സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ഓർമകൾക്കും അപ്പുറം....

Schoolwiki സംരംഭത്തിൽ നിന്ന്
 ഓർമകൾക്കും അപ്പുറം....    
   ഞാൻ ഞങ്ങളുടെ കാറിൽ മകനോടൊപ്പം യാത്ര ചെയ്യുക ആയിരുന്നു.ഡ്രൈവർ ഉണ്ടായിരുന്നിട്ടും എന്റെ നിർബന്ധ പ്രകാരം മോനായിരുന്നു  ഓടിച്ചിരുന്നത്. അവന്റെ അച്ഛൻ ജീവിച്ചിരുന്നത് വരെ മറ്റൊരാളെ വച്ച് കാറ്‌ ഓടിച്ചിരുന്നില്ല. അദ്ദേഹത്തിന് സ്വയം എല്ലാകാര്യങ്ങളും ചെയ്യുന്നതായിരിന്നു  അല്ലെങ്കിലും ഇഷ്ടം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഓർത്ത് ഒരുപാടൊന്നും  വേവലാതിപ്പെടെണ്ട ആവശ്യം ഉണ്ടായിട്ടില്ല.. 
    എന്നാൽ മകൻ അങ്ങനെ അല്ല. അവന്റെ കാര്യങ്ങൾ കൊണ്ട് വേവലാതി പെട്ടിട്ടേ ഉള്ളു എന്നും. ജനിച്ച അന്ന് മുതൽ ഒരു ചെറിയ പനി വന്നാൽ കൂടി പതറു കയായിരുന്നു  ഞങ്ങൾ ഇരുവരും. ഞാനായിരിന്നു അമ്മയെങ്കിലും അവനെ ഏറ്റവും കൂടുതൽ ലാളിച്ചിരുന്നത്  അവന്റെ അച്ഛനായിരുന്നു. വീട്ടിൽ എന്തെല്ലാം വിഷമമുണ്ടെങ്കിലും അവനെ അതൊന്നും അദ്ദേഹം അറിയിച്ചിരുന്നില്ല.. 
 മകൻ എന്നാൽ അദ്ദേഹത്തിന് ജീവനായിരുന്നു. അവൻ എന്ത് ആഗ്രഹിച്ചാലും അടുത്ത നിമിഷം സാധിച്ചു നൽകുമായിരുന്നു. പഠിക്കാൻ നല്ല മിടുക്കനായിരുന്നു അവൻ അതുകൊണ്ട് അവനെ എവിടെ വരെ പഠിപ്പിക്കുവാനും അദ്ദേഹം ഒരുക്കമായിരുന്നു.. 

................................... ഈ കാറിന്റെ സൈഡ് സീറ്റിൽ ചാരി ഇരിക്കുമ്പോൾ, താഴ്ത്തി ഇട്ട ഗ്ലാസ്‌ വഴി പുറത്തേക്ക് നോക്കുമ്പോൾ എന്തെല്ലാം ചിന്തകൾ ആണെന്റെ മനസ്സിലൂടെ കടന്നു പോകുന്നത്. അധികം വേഗമില്ലാതെ എന്റെ അടുത്തേക്കായി ഓടി എത്തുന്ന കാറ്റ് എണ്ണ തേക്കാതെ പാറി കിടക്കുന്ന എന്റെ നന്നല്ലാത്ത വെളുത്ത തലമുടിയിൽ പാറികളിക്കുന്നു. ഒന്ന് ചിരിക്കണം എന്നുണ്ട് എന്നാൽ അദ്ദേഹം പോയതോടെ ചിരിക്കേണ്ടതേങ്ങനെ യാണ് എന്ന് ഞാൻ മറന്നു പോയി...

   മകൻ നന്നായി പഠിച്ചു.അദ്ദേഹത്തിനും   എനിക്കും വലിയ അഭിമാനമായി തീർന്നു. അദ്ദേഹം തന്റെ ഓഫീസിലുള്ള വരോടെല്ലാം  വാ തോരാതെ തന്റെ മകനെ പറ്റി പറയുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാരനെ അമ്പലത്തിൽവച്ച്  കണ്ടപ്പോൾ പറഞ്ഞു.തന്റെ കൊച്ചു           മകനോടൊപ്പം ആയിരുന്നു അദ്ദേഹം എത്തിയത്. എന്നാൽ എന്റെ മകന്റെ അച്ഛന് പേരക്കുട്ടികളെ  കൊഞ്ചിക്കാനുള്ള വലിയ ഭാഗ്യം ഇല്ലായിരുന്നു.  വിദേശത്ത് നല്ല ഒരു ജോലികിട്ടിയ അവൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തു. ഞങ്ങൾക്ക് ആ മകളെ ഇഷ്ടമായിരുന്നു എന്നാൽ അവൾക്ക് ഞങ്ങൾ ഭാരമായിരുന്നു. പിന്നീട് പറക്കമുറ്റിയ  പക്ഷികളെ  പോലെ അവർ ഇരുവരും വിദേശതേക്ക് ചേക്കേറി. ആദ്യമൊക്കെ ഫോൺ ചെയ്യുമായിരുന്നു പിന്നീടത് കുറഞ്ഞു വന്നു. അവസാനം പ്രാരാബ്ദം പോലെ മാസാമാസം അയച്ചിരുന്ന പണം  ബാങ്കിൽ വന്ന് കൊണ്ടിരിന്നു. എന്നാൽ ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പെൻഷൻ തന്നെ ധാരാളം. 
ആ വലിയ വീട്ടിൽ ഞങ്ങൾ രണ്ടു വയോധികർ  മാത്രം ഒറ്റയ്ക്ക്. ജീവിക്കണമെന്ന് ആഗ്രഹമേ ഇല്ലാതായി. ഇടയ്ക്ക് ഒരു ദിവസം ഞങ്ങള്ക്ക് പേരക്കുട്ടി  പിറന്നു എന്ന് ഫോൺ വന്നു.അവളെ ഒന്ന് കാണണം എന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു എന്നാൽ മരിക്കും വരെ അത്‌ സാധിച്ചില്ല. പിന്നെ പിന്നെ അദ്ദേഹം കൂടുതൽ അവശനായി വന്നു. മരണ കിടക്കയിൽ കിടക്കും പോഴും എന്റെ കൈ പിടിച്ച് അദ്ദേഹം ചോദിച്ചത് എന്റെ പൊന്നു മോനെ ഒന്ന് കാണാൻ പറ്റുമോ എന്നാ. ഞാൻ കളി ആയിട്ടെന്നോണം പറഞ്ഞു "അതിനത്  ങ്ങള് മാത്രം കരുതീട്ടെന്തേ കാര്യം അവനൂടെ മനസ്സ് വെക്കണ്ടേ " പാവം ഒരുപാടു ആഗ്രഹിച്ചതാണ്  കണ്ണടയും മുൻപ് ആ മുഖം ഒന്ന് കാണാൻ. എന്നാലും ഒരിക്കലും അദ്ദേഹം അവനെ വെറുത്തിരുന്നില്ല.. 
 അദ്ദേഹം പോയിട്ട് ഇന്ന് 6 മാസമായിട്ടും ഇന്നലെ പോലെ  എന്റെ മനസിലുണ്ട്. പെട്ടെന്ന് പറന്ന് എത്തിയ മകൻ. അവന്റെ കണ്ണീന്ന് ഒരുതുള്ളി കണ്ണീരെ വന്നുള്ളൂ ഓ അതേലും വന്നല്ലോ. എനിക്ക് കരയണം എന്ന് ഉണ്ടായിരുന്നു എന്നാൽ എന്തുകൊണ്ട് എന്നറിയില്ല അതിനു പറ്റിയില്ല ഒരുതരം മരവിച്ച ഒരവസ്ഥ ആയിരുന്നു എനിക്ക്. ഇന്നലെ വരെ എനിക്ക് അത് വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു ഇന്നെനിക്ക് അത്‌ വിശ്വസിച്ചേ പറ്റൂ... കാരണം എന്റെ ഈ യാത്ര എന്നെ അദ്ദേഹത്തിന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ആ വീട്ടിൽ നിന്നും പിരിക്കാനായാണ്. ഒരു പക്ഷെ ഞങ്ങളുടെ മകനെ കാണുന്ന അവസാന ദിവസം ആകും ഇത്. അദ്ദേഹം ഉണ്ടായിരുന്നേൽ സഹിക്കില്ലായിരുന്നു. എന്റെ ഇപ്പോളത്തെ ഒരേഒരു ആഗ്രഹം ഈ ഇരുപ്പിൽ അദ്ദേഹം എന്നെ വന്ന് വിളിച്ചുകൊണ്ട് പോയായിരുന്നെങ്കിൽ എന്നാണ്.. 
പെട്ടെന്ന് ആ ഓർമകളിൽ  നിന്നും ഞെട്ടിയുണർന്നു  " വാ ഇറങ്ങമ്മേ  സ്ഥലമെത്തി. ഒന്ന് പൊട്ടി കരയാനാണു  എനിക്കപ്പോൾ തോന്നിയത്. ഞാൻ അവന്റെ അച്ഛനെ കുറിച്ച് അത്രയും നേരം ഓർത്തത്‌ അവിടെ നിർത്തി എന്തോ ഹിന്ദിയിൽ എഴുതി ഒരു വലിയ വീടിന്റെ മുൻപിൽ തൂക്കിഇട്ടിരിക്കുന്നു മുൻപിൽ എന്നെ പോലെ പ്രായം ചെന്ന കുറെ പേരെ കാണാം.. എല്ലാവരും ഞങ്ങളെ ഉറ്റു നോക്കുന്നു അപ്പോഴേക്കും എനിക്ക് ഏതാണ്ട് കാര്യം മനസ്സിലായി. വൃദ്ധ സദനം... എന്നെ ശ്രദ്ധിക്കുന്ന ഓരോ മാതാപിതാക്കളോടും  എനിക്ക് പറയാനുള്ളത്, ഞങ്ങൾ ഞങ്ങടെ പൊന്നുമോനെ വളർത്തിയത് പോലെ തന്നെ ഒക്കെ ആയിരിക്കും നിങ്ങൾ  നിങ്ങളുടെ കുഞ്ഞുങ്ങളെയും വളർത്തുന്നത്.. സ്നേഹം കൊണ്ട് പൊതിഞ്ഞ്, ഒന്ന് നുള്ളി നോവിക്കാതെ, വീട്ടിലെ ബുദ്ധിമുട്ടുകൾ  അറിയിക്കാതെ  അങ്ങനെയൊക്കെ വളർത്തുന്നവർക്ക്‌ അവസാനം എന്റെ ഗതി വരും. താങ്ങും തണലും ആയി നമ്മുടെ കൂടെ നിന്നിരുന്ന നമ്മുടെ  ഭർത്താവോ  ഭാര്യയോ നമ്മളെ വിട്ട് എന്നാന്നേക്കുമായി  പോയാൽ പിന്നെ  നമ്മുടെ പൊന്നോമനകൾക്ക്  നമ്മൾ  ഒരു ഭാരം ആയിരിക്കും. പതുക്കെ നമ്മളെ ഒഴിവാക്കും. നമ്മുടെ സുഖങ്ങൾ ഒക്കെ വേണ്ടാന്ന് വെച്ച് നമ്മൾ അവർക്കു വേണ്ടി ജീവിച്ചത് ഒറ്റനിമിഷം കൊണ്ട് അവർ കാറ്റിൽ പറത്തും.. അവർ വലുതായി അവരുടെ സുഖങ്ങൾ തേടി പോകുമ്പോൾ നമ്മൾ അവർക്ക് ഒരു ഭാരമായി മാറാം. അത്‌ നമ്മളെ വേദനിപ്പിക്കുന്നതിന്റെ ഒരംശം പോലും  അവരെ വേദനിപ്പിക്കില്ല.. ഒന്ന് യാത്ര പോലും പറയാതെ ഉള്ള എന്റെ മകന്റെ പോക്ക് ഓരോ അച്ഛനമ്മമാർക്കും  നൽകുന്ന  പാഠമാണ് അത്‌.............. 🙏🙏🙏
സാന്ദ്ര കെ എസ്
10 C സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ