നീലേശ്വരം
കാസർഗോഡിന്റെ സാംസ്കാരിക തലസ്ഥാനം

നീലേശ്വരം
നീലേശ്വരം നഗരസഭാ കാര്യാലയം
നീലേശ്വരം നഗരസഭാ കാര്യാലയം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർകോട്
താലൂക്ക് ഹോസ്ദുർഗ്
ഭരണസംവിധാനം നഗരസഭ
വിസ്തീർണ്ണം 26.23 ച.കി.മീ
വാർഡുകൾ 34
വെബ്സൈറ്റ് വെബ്സൈറ്റ്

അവതാരിക[1][2]


ഉത്തരകേരളത്തിലെ കാസർഗോഡ് ജില്ലയിൽ, ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധവും സാംസ്കാരികമായി സമ്പന്നവുമായ ഒരു നഗരസഭയാണ് നീലേശ്വരം. കാസർഗോഡ് ജില്ലയിലെ മൂന്ന് നഗരസഭകളിൽ ഒന്നായ നീലേശ്വരം, തേജസ്വിനി നദി അറബിക്കടലുമായി ചേരുന്ന അഴിമുഖത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. വടക്കൻ മലബാറിലെ സാംസ്കാരിക ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്ന നീലേശ്വരത്തെ "കാസർഗോഡിന്റെ സാംസ്കാരിക തലസ്ഥാനം" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ചരിത്രപരമായി നീലേശ്വരം രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഈ പ്രദേശം, കളരിപ്പയറ്റ്, തെയ്യം തുടങ്ങിയ അനുഷ്ഠാന കലകളുടെയും, കാവുകളുടെയും നാടാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നീലേശ്വരത്തിന് സവിശേഷമായ സ്ഥാനമുണ്ട്; ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് 1957-ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തിൽ നിന്നായിരുന്നു എന്നത് ഈ പ്രദേശത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചോതുന്നു. കാർഷിക ഗവേഷണ രംഗത്തും, പ്രത്യേകിച്ച് തെങ്ങ് കൃഷിയിൽ, നീലേശ്വരം നൽകിയ സംഭാവനകൾ നിസ്തുലമാണ്. ചരിത്രം, സംസ്കാരം, കൃഷി, ടൂറിസം എന്നീ മേഖലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച നീലേശ്വരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമാണിത്.

അതിരുകളും വിസ്തീർണ്ണവും[3]

വിസ്തീർണ്ണം: 26.23 ചതുരശ്ര കിലോമീറ്റർ[4]
വടക്ക് കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ ഗ്രാമപഞ്ചായത്ത്.
തെക്ക് ചെറുവത്തൂർ, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തുകൾ.
കിഴക്ക് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്.
പടിഞ്ഞാറ് അറബിക്കടൽ

നാമചരിത്രവും ഉത്ഭവവും

 

'നീലേശ്വരം' എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിലും തദ്ദേശവാസികൾക്കിടയിലും വിവിധ അഭിപ്രായങ്ങളും ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഈ പ്രദേശത്തിന്റെ ആത്മീയവും ചരിത്രപരവുമായ പശ്ചാത്തലം നാമകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നീലകണ്ഠേശ്വരൻ[5][6][7]

ഏറ്റവും പ്രചാരത്തിലുള്ളതും യുക്തിസഹവുമായ നിഗമനം, തളിയിൽ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയായ 'നീലകണ്ഠേശ്വരൻ' എന്ന പേരിൽ നിന്നാണ് നീലേശ്വരം എന്ന പേരുണ്ടായത് എന്നതാണ്. 'നീലകണ്ഠേശ്വരം' എന്നത് കാലക്രമേണ ലോപിച്ച് 'നീലേശ്വരം' ആയി മാറിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. നീലേശ്വരം രാജവംശത്തിന്റെ കുലദൈവവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം നഗരത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ കേന്ദ്രബിന്ദുവാണ്.

നീലമഹർഷി[8]

മറ്റൊരു ഐതിഹ്യം അനുസരിച്ച്, പുരാതന കാലത്ത് ഈ പ്രദേശത്ത് തപസ്സ് അനുഷ്ഠിച്ചിരുന്ന 'നീലമഹർഷി' എന്ന സന്യാസിവര്യനിൽ നിന്നാണ് സ്ഥലനാമം ഉണ്ടായത്. ചിറക്കൽ ടി. ബാലകൃഷ്ണൻ നായരെപ്പോലുള്ള ചരിത്രകാരന്മാർ സൂചിപ്പിക്കുന്നത് പ്രകാരം, 'നീലി' എന്ന ദേവതയുമായോ അല്ലെങ്കിൽ നീലമഹർഷിയുമായോ ബന്ധപ്പെട്ട് 'നീലിച്ചുരം' എന്ന പേര് നിലനിന്നിരുന്നുവെന്നും, പിന്നീട് അത് നീലേശ്വരമായി മാറിയെന്നുമാണ്. പഴയ ഭൂപടങ്ങളിലും രേഖകളിലും 'നീലീശ്വരം' എന്നും ഈ പ്രദേശത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

സാംസ്കാരിക പൈതൃകം

നീലേശ്വരത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് അവിടുത്തെ ക്ഷേത്രങ്ങളിലും, കാവുകളിലും, അനുഷ്ഠാന കലകളിലുമാണ്. "സാംസ്കാരിക തലസ്ഥാനം" എന്ന വിശേഷണം അന്വർത്ഥമാക്കുന്നതാണ് ഇവിടുത്തെ സാംസ്കാരിക കാഴ്ചകൾ.

തെയ്യം


ഉത്തരകേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നീലേശ്വരം. തുലാം മാസം മുതൽ ഇടവം മാസം വരെയാണ് തെയ്യം കാലം. നീലേശ്വരത്തെ തെയ്യം ഉത്സവങ്ങൾക്ക് സവിശേഷമായ പ്രാധാന്യമുണ്ട്.

  • മന്നംപുറത്ത് കാവ്: നീലേശ്വരത്തെ ഏറ്റവും പ്രധാനപ്പെട്ട കാവാണിത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഭഗവതിയാണ്. നീലേശ്വരം പ്രദേശത്തെ തെയ്യം ഉത്സവങ്ങളുടെ സമാപനം കുറിക്കുന്നത് മന്നംപുറത്ത് കാവിലമ്മയുടെ 'കലശം' ഉത്സവത്തോടുകൂടിയാണ്. മെയ് മാസത്തിലോ ജൂൺ ആദ്യവാരത്തിലോ ആണ് ഇത് നടക്കുക. 'കുറത്തി' തെയ്യവും കോഴിയെ ബലി നൽകുന്ന ചടങ്ങും ഇവിടുത്തെ പ്രത്യേകതയാണ്.
  • അഞ്ഞൂറ്റമ്പലം വീരർകാവ്: ഇവിടെ നടക്കുന്ന കളിയാട്ടം മഹോത്സവം പ്രശസ്തമാണ്.  

ക്ഷേത്രങ്ങൾ

നീലേശ്വരത്തെ ക്ഷേത്രസംസ്കാരം വളരെ പുരാതനമാണ്.

  • തളിയിൽ ശിവക്ഷേത്രം: നീലേശ്വരം പേരിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം ചരിത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്നു. നീലേശ്വരം രാജാക്കന്മാരുടെ കുടുംബക്ഷേത്രമായിരുന്നു ഇത്.  
  • മന്നംപുറത്ത് കാവ് : നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ കാവ് അപൂർവ്വമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതാണ്. കൂറ്റൻ കാഞ്ഞിരമരങ്ങളും, ഗുളികൻ, പടിഞ്ഞാറേ ചാമുണ്ഡി എന്നീ ദേവതകളും ഇവിടെയുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇവിടെ ദീപം തെളിയിക്കുന്നത് പ്രധാനമാണ്.

അള്ളട സ്വരൂപം[9][10]

നീലേശ്വരം രാജവംശം 'അള്ളട സ്വരൂപം' എന്ന പേരിലും അറിയപ്പെടുന്നു. ഇതിന് പിന്നിലെ ചരിത്രം കോലത്തിരി രാജവംശവും സാമൂതിരി രാജവംശവും തമ്മിലുള്ള വിവാഹബന്ധവുമായി ചേർത്തുവായിക്കാം. സാമൂതിരി കോവിലകത്തെ പാങ്കി പിള്ളയാതിരി എന്ന തമ്പുരാട്ടിയും കോലത്തിരി രാജകുടുംബത്തിലെ കേരളവർമ്മയും തമ്മിലുള്ള വിവാഹശേഷം, അവർക്ക് താമസിക്കാനായി കോലത്തിരി രാജാവ് തന്റെ രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള പ്രദേശം വിട്ടുനൽകി. ഈ പ്രദേശം അന്ന് ഭരിച്ചിരുന്നത് 'അല്ലോൻ' എന്ന നാടുവാഴിയായിരുന്നു. അല്ലോനെയും സഹോദരൻ മന്നോനെയും യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് കോലത്തിരി ഈ പ്രദേശം പിടിച്ചെടുത്തത്. അല്ലോനെ വധിച്ച ഇടം എന്ന അർത്ഥത്തിൽ ഈ പ്രദേശം 'അല്ലടം' എന്നും, രാജവംശം 'അല്ലട സ്വരൂപം' എന്നും അറിയപ്പെട്ടു.


ഭൂപ്രകൃതിയും കാലാവസ്ഥയും[11]

നീലേശ്വരം നദിക്കും തേജസ്വിനി നദിക്കും ഇടയിലാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടലിൻ്റെ കാഴ്ചകൾക്ക് പേരുകേട്ടതാണ് ഈ നഗരം. കായലുകൾക്കും ബീച്ചുകൾക്കും ഈ പട്ടണം പേരുകേട്ടതാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെയാണ് സെന്റ് ആൻസ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ജൈവവൈവിധ്യം കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗൃഹീതമാണ് നീലേശ്വരം. തീരപ്രദേശങ്ങളും, ഇടനാടുകളും, പുഴയോരങ്ങളും ചേർന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.

കാലാവസ്ഥ

ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

  • മഴ: ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. വാർഷിക മഴലഭ്യത ശരാശരി 3000 മില്ലിമീറ്ററിലധികമാണ്. ജൂലൈ മാസത്തിൽ കനത്ത മഴ ലഭിക്കാറുണ്ട്.[12]
  • ഊഷ്മാവ്: മാർച്ച് മുതൽ മെയ് വരെയാണ് വേനൽക്കാലം. ഇക്കാലയളവിൽ താപനില 33°C വരെ ഉയരാറുണ്ട്. ശീതകാലത്ത് (ഡിസംബർ-ജനുവരി) താപനില 23°C വരെ താഴാറുണ്ട്. അന്തരീക്ഷ ആർദ്രത വർഷം മുഴുവനും കൂടുതലായിരിക്കും.[13][14]

നദികളും കായലുകളും


നീലേശ്വരത്തിന്റെ ഭൂമിശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് തേജസ്വിനി നദി (നീലേശ്വരം പുഴ അഥവാ കാര്യങ്കോട് പുഴ). കിഴക്കൻ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഈ നദി നീലേശ്വരത്തിലൂടെ ഒഴുകി, തൈക്കടപ്പുറം അഴിമുഖത്ത് വെച്ച് അറബിക്കടലിൽ ചേരുന്നു. പ്രശസ്തമായ കവ്വായി കായൽ തേജസ്വിനി നദിയുമായി ചേരുന്ന ഭാഗം വിനോദസഞ്ചാരത്തിന് അനുയോജ്യമായ മനോഹരമായ ജലപാതകൾ സൃഷ്ടിക്കുന്നു. കണ്ടൽക്കാടുകളാൽ സമൃദ്ധമാണ് ഈ പുഴയോരങ്ങൾ.  

ഭരണസംവിധാനവും വാർഡുകളും

2010 നവംബർ 1-നാണ് നീലേശ്വരം ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയത്. കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിന്റെയും തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിന്റെയും ഭാഗമാണ് നീലേശ്വരം നഗരസഭ. ഭരണസൗകര്യത്തിനായി നഗരസഭയെ 34 വാർഡുകളായി തിരിച്ചിരിക്കുന്നു.   [15][16]

നഗരസഭ വാർഡുകൾ[17]

താഴെ പറയുന്നവയാണ് നീലേശ്വരം നഗരസഭയിലെ 34 വാർഡുകൾ

വാർഡ് നമ്പർ വാർഡിന്റെ പേര് വാർഡ് നമ്പർ വാർഡിന്റെ പേര്
1 പടിഞ്ഞാറ്റം കൊഴുവൽ വെസ്റ്റ് 18 തട്ടാച്ചേരി
2 പടിഞ്ഞാറ്റം കൊഴുവൽ ഈസ്റ്റ് 19 പള്ളിക്കര-I
3 നീലേശ്വരം സെൻട്രൽ 20 പള്ളിക്കര-II
4 കിഴക്കൻ കൊഴുവൽ 21 കരുവച്ചേരി
5 പാലക്കാട്ട് 22 കോയംപുറം
6 ചിറപ്പുറം 23 ആനച്ചാൽ
7 രാങ്കണ്ടം 24 കോട്ടപ്പുറം
8 പടന്ന 25 കടിഞ്ഞിമൂല
9 സുവർണ്ണവല്ലി 26 പുറത്തേക്കൈ
10 പാലത്താടം 27 തൈക്കടപ്പുറം സൗത്ത്
11 പാലായി 28 തൈക്കടപ്പുറം സെൻട്രൽ
12 വള്ളിക്കുന്ന് 29 തൈക്കടപ്പുറം നോർത്ത്
13 ചാത്തമത്ത് 30 തൈക്കടപ്പുറം സീ റോഡ്
14 പൂവളംകൈ 31 തൈക്കടപ്പുറം സ്റ്റോർ
15 കുഞ്ഞിപ്പുളിക്കൽ 32 കൊട്രച്ചാൽ
16 കാര്യംകോട് 33 കണിച്ചിറ
17 പേരോൽ 34 നീലേശ്വരം ടൗൺ

വിനോദസഞ്ചാരവും പരിസ്ഥിതി സംരക്ഷണവും

 

മലബാറിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായ കോട്ടപ്പുറം ഹൗസ്‌ബോട്ട്‌ ടെർമിനൽ, അഴിത്തല, ഓർച്ച ബോട്ടിങ് എന്നിവ നീലേശ്വരത്താണ് സ്ഥിതിചെയ്യുന്നത്.  കായൽ ടൂറിസത്തിനും ഇക്കോ ടൂറിസത്തിനും വലിയ സാധ്യതകളുള്ള പ്രദേശമാണ് നീലേശ്വരം.നീലേശ്വരം കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നുവാർഡുകൾ

ഹൗസ്ബോട്ട് ടൂറിസം

തേജസ്വിനി നദിയും വലിയപറമ്പ കായലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൗസ്ബോട്ട് ടൂറിസം നീലേശ്വരത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. കോട്ടപ്പുറം ആണ് ഇതിന്റെ പ്രധാന കേന്ദ്രം. ആലപ്പുഴയിലെ തിരക്കേറിയ കായലുകളിൽ നിന്ന് വ്യത്യസ്തമായി, ശാന്തവും മനോഹരവുമായ കായൽ യാത്രയാണ് നീലേശ്വരം വാഗ്ദാനം ചെയ്യുന്നത്. കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ദ്വീപുകളും ഗ്രാമീണ ഭംഗിയും സഞ്ചാരികളെ ആകർഷിക്കുന്നു.

തൈക്കടപ്പുറം ബീച്ചും ആമ സംരക്ഷണവും

നീലേശ്വരത്തെ തൈക്കടപ്പുറം ബീച്ച് വിനോദസഞ്ചാരത്തിന് മാത്രമല്ല, പാരിസ്ഥിതിക പ്രാധാന്യത്തിനും പേരുകേട്ടതാണ്. വംശനാശ ഭീഷണി നേരിടുന്ന ഒലിവിൽ റിഡ്‌ലി ആമകൾ (Olive Ridley Turtles) മുട്ടയിടാൻ എത്തുന്ന അപൂർവ്വം തീരങ്ങളിൽ ഒന്നാണിത്. 'നെയ്തൽ' എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഇവിടെ ആമകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ആമമുട്ടകൾ ശേഖരിച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ കടലിലേക്ക് സുരക്ഷിതമായി അയക്കുന്ന 'ഹാച്ചറി' ഇവിടെ പ്രവർത്തിക്കുന്നുണ്ട്.  

അഴിത്തല

തേജസ്വിനി നദി അറബിക്കടലിൽ ചേരുന്ന അഴിമുഖമാണ് അഴിത്തല. ഇവിടെയുള്ള പുലിമുട്ടും ബീച്ച് പാർക്കും സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാൻ അനുയോജ്യമാണ്. വിനോദസഞ്ചാരികൾക്ക് സൂര്യാസ്തമയം കാണാൻ പറ്റിയ മികച്ച ഒരിടമാണിത്.  

പ്രധാന ആകർഷണങ്ങൾ

  • നിടുംങ്കണ്ട
  • പടിഞ്ഞാറ്റംകൊഴുവൽ
  • മൂലപ്പള്ളി
  • കിഴക്കൻകൊഴുവൽ
  • ചാത്തമത്ത്
  • തൈക്കടപുറം
  • കടിഞ്ഞിമൂല
  • കോട്ടപ്പുറം
  • പള്ളിക്കര
  • പാലായി
  • ചിറപ്പുറം
  • പേരോൽ
  • കാരിയങ്കോട്
  • ആനച്ചാൽ
  • ഓർച്ച
  • കൊട്ടറച്ചാൽ
  • കരുവച്ചേരി
  • തട്ടാചേരി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രധാന ആരാധനാലയങ്ങൾ

  • തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം
  • മന്നംപുറത്ത് കാവ്
  • അഞ്ഞൂറ്റമ്പലം വീരാർ കാവ്
  • സെന്റ് പീറ്റേഴ്‌സ് ചർച്ച്
  • കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ്‌
  • പാലായി അയ്യാങ്കുന്ന് ഭഗവതി ക്ഷേത്രം
  • CSI ജ്യോതി ചർച്ച്
  • ഫഖീർ വലിയുല്ലാഹ്‌ ദർഗ കോട്ടപ്പുറം
  • ആലിങ്കീൽ ഭഗവതി ക്ഷേത്രം തൈക്കടപ്പുറം
  • പള്ളിക്കര ഭഗവതി ക്ഷേത്രം
  • വലികര മഖാം, അഴിത്തല
  • ആനച്ചാൽ ഖിളർ ജുമാ മസ്ജിദ്
  • ഓർച്ച ജുമാ മസ്ജിദ്

വാണിജ്യം

രണ്ടു-മൂന്ന് പതിറ്റാണ്ട് മുൻപുവരെ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വാജിജ്യകേന്ദ്രമായിരുന്നു നീലേശ്വരം. നീലേശ്വരത്തിന്റെ കിഴക്കൻ പ്രദേശങ്ങളായിരുന്ന പരപ്പ,വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചീമേനി തുടങ്ങിയ പ്രദേശങ്ങൾ ചെറുപട്ടണങ്ങളായി പരിണമിച്ചതോടുകൂടി ഒരു വാണിജ്യകേന്ദ്രം എന്ന നിലയിൽ നീലേശ്വരത്തിന്റെ പ്രാധ്യാന്യം തീർത്തും നഷ്ടപ്പെട്ടു. നിലവാരമുള്ള നിരത്തുകൾ, വ്യാപാരസ്ഥാപങ്ങൾ, ഭക്ഷണശാലകൾ എന്നിവയുടെ അസാന്നിധ്യം ഈ ചെറുപട്ടണത്തെ ആശ്രയിക്കുന്നതിൽനിന്നും ജനങ്ങളെ പിൻവലിക്കുന്നു.

അവലംബം