സെന്റ് തോമസ് എൽപിഎസ് എരുമേലി/എന്റെ ഗ്രാമം
എരുമേലി
എരുമകൊല്ലി എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ഈ ഗ്രാമം കോട്ടയം ജില്ലയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ ശബരിമലയിലേയ്ക്കുള്ള പ്രധാന പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശബരിമല തീർത്ഥാടകരുടെ ഒരു പ്രധാന ഇടത്താവളം കൂടിയാണിത്. എരുമേലി പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത് 1953 ആഗസ്റ്റ് 15 ആം തീയതിയായിരുന്നു. പഞ്ചായത്തിനു ചുറ്റുപാടുമായി റബ്ബർ തോട്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു.
എരുമേലി എന്ന നാമം ഈ പ്രദേശത്തിനു ചാർത്തിക്കിട്ടിയത് "എരുമകൊല്ലി" എന്ന പേരിൽനിനാണ്. പുരാണമനുസരിച്ച് ഭഗവാൻ അയ്യപ്പൻ പുലിപ്പാൽ തേടിയുള്ള യാത്രയിൽ കാനനമദ്ധ്യത്തിൽ വച്ച് "മഹിഷി"യെ വധിച്ചത് ഈ സ്ഥലത്തു നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. മഹിഷി എന്ന വാക്കിന് മലയാളത്തിൽ എരുമ എന്ന പദമാണ് വരുന്നത്. മഹിഷിയുടെ രക്തം വീണ രുധിരക്കുളം ഇവിടെ സ്ഥിതിചെയ്യുന്നു. എരുമകൊല്ലി കാലങ്ങളായുള്ള പ്രയോഗത്തിലൂടെ എരുമേലിയായിത്തീർന്നു.
അയ്യപ്പൻ പ്രധാനമായും തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഹൈന്ദവ ആരാധനാമൂർത്തിയാകുന്നു. ശിവന്റെയും വിഷ്ണുവിന്റെഅവതാരമായ മോഹിനിയുടെയും പുത്രനായിട്ടാണ് അയ്യപ്പൻ ജനിച്ചത് എന്നാണ് ഐതിഹ്യം. അതിനാൽ അയ്യപ്പൻ ഹരിഹരസുതൻ എന്ന പേരിലും അറിയപ്പെടുന്നു. എന്നാൽ ഹിന്ദു ദേവനാക്കപ്പെട്ട ശ്രീ ബുദ്ധനാണ് അയ്യപ്പൻ എന്നും ഒരു വിശ്വാസം നിലവിലുണ്ട്.
വാവരുടെയും അയ്യപ്പൻറെയും കൂട്ടുകെട്ടിനെക്കുറിച്ച് അനേകം ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. അദ്ദേഹം അറേബ്യയിൽനിന്നു കുടിയേറിയ ഒരു മുസ്ലിം ദിവ്യനായിരുന്നുവെന്നു കുറച്ചുപേർ വിശ്വസിക്കുന്നു. മറ്റുള്ളവർ കേരളതീരത്ത് കൊള്ളയടിക്കാനെത്തിയ കടൽക്കൊള്ളക്കാരുടെ നേതാവായിരുന്നു അദ്ദേഹമെന്നു വിശ്വസിക്കുന്നു. ഭഗവാൻ അയ്യപ്പനുമായുള്ള ഏറ്റുമുട്ടലിൽ വാവർ പരാജയപ്പെട്ടു. ഈ ചെറുപ്പക്കാരൻറെ വീരശൂരത്വത്തിൽ ആകൃഷ്ടനായ അയ്യപ്പൻ അദ്ദേഹത്തെ തന്നോടൊപ്പം കൂട്ടുകയും വിട്ടുപിരിയാത്ത കൂട്ടുകാരായിത്തീരുകയും ചെയ്തു. പർവ്വതങ്ങൾ നിറഞ്ഞ ദുർഘട പ്രദേശത്ത് പിന്നീടുണ്ടായ യുദ്ധങ്ങളിൽ വാവർ അയ്യപ്പനെ സഹായിച്ചിരുന്നു. കാലങ്ങൾ പോകവേ കടുത്തസ്വാമിയെപ്പോലെ വാവരും അയ്യപ്പൻറെ കടുത്ത ആരാധകനായിത്തീരുകയും വാവർ സ്വാമി എന്നറിയപ്പെടുകയും ചെയ്തു. ശബരിമലയിലെ വാവരുടെ ആരാധനാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന വാൾ വാവരിലെ മഹായോദ്ധാവിനെ വെളിവാക്കുന്നതാണ്. വാവർ സ്വാമിയ്ക്കായി ഒരു പള്ളി എരുമേലിയിൽ പടുത്തുയർത്തുവാൻ അയ്യപ്പൻ പന്തളദേശത്തെ രാജാവിനോട് നിർദ്ദേശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു
ശബരിമലയുടെ കവാടമായിട്ടാണ് എരുമേലി കണക്കാക്കപ്പെടുന്നത്. അയ്യപ്പഭക്തന്മാരുടെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ് എരുമേലി.
ശബരിമലയിലേയ്ക്ക് നേരിട്ട് എളുപ്പത്തിലെത്താൻ സാധിക്കുന്ന രണ്ടു പ്രധാന പാതകൾ എരുമേലി വഴിയാണ് കടന്നുപോകുന്നു. ഇതിലൊന്ന് ശബരിമലയിലേയ്ക്കുള്ള കാൽനട പാതയാണ്. ഇത് എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി 45 കിലോമീറ്റർ ദൂരം താണ്ടി ശബരിമലയിലെത്തുന്നു. രണ്ടാമത്തേത് വാഹനഗതാഗത യോഗ്യമായതാണ്. ഇത് എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴി 46 കിലോമീറ്റർ ദൂരമുള്ള ടാർ ചെയ്ത വഴിയാണ്.
എരുമേലി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കാഞ്ഞിരപ്പള്ളി - പത്തനംതിട്ടപാതയിലാണ്. മണിമലയാർ എരുമേലിയ്ക്കു സമീപം കൊരട്ടി എന്ന സ്ഥലത്തുകൂടി ഒഴുകുന്നു. ഈ പ്രദേശത്തെത്തുമ്പോൾ ഇത് "കൊരട്ടിയാർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഹൈറേഞ്ചിൻറെ കവാടം എന്നറിയപ്പെടുന്ന മുണ്ടക്കയം, എരുമേലിയിൽ നിന്ന് 14 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
എരുമേലി പഞ്ചായത്തിലെ ഒരു പ്രധാന ആഘോഷമാണ് "പേട്ടതുള്ളൽ" എന്നപേരിൽ അറിയപ്പെടുന്നത്. ഇത് മതപരമായ ഒരു ആഘോഷമാണ്. അയ്യപ്പ ഭഗവാൻ മഹിഷിയെ വധിച്ചതിൻറെ ഒാർമ്മപ്പെടുത്തലായാണ് ഈ ആഘോഷം കണക്കാക്കപ്പെടുന്നത്. മലയാളമാസം വൃശ്ചികത്തിലും ധനുവിലുമാണ് (ഡിസംബർ, ജനുവരി മാസങ്ങൾ) പേട്ടതള്ളൽ നടക്കാറുള്ളത്.
ഈ കാലത്തു തന്നെ വാവർ പള്ളി കേന്ദ്രീകരിച്ച് ചന്ദനക്കുട മഹോത്സവവും നടത്താറുണ്ട്. പണ്ടുകാലങ്ങളിൽ "നേർച്ചപ്പാറ ചന്ദനക്കുടം" എന്ന പേരിൽ ഒരു ആഘോഷം നടത്താറുണ്ടായിരുന്നുവെങ്കിലും കാലക്രമേണം അത് അന്യം നിന്നു പോകുകയും പാറ തന്നെ കയ്യേറ്റവും മറ്റുമായി അപ്രത്യക്ഷമാകുകയും ചെയ്തു. അക്കാലത്ത് ചന്ദനക്കുടത്തോടനുബന്ധിച്ച് വലിയ പാറയുടെ മുകളിലായി കലാപരിപാടികളും വെടിക്കെട്ടും നടത്തിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സെൻറ് തോമസ് ഹൈസ്ക്കൂൾ, ദേവസ്വം ബോർഡ് ഹൈസ്കൂൾ, വാവർ മേമ്മോറിയൽ ഹൈസ്കൂൾ എന്നിവ. 60 വർഷങ്ങളിലേറെ പഴക്കമുള്ള, എരുമേലി ഫെറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള സെൻറ് തോമസ് ഹൈസ്കൂളാണ് ഇവയിൽ ഏറ്റവും പഴക്കമുള്ളത്.
