൾച്ച ഇവയ്ക്കും കാരണമാകുന്നുണ്ട്. സ്വന്തം നാശത്തിന് സ്വയം വഴിയൊരുക്കുന്ന ഒരേയൊരു ജീവിവർഗമായ മനുഷ്യൻ അമിത ലാഭത്തിനായി വാരി വിതറുന്ന കീടനാശികളും രാസ വളങ്ങളും പ്ലാസ്റ്റിക്- ഇലൿട്രോണിക് മാലിന്യങ്ങളുമെല്ലാം പരിസ്ഥിതിയുടെ താളം തെറ്റിക്കും.

ഈ സമയവും കടന്നു പോകും. ഇത് നാം അതിജീവിച്ചേ മതിയാകൂ... അതിജീവനത്തിനായുള്ള തന്ത്രപ്പാടുകളിൽ സർക്കാരും രാജ്യത്തെ പൊതു സമൂഹവും പ്രവാസി സമൂഹവുമെല്ലാം ഒരേ മനസോടെ പ്രവർത്തിക്കേണ്ട തുണ്ട്. പ്രതിസന്ധികളെ നേരിടുന്നതിൽ കേരളീയ സമൂഹം ലോകത്തിന് തന്നെ മാതൃകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയവും നിപ്പ വൈറസ് പോലുള്ള പകർച്ച വ്യാധികളും നേരിടുന്നതിൽ പ്രകടമാക്കിയ കാര്യക്ഷമതയും സമർപ്പണവും ജനകീയ കൂട്ടായ്മയും ഉത്തമോദാഹരണങ്ങളാണ്.

കോവ്ഡ്- 19 എന്ന മഹാമാരിക്കെതിരെ ലോകം മുഴുവൻ പ്രാർത്ഥനയിലും പോരാട്ടത്തിലുമായിരിക്കുമ്പോൾ ഗവൺമെന്റിന്റെയും ആരോഗ്യ മേഖലയിലുള്ളവരുടെയും നിർദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധയോടെ പാലിച്ച് നിയന്ത്രണങ്ങളോട് സമൂഹം മുഴുവൻ ഒറ്റക്കെട്ടായി സഹകരിക്കണം. ഒപ്പം മെഡിക്കൽ- ആരോഗ്യ അവശ്യ സേവന മേഖലയിലുള്ളവരുടെ ജീവൻ പണയം വച്ചുകൊണ്ടുള്ള സേവനത്തിന് മുമ്പിൽ നന്ദിയോടെ നമുക്ക് ശിരസ് നമിക്കാം.

ഡെൽനാ തോമസ്
9 സി. സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം