സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/ചരിത്രം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
St. ANTONY'S HIGH SCHOOL -കാലത്തിന്റെ തിരശീലയിൽ അറിവിന്റെ പൊൻപ്രഭ തൂകി, തലമുറകളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ വിദ്യാസങ്കേതം ഇന്ന് അതിന്റെ സുവർണ്ണയാത്രയുടെ ധന്യമുഹൂർത്തത്തിലാണ്.അറിവിന്റെ വെളിച്ചം പകർന്നുനൽകി, തലമുറകളെ നന്മയുടെ പാതയിലേക്ക് നയിക്കുന്ന പുണ്യസങ്കേതമാണ് നമ്മുടെ ഈ വിദ്യാലയം. വിദ്യയുടെ പൂമരത്തണലിൽ അക്ഷരമുത്തുകൾ കോർത്തെടുത്ത ആയിരക്കണക്കിന് ബാല്യങ്ങളുടെ സ്വപ്നങ്ങൾക്ക് ഈ വിദ്യാലയമുറ്റം ചിറകുകൾ നൽകി. കാലത്തിന്റെ കുത്തൊഴുക്കിലും തളരാതെ, അറിവിൻ്റെയും സ്നേഹത്തിൻ്റെയും സൗരഭ്യം പരത്തിക്കൊണ്ട് സുവർണ്ണ ശോഭയിൽ നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം ഇന്ന് അതിന്റെ ഐതിഹാസികമായ ജൂബിലി നിറവിലാണ്. കഴിഞ്ഞുപോയ വസന്തകാലങ്ങളിലെ മധുരസ്മരണകളും വരാനിരിക്കുന്ന പുതുപുലരികളുടെ പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട് ഈ ദശകങ്ങളുടെ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്നിച്ച് കണ്ണോടിക്കാം.
മലബാർ കുടിയേറ്റ ചരിത്രത്തിൽ തങ്ക ലിപികളാൽ ഇഴ ചേർത്ത് വെച്ച് അഞ്ചു പതിറ്റാണ്ടുകളായി കണ്ണോത്ത് ഗ്രാമത്തിന്റെ വൈജ്ഞാനിക സാംസ്കാരിക കേന്ദ്രമായി സെന്റ് ആന്റണീസ് ഹൈസ്കൂൾ നിലകൊള്ളുന്നു. അതിജീവനത്തിന്റെ പരാധീനതകളിലും മക്കളുടെ ശോഭനമായി ഭാവിക്കായി അധ്വാനിച്ച് കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ വിദ്യാലയം. ഹൈസ്കൂൾ വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ഇടവക വികാരി തീക്ഷ്ണമതിയായ ബഹു. മാത്യു ജെ കൊട്ടുകാപ്പിള്ളി അച്ചനാണ് ഇടവകക്കാരുടെ സഹകരണത്തോടെ നിർമിച്ച സ്കൂൾ കെട്ടിടത്തിൽ 1976 ജൂൺ 1 ന് ആദ്യ ക്ലാസുകൾ ആരംഭിച്ചത്. അന്നത്തെ സ്ഥലം എംഎൽഎ ആയിരുന്ന ബഹുമാനപ്പെട്ട സിറിയക് ജോൺ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ശ്രീമതി വി വി ഫിലോമിന ടീച്ചറെ എച്ച് എം എൻ ചാർജ് ആയി നിയമിച്ചു. 1979 ൽ ആദ്യത്തെ പത്താം ക്ലാസ് ബാച്ച് പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. ഈ സ്കൂളിന്റെ പ്രഥമ മാനേജർ ആയിരുന്ന റവ ഫാദർ മാട്ടുകാപ്പിള്ളിക്ക് ശേഷം 1979 തലശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലും തുടർന്ന് 1987 മുതൽ താമരശ്ശേരി രൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലും ഈ സ്ഥാപനം സുഖമമായി പ്രവർത്തിച്ചുവരുന്നു.