സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"പ്രകൃതിയോടുള്ള മനുഷ്യന്റെ ക്ര‌ൂരതകൾ "

Schoolwiki സംരംഭത്തിൽ നിന്ന്
"പ്രകൃതിയോടുള്ള മനുഷ്യന്റെ ക്ര‌ൂരതകൾ "

മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണെന്നതിൽ തർക്കമില്ല.എന്നാൽ നിലവിലുള്ള ആവാസ വ്യവസ്ഥകളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു.ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റുവേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ്.അത് കൂടുതൽ യാന്ത്രികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.സുഖ സന്തോഷങ്ങൾ പണം കൊടുത്തു വാങ്ങികൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കൊട്ടിഉയർത്തുന്ന അംബരചുംമ്പികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി അധഃപതിച്ചുകൊണ്ടിരിക്കുന്നു.ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽനിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു.

വിദേശ രാജ്യങ്ങൾ ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ കപ്പലിൽ കയറ്റി പുറം കടലുകളിൽ നിക്ഷേപിക്കുകയാണെന്ന സത്യം പത്രത്താളുകളിലൂടെ നമ്മുക്ക് ഇന്ന് ബോധ്യമാണല്ലോ?സ്വന്തം ദേശം മാലിന്യ മുക്തമാണെന്ന് ആശ്വസിക്കുന്ന ഇക്കൂട്ടർ വലിയ ഒരു ദുരന്തമാണ് തങ്ങൾ ക്ഷണിച്ചുവരുത്തുന്നത്എന്ന വസ്തുത അറിയുന്നില്ല.ജീവിക്കാനുള്ള സ്വാതന്ത്ര്യം നമ്മുക്ക് അനുവദിച്ചിരിക്കുന്നതുപോലെ തന്നെ മറ്റെല്ലാ ജീവികൾക്കും ഉണ്ടെന്നെസത്യം എന്തുകൊണ്ട് മനുഷ്യൻ മറന്നുപോകുന്നത്?

കാടുവെട്ടിത്തെളിച്ച് കോൺക്രീറ്റ് കാടുകാളാക്കുന്നതും മണൽ മാഫിയ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യം അല്ല.ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ട് കാര്യമില്ല.വേണ്ടത് സ്ഥിരമായ പരിസ്ഥിതി ബോധമാണ്.ഒരു മരം നശിപ്പിക്കുമ്പോൾ പത്ത് പുതിയ തൈകൾ നടാനുള്ള ബോധം.ശാസ്ത്ര സാങ്കേതികയുടെ ഉന്നതപഥങ്ങൾ കീഴടക്കിയ മനുഷ്യമസ്തിഷ്കത്തിന് തീർച്ചയായും പ്രകൃതി രക്ഷോപായങ്ങൾ കണ്ടെത്താനാകും.സ്വന്തം മാതാവിന്റെ നെഞ്ച് പിളർക്കുന്ന രക്തരക്ഷസ്സുകൾ ആവരുത് നമ്മൾ.നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്നയത്ഭുതത്തെ കിട്ടുന്നതിൽ ഇരട്ടി സ്നേഹം നൽകി പരിപാലിക്കാൻ ചുമതലയുള്ളവരാണ് നമ്മൾ.

വിസ്മയ എം.ആർ
12 ഇ 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം