സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മാർഗ്ഗംകളി

കേരളത്തിലെ മാർ തോമാ നസ്രാണികൾ പാരമ്പര്യമായി അവതരിപ്പിച്ചുവരുന്ന ഒരു സംഘനൃത്തമാണ് മാർഗ്ഗംകളി.

കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.

മാർഗ്ഗം എന്നത് പാലി ഭാഷയിലെ മഗ്ഗ എന്നതിൽ നിന്നുത്ഭകിച്ചതാണ്. പുതിയ ജീവിതരീതിക്ക് അതായത് ബുദ്ധമത പരിവർത്തനം ചെയ്യുന്നതിനെ മാർഗ്ഗം കൂടുക എന്നു പറഞ്ഞിരുന്നു. ക്രൈസ്തവരും മത പരിവർത്തനം ചെയ്താൽ മാർഗ്ഗം കൂടുക എന്നായിരുന്നു പുരാതന കാലത്ത് പറഞ്ഞിരുന്നത്. . പിന്നീട് ഇത് ഏത് മതം ചേരുന്നതിനേയും സൂചിപ്പിക്കുന്ന പദമായി. മാർഗ്ഗം കളിയെന്ന പേരിൽ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തുമാർഗ്ഗത്തെയാണ്‌. 600-നും 1700-നും ഇടക്കുള്ള കാലത്താണ് ഈ കളിയുടെ ഉത്ഭവം എന്നു കരുതുന്നു. നമ്പൂതിരിമാർക്കിടയിൽ നിലവിലുണ്ടായിരുന്ന സംഘക്കളിയുമായി ഇതിനു വളരെയധികം സമാനതകൾ ഉണ്ടെന്ന് പ്രൊഫസ്സർ പി.ജെ. തോമസും സംഘക്കളിയുടെ അനുകരണമാണെന്ന് ഉള്ളൂരും അഭിപ്രായപ്പെടുന്നു. മാർഗ്ഗംകളിയുടെ ഉല്പത്തിയെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ ഉണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു:

1. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാടിലും ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായി പ്രധാനമായും കാണപ്പെടുന്ന തിരുവാതിര കളിയിൽനിന്നും വന്നതാണ് മാർഗ്ഗംകളി.

2. ബ്രാഹ്മണരുടെ നൃത്തമായ സംഗംകളിയിൽനിന്നും ഉത്ഭവിച്ചതാണ്.

3. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ നൃത്തമായ യാത്രകളിയിൽനിന്നും ഉത്ഭവിച്ചതാണ്.

യഥാർത്ഥത്തിൽ വട്ടക്കളിയിൽനിന്നാണ്‌ മാർഗ്ഗംകളി ഉത്ഭവിച്ചത്, കൂടെ ദക്ഷിണേന്ത്യൻ ആയോധനകലകളിൽനിന്നും. തിരുവാതിരകളിയേക്കാളും ബ്രാഹ്മണ സംസ്കാരത്തെക്കാളും പഴക്കമുണ്ട് മാർഗ്ഗംകളിക്ക്. ‘മാർഗ്ഗം’ എന്ന വാക്കിൻറെ മലയാളം അർത്ഥം വഴി, ഉത്തരം എന്നൊക്കെയാണ്, എന്നാൽ ആത്മീയ തലത്തിൽ മുക്തിയിലേക്കുള്ള വഴി എന്നാണു അർത്ഥമാകുന്നത്. അടുത്തകാലം വരെ കേരളത്തിൽ ക്രിസ്തീയ മതത്തിലേക്ക് മാറുന്നതിനെ ‘മാർഗ്ഗം കൂടൽ’ എന്നാണു അറിയപ്പെട്ടിരുന്നത്. യഥാർത്ഥ മാർഗ്ഗംകളി തോമാ ശ്ലീഹാ കേരളത്തിൽ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവർത്തികളെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ചു വിവരിക്കുന്നവയാണ്. ഈ വിവരങ്ങൾ മാർഗ്ഗംകളിയുടെ പാട്ടിൻറെ വരികളിൽ വിശദീകരിക്കുന്നു. മലബാർ തീരത്ത് താമസിക്കുന്ന മാർ തോമ ക്രിസ്ത്യാനികളുടെ സാംസ്കാരികതയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മാർഗ്ഗംകളി.

ആദ്യകാല മാർഗ്ഗംകളിയും ഇന്നത്തെ മാർഗ്ഗംകളിയും തമ്മിലുള്ള വ്യത്യാസങ്ങൾ കാണുമ്പോൾ മാർഗ്ഗംകളിയുടെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി കരുതാം. ആദ്യ ഘട്ടം ഇന്ത്യയെ ബ്രിട്ടീഷ്‌ കോളനി ആക്കുന്നതിൻറെ മുമ്പുള്ള കാലം, അക്കാലത്ത് മാർ തോമാ നസ്രാണികൾ പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും അവതരിപ്പിക്കുന്ന നൃത്തമായിരുന്നു മാർഗ്ഗംകളി. അക്കാലത്ത് പരിചമുട്ടുകളിയും ഇതിൻറെ ഭാഗമായിരുന്നു. പിന്നീട് സിനോദ് ഓഫ് ദയാമ്പർ ഈ തദ്ദേശീയ രൂപത്തെ തടഞ്ഞു. പതിനേഴാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് ദക്ഷിണേന്ത്യൻ പുരോഹിതനായിരുന്ന ഇട്ടി തൊമ്മൻ കത്തനാരുടെ പ്രയത്നത്തിൻറെ ഫലമായി മാർഗ്ഗംകളിക്ക് കൂടുതൽ ഉയർച്ച ലഭിച്ചു. ഈ കാലത്ത് 14 കാവ്യഖണ്ഡങ്ങളായി മാർഗ്ഗംകളിയെ രൂപപ്പെടുത്തി. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഈ കലാരൂപം ഇടയ്ക്ക് അവിടേയും ഇവിടെയും ആയി അല്ലാതെ ആരും അവതരിപ്പിക്കാതായി. അതേസമയം ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മാർഗ്ഗംകളി എന്ന കലാരൂപം വീണ്ടും ജനപ്രിയമായി. കേരള ക്രൈസ്തവരിലെ ഒരു സവർണ്ണ വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ നസ്രാണി മാപ്പിളമാർ അഥവാ സുറിയാനി ക്രിസ്ത്യാനികൾ. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന ക്രിസ്തുശിഷ്യനായ തോമായാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്ന ഇവർ കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരും. ആരാധനാഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നതിനാൽ കേരളത്തിൽ ഇവരെ സുറിയാനി ക്രിസ്ത്യാനികൾ എന്നു മാത്രവും വിളിക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്ന ഇവരെ ഒരു മേൽജാതിയായിട്ടാണ് ഹൈന്ദവർ പരിഗണിച്ചിരുന്നത്. യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു. പന്ത്രണ്ടുപേരാണ്‌ മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടിപാടിയാണ് മാർഗ്ഗംകളി നടത്തുന്നത്. പരമ്പരാഗതമായ വെള്ള മുണ്ടും ചട്ടയും അണിഞ്ഞാണ് മാർഗ്ഗംകളി അവതരിപ്പിക്കുന്നത്. വിളക്ക് ക്രിസ്തുവിനേയും പന്ത്രണ്ടുപേർ ക്രിസ്തുശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. കളിയാശാൻ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയിൽ അണിനിരക്കുന്ന കളിക്കാർ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് പുരുഷന്മാർ അവതരിപ്പിച്ചിരുന്ന മാർഗ്ഗംകളി ഇപ്പോൾ പ്രധാനമായും സ്ത്രീകൾ മാത്രമാണ് അവതരിപ്പിക്കുന്നത്. മാർഗ്ഗംകളിയും പരിചമുട്ടുകളിയും ഇന്ന് സംസ്ഥാന കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു തലത്തിലായി (സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം) നടക്കുന്ന കലോത്സവത്തിലെ മത്സര ഇനങ്ങളാണ് രണ്ടും. കലാസാംസ്കാരിക പരിപാടികളിലും സ്കൂൾ കലോത്സവത്തിളും സ്ത്രീകളാണ് മാർഗ്ഗംകളി അവതരിപ്പിക്കുക. പന്ത്രണ്ടുപേരാണ്‌ മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടിപാടിയാണ് മാർഗ്ഗംകളി നടത്തുന്നത്. വിളക്ക് ക്രിസ്തുവിനേയും പന്ത്രണ്ടുപേർ ക്രിസ്തുശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. കളിയാശാൻ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയിൽ അണിനിരക്കുന്ന കളിക്കാർ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകവേഷവിധാനങ്ങളൊന്നുമില്ല. തലയിലൊരു കെട്ടും ഉടുമുണ്ടുമായിരുന്നു വേഷം. സ്ത്രീകൾ ചട്ടയും മുണ്ടുമുടുത്താണിതവതരിപ്പിച്ചുവരുന്നത്.

പരിചമുട്ടുകളി

കേരളത്തിലെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ്‌ ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റേയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴും ചില പ്രദേശങ്ങളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു

കേരളത്തിലെ നസ്രാണികൾക്കിടയിൽ പതിനാറാം നൂറ്റാണ്ടിലാണ്‌ ഇത് ഉടലെടുത്തത്. നസ്രാണികൾ, പ്രത്യേകിച്ച് ക്‌നാനായ സമുദായക്കാർ കളരി അഭ്യാസത്തിനായി വടക്കെ മലബാറിൽ നിന്നും കളരി ആശാന്മാരെ കൊണ്ടുവരികയും പരിശീലന സമയങ്ങൾക്കിടയിൽ വിനോദത്തിനായി ഈ കലാരൂപം ചിട്ടപ്പെടുത്തുകയും ചെയ്തു എന്ന് ചിലർ പറയുന്നു. മാർഗ്ഗംകളിയോട് പരിചമുട്ടുകളിക്ക് സാദൃശ്യം ഉണ്ട്. മാർഗ്ഗം കളി മന്ദതാളത്തിലാണെങ്കിൽ പരിചമുട്ടുകളി ദ്രുതതാളത്തിലാണ്. ക്‌നാനായക്കാരാണ് പരിചമുട്ടുകളി ചിട്ടപ്പെടുത്തിയത് എന്നു വിശ്വസിക്കുന്ന ആളുകൾ ഈ കലാരൂപം പിന്നീട് യാക്കോബായ,ലത്തീൻ,മാർത്തോമാ തുടങ്ങിയ സമുദായക്കാർ പഠിച്ചെടുക്കുകയായിരുന്നു എന്ന് പറയുന്നു. പുലയ സമുദായക്കാർ വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അവരും ഈ കലാരൂപത്തെ സ്വീകരിക്കുകയുണ്ടായി. പുലയർക്കിടയിൽ പ്രചാരമുള്ള കോൽക്കളി, വട്ടക്കളി, പരിചകളി എന്നിവയുടെ സ്വാധീനം പരിചമുട്ടിക്കളിയിൽ വന്നു ചേർന്നതങ്ങനെയാണ്‌.

സംഗീതവും നൃത്തവിന്യാസങ്ങളും വാളിന്റെയും പരിചയുടെയും അകമ്പടിയോടെ ചിട്ടപ്പെടുത്തിയ ഈ കലാരൂപം ക്രൈസ്തവ വിശ്വാസങ്ങളെ ജനഹൃദയങ്ങളിൽ പരിചിതമാക്കുന്നതിന് സഹായകരമായി. കാരണം കളിയുടെ ഇതിവൃത്തം പൊതുവേ വേദപുസ്തക സംഭവപരമ്പരകളായിരുന്നു.

ആരോഗ്യദൃഡഗാത്രരായ ഒരു സംഘം പുരുഷന്മാർ കൈയ്യിൽ നീളം കുറഞ്ഞ വാളും വൃത്താകൃതിയിലുള്ള പരിചയുമേന്തിയാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്. അരക്കച്ച, തലയിൽക്കെട്ട് തുടങ്ങിയ വേഷവിധാനങ്ങളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. വാദ്യങ്ങളുടെ സഹായത്തോടും അല്ലാതെയും ഇത് അവതരിപ്പിയ്ക്കാറുണ്ട്. അതുപോലെ തന്നെ കല്യാണവീടുകളിലും മറ്റും നാട്ടുകാർ ചേർന്നു പരിചമുട്ടുകളിക്കുമ്പോൾ എല്ലാവിധ വേഷവിധാനങ്ങളും ഉപയോഗിച്ചു കാണെണമെന്നില്ല. കളി തുടങ്ങും മുൻപ് കത്തിച്ച നിലവിളക്കിന് ചുറ്റും നിന്ന് കളിക്കാർ ദൈവസ്തുതി നടത്തും.ആദ്യം അഭ്യാസങ്ങളാണ് അവതരിപ്പിക്കുന്നത്. പിന്നെ വാളും പരിചയും ധരിച്ച് വൃത്തത്തിൽ നിന്ന് താളം ചവിട്ടും. വൃത്തത്തിനുള്ളിൽ ആശാൻ ഉണ്ടാവും. പാട്ടുകൾ ആലപിക്കുന്നത് ആശാനായിരിക്കും. ഇലത്താളവുമായി ഒരേ താളത്തിലും നീട്ടിയും പാട്ടുകൾ അവതരിപ്പിക്കും. ശിഷ്യന്മാരായ സംഘാംഗങ്ങൾ അതേറ്റുപാടുകയും താളത്തിൽ പരിചമുട്ടിക്കുകയും ചെയ്യും.സാധാരണയായി യുദ്ധമുഖത്തുകാണുന്ന തന്ത്രങ്ങളുടെ ഒരു രൂപം ഇതിലൂടെ അവതരിപ്പിയ്ക്കുന്നു. ഉയർ‌ന്നും താഴ്ന്നും കുതിച്ചുചാടിയും പിൻ‌വാങ്ങിയും വാളുകൊണ്ട് വെട്ടിയും പരിച കൊണ്ട് തടുത്തുമെല്ലാം മുന്നേറുന്നതിനിടെ ആശാൻ ഇലത്താളം മുറുക്കുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് "ഹോയ് ഹോയ്" എന്നട്ടഹസിക്കുകയും "ഹായ് തിന്തകത്തെയ് തിന്തകത്തെയ് " എന്നു കലാശം കൊടുക്കുകയും ചെയ്യാറുണ്ട്. ചിലപ്പോൾ കളിവൃത്തത്തിന് പുറത്തുനിന്നും ആശാൻ പാട്ടു പാടാറുണ്ട്.

ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവിധ സമുദായങ്ങൾ വ്യത്യസ്ത കേളീശൈലികൾ പിൻതുടർന്നു വന്നിരുന്നു. കല്യാണവീടുകളിലും പള്ളിപ്പെരുന്നാളുകളിലും മറ്റും പരിചമുട്ടു കളിക്കുമ്പോൾ തലപ്പാട്ട് പാടുന്നതു് കളിയിൽ തഴക്കവും പഴക്കവുമുള്ള ആളുകളായിരിക്കും. കളരിയാശാന്റെയും ആശാനെപ്പോലെതന്നെ ഇക്കാര്യത്തിൽ അവഗാഹമുള്ളവരുടെയും അവകാശമാണിതെങ്കിലും പ്രായോഗികമായി കണ്ടുവരുന്ന രീതി, കളത്തിൽ നിൽക്കുന്ന കളിക്കാരിൽ ആരെങ്കിലുമൊക്കെ മാറിമാറി തലപ്പാട്ടുപാടി കളിക്കുന്നതും കൂടെ കളിക്കുന്നവർ അതേറ്റുപാടി കളിക്കുന്നതുമാണ്. എന്നാൽ യുവജനോത്സവങ്ങളിൽ അക്കാദമികമായ ചിട്ടവട്ടങ്ങളനുസരിച്ച് കളിയവതരിപ്പിക്കുമ്പോൾ കളിയിൽ നേരിട്ടു പങ്കെടുക്കാതെ കളത്തിനുവെളിയിൽ നിന്ന് ഇലത്താളത്തിന്റെ അകമ്പടിയോടെ ഒരാൾ പാടിക്കൊടുക്കുകയും കളിക്കാർ കോറസിൽ അതേറ്റുപാടി കളിക്കുകയും ചെയ്യുന്ന രീതി കണ്ടുവരുന്നു. കളിമുറുക്കാനും ചുവടുകൾ പെരുക്കാനുമായി പാടുന്നതിനിടയിൽ "തത്തരികിട തിന്തകം താതരികിട തിന്തകം താതെയ്യത്തക തങ്കത്തരിങ്കിണ..." എന്ന വായ്ത്താരി ഇടാറുണ്ടു്. കളി തുടർന്നു് മുറുക്കാൻ കഴിയാത്തവണ്ണം വേഗം കൂടിയാലോ പാടിക്കൊടുക്കുന്ന ഗാനം അവസാനിക്കുമ്പോഴോ ചുവട് നിർത്താനായി "തായിന്തത്തരികിടതികിതത്തെയ്ത്തതികിതെയ്" എന്ന കലാശമാണുപയോഗിക്കാറ്. അവതരണം, ചമയം, വേഷഭൂഷാദികൾ എന്നിവയിൽ വിവിധ ശൈലികൾ തമ്മിൽ അത്ര പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. പ്രധാന വ്യത്യാസം കളിപ്പാട്ടിലെ സാഹിത്യത്തിലാണ്‌. കേരളത്തിലെ സുറിയാനിക്രൈസ്തവർ തങ്ങളുടെ പരിചമുട്ടുകളിപ്പാട്ടുകൾക്ക് തോമാശ്ലീഹയുടെ ഭാരതത്തിലെ പ്രേഷിതപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങളും അദ്ദേഹം സ്ഥാപിച്ച പള്ളികളെക്കുറിച്ചുമുള്ള വിവരണങ്ങളും മറ്റും അവലംബമാക്കുമ്പോൾ ലത്തീൻക്രൈസ്തവർ ബൈബിൾ പ്രമേയങ്ങളും സെബസ്ത്യാനോസ്, അന്തോണിയോസ് തുടങ്ങിയ പുണ്യവാളന്മാരുടെ ചരിത്രങ്ങളും ആധാരമാക്കി വരുന്നു. സുറിയാനി സമുദായത്തിൽ തന്നെ ഉൾപ്പെടുന്ന ക്‌നാനായ വിഭാഗക്കാർ ക്‌നായിത്തൊമ്മന്റെ കേരളത്തിലേക്കുള്ള വരവും ചേരമാൻ പെരുമാളുമായുള്ള കൂടിക്കാഴ്ചയുമെല്ലാം അവരുടെ കളിപ്പാട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കോട്ടയം ജില്ലയിലെ മണർകാട്, തിരുവഞ്ചൂർ, മാലം, തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും ഈ കല നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിൽ ക്രൈസ്തവദേവാലയങ്ങളുമായി ബന്ധപ്പെട്ട് പരിചമുട്ടുകളി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 1984-ൽ കേരള സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സ്കൂൾ യുവജനോത്സവത്തിലെ മത്സരയിനങ്ങളുടെ കൂട്ടത്തിൽ പരിചമുട്ടുകളിയെയും ഉൾപ്പെടുത്തി. പിന്നീട് ഹയർസെക്കൻഡറി യുവജനോത്സവങ്ങളിലെ ഒരു മത്സരയിനമായും പരിചമുട്ടുകളി അംഗീകരിക്കപ്പെട്ടു. ഇതോടെ കാല, ദേശ, ഭാഷാ വ്യത്യാസമനുസരിച്ച് സ്വകീയമായ ശൈലിയിൽ ആശാന്മാർ ചിട്ടപ്പെടുത്തിയിരുന്ന പരിചമുട്ടുകളിക്ക് ഒരേകീകൃതഭാവം കൈവരുകയും കൂടുതൽ ജനകീയമാവുകയും ചെയ്തു.

ചവിട്ടുനാടകം

കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം

ചരിത്രം

കഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ്‌ പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഈ കല കേരളത്തിൽ രൂപം കൊണ്ടത്. ഉദയംപേരൂർ സുനഹദോസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും ലത്തീൻ പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതനെ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും ലത്തീൻ പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽസ്മാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്. യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്, അതുകൊണ്ട് ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറയാനാവില്ല എന്നും അഭിപ്രായമുണ്ട്. ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.

മുന്നൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിന്നത്തമ്പി അണ്ണാവി എന്നയാളാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നും തമിഴ്നാട്ടുകാരനായിരുന്ന അദ്ദേഹം കേരളത്തിലെത്തി കൊച്ചിയിലും കൊടുങ്ങല്ലൂരിലും പതിനേഴു വർഷത്തോളം താമസിച്ചശേഷം തിരിച്ചു പോയെന്നും പറയപ്പെടുന്നു. തുള്ളലിന്റെ ചരിത്രത്തിൽ കുഞ്ചൻ നമ്പ്യാരുടെ സ്ഥാനം തന്നെയാണ് ചവിട്ടുനാടകത്തിന്റെ കാര്യത്തിൽ അണ്ണാവിക്കുള്ളതെന്നു ചിലർ ചൂണ്ടിക്കാണിക്കുന്നു. അണ്ണാവി ക്രിസ്തീയവേദപ്രചാരകനായിരുന്നു എന്നും വാദമുണ്ട്

തമിഴുകലർന്ന ഭാഷയാണ്‌ ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്. ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു. സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു. വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രീക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ്. ആദ്യത്തെ ചവിട്ടുനാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട് .

ചവിട്ടുനാടകങ്ങൾ അച്ചടിയ്ക്കപ്പെട്ടിട്ടില്ല, മറിച്ച് കൈയ്യെഴുത്തുപ്രതികൾ, 'ചുവടികൾ' ആയി സൂക്ഷിയ്ക്കപ്പെട്ടുവരുന്നതാണ്

പ്രധാന ചവിട്ടുനാടകങ്ങൾ

വീരകുമാരൻ ചരിത്രം, നെപ്പോളിയൻ ചരിത്രം, ഗീവർഗ്ഗീസ് ചരിത്രം, ദാവീദ് വിജയം എന്നീ ചവിട്ടുനാടകങ്ങൾ ധീരോദാത്തരായ വീരസേനാനികളുടെ ദ്വിഗ്വിജയങ്ങളെയും , വീരസമരങ്ങളെയും പ്രകീർത്തിയ്ക്കുന്നു.

ബൃശീനാ ചരിത്രം , അല്ലേശു നാടകം,കത്രീനാ നാടകം, ഇസ്ഹാക്കു വിജയം,ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, മാർട്ടിൻ കഥ ,സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, എന്നീ നാടകങ്ങൾ ബൈബിൾ കഥകളെ ആസ്പദമാക്കിയുള്ളതാണ്.

ധർമ്മിഷ്ഠൻ, സത്യപാലൻ , പ്ലമേന ചരിത്രം, ജ്ഞാനസുന്ദരി, കോമളചന്ദ്രിക, ജാനകി എന്നീ സാമൂഹ്യനാടകങ്ങളും ചവിട്ടുനാടകരൂപത്തിലുള്ളവയാണ് .

പിന്നണി സംഗീതം

ചവിട്ടുനാടകങ്ങളിൽ പ്രധാനമായും ചെണ്ട,മദ്ദളം,ഇലത്താളം തുടങ്ങിയ ഘനവാദ്യങ്ങളാണ് ഉപയോഗിക്കുക,തബല,പുല്ലാങ്കുഴൽ,ബുൾബുൾ,വയലിൻ തുടങ്ങിയ വദ്യോപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.

വേദി

സാധാരണ നാടകവേദികൾക്കുള്ള അളവിൽ നിന്നു വ്യത്യസ്തമായാണ് ആദ്യകാലങ്ങളിൽ ചവിട്ടുനാടകങ്ങൾക്കുള്ള വേദി ഒരുക്കിയിരുന്നത്. വീതികുറവായതും നീളത്തിലുമുള്ള തട്ടാണ് ഇതിനക്കാലത്ത് ഒരുക്കിയിരുന്നത്. ചവിട്ടുമ്പോൾ ശബ്ദം ഉയർന്നുകേൾക്കാനായിരുന്നു ഇത്.മുപ്പതുപേരെവരെ ഉൾക്കൊള്ളാനുള്ള സ്ഥലം ആദ്യകാലവേദികൾക്കുണ്ടായിരുന്നു.6 അടി വീതം ഉയരത്തിലുള്ള മേടകൾ അഭിമുഖമായി ചില നാടകങ്ങളിൽ കാണാം. ഗോവണികളും ഘടിപ്പിച്ചിട്ടുണ്ടാകും. മേടകൾക്കു പിന്നിലായി 4 അടി വീതിയിൽ ഒരു കിളിവാതിലുമുണ്ടായിരിയ്ക്കും.ആശാനും മേളക്കാരും വിളക്കിനരികിൽ വേദിയിൽ തന്നെയാണ് നിലയുറപ്പിയ്ക്കുന്നത്.നടന്മാർ വശങ്ങളിൽ ഉള്ള തിരശ്ശീല നീക്കിയാണ് രംഗത്തു വരിക. വേദിയ്ക്കു മുന്നിലായി നിരയായി ഉയർത്തിയ വിളക്കുകൾ വേദി പ്രകാശമാനമാക്കും.

ആശാൻ

ആശാന്മാരെ അണ്ണാവി എന്നു ആദ്യകാലത്ത് വിളിച്ചിരുന്നു.അണ്ണാവി എന്ന തമിഴ്മൂലത്തിന്റെ അർത്ഥം അദ്ധ്യാപകൻ എന്നാണ്. നാടകാവതരണത്തിന്റെ പൂർണ്ണചുമതല ആശാൻ വഹിയ്ക്കുന്നു. താളബോധവും സംഗീതജ്ഞാനവും ആശാന് കൂടിയേ തീരൂ.അഭ്യസനത്തിനു പുറമേ പയറ്റുവിദ്യകളും ആശാനു തരമായിരിയ്ക്കണം. കൂടാതെ അഭിനയത്തിലും സാഹിത്യത്തിലും നല്ല ധാരണ ആശാനുണ്ടായിയ്ക്കണം.തമിഴിൽ അറിവുണ്ടെങ്കിൽ മാത്രമേ നാടക സാഹിത്യം ശിഷ്യർക്കും കഥാപാത്രങ്ങൾക്കും പകർന്നുകൊടുക്കാൻ കഴിയൂ. ആദ്യകാലങ്ങളിൽ കളരിയിലായിരുന്നു പ്രാഥമികമായ നൃത്തച്ചുവടുകളും മെയ് വഴക്കവും പരിശീലിപ്പിച്ചിരുന്നത്. ഇതിനു ശേഷമാണ് നാടകാഭ്യസനം അഥവാ ചൊല്ലിയാട്ടം തുടങ്ങുന്നത്.ഈ കാലത്തെ ആശാന്റെ ചെലവുകൾ ശിഷ്യർ വഹിയ്ക്കണം.നാടകാഭ്യസനത്തിനു പ്രത്യേകം പ്രതിഫലം ആശാൻ വാങ്ങുകയില്ല.

ബൃശീനാ നാടകം

ചിന്നത്തമ്പി അണ്ണാവി രചിച്ച ഒരു പ്രധാന നാടകമാണ് ബൃശീനാ നാടകം.അദ്ദേഹത്തിന്റെ പ്രഥമ കൃതിയായി ഇതിനെ കരുതിപ്പോരുന്നുണ്ട്,ആശയ സമ്പുഷ്ടവും മിഴിവുറ്റ വർണ്ണനയും ഒത്തുചേർന്ന ഈ നാടകത്തിൽ സുന്ദരിയായ ബൃശീനയുടെ ജീവിതകഥ കെട്ടഴിക്കപ്പെടുന്നു,ധർമ്മമാർഗ്ഗത്തിലും സദാചാരപൂർണ്ണതയിലും ജീവിതം നയിയ്ക്കുന്ന ബൃശീനയെ ഇതിൽ നിന്നു വ്യതിചലിപ്പിക്കാൻ അൾവാൻ എന്ന കഥാപാത്രം നടത്തുന്ന കുടില തന്ത്രങ്ങളും അതുമൂലം ബൃശീന അനുഭവിയ്ക്കുന്ന നരകയാതനകളുമാണീ നാടകത്തിൽ.ഒടുവിൽ ബൃശീന തന്ത്രങ്ങളെ അതിജീവിച്ച് വിജയം വരിയ്ക്കുന്നതോടെ നാടകം അവസാനിയ്ക്കുന്നു.

അല്ലേശുനാടകം

ഈ നാടകത്തിൽ നായകൻ അലക്സിയൂസ്(അല്ലേശു) റോമിലെ പ്രതാപശാലിയായ ഒരു പ്രഭുവിന്റെ ഏക സന്താനമാണ്. സമർത്ഥനായ അലക്സിയൂസിനെ ഒരു സൈന്യാധിപനായിക്കാണാനാണ് പ്രഭുവിന്റെ ആഗ്രഹം.എന്നാൽ ക്രിസ്തുവിനെ അനുകരിച്ച് ഒരു ബ്രഹ്മചാരിയാകാനും ആ ദർശനങ്ങളെ പിന്തുടരുവാനും ആണ് അലക്സിയൂസ് ആഗ്രഹിയ്ക്കുന്നത്. എന്നാൽ പിതാവ് നിർബന്ധമായി അല്ലേശുവിനെ വിവാഹം കഴിപ്പിയ്ക്കുന്നു. മങ്കേ മണിയറയട , നാൻ പോയ് വരേൻ എന്നു ചൊല്ലി വീട് ഉപേക്ഷിച്ച് ഇറങ്ങിയ അല്ലേശു നഗരങ്ങളിലും ഗ്രാമങ്ങളിലും ഭിക്ഷാംദേ ഹിയായി അലഞ്ഞ് യേശുവിനെ വാഴ്ത്തി ജീവിതം കഴിയ്ക്കുന്നു. റോമിലേയ്ക്കു തിരിച്ചുവന്ന അല്ലേശു പിതാവിനെക്കാണുന്നു. എന്നാൽ പിതാവിനു പുത്രനായ അല്ലേശുവിനെ വേഷംകൊണ്ട്തിരിച്ചറിയാൻ കഴിയുന്നില്ല. തുടർന്ന്അല്ലേശു അദ്ദേഹത്തോട് തന്റെ ഭവനത്തിൽ അഭയം നൽകണമെന്ന് അപേക്ഷിയ്ക്കുന്നു. പതിനേഴ് വർഷങ്ങൾ തിരിച്ചറിയപ്പെടാതെ തികഞ്ഞ അവഗണനയിൽ കഴിഞ്ഞ അല്ലേശു മരണപ്പെടുകയും മൃതദേഹത്തിൽ ഉണ്ടായിരുന്ന രേഖയിൽ നിന്ന് കുടുംബം കാത്തിരുന്ന ആൾ തന്നെയാണിതെന്ന് ഭാര്യയും മറ്റും മനസ്സിലാക്കുകയും ചെയ്യുന്നു.

കാറൾസ്മാൻ ചരിതം

ചവിട്ടുനാടകങ്ങളിൽ വീരരസത്തിലും ആവിഷ്കരണത്തിലും മുഖ്യസ്ഥാനം കാറൾസ്മാൻ നാടകത്തിനുണ്ട്.യൂറോപ്യൻ ഭരണാധികാരിയായിരുന്ന ചാറൾസ്മാൻ ചക്രവർത്തിയുടേയും അദ്ദേഹത്തിന്റെ പന്ത്രണ്ടു പടനായകരുടേയും കഥയാണിതിൽ.മലയാളത്തിലെ കാറൾസ്മാൻ ഫ്രഞ്ചുപദമായ ഷാർലിമെയ്ൻ എന്ന പദത്തിൽ നിന്നുത്ഭവിച്ചതാണ്.അഞ്ചുഭാഗങ്ങളിലായി ഈ നാടകം തിരിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ഭാഗത്തിൽ കാറൾസ്മാന്റെ സഹോദരിയായ ബെട്ത്തയുടെ കഥകളും റോൾദാൻ എന്ന കുട്ടിയുടെ ബാല്യവും ആണ്.രണ്ടും മൂന്നും ഭാഗങ്ങൾ യുദ്ധഗതികളാണ്. ആഞ്ചലിക്കയുടെ കഥയാണിതിൽ പ്രധാനം.നാലാം അങ്കത്തിൽ വാൾദു എന്ന പടയാളിയുടെ വീരപരാക്രമങ്ങളും അഞ്ചിൽ യുദ്ധവിജയവും രക്തസാക്ഷിത്വവും ഘോഷിയ്ക്കുന്നു.

ഇതിലെ ചില കഥാപാത്രങ്ങൾ
  • അൾബിരാന്ത് ചക്രവർത്തി.
  • റോളന്റ്
  • പെരബ്രാസ് രാജകുമാരൻ
  • ഗളളോൻ(വില്ലൻ)
  • പ്ലോരിപ്പീസ് രാജകുമാരി

ചില വരികൾ

ദുഷ്ടർകളെ വധിക്ക-

ശിഷ്ടർകളെ വണങ്ക (റോളന്റ്)

...മുട്ടാളർ തേശമതിൽ

ഏകനായ് പോകൈവേണ്ടൈ...(പ്ലോരിപ്പീസ് രാജകുമാരി)

വേഷങ്ങൾ-കട്ടിയക്കാരൻ

കട്ടിയക്കാരൻ അഥവാ വിദൂഷകനു ചവിട്ടുനാടകത്തിൽ പ്രധാന്യമുള്ള ഭാഗമാണ് നൽകപ്പെട്ടിരിയ്ക്കുന്നത്.നാടകത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് സരസമായ വ്യാഖ്യാനം നൽകി സദസ്സിനെ രസിപ്പിയ്ക്കുകയാണ് കട്ടിയക്കാരന്റെ പ്രധാനധർമ്മം. തൊങ്ങലുകൾ അണിഞ്ഞകൂർമ്പൻ തൊപ്പിയും വെൺചാമരത്താടിയും മീശയും കൂടാതെ രണ്ടുനിര കവടിപ്പല്ലുകൾ നിരത്തിവെച്ചുകെട്ടിയുള്ള വേഷവും അണിഞ്ഞാണ് കട്ടിയക്കാരൻ വേദിയിലെത്തുക.ആശാൻ ആവശ്യപ്പെടുന്നപക്ഷം ഏതു ഗാനവും അനുകരിച്ചുപാടേണ്ടിയും വരും.കവിത്തമോ ചുവടോ വെയ്ക്കാൻ ആവശ്യപ്പെട്ടാൻ അതും കട്ടിയക്കാരൻ ചെയ്യണം.നാടകത്തിലെ പാട്ടുകളും ചുവടുകളും അയാൾ ഹൃദിസ്ഥമാക്കിയിരിയ്ക്കുകയും വേണം.ഏതു സമയത്തും വേദിയിൽ കടന്നുവരുന്നതിനു സ്വാതന്ത്ര്യമുള്ള കട്ടിയക്കാരനെ രാജാവ് തന്നെയും തോഴൻ എന്നാണ് സാധാരണ അഭിസംബോധന ചെയ്യുക.രാജാവ് കട്ടിയക്കാരനെ വിളിച്ച് നിർദ്ദേശങ്ങൾ നൽകുന്നതും ചില നാടകങ്ങളിൽ കാണാം കട്ടിയക്കാരന്റെ മറ്റു ചില സഹായങ്ങളും നാടകത്തിൽ തേടുന്നുണ്ട്.താഴെവീണുപോയ വാൾ,തൊപ്പി,പരിച,വസ്ത്രഭാഗങ്ങൾ എന്നിവ യഥാർത്ഥസ്ഥാനത്തു വയ്ക്കുകയോ ഏൽപ്പിയ്ക്കുകയോ കട്ടിയക്കാരൻ ചെയ്യണം.കൂടാതെ രംഗത്ത് മരിച്ച് വീഴുന്ന ഭടന്മാരെ ചുമന്നുകൊണ്ടുപോകുകയോ വലിച്ചുനീക്കുകയോ ചെയ്യുന്നതും ഈ വേഷക്കാരനാണ്.ഭടന്മാർക്കുവേണ്ടി കരയുന്നതും ആശാനോടൊപ്പം ചേർന്ന് വിവരണം നൽകുക എന്ന ചുമതലയും തമിഴ് നാടകങ്ങളിൽ കട്ടിയക്കാരനുണ്ട്.

സ്തുതിയോഗർ

സ്തുതിയോഗർ അഥവാ ബാലാപ്പാർട്ടുകാർ ചവിട്ടുനാടകത്തിലെ മറ്റൊരു വേഷക്കാരാണ്.സൂത്രധാരന്മാർ എന്നപേരിലും ഇവർ അറിയപ്പെടുന്നു.10-12 വയസ്സുള്ള ബാലന്മാർ ആണ് ഈ വേഷം അഭിനയിക്കുക.അരങ്ങേറ്റചുവടുകൾ ഉണ്ടെങ്കിൽ അതും താളത്തിൽ ചവുട്ടി ആശാന്മാർക്ക് ദക്ഷിണയും നൽകിയാണ് ബാലപ്പാർട്ടുകാർ രംഗത്ത് വരിക.ആശാൻ നിർദ്ദേശിക്കുന്ന കവിത്തം,പ്രധാന ചുവടുകളും വെച്ച് കഥ ചുരുക്കി വിവരിയ്ക്കുന്നു.നാടകം ഉടൻ ആരംഭിയ്ക്കുമെന്നും എല്ലാവരും ഒരുങ്ങിയിരുന്നുകൊള്ളണമെന്നും ബോധിപ്പിച്ച് താളത്തിൽ ചവുട്ടി രംഗത്തുനിന്നും നിഷ്ക്രമിയ്ക്കുന്നു.

തോടയപ്പെൺകൾ

സ്ത്രീവേഷം ആടുന്ന ആട്ടക്കാരാണ് തോടയപ്പെൺകൾ.ദേവമാതൃസ്തുതികളാണ് ഇവർ ആലപിയ്ക്കുക. സാവധാനത്തിലുള്ള ചുവടുകളാണ് ഇവർക്ക് നിർദ്ദേശിച്ചിരിയ്ക്കുന്നത്. പുരുഷന്മാർ തന്നെയാണ് തോടയാട്ടക്കാരായി രംഗത്തെത്തുക

രാജാവ്(രാജാപ്പാർട്ട്)

ചവിട്ട് നാടകത്തിൽ രാജാവിന്റെ ദർബാർ രംഗമാണ് ആദ്യം പ്രദർശിപ്പിക്കുക. വരവു വിരുത്തം ആശാൻ അണിയറയിൽ പാടിക്കഴിഞ്ഞാൽ രാജാവ് ഉറച്ചു ചവുട്ടി കൈയ്യിൽ ചെങ്കോലുമണിഞ്ഞ് രംഗത്തു പ്രവേശിക്കുന്നു.വേഷം മിന്നുന്നതും അലങ്കാരപ്പണികൾ ഏറെ ചെയ്തതും ഏറ്റവും തിളക്കമുറ്റതും ആയിരിയ്ക്കും.രാജാവ് രംഗത്തെത്തിയാൽ ഭടജനങ്ങൾ പ്രകീർത്തിച്ചുപാടണമെന്നുണ്ട്.ഇതിന്റെ ചവിട്ട് ഏറ്റവും ഉത്സാഹത്തോടും കാതടപ്പിയ്ക്കുന്ന തരത്തിലുള്ള ശബ്ദത്തോടെയുമാകും.

അൾബിരാന്ത് ചക്രവർത്തി (കാറൾസ്മാൻ ചരിതം) രംഗത്ത് വരുമ്പോൾ ഭടജനങ്ങൾ പാടുന്നത് (പാത്രപ്രവേശ ദാരു) ഇങ്ങനെ:

എൺദിശൈ പുകഴ്പടൈത്ത അൾബിരാന്ത-

നുമീശൻ-നഗർകൊണ്ടീടവെ-

എങ്കൾ മണ്ഡലാധിപൻ വരാർ..

തുടർന്ന് രാജാവ് ആത്മപ്രശംസ കലർന്ന കോവിൽതരുപാടുന്നു. പാടിത്തീർന്നാൽ മന്ത്രിയെ വിളിച്ച് രാജ്യകാര്യാന്വേഷണത്തിലേയ്ക്ക് കടക്കുന്നു.

മന്ത്രി

നാടകത്തിൽ പ്രധാനവേഷമാണ് മന്ത്രിയ്ക്ക്. രാജാവിനെ നായാട്ടിലോ യുദ്ധത്തിലോ അകമ്പടി സേവിയ്ക്കുന്നത് മന്ത്രിയാണ്.മന്ത്രിപ്പാർട്ടുകാരുടെ വേഷവും അലങ്കാരങ്ങളും ഗരിമയുള്ളതായിരിയ്ക്കും.വാൾ കൊണ്ടുള്ള കലാശങ്ങൾ നടത്തുന്നതും അലങ്കാര ശബളമായ നടനച്ചിന്ത് പാടി അഭിനയിക്കുന്നതും മന്ത്രി തന്നെ. ഇരു ഭാഗത്തെയും രാജാക്കന്മാർ നേർക്കുനേർ വരുമ്പോൾ ഓരോ രാജാവിനെയും പ്രകീർത്തിച്ച് 'കല' പാടുന്നത് അതത് മന്ത്രിമാരാണ്.വീരവാദങ്ങളോടെ പോർത്തരു പാടി യുദ്ധം വെട്ടുന്നതിനു തുടക്കം കുറിയ്ക്കുന്നതും മന്ത്രിമാരാണ്.

പൊലിക്കൽ

നാടകനടത്തിപ്പിന്റെ ചിലവിലേക്ക് കാണികളിൽ നിന്നു സംഭാവനകൾ സ്വീകരിക്കുന്ന ചടങ്ങാണ് പൊലിക്കൽ.സൗജന്യമായിട്ടാണ് നാടകം കളിക്കുന്നതെങ്കിലും ഇതിന്റെ ചെലവ് പൊലിവിലിലൂടെയാണ് തേടുന്നത്. കട്ടിയക്കാരൻ തട്ടിൽക്കയറി നിന്ന് ഉച്ചത്തിൽ സംഭാവന നൽകിയ കാണിയുടെ പേരും തുകയും ഉച്ചത്തിൽ വിളിച്ചുപറയും.അതിനുശേഷം വിശേഷണങ്ങളോടെ പത്തുനൂറായിരം കോടി,അയ്യായിരത്തി അഞ്ഞൂറുകോടി എന്നിങ്ങനെ കൂട്ടിച്ചേർക്കും.

മംഗളം

(മംഗളസ്തുതി)

       മങ്കളം! നിത്യജയ ആദി കടവുളോനെ
       മങ്കളം നംസ്തുതേ മങ്കളം മങ്കളം.

നാടകത്തിന്റെ അവസാനം ആശാന്റെ നേതൃത്വത്തിൽ എല്ലാ നടന്മാരും മംഗളസ്തുതിപാടി ചുവടുവച്ച് സദസ്സിനെ വണങ്ങി അണിയറയിലേയ്ക്കുപോകുന്നതോടെ ചവിട്ടുനാടകത്തിനു പരിസമാപ്തിയാകുന്നു.

പ്രധാന ചവിട്ടുനാടകകർത്താക്കൾ
  • അന്തോണിക്കുട്ടി അണ്ണാവി
  • വറിയത് അണ്ണാവി
  • പോഞ്ഞിക്കര ഗൗരിയാർ അണ്ണാവി
  • ജോൺ അണ്ണാവി
  • പള്ളിപ്പുറം മീങ്കു(മൈക്കൾ) അണ്ണാവി
  • അഗസ്തീഞ്ഞ് അണ്ണാവി
  • ഇടവനക്കാട് കൊച്ചവുസേപ്പ് ആശാൻ
  • ഗോത്തുരുത്ത് ഔസേപ്പ് ആശാൻ
  • കോര(കോരത്) ആശാൻ
  • വാറു (വർഗ്ഗീസ്) ആശാൻ
  • ജോൺ അണ്ണാവി
  • കോട്ടയിൽ അന്തോണി അണ്ണാവി

കോൽക്കളി

കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. സാധാരണഗതിയിൽ എട്ടൊ പത്തോ ജോടി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു.

കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു.

കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.

ദഫ് മുട്ട്

കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ

അവതരണരീതി

അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

ഈ കലാരൂപം അനുഷ്ഠാനകർ‌മ്മങ്ങളായ കുത്തുറാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.

കൃഷിച്ചൊല്ലുകൾ

കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും.

കുംഭത്തിൽ നട്ടാൽ കുടത്തോളം.

മീനത്തിൽ നട്ടാൽ മീൻകണ്ണിയോളം.

പൂയം ഞാറ്റുവേലയിൽ പുല്ലുപോലും പൂവണിയും.

മുരിങ്ങയുണ്ടെങ്കിൽ മരുന്നു വേണ്ട.

ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു.

കുംഭച്ചേന കുടത്തോളം.

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.

മണ്ണറിഞ്ഞ് വിത്തിടുക.

വിതച്ചതേ കൊയ്യൂ.

വിത്താഴം ചെന്നാൽ പത്തായം നിറയും

വിത്തിലറിയാം വിള

വിത്ത് കുത്തി ഉണ്ണരുത്.

വിത്തുഗുണം പത്തുഗുണം.

ചിങ്ങം ഞാറ്റിൽ ചിനുങ്ങി ചിനുങ്ങി

അത്തം കറുത്താൽ ഓണം വെളുത്തു

കന്നിയിലെ വെയിൽ കരിമ്പോല ഉണക്കും.

തുലാപത്തു കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം

ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ

ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത്

വിത്ത് വിറ്റ് വിരുന്നൂട്ടരുത്

വിത്തൊളിപ്പിച്ചാൽ കുത്തുപാളയെടുക്കും

ഒക്കത്തിൽ വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷി ചെയ്യാം

നവര നട്ടാൽ തുവരയുണ്ടാവുമോ

വിളയും വിത്ത് മുളയിലറിയാം

ഏറെ വിളഞ്ഞാൽ വിത്തിനാകാ

ചോതി പെയ്താൽ ചോറുറച്ചു.

ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം

കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം

വിത്തുഗുണം പത്തുഗുണം

വിത്താഴം ചെന്നാൽ പത്തായം നിറയും

വേലി തന്നെ വിളവുതിന്നുക

വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും

കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം

ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു

ഇരുന്നുണ്ടവൻ രുചിയറിയില്ല

കരിമ്പിനു കമ്പുദോഷം

കർക്കിടമാസത്തിൽ പത്തുണക്കം

വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം

പച്ചക്കറിക്കടങ്കഥകൾ

പൗഡറണിഞ്ഞൊരു സുന്ദരനെ കുനു കുനു വെട്ടി കറിയാക്കാം (കുമ്പളങ്ങ)

വാളാവളഞ്ചനും ചറന്തക്കു പോയി ചാരത്തിൽ മൂപ്പനും ചന്തക്കു പോയി (പടവലങ്ങയും വെള്ളരിക്കയും)

കാള കിടക്കും കയറോടും (മത്തൻ)

കുളിച്ച കയറിയ കറുത്തോൻ കുളി കഴിഞ്ഞപ്പോൾ വെളുത്തോനായി (ഉഴുന്ന്)

കയ്പ്പുണ്ട് കാഞ്ഞിരമല്ല മുള്ളുണ്ട് മുരിക്കല്ല വാലുണ്ട് വാനരനല്ല (പാവക്ക)

ഒരമ്മ പെറ്റ മക്കളെല്ലാം നരച്ച് നരച്ച് (കുമ്പളം)

അഴിച്ചിട്ട മുടിയിൽ ആയിരം കായ്കൾ (പനങ്കുരു)

ഒരു കുല നിറയെ പഞ്ഞിമുട്ട ഒന്നൊന്നായി തിന്നാൽ മധുരക്കട്ട. (കടുക്)

കറുത്തിരുണ്ട ചെറുപ്പക്കാർ എടുത്ത് രണ്ട് ചാട്ടം (കടുക്)

ഇരുട്ടു കോരി വെയിലത്തിട്ടു ഇരുട്ടായി എണ്ണിയെടുത്തു. (എള്ള്)

ചെറുകുരു കുരുകുരു ചാര നിറക്കുരു ചാറിൽ ചേർക്കാൻ കെങ്കേമൻ (മല്ലി)

പച്ചപ്പലക കൊട്ടാരത്തിൽ പത്തും നൂറും കൊട്ടത്തേങ്ങ (പപ്പായ)

ചില്ലക്കൊമ്പിൽ വെള്ളക്കുമിളകൾ. (നെല്ലി)