സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ഒരു അതിജീവനത്തിന്റെ കഥ - ജോയൽ സിബി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു അതിജീവനത്തിന്റെ കഥ
        ഇന്ന് നമ്മുടെ നാട്ടിൽ വളരെ അധികം രോഗങ്ങൾ ഉണ്ട്.  പലതും ജീവിത ശൈലി രോഗങ്ങൾ ആണ്.  എന്നാൽ അതിനെ അതിജീവിക്കുവാനുള്ള പ്രധിരോധ ശക്തി പലർക്കും ഇല്ലന്നുള്ളത് ഒരു സത്യമാണ്.  ആധുനിക വൈദ്യശാസ്ത്രം വളരെ വളർന്ന ഈ കാലഘട്ടത്തിൽ പലരും ചിന്തിക്കുന്നത് രോഗം വന്നാൽ ചികിത്സിക്കാമല്ലോ എന്നാണ്.  രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗത്തെ തടയുന്നതാണ് (Prevention is Better Than Cure) എന്ന ആപ്തവാക്യമാണ് ഈ എളിയ കലാസൃഷ്ടിക്കു പിന്നിലുള്ള പ്രേരണ.
        പണ്ട് ബല്ലുർ എന്ന് പേരുള്ള സമ്പൽസമൃദമായ ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു.  നദികളാൽ ചുറ്റപ്പെട്ട ഹരിതവർണ്ണാഭമായ ഈ ചെറിയ ഗ്രാമം പക്ഷികളുടെയും ജീവജാലങ്ങളുടെയും വിഹാരകേന്ദ്രമായിരുന്നു. അവിടത്തെ ചെറിയ റോഡുകളും നടപ്പാതകളും ആ നാടിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.  പരമ്പരാഗതമായ കൃഷി രീതികളും നെയ്തു പണികളും ഒക്കെയായിരുന്നു അവിടത്തെ ഗ്രാമവാസികളുടെ പ്രധാന ജോലിയും വരുമാന മാർഗവും.  വളരെ സന്തോഷത്തോടെയും പരസ്പര സഹകരണത്തോടെയും ആയിരുന്നു ഗ്രാമവാസികൾ ജീവിച്ചു പോന്നത്.  ഓരോ കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളും ആ നാടിൻറെ ആഘോഷമായിരുന്നു. വീടുകളിൽ ഉല്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റും പരസ്പരം കൈമാറിയും കൊടുത്തും അവരുടെ സ്നേഹം പങ്കിട്ടു പൊന്നു. ധനികർ എന്നോ പാവപ്പെട്ടവർ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും വളരെ സന്തോഷത്തോടു കൂടിയാണ് അവിടെ ജീവിച്ചു പോന്നത്. ഉത്സവങ്ങളും പെരുന്നാളുകളും വളരെ ഒത്തൊരുമയോടും സന്തോഷത്തോടും കൂടെ ആഘോഷിച്ചുപോന്നു.  
       കാലങ്ങൾ കടന്നു പോയി.  തലമുറകൾ മാറി വന്നപ്പോൾ പഴയ രീതികൾ പലതും മാറാൻ തുടങ്ങി.  സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വീട്ടിലെ കുട്ടികൾ അടുത്തും അകലെയും ഉള്ള പട്ടണങ്ങളിൽ പഠിക്കുവാൻ പോയിത്തുടങ്ങി.  പല വീടുകളിലെ കൃഷികളും കൃഷിരീതികളും മാറാൻ തുടങ്ങി.  കാർഷിക വിളകളിൽ നിന്ന് പലരും നാണ്യവിളകൾ പരീക്ഷിക്കാൻ തുടങ്ങി.  പട്ടണത്തിൽ നിന്ന് വന്ന കുട്ടികൾ അവിടത്തെ ജീവിതരീതിയും ഭക്ഷണശൈലിയും നാട്ടിലും പരീക്ഷിക്കുവാൻ തുടങ്ങി. പലരും നാവിനു രുചിതരുന്ന പല ബേക്കറി പലഹാരങ്ങളും വീട്ടിൽ സ്ഥിരമായി കഴിക്കുവാൻ തുടങ്ങി;  അങ്ങനെ പല നാളുകൾ കടന്നു പോയി....
       അവരുടെ ഇടയിൽ അവർ പോലും അറിയാതെ സമ്പന്നരും കർഷകരും തമ്മിൽ അകലം വന്നു തുടങ്ങി.  ഒത്തൊരുമയോടെ വസിച്ചിരുന്ന അവരുടെ ഇടയിൽ ഒരു വിള്ളൽ വീണു, അവർ അറിയാതെ രണ്ടുതട്ടിലുള്ള ആളുകളായി മാറി അതോടൊപ്പം രണ്ടുതരത്തിലുള്ള ജീവിതരീതിയും. കർഷകരോട് വളരെ പുച്ഛത്തോടെയും താഴ്ന്നവിഭാഗമെന്നരീതിയിൽ പെരുമാറാനും തുടങ്ങി.  
       പിന്നെയും കാലങ്ങൾ പലതുകടന്നുപോയി. അങ്ങനെയിരിക്കെ വിദേശത്തുനിന്നെത്തിയ ആരിൽനിന്നോ ആ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു. ധാരാളം ആളുകൾ രോഗികൾ ആയി, ചികിത്സ കിട്ടാതെ പലരും മരണപെട്ടു.  സമ്പത്തുള്ളവർ പലരും പട്ടണങ്ങളിൽ പോയി അവരുടെ കഴിവനുസരിച് ചികിൽസിച്ചു, എന്നാൽ വൈദ്യശാസ്ത്രത്തിനു പോലും പലരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. സർക്കാരും ആരോഗ്യപ്രവർത്തകരും അവരാലാവും വിധം ഈ രോഗത്തെ പ്രധിരോധിക്കുവാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരുന്നു.
        ഇതിന്റെ ഉത്ഭവത്തെ പറ്റിയും പ്രതിരോധത്തെപ്പറ്റിയും പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചു. അവർ പലയിടങ്ങളിലും സഞ്ചരിച്ച ശേഷം ഈ ഗ്രാമത്തിലും എത്തി.  പല ആൾക്കാരെയും അവർ ടെസ്റ്റ് ചെയ്തു.  ദിവസങ്ങൾക്കുള്ളിൽ അവർക്ക് ഒരു കാര്യം ശ്രദ്ധയിൽ പെട്ടൂ.  അവിടെയുള്ള കർഷക കുടുംബങ്ങളിൽ രോഗത്തിന്റെ പകർച്ച വളരെ കുറവാണു കണ്ടത്.  പിന്നീടുള്ള അവരുടെ അന്വേഷണത്തിൽനിന്നു അവർക്കു മനസിലായത്, പരമ്പരാഗത കൃഷിയും ജീവിതരീതിയും അനുവർത്തിക്കുന്നവരിൽ രോഗപ്രധിരോധശേഷി വളരെ കൂടുതൽ ആണ്.  അവരുടെ ഭക്ഷണത്തിൽ ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഉൾപ്പെട്ടിരിക്കുന്നത്.  അവ പരമ്പരാഗത രീതിയിൽ സ്വന്തം കൃഷിയിടത്തിൽ വിഷരഹിതമായി ഉല്പാദിപ്പിക്കുന്നതിനാൽ അവ ഭക്ഷിക്കുന്നവരിൽ രോഗപ്രധിരോധശേഷി ആധുനിക ഭക്ഷണരീതി അവലംബിക്കുന്നവരേക്കാൾ വളരെ അധികം കൂടുതൽ ആണ്.
        ഏറ്റവും അടുത്ത ദിവസം തന്നെ അവരുടെ നേതൃത്വത്തിൽ ഒരു ഗ്രാമസഭ വിളിച്ചുകൂട്ടി എല്ലാവരോടും ഈ കാര്യങ്ങൾ വിശദീകരിച്ചു.  മുൻകാലങ്ങളിലെ പോലെ പരമ്പരാഗത കൃഷിരീതി എല്ലാ വീടുകളിൽ തുടങ്ങുവാനും വിഷരഹിത പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും എല്ലാവരുടെയും ഭക്ഷണരീതിയിൽ ഉൾപെടുത്തുവാനും അവരെ ഉപദേശിച്ചു, അതോടൊപ്പം അവർ ഈ രീതി എല്ലാ ഗ്രാമങ്ങളിലും ജില്ലകളിലും വ്യാപിപ്പിക്കുവാൻ സർക്കാരിനോട് ശുപാർശ ചെയ്തു.
       അതിനുശേഷം നമ്മുടെ ബല്ലുർ എന്ന ഗ്രാമം വീണ്ടും പുത്തൻ ഉണർവോടെ ഒത്തൊരുമയോടെ പഴയ പരമ്പരാഗത രീതിയിലേക്ക് പോകുവാൻ തീരുമാനമെടുത്തു.  എല്ലാവരിലും ആ ഒരുമയും നഷ്ടപെട്ട സന്തോഷവും തിരിച്ചു വന്നു.  
       വീണ്ടും നാളുകൾ കടന്നുപോയി; ഇപ്പോൾ ഈ ഗ്രാമം ആരോഗ്യമുള്ള ജനങ്ങളുടെ കൂട്ടായ്മയാണ്, രോഗങ്ങളെയും പകർച്ചവ്യാധികളെയും എതിർക്കാൻ തക്ക രോഗപ്രധിരോധശേഷിയുള്ള തലമുറയാണ് അവിടെ ജീവിക്കുന്നത്. ഇന്ന് അവിടെ ഒരു ആഘോഷം നടക്കുകയാണ് ഈ കൊച്ചു ഗ്രാമത്തെ സംസ്ഥാനത്തെ മാതൃകാ ഗ്രാമമായി സർക്കാർ തിരഞ്ഞെടുത്തതിന്റെ ആഘോഷം.
       നമ്മൾ പൂർവാധികം ശക്തിയോടെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും..
ജോയൽ സിബി
9 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ