സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചങ്ങനാശ്ശേരി./എന്റെ ഗ്രാമം
ചങ്ങനാശ്ശേരിയുടെ ചരിത്രം
കേരളത്തിൽ കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും ആയിരുന്ന ചങ്ങനാശ്ശേരി അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്. 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ.
ചങ്ങനാശ്ശേരി എന്ന പേരിനു പിന്നിൽ...
ശംഖു നാദ ശ്ശേരി - തെക്കുംകൂർ രാജവംശത്തിൽ പുഴവാത് നീരാഴി കൊട്ടാരത്തിൽ നിന്നും രാജഭരണം നടത്തിയിരുന്ന മഹാരാജാവ് തന്റെ രാജ്യത്തിലെ പ്രധാന മൂന്നു മതസ്ഥരേയും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം) ഒരുമിച്ചു നിർത്താൻ വേണ്ടി മൂന്നു ദേവാലയങ്ങൾ പണികഴിപ്പിച്ചു. കാവിൽ ഭഗവതിക്ഷേതം, മെത്രാപോലിത്തൻ പള്ളി, പഴയപള്ളി ജുമാമസ്ജിദ് എന്നിവയാണീ ദേവാലയങ്ങൾ. ക്ഷേത്രത്തിലെ ശംഖുധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാൻ എന്നപോലെ ഈ മൂന്നു ദേവാലയങ്ങളും നീരാഴി കൊട്ടാരത്തിനു സമീപത്തായിട്ടാണു പണികഴിപ്പിച്ചത്. അങ്ങനെ ഈ മൂന്നു ധ്വനികൾ ഉയരുന്ന ഈ നഗരം ശംഖു+നാദ+ശ്ശേരി യായി അറിയപ്പെട്ടു; കാലാന്തരത്തിൽ ചങ്ങനാശ്ശേരിയായും പറയപ്പെട്ടുപോന്നു.
സംഗനാട്ടുശ്ശേരി - വാഴപ്പള്ളി ബുദ്ധമതക്കാരുടെ അന്നത്തെ പ്രധാന സങ്കേതങ്ങളിൽ ഒന്നായിരുന്നു. വാഴപ്പള്ളി ക്ഷേത്രം മുൻപ് ബുദ്ധക്ഷേത്രവുമായിരുന്നു. ക്ഷേത്രേശനെ സംഗമനാഥൻ എന്നു വിളിച്ചിരുന്നു. ബുദ്ധമതക്കരെ ചങ്കക്കർ (സംഗക്കാർ) എന്നാണ് കേരളത്തിൽ വിളിച്ചിരുന്നത്. സംഘം എന്നതിൻറെ പ്രാകൃത രൂപമാണ് 'ചങ്കം'. ചേരി എന്നത് ബൌദ്ധരുമായി ബന്ധപ്പെട്ട ഗ്രാമങ്ങൾക്കുള്ള പേരാണ്. ബൌദ്ധരുമായി ബന്ധപ്പെട്ടാണ് ചങ്ങനാശ്ശേരി എന്ന പേരു വന്നത് എന്നാണ് മറ്റൊരു വിശ്വാസം.
ചങ്ങഴി നാഴി ഉരി - തെക്കുംകൂർ രാജ്യം ഭരിച്ചിരുന്ന ഉദയവർമ്മ രാജാവിനെ ബന്ധപ്പെടുത്തിയുള്ളതാണ് ഇവയിൽ മറ്റൊന്ന്. ചങ്ങനാശ്ശേരിയിലെ ക്രിസ്ത്യൻ പള്ളി പണിയുവാനുള്ള സ്ഥലം അളന്നു നൽകിയതിൽ നിന്നാണ് ചങ്ങനാശ്ശേരി പിറന്നതെന്നു വാമൊഴിയായി പറയപ്പെട്ടുപോരുന്നു. 'ചങ്ങഴി', നാഴി, ഉരി, എന്നിങ്ങനെ അളവുമായി ബന്ധപ്പെട്ട പദങ്ങൾ കൂടിച്ചേർന്നാണ് ചങ്ങനാശ്ശേരി എന്ന പേരുണ്ടായതെന്നാണ് മറ്റൊരു ഐതിഹ്യം.
തെങ്ങണാശ്ശേരി -- ഈ പട്ടണത്തിൻറെ പേര് ശംഖുനാടുശ്ശേരി, തെങ്ങണാശ്ശേരി എന്നിങ്ങനെയായിരുന്നെന്നും ഒരു വാദമുണ്ട്. തെങ്ങണാൽ (തെങ്ങണ) എന്ന ഒരു ചെറുപട്ടണം ചങ്ങനാശ്ശേരി നഗരത്തിനോട് ചേർന്നു കിഴക്കായി മാടപ്പള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ഏതായാലും രാജഭരണ കാലം മുതൽ കേരളത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു ചങ്ങനാശ്ശേരിയെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.
ചരിത്ര പ്രാധാന്യം
വാഴപ്പള്ളി ശാസനം
പ്രധാന ലേഖനം: വാഴപ്പള്ളി ശാസനം
കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴയ ചരിത്ര ലിഖിതമാണ് വാഴപ്പള്ളി ശാസനം. ഇത് കണ്ടെടുത്തത് വാഴപ്പള്ളിക്ഷേത്രത്തിൻറ കിഴക്കേ നടയിലുള്ള തലവന മഠത്തിൽ നിന്നാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ.ഡി.820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ്.
ചങ്ങനാശ്ശേരി ചന്ത
1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ് ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ് ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്. സമീപ പട്ടണങ്ങളായ കോട്ടയം, തിരുവല്ല, ആലപ്പുഴ, പീരുമേട്, മല്ലപ്പള്ളി തുടങ്ങിയ സ്ഥങ്ങളിലേക്ക് അവശ്യ സാധനങ്ങൾ ഇവിടെ നിന്ന് കയറ്റി അയക്കുന്നു.
ചങ്ങനാശ്ശേരി താലൂക്ക്
പതിനൊന്ന് ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് ചങ്ങനാശ്ശേരി താലൂക്ക്. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്നീ താലൂക്കുകളാണ് ചങ്ങനാശ്ശേരിയുടെ അതിർത്തികൾ. ചങ്ങനാശ്ശേരി താലൂക്കിലെ പ്രദേശങ്ങൾ ചേർത്ത് കേരള നിയമസഭയിൽ ചങ്ങനാശ്ശേരി എന്ന നിയോജക മണ്ഡലവുമുണ്ട്.
സ്കൂളിന്റെ ചരിത്രം
അന്യോന്നമായ ജ്ഞാനവും വിവേചന ശക്തിയും ആർജിക്കുവാൻ സാംസ്കാരിക പൈതൃകങ്ങൾ ഉൾക്കൊള്ളുവാൻ തലമുറകളെ പര്യാപ്തമാക്കുന്ന സർഗ്ഗ ക്ഷേത്രങ്ങളാണ് വിദ്യാലയങ്ങൾ. ഒരു ശതാബ്ദത്തിനുമപ്പുറം പുണ്യ ശ്ലോകനായ ലെവീഞ്ഞ് പിതാവിന്റെയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെയും ദീർഘവീക്ഷണവും അർപ്പണബോധവും അടിസ്ഥാനമാക്കി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്ത് മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസവും പരിവർത്തനാത്മകത ചിന്താധാരകളും പകർന്നു നൽകുന്ന സെൻറ് ആൻസ് ഹൈസ്കൂൾ ചങ്ങനാശ്ശേരി.
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെയും എഫ് സി സി ദേവമാത പ്രൊവിൻസിന്റെയും കരുതലിലും നിയന്ത്രണത്തിലും നഴ്സറി തലം മുതൽ ഹയർ സെക്കൻണ്ടറി തലം വരെയുള്ള കുട്ടികൾ ഈ പരിസ്ഥിതി ക്യാമ്പസിൽ അധ്യയനം നടത്തുന്നു.
സമീപത്തുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെൻറ് ബർക്കുമൻസ് ഹയർ സെക്കണ്ടറി സ്കൂൾ ചങ്ങനാശ്ശേരി
- എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ ചങ്ങനാശ്ശേരി
- ക്ലുണി സ്കൂൾ ചങ്ങനാശ്ശേരി
- എസ് എച്ച് ഇഗ്ലീഷ് മീഡിയം സ്കൂൾ ചങ്ങനാശ്ശേരി
- മൊഹനദൻസ് സ്കൂൾ ചങ്ങനാശ്ശേരി
- ഗവൺമെൻറ് എൽ പി സ്കൂൾ ചങ്ങനാശ്ശേരി
- എ കെ എം സ്കൂൾ ചങ്ങനാശ്ശേരി
- അനന്താശ്രമം സ്കൂൾ ചങ്ങനാശ്ശേരി
- സെൻറ് തെരേസാസ് വാഴപ്പള്ളി
- എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ ചങ്ങനാശ്ശേരി
- ഗവൺമെൻറ് മോഡൽ ഹൈസ്കൂൾ ചങ്ങനാശ്ശേരി
- സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ചങ്ങനാശ്ശേരി
- സെൻറ് ബർക്കുമൻസ് കോളേജ് ചങ്ങനാശ്ശേരി
- എൻ എസ് എസ് കോളേജ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി എവിടെയാണ്? ഈ ചോദ്യത്തിന് ചങ്ങനാശ്ശേരിക്കാർക്കു പറയാവുന്ന ഒരുത്തരം തിരുവിതാം കൂറിൻറെ ഒത്ത നടുവിൽ എന്നാണ്. കോട്ടയംജില്ലയിലെ നാലു മുൻസിപ്പാലിറ്റികളിൽ ഒന്നാണ് ചങ്ങനാശ്ശേരി. നമ്മുടെ ചങ്ങനാശ്ശേരി പട്ടണമായിട്ട് 100 വർഷം തികയുന്നു.1922 ൽ ചങ്ങനാശ്ശേരി എസ്.ബി കോളേജ് തുടങ്ങിയതു മുതൽ ഇവിടെ വന്നു പഠിച്ചു പോയവർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
/home/student/Desktop/veluj