സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ കാലത്തിലൂടെ...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തിലൂടെ..
          ശ്രീധരേട്ടൻ നല്ല തിരക്കിലാണ് പൊതുവേ കടയിൽ ആളുകൾ കൂടുന്നത് കാണുമ്പോഴുള്ള ഉത്സാഹവും ആഹ്ലാദവും മുഖത്തില്ല. ആളുകളെ കാണുമ്പോൾ കൂടുതൽ പരിഭ്രമിക്കുകയാണ്. കുറച്ചു മാറി പൊലീസുകാർ നിൽക്കുന്നുണ്ട് .ആളുകൾ കൂടി വരുന്നത് കണ്ട് അവരിൽ രണ്ടുപേർ കടയുടെ കുറച്ചുകൂടി അടുത്ത് വന്നു നിന്നു. എല്ലാവരും പരമാവധി അകലം പാലിച്ചു കൊണ്ടാണ് നിൽക്കുന്നതെങ്കിലും മുന്നിലുള്ള ആളുകൾ ഒഴിഞ്ഞു പോകുമ്പോൾ കുറച്ചുനേരത്തേക്ക് അവർ അടുത്തു വന്നു നിൽക്കും. പോലീസുകാരന്റെ ലാത്തിയെ ഭയന്നാണോ?അതോ കുറച്ചു നേരം കഴിഞ്ഞ് ബോധം വന്നതു കൊണ്ടാണോ? അറിയില്ല! പെട്ടെന്ന് തന്നെ വീണ്ടും അകലത്തിലാവും. മുഖമൊക്കെ മറച്ച് എല്ലാവരും നല്ല ഗൗരവത്തിലാണ്. എല്ലാം പരിചയമുള്ള മുഖങ്ങൾ ആണെങ്കിൽ പോലും സംസാരിക്കുവാൻ നിന്നില്ല.
                      നാലഞ്ചു ദിവസം വയറു നിറയ്ക്കാൻ ഉള്ള സാധനങ്ങൾ ഒരു വിധം ഒപ്പിച്ചു കൊണ്ട് അയാൾ തിരികെ നടന്നു. ഉമ്മറത്ത് തന്നെ അയാളുടെ വരവും കാത്ത് രണ്ട് കണ്ണുകൾ
നിലയുറപ്പിച്ചിരുന്നു. വീട്ടിൽ കയറുന്നതിനു മുൻപ് നന്നായി കൈ കഴുകി. സാധനങ്ങൾ ഭാര്യയെ ഏൽപ്പിച്ച് വസ്ത്രം മാറുവാനായി  അകത്തുകയറി. കീശയിലുള്ള പണം എടുത്തു വയ്ക്കുവാനായി മേശവലിപ്പ് തുറന്നു. വലിപ്പ് അടയ്ക്കുന്നതിനു മുൻപ് ഒരു വട്ടം അയാളതിലേക്ക് എത്തിനോക്കി. ആകെ അഞ്ചാറു  നോട്ടുകൾ. കൂട്ടത്തിൽ വലിയവനായി ഒരു രണ്ടായിരത്തിന്റെ നോട്ട് മാത്രം. ബാക്കി എല്ലാം നൂറും, പത്തും, ഇരുപതും. മേശ വലിച്ചടച്ച് അരികിലായി കിടന്നുറങ്ങുന്ന മകളുടെ മുഖത്തേക്ക് നോക്കി. പത്തു വയസുകാരിയായ മകളുടെ മുഖത്ത് അപ്പോൾ നിസ്സഹായതയും പരിഭ്രമവും കലർന്ന ഒരു ഭാവം ഉള്ളതായി അയാൾക്കു തോന്നി. ഒരു പക്ഷേ തന്റെയുള്ളിൽ അനുദിനം സ്ഫോടനം നടത്തിക്കൊണ്ടിരിക്കുന്ന ആധി അവളുടെ മുഖത്ത് പ്രതിഫലിച്ചതാവാം.
                "ചായ",  പെട്ടെന്നുള്ള വിളിയിൽ അയാളുടെ ചിന്ത മുറിഞ്ഞുപോയി. "ഈ പത്തിരുപത് ദിവസം തള്ളി നീക്കാനുള്ളത് ഉണ്ടോ അതില്?" ഗൃഹനായികയുടെ പെട്ടെന്നുള്ള ചോദ്യത്തിന് അയാൾക്കുത്തരം മുട്ടി. മറുപടി പറയാൻ ആഗ്രഹം ഇല്ലാതിരുന്നിട്ടും സ്വയം കുറ്റപ്പെടുത്തുന്ന വണ്ണം അയാൾ ഉറങ്ങിക്കിടന്ന മകളുടെ മുഖത്തുനോക്കി പറഞ്ഞു, ഇതിന്റെ വയറെങ്കിലും നിറയ്ക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.
    ചായ വാങ്ങിക്കൊണ്ട് ഉമ്മറത്ത് പോയി പത്രം നിവർത്തി. കണ്ണുകൾ പത്രത്തിൽ ആണെങ്കിലും ചിന്തകൾ മറ്റെവിടെയൊക്കെയോ വഴിതെറ്റി സഞ്ചരിച്ചു കൊണ്ടിരുന്നു. മുറ്റത്തിരിക്കുന്ന പൊടിപിടിച്ച വാൻ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് അയാളുടെ ഉള്ളിൽ ഒരു തീപ്പൊരി വീണു. ഗ്രാമത്തിലെ  ചെറിയ ഇടവഴിയിലൂടെ "നാളെയാണ് നാളെയാണ് നാളെയാണ്" എന്നുറക്കെ വിളിച്ചു പറയുന്ന അയാളുടെ മുന്നിലപ്പോൾ 'നാളെ എന്ത്!!!' എന്ന വലിയ ചോദ്യ ചിഹ്നം തെളിഞ്ഞു വന്നു. പത്രത്തിലെ ഒരു വാർത്തയിൽ പെട്ടെന്ന് അയാളുടെ കണ്ണുകളുടക്കി. ഗവ.ആശുപത്രിയിലെ ഐസൊലേഷനിലുള്ള രോഗികൾക്കായുള്ള ഭക്ഷണമെനു ആയിരുന്നു അത്. കുറച്ചു കഴിഞ്ഞ് വാർത്തയിലേക്കയാൾ ഒന്നുകൂടി നോക്കി. എന്നിട്ട് അതിലെ വിഭവങ്ങളിലൂടെ ഒന്നു കൂടി കണ്ണോടിച്ചു.സ്വയമൊന്നു ചുമയ്ക്കുവാൻ ശ്രമിച്ചു.
അരുണിമ സി
12 സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ