സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/നാടോടി വിജ്ഞാനകോശം
തോളൂർ പഞ്ചായത്ത്
പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തു തന്നെ തോളൂർ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. നാട്ടുപ്രമാണിമാരിൽ നിന്ന് പഞ്ചായത്ത് മെമ്പർമാരെയും പ്രസിഡന്റിനെയും സർക്കാർ നോമിനേറ്റു ചെയ്യുന്ന പതിവായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. പിന്നീട് പട്ടയദാരൻമാരായ ജൻമികളിൽ നിന്നും മെമ്പർമാരെ തെരഞ്ഞെടുക്കുന്ന രീതി നിലവിൽ വന്നു. ഇന്ത്യയിൽ ജനകീയ ഭരണം വന്നതോടെ പഞ്ചായത്തിൽ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു. 17.2 ച.കി.മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് കൈപ്പറമ്പ്, കണ്ടാണശ്ശേരി പഞ്ചായത്തുകൾ, കിഴക്ക് കൈപ്പറമ്പ്, അടാട്ട് പഞ്ചായത്തുകൾ, തെക്ക് അടാട്ട്, മുല്ലശ്ശേരി പഞ്ചായത്തുകൾ, പടിഞ്ഞാറ് വടക്കാഞ്ചേരി പുഴ എന്നിവയാണ്. 17868 വരുന്ന ജനസംഖ്യയിൽ 9,059 പേർ സ്ത്രീകളും 8,809 പേർ പുരുഷൻമാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 98% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പ്രദേശമാണ് തോളൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ വടക്ക് നിന്ന് തെക്കോട്ട് വടക്കാഞ്ചേരി പുഴ ഒഴുകുന്നു. തെക്കും കിഴക്കും ഭാഗങ്ങൾ കോൾനിലങ്ങളാണ്. കോൾ നിലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പീച്ചി ഇറിഗേഷൻ കനാലുകളും ജലസ്രോതസ്സുകളും സാമാന്യം നന്നായി ലഭിക്കുന്ന മഴയും പഞ്ചായത്തിന്റെ ജലസമ്പത്തിനെ സമൃദ്ധമാക്കുന്നു. പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലാണ്. തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണ് പഞ്ചായത്തിൽ ചെയ്തുവരുന്ന മറ്റു പ്രധാന കൃഷികൾ. പഞ്ചായത്തിലൂടെ ഒഴുകുന്ന കേച്ചേരിപ്പുഴയും പഞ്ചായത്തിലെ 26 കുളങ്ങളും പ്രധാന ജലസ്രോതസ്സുകളാണ്. മുഖ്യമായും കാർഷിക മേഖലയായ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് തെക്കുവടക്കായി കിടക്കുന്ന മുള്ളൂർ കായലും കെ.എൽ.ഡി.സി കനാലും പടിഞ്ഞാറേ അതിർത്തിയിലുള്ള കേച്ചേരിപ്പുഴയും മുഖ്യകുടിനീർ സ്രോതസ്സുകളാണ്. 21 പൊതുകിണറുകളും 121 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങൾ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 1027 തെരുവുവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത് രാത്രികാലങ്ങളിൽ പഞ്ചായത്ത് വീഥികൾ സഞ്ചാരയോഗ്യമാക്കുന്നു. തോളൂർകുന്ന്, മുള്ളൂർകുന്ന് എന്നിവയാണ് ഇവിടുത്തെ പ്രധാന കുന്നുകൾ. പ്രാദേശിക വിനോദസഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശങ്ങളാണ് പഞ്ചായത്തിലെ അയിനിക്കാട് തുരുത്ത്, ചോരോതപ്പുഴയോരം എന്നിവ. വിദേശയാത്രക്കായി പഞ്ചായത്തു നിവാസികൾ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയാണ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. തുറമുഖം എന്ന നിലയിൽ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ബസ് ഗതാഗതത്തിനായി പഞ്ചായത്തുനിവാസികൾ ആശ്രയിക്കുന്ന ഏറ്റവും അടുത്ത ബസ്സ്റ്റാന്റ് തൃശ്ശൂർ ബസ്സ്റ്റാന്റാണ്. പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള മുള്ളൂർക്കായൽ-പറപ്പൂർ റോഡ്, പറപ്പൂർ കൈപ്പറമ്പ് റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകൾ. പഞ്ചായത്തിലെ മറ്റൊരു പ്രധാന റോഡാണ് പോന്നാർ എടക്കളത്തൂർ മുക്കോല റോഡ്. ഇവ കൂടാതെ പഞ്ചായത്ത് റോഡുകളും ഗതാഗതത്തിൽ പങ്കുവഹിക്കുന്നു. പഞ്ചായത്തിലുള്ള രണ്ടു പ്രധാന പാലങ്ങളാണ് മുള്ളൂർക്കായൽ പാലവും ചോരോതപ്പാലവും. 1965 ആഗസ്റ്റ് 15-ാം തിയതി കേരളത്തിലെ ആദ്യത്തെ വൈരക്കൽ കമ്പനി പോന്നാറിൽ സ്ഥാപിതമായി. പി.കെ.ശങ്കുണ്ണിയായിരുന്നു കമ്പനിയുടെ സ്ഥാപകൻ. 1970 കളിൽ തോളൂർ പഞ്ചായത്തായിരുന്നു കല്ലുര വ്യവസായത്തിന്റെ കേന്ദ്രം. യാത്രാസൌകര്യത്തിന്റെയും വാർത്താവിനിമയ സൌകര്യങ്ങളുടെയും കുറവുമൂലം ഈ വ്യവസായം അടുത്ത പഞ്ചായത്തായ കൈപ്പറമ്പിലേക്കുമാറി. 43 കമ്പനികളും 2060 തൊഴിലാളികളും ഉണ്ടായിരുന്ന ഈ മേഖലയിൽ ഇന്ന് വ്യവസായം നാമമാത്രമാണ്. ചെറുകിട വ്യവസായങ്ങളിൽ വെളിച്ചെണ്ണ ഉത്പാദനം, അടയ്ക്കാ സംഭരണം, സോഡാ നിർമ്മാണം, പ്രിന്റിംഗ് പ്രസ്, കാപ്പിപ്പൊടി സംസ്കരണം എന്നിവ പഞ്ചായത്തിലുണ്ട്. ബേക്കറി, ആയുർവേദ മരുന്ന് നിർമ്മാണം, ഹോളോബ്രിക്സ് നിർമ്മാണം, അലുമിനിയം, പി.വി.സി ഡോർ നിർമ്മാണം എന്നീ ഇടത്തരം വ്യവസായങ്ങളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. പരമ്പരാഗത തൊഴിലായ അടയ്ക്കാവെട്ടിൽ ഏർപ്പെടുന്നവരും പഞ്ചായത്തിലുണ്ട്. പഴയ ചന്തയിൽ ഒരു പെട്രോൾ ബങ്ക് പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ പൊതുവിതരണ മേഖലയിൽ 6 റേഷൻ കടകൾ പ്രവർത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും രണ്ടു നീതി മെഡിക്കൽ സ്റ്റോറുകളും പഞ്ചായത്തിലെ പൊതുവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സംവിധാനങ്ങളാണ്. പറപ്പൂരാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. ഗ്രാമപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ളക്സ് പറപ്പൂരിൽ പ്രവർത്തിക്കുന്നു. ഇതു കൂടാതെ രണ്ടു സ്വകാര്യ ഷോപ്പിംഗ് കോംപ്ളക്സുകളും പഞ്ചായത്തിലുണ്ട്. പറപ്പൂർ സെന്റ് ജോൺ ഫെറോന പള്ളി മാർക്കറ്റാണ് പഞ്ചായത്തിലെ പ്രധാന മാർക്കറ്റ്. പഴയകാലത്ത് പറപ്പൂരിൽ ഒരു ചന്ത ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥലം പഴയ ചന്ത എന്നറിയപ്പെടുന്നു. ഹിന്ദു മുസ്ളീം ക്രൈസ്തവ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് തോളൂർ പഞ്ചായത്ത്. ഇവരുടെ വിവിധ ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ചാലക്കൽ പെരിഞ്ചാല ശിവക്ഷേത്രം, ആയിരംകാവ് ക്ഷേത്രം, അയിനിക്കാട് ക്ഷേത്രം തുടങ്ങി 9 ക്ഷേത്രങ്ങളും എടക്കളത്തൂർ സെന്റ് മേരീസ് പള്ളി, പറപ്പൂർ പള്ളി, പോന്നാർ ലിറ്റിൽ ഫ്ളവർ പള്ളി തുടങ്ങിയ ക്രിസ്ത്യൻ പള്ളികളും പറപ്പൂരിൽ ഒരു മുസ്ളീം പള്ളിയും പഞ്ചായത്തിൽ ഉണ്ട്. ആയിരംകാവ് പൂരം, നാഗത്താൻകാവ് ആയില്യം മഹോത്സവം, എടക്കളത്തൂർ കാർത്യായനി ക്ഷേത്രം പൂരം, ശേഖരൻകാവ് പൂരം, മുള്ളൂർ പൂരം എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. പറപ്പൂർ, പോന്നാർ, എടക്കളത്തൂർ പള്ളിപ്പെരുന്നാളുകളും പഞ്ചായത്തിൽ ആഘോഷിക്കപ്പെടുന്നു. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ഈ പഞ്ചായത്തിലുണ്ട്. 1995-ൽ തൃശ്ശൂർ അതിരൂപതാ ബിഷപ്പായിരുന്ന ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കുണ്ടുകുളം പഞ്ചായത്തിലെ മഹനീയ വ്യക്തിത്വമായിരുന്നു. കേരളത്തിലെ ആദ്യത്തെ വൈരക്കൽ കമ്പനി പോന്നാറിൽ സ്ഥാപിച്ച പി.കെ.ശങ്കുണ്ണി, കൊച്ചിൻ പ്രജാസഭയിൽ അംഗമായിരുന്ന കെ.പി.ജോസഫ്, സ്വാതന്ത്ര്യസമര സേനാനി കെ.പി.ലോനപ്പൻ ആച്ചാട്ട് എന്നിവർ തോളൂർ നിവാസികളായിരുന്നു. വ്യവസായിയും വി.ഗാർഡ് സ്ഥാപകനുമായ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി, ഫുട്ബോൾതാരം സി.വി.പാപ്പച്ചൻ, മുൻ എം.എൽ.എ. എൻ.ആർ.ബാലൻ എന്നിവരും തോളൂർ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളാണ്. പഞ്ചായത്തിന്റെ കലാകായിക സാംസ്കാരിക മേഖലയ്ക്ക് പ്രോത്സാഹനമായി നിരവധി കലാകായിക സമിതികൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. മുള്ളൂർ കാളിദാസ കലാവേദി, പറപ്പൂർ ഫുട്ബോൾ അസോസിയേഷൻ, തോളൂർ ദൃശ്യകലാലയം, എടക്കളത്തൂർ ദേശാഭിമാനി ക്ളബ് തുടങ്ങി 18 കലാകായിക സാംസ്കാരിക സംഘടനകൾ പഞ്ചായത്തിൽ നിലവിലുണ്ട്. ആരോഗ്യപരിപാലനരംഗത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. തോളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഉപകേന്ദ്രമായ എടക്കളത്തൂർ ഹെൽത്ത് സെന്റർ എന്നിവയാണ് പ്രാഥമിക ചികിൽസാ സൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ. തോളൂർ പഞ്ചായത്ത് ഹോമിയോ ആശുപത്രി എടക്കളത്തൂർ പ്രവർത്തിക്കുന്നു. ഒരു ആയുർവേദ ആശുപത്രിയും തോളൂർ പഞ്ചായത്തിലെ ആരോഗ്യ പരിപാലനരംഗത്തുണ്ട്. അമല ഹോസ്പിറ്റൽ, പാവറട്ടി സെന്റ് ജോസഫ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ആംബുലൻസ് സേവനം പഞ്ചായത്തിൽ ലഭ്യമാണ്. മൃഗസംരക്ഷണരംഗത്ത് സർക്കാർ മൃഗാശുപത്രി പറപ്പൂരിൽ പ്രവർത്തിക്കുന്നു. തോളൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് സർക്കാർ വിദ്യാലയങ്ങളും, സ്വകാര്യ മേഖലയിലുള്ള 6 വിദ്യാലയങ്ങളുമാണുള്ളത്. മുള്ളൂരിൽ ഒരു സർക്കാർ എൽ.പി.സ്ക്കൂളും, പോന്നാറിൽ ഒരു സർക്കാർ യു.പി.സ്ക്കൂളും പ്രവർത്തിക്കുന്നു. സ്വകാര്യ മേഖലയിൽ 3 എൽ.പി.സ്ക്കൂളും ഒരു യു.പി.സ്ക്കൂളും ഒരു ഹൈസ്ക്കൂളും പഞ്ചായത്തിലുണ്ട്. പോന്നാർ ഒരു ഇംഗ്ളീഷ് മീഡിയം സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്. ജെ.ബി.കോൺവെന്റ്, നിർമലസദൻ, എടക്കളത്തൂർ പള്ളിക്കുകീഴിലുള്ള അഗതി മന്ദിരം എന്നിവയാണ് പഞ്ചായത്തിലുള്ള അഗതി മന്ദിരങ്ങൾ. ശാന്തി മന്ദിരം, പകൽ വീട്, ഗുഡ്ഷെപ്പേർഡ് എന്നീ വൃദ്ധസദനങ്ങളും പഞ്ചായത്തിലെ സാമൂഹ്യസേവന രംഗത്തുണ്ട്. പറപ്പൂർ സർവ്വീസ് സഹകരണ ബാങ്കാണ് പഞ്ചായത്തിലെ സഹകരണ മേഖലയിലെ പ്രധാന സ്ഥാപനം. ഇതിന്റെ ശാഖകൾ എടക്കളത്തൂർ, പോന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ ഒരു ശാഖയും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. മുള്ളൂർ ഗ്രാമീണ വായനശാല, പോന്നാർ ഗ്രാമീണ വായനശാല, പറപ്പൂർ ഗ്രാമീണ വായനശാല, എടക്കളത്തൂർ ദേശീയ വായനശാല, എടക്കളത്തൂർ ദേശാഭിമാനി പബ്ളിക് ലൈബ്രറി എന്നിവയാണ് പഞ്ചായത്തിന്റെ വായനാലോകത്തെ സമ്പന്നമാക്കുന്നത്. പോന്നാറിൽ ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റിഹാൾ പ്രവർത്തിക്കുന്നു. ഒരു കല്യാണ മണ്ഡപവും പഞ്ചായത്തിലുണ്ട്. പറപ്പൂരാണ് വൈദ്യുതി ബോർഡ് ഓഫീസ് പ്രവർത്തിക്കുന്നത്. സെന്റ് ജോൺസ് മാർക്കറ്റ്, ശാന്തിമന്ദിരം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനങ്ങൾ. പറപ്പൂരും പോന്നാറുമാണ് വില്ലേജ് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. കാർഷിക രംഗത്തെ സേവനങ്ങൾക്കായി പറപ്പൂർ ഒരു കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. പറപ്പൂർ, എടക്കളത്തൂർ, പോന്നാർ, തോളൂർ എന്നിവിടങ്ങളിൽ തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. പറപ്പൂരിൽ ഒരു ടെലിഫോൺ എക്സ്ചേഞ്ചും പ്രവർത്തിക്കുന്നു