സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/മികവുകൾ/തളിർ

Schoolwiki സംരംഭത്തിൽ നിന്ന്

തളിർ പദ്ധതി

വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗിക്കുന്നതിനും, ബഹുജന പങ്കാളിത്തത്തോടെ പേരാമ്പ്ര സബ് ജില്ല നടപ്പിലാക്കുന്ന പദ്ധതിയാണ് 'തളിർ'. ജൈവകൃഷിരീതിയിലൂടെ വിഷരഹിതമായ ഭക്ഷ്യോത്പ്പന്നങ്ങൾ വിജയകരമായി ഉത്പാദിപ്പിക്കാമെന്ന സന്ദേശം കുട്ടികളിൽ വളർത്തുവാനും, പച്ചക്കറികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെ ഒരു പരിധി വരെ പ്രതിരോധിക്കുവാനും ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ തളിർ പദ്ധതി ആരംഭിച്ചത്.

കാർഷികക്ലബ്ബ് സെക്രട്ടറി ജോ നോയൽ ജോൺ, മറ്റ് അംഗങ്ങൾ, അധ്യാപകർ, പി.ടി. എ. പ്രതിനിധികൾ, എന്നിവർ ചേർന്ന് 18-12-2021 ശനിയാഴ്ച്ച സ്കൂൾ പരിസരത്ത് ലഭ്യമായ സ്ഥലത്ത് വിവിധ കൃഷികൾക്കായി നിലമൊരുക്കി. അതോടൊപ്പം അമ്പതു ഗ്രോ ബാഗുകളിൽ വളവും മണ്ണും ചകിരിച്ചോറും ചേർത്ത മിശ്രിതം നിറയ്ക്കുകയുണ്ടായി. ഇത് എല്ലാ ദിവസവും നനച്ച്, മണ്ണ് കൃഷിക്കു പാകമാക്കി വച്ചു. 3-1-2022 തിങ്കളാഴ്ച്ച പി. ടി. എ. പ്രസിഡന്റ് വി. ‍ഡി. പ്രേമരാജിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ശ്രീ. ഷിബു മാത്യു തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പൂർണമായും ജൈവരീതിയിൽ തന്നെയാണ് തളിർ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, കുമ്മായം എന്നിവ അടിവളമായി ചേർത്തു. യഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം, മണ്ണുകൂട്ടിക്കൊടുക്കൽ എന്നിവ നടത്തി. ദിവസവും ആവശ്യമായ തോതിൽ ജലസേചനം നടത്തി. കുട്ടികൾ കൊണ്ടുവന്ന ചാണകസ്ലറിയും ഇടയ്ക്കു വളമായി നല്കി. കുട്ടികളും അധ്യാപകരും ചേർന്നാരംഭിച്ച ഈ പദ്ധതിയ്ക്ക് സമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചു. അവധി ദിവസങ്ങളിൽ ചെടിപരിപാലനം നാട്ടുകാർ ഏറ്റെടുത്തു. മുടങ്ങാതെയുള്ള ചെടി നനയിൽ നാട്ടുകാരുടെ സഹായം വളരെ പ്രയോജനകരമായിരുന്നു. കീടനാശിനിയായി പുകയിലക്കഷായമാണ് പ്രധാനമായും ഉപയോഗിച്ചത്. പേരാമ്പ്ര സബ്‍ജില്ലയിൽ നടന്ന ഈ പദ്ധതിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിനു കഴി‍‍ഞ്ഞു.

ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .