സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സമയവും കടന്നുപോകും

ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു.ഇനി നാലുദിവസം കഴിഞ്ഞാലേ അടുത്ത പരീക്ഷയുള്ളൂഎന്ന ആശ്വാസത്തിലായിരുന്നു അരുൺ.കേരളത്തിൽ വീണ്ടും കോവിഡ് വന്നു തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിറയെ ഇറ്റലിയിൽ നിന്നു വന്ന അച്ചായനേയും കുടുംബത്തേയും പറ്റിയുള്ള ട്രോളുകളാണ്.പരീക്ഷ മാറ്റരുത് എന്നു തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. ”നീട്ടിവച്ചാൽ പിന്നെ ഈ ചൂട് കിട്ടില്ല പഠിക്കാൻ. അല്ല, ഇപ്പോൾ വലിയ ചൂട് ഉണ്ടായിട്ടല്ല”. ഇതാണ് എല്ലാവരുടെയും ചിന്ത .എന്തായാലും നാലു ദിവസമുണ്ടല്ലൊ. ഇന്ത്യയും ദക്ഷിണാഫ്റിക്കയും തമ്മിലുള്ള ഏകദിനം നടക്കുന്നുണ്ട്. അച് ഛനും അമ്മയും ചേച്ചിയും വീട്ടിലില്ലാത്ത സ്ഥിതിയ്ക്ക് കളി കാണാം.ടിവി വച്ചു.”ബെസ്റ്റ് കളി മുടക്കാനായിട്ട് മഴ.ഇവിടെ പെയ്തൂടെ മഴെ നിനക്ക്?”.അങ്ങനെ ആ കളിയും വാഷൗട്ടായി.

കെമിസ്ട്രി പരീക്ഷ ആകുമ്പോഴേയ്ക്കും രാജ്യത്തെ സ്ഥിതി കുറച്ച് ഭീകരമായിട്ടുണ്ട്.പക്ഷെ ലോകത്ത് നടക്കുന്നതുവച്ചു നോക്കുമ്പോൾ ഒന്നുമല്ലിത്.”കഷ്ടായീലോ...... ഇതിപ്പൊ.... ചാമ്പ്യൻസ് ലീഗുമില്ല,ബാക്കി ലീഗുകളുമില്ല്യ........” “അപ്പൊ ഐപിഎൽ മാറ്റീതോ ?” “ഡിബാലക്ക് കോവിഡ് .കഷ്ടായീലേ,,,,?” റൊണാൾഡോയ്ക്കു കിട്ടോ ..... ഒന്നു പോടാ .” കെമിസ്ട്രി പരീക്ഷയ്ക്ക് മുന്നുള്ള ചർച്ചകൾ നീണ്ടു. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഫിസിക്സ് പരീക്ഷയും കഴിയും.ഇതിനിടെ കാണികളില്ലാത്ത കുറച്ച് കളികളൊക്കെ നടത്തി.ഇന്ത്യ- ദക്ഷിണാഫ്രിക്ക കളികൾ വേണ്ട എന്നു വച്ചു.ഇനി മാത്സ് ആണ്. അതിനും നാലു ദിവസമുണ്ട്.അതു വേണം. “എത്ര പഠിച്ചാലും കഴിയാത്തതു പോലെ തോന്നും. അതെങ്ങനാ ഇൻറഗ്രേഷനും ഡിഫ്ര ൻസിയേഷനും ഒക്കെ അല്ലേ മടുത്തു ഇത്.” അരുണിന് പരാതി, 20-ാം തിയതി എൈ.സി.എസ്. സി പരീക്ഷകളും മാറ്റി. അപ്പോഴും സംസ്ഥാനത്തെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമൊന്നുമില്ലെന്ന് ഫ്ളാഷ് ന്യൂസ് കാണിച്ചിരുന്നു. ഭീകരാന്തരീക്ഷം കൂടുന്നതനുസരിച്ച് പഠിക്കാനുള്ള മൂഡും കുറഞ്ഞു വന്നു.21-ാം തിയതി ഉച്ചവരെ വാർത്തകണ്ടാണ് ഉറങ്ങാൻ പോയത്.ഉറങ്ങി എഴുന്നേറ്റ് ഫോണിലെ നെറ്റ് ഓൺചെയ്തപ്പോൾ ക്ളാസ് ഗ്രൂപ്പിൽ ഒരു കോളിളക്കം.പരീക്ഷ തുടങ്ങിയതിൽപ്പിന്നെ വലിയ അനക്കമൊന്നും അതിൽ ഉണ്ടായിരുന്നില്ല. തുറന്നു നോക്കിയപ്പോൾ ......അതു തന്നെ.!പരീക്ഷമാറ്റി! “ശ്ശെ...... വേണ്ടിയിരുന്നില്ല....കഴിഞ്ഞ്കിട്ട്യാ എത്ര നല്ലതാർന്നു”.22ന് ജനതാകർഫ്യു.അതു കഴിഞ്ഞപ്പോഴേയ്ക്കും ഇരുപത്തൊന്നുദിവസത്തെ ലോക്ഡൌൺ പ്രഖ്യാപിച്ചു.രാജ്യം മുഴുവൻ.

വീട്ടിലേയ്ക്ക്ള്ള സാധനങ്ങൾ വാങ്ങിവയ്ക്കുന്ന തിരക്കിലായിരുന്നു അച്ഛനും അമ്മയും. ദിവസവേതനം അല്ലെങ്കിൽ സ്വന്തമായി ഓഫീസ് നടത്തുന്ന അവർക്ക് ഇരുപത്തൊന്ന് ദിവസം കഴിച്ചു കൂട്ടുന്നതിൽ എന്തായാലും ടെൻഷൻ കാണും. വാട്സാപ്ഗ്രൂപ്പിൽ ചാറ്റിംഗ് തകൃതിയായി നടക്കുന്നു. ഓരോദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം കൂടി വരുന്നു.ഇറ്റലിയിലേയും ഫ്രാൻസിലേയും ഒക്കെ സ്ഥിതി ആലോചിക്കുമ്പോൾ പേടിയാകുന്നു. എന്തായാലും വീട്ടിൽഎല്ലാവരും കൂടി വെറുതെയിരിക്കുകയാണ്.എല്ലാവരും കൂടി സിനിമ കാണും.അതങ്ങനെ സ്ഥിരം ഉണ്ടാകുന്ന ഒന്നല്ല. ഒരുപാട് നേരം സംസാരിക്കാനും കിട്ടി.അച്ഛനെ കൃഷിയിൽ സഹായിക്കാൻ രസമുണ്ടെന്ന് അവൻ കണ്ടെത്തി. വീട്ടിൽതന്നെ ‘അന്താക്ഷരിയും, ദംചരാഡ്സും’ ഒക്കെയായി ഒതുങ്ങി. പിന്നെ മൊബൈൽഫോണുണ്ടല്ലോ! വീട്ടിൽതന്നെ അന്താക്ഷരിയും ദംചരാഡ്സും ഒക്കെയായി ഒതുങ്ങി. പിന്നെ മൊബൈൽഫോണുണ്ടല്ലോ.സോഷ്യൽമീഡിയ ഓരോദിവസവും ഓരോ ചലഞ്ചുകളും,ട്രോളുകളുമായി മുന്നോട്ടുപോകുന്നു. അച്ഛനും അമ്മയും ഒരുപാടുനേരം നിർബന്ധിക്കുമ്പോൾ കുറച്ച് പഠിക്കും.രണ്ട് പരീക്ഷ ഇനിയുമുണ്ടല്ലോ അവന്.”.ഇപ്പോ ഐ പി എൽ തുടങ്ങണ്ടതാ....” പരീക്ഷേം കഴിഞ്ഞ് ഒരു ടെൻഷനും ഇല്ലാതെ ഇരിക്കാർന്നു.ഇതിപ്പോ....അച്ഛൻ ഇടയ്ക്ക് പറയും “ചന്ദ്രനിൽക്കും സൂര്യനിൽക്കുമൊക്കെ ഉപഗ്രഹവും ആളേം ഒക്കെ അയച്ചു. ഒരു രോഗത്തിനു മുന്നിൽ തോറ്റുപോയി! എന്തു ചെയ്യാം!”

ഒരുപാട് അന്യസംസ്ഥാനതൊഴിലാളികൾ, അല്ല, അതിഥി തൊഴിലാളികൾ -ഇപ്പൊ അങ്ങനെയാണല്ലോ- താമസിക്കുന്നുണ്ട് വീടിന്റെ വഴിയിൽ .ലോക് ഡൗൺ തുടങ്ങിയതിൽ പിന്നെ തൊഴിലിനൊന്നും പോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.വഴിയിലൂടെ പാതിരായ്ക്കും പുലർച്ചയ്ക്കുമൊക്കെ നടന്ന് പോകാറുണ്ട്.സംസാരിയ്ക്കാറൊന്നുമില്ല അവർ.ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലം എന്നാണല്ലോ വയ്പ്. അച്ഛൻ അവരോട് സംസാരിക്കുന്നത് കേട്ട് ഉമ്മറത്തേയ്ക്ക് ചെന്നു നോക്കിയതാണ്.അച്ഛൻ അവരോട് ഭക്ഷണത്തിൻറെ കാര്യം ചോദിക്കുകയായിരുന്നു.അരുൺ, അവർ നടന്നുപോകുമ്പോൾ പറയാറുണ്ടായിരുന്നു.” ഇവർക്ക് ഇപ്പോൾ ഭക്ഷണമൊക്കെ കിട്ടുന്നുണ്ടാവുമോ” അച്ഛനെ കുറച്ച് ഹിന്ദിയിൽ സഹായിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇത്രയുംനാളും ഒരുവിധം കഴിഞ്ഞു കൂടി. പക്ഷെ തൊഴിലില്ലാത്ത സ്ഥിതിക്ക് ഇപ്പോൾ പണത്തിനും ബുദ്ധിമുട്ടാണ്. സർക്കാരിൻറെ നിർദ്ദേശപ്രകാരമുള്ള സമൂഹ അടുക്കള ആ പഞ്ചായത്തിലും ഉണ്ടായിരുന്നു.അച്ഛൻ അവിടത്തെ വാർഡ്മെമ്പറെ വിളിച്ചു നോക്കി . കിട്ടുന്നില്ല.അതുകൊണ്ട് പഞ്ചായത്തിൽ പോയിത്തന്നെ പറഞ്ഞു.അരുണും കൂടി ചെല്ലാം എന്നു പറഞ്ഞതാണ്.എന്തിനാണ് ഇക്കാലത്ത് ഒന്നിലധികംപേർ പുറത്തിറങ്ങുന്നതെന്ന് ചോദിച്ച് വിലക്കിയത് അമ്മയാണ്. പിറ്റേന്ന് മുതൽ സമൂഹഅടുക്കളയിൽ നിന്നുമുള്ള ഭക്ഷണം അവർക്കും കിട്ടിത്തുടങ്ങി. അരിക്ക്ശേഷം റേഷൻകടയിൽ കിറ്റ് വിതരണം തുടങ്ങിയിരുന്നു.അർഹതപ്പെട്ടതാണ്.പക്ഷെ വാങ്ങണ്ട എന്ന തീരുമാനവും അവർ എടുത്തു.അത്യാവശ്യം ഇനിയും രണ്ടാഴ്ച കഴിഞ്ഞു കൂടാൻ ഉള്ള വക അവർക്കുണ്ടെന്നും അത് ഇല്ലാത്തവർ ഒരുപാട് ഉണ്ടാകും എന്ന അഭിപ്രായം മുന്നോട്ട് വച്ചത് ചേച്ചിയായിരുന്നു.

എന്തായാലും ഈ കോവിഡ് കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ വീടിന് പുറത്തിറങ്ങാതിരിക്കലാണെന്ന തിരിച്ചറിവിൽ അവൻ വീട്ടിൽ തന്നെയിരുന്നു.അരുൺ തൻെറ ചിത്രരചനാകഴിവുകൾ പുറത്തെടുത്ത് തുടങ്ങിയിട്ടുണ്ട്.അമ്മയും പൊടിപിടിച്ച കവിതാരചന വീണ്ടും ശ്രമിച്ചു തുടങ്ങി.അച്ഛനും അമ്മയും തങ്ങൾക്ക് ശീലമേയില്ലാത്ത വീട്ടിലിരിപ്പിനോട് പൊരുത്തപ്പെട്ടു വരുന്നു.ചേച്ചി പി എസ് സിയ്ക്ക് പഠിക്കാമെന്ന്പറഞ്ഞ് പുസ്തകവും പത്രവുമൊക്കെയായി നടക്കുന്നുണ്ട്. എന്തായാലും വീട്ടിലിരിക്കുക തന്നെ.വീട്ടിലിരുന്ന് ലോകത്തെ രക്ഷിച്ച കാലമുണ്ടായിരുന്നുവെന്ന് വരും തലമുറയോട് പറയാമല്ലോ-ട്രോളുകളിൽ പറയുന്നതു പോലെ. ഐ പി എൽ നടക്കുമായിരിക്കും.ലീഗുകളെല്ലാം പുനരാരംഭിക്കുമായിരിക്കും.തൃശൂർ പൂരം അടുത്ത കൊല്ലം നടക്കും. പരീക്ഷകളും നടത്തും.എല്ലാം വീണ്ടും പഴയപോലെയാകും. അതിന് ഇന്ന് വീട്ടിലിരിക്കണമെന്നു മാത്രം. ഈ സമയവും കടന്നുപോകും

മോനിഷ കെ
12 B സെൻറ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കഥ