സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/എന്റെ ഗ്രാമം
കുറവിലങ്ങാട്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കുറവിലങ്ങാട് വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് കുറവിലങ്ങാട്ഗ്രാമപഞ്ചായത്ത്. ഭരണപരമായി തെക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1749 ൽ വേണാട്ടു രാജാക്കൻമാർ ആക്രമിച്ചു കീഴ്പ്പെടുത്തുകയും തിരുവിതാംകൂർ രാജ്യഭരണത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള ഒരു തീർത്ഥാടനകേന്ദ്രമാണ് ഇവിടുത്തെ മാർത്ത മറിയം ഫെറോനാ ചർച്ച്. എ.ഡി 345 ൽ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്നുനോയമ്പു തിരുനാൾ വളരെയേറെ പ്രസിദ്ധമാണ്. ഈ തിരുനാൾ ആഘോഷത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രം വക ആനകളെ വിട്ടു കൊടുത്തിരുന്നത് മലയാള സംസ്ക്കാരത്തിനും മതസൗഹാർദ്ദത്തിനും ഉത്തമമായ മാതൃകയാണ്. ഈ പള്ളിയിലെ വികാരിയായിരുന്ന റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ എന്ന മഹത് വ്യക്തിയാണ് ‘നസ്രാണി ദീപിക’ എന്ന മലയാള ദിനപത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റർ. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും വിലയേറിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാടിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ എന്നെന്നും അവിസ്മരണീയനാണ്. ഏകദേശം 2000 കൊല്ലത്തിനു മേൽ പഴക്കം ചെന്ന കാളികാവ് ദേവീക്ഷേത്രം, അതിപുരാതനമായ കോഴാ നരസിംഹസ്വാമിക്ഷേത്രം, കോഴാ മല്ലപ്പള്ളിൽ കാവ്, വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഹാദേവർ ക്ഷേത്രം, ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരീയ്ക്കൽ മഹാദേവക്ഷേത്രം കളത്തൂർ, ക്രിസ്തുരാജ ചർച്ച് ജയ്ഗിരി, നസ്രത്തുഹിൽ പള്ളി എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്. കുറവിലങ്ങാട്പഞ്ചായത്തിലെ അമനാകുഴി എന്ന സ്ഥലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ‘മുനിയറ ‘ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗുഹയുണ്ട്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള ക്രൈസ്തവ സമൂഹത്തിന് ഈ നാടിന്റെ ചിത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത്. മാർത്തോമാ ശ്ളീഹായിൽനിന്നും ക്രസ്തുമതം സ്വീകരിച്ച പാലയൂർ ഗ്രാമീണരായ കള്ളി, കാളികാവ്, പകലോമറ്റം, ശങ്കരപുരി എന്നീ ബ്രാഹ്മണ കുടുംബക്കാർ എ.ഡി. ആദ്യ ശതകത്തിൽ കുറവിലങ്ങാട് എത്തിചേർന്നുവെന്നും അന്ന് ഏറ്റുമാനൂർ ദേവസ്വം വകയായിരുന്ന ഈ സ്ഥലത്ത് വീടുവച്ച് താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനും ദേവസ്വത്തിൽ നിന്നും സ്ഥലം അനുവദിച്ചു കൊടിത്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. ഈ കുടുംബക്കാർ മുൻകൈയ്യെടുത്ത് എ.ഡി. 105 ൽ ഒരു ആരാധനാലയം സ്ഥാപിച്ചു എന്ന് ‘കാത്തലിക് ഡയറക്ടറി ഓഫ് കേരളാ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഏറ്റുമാനൂർ ദേവസ്വത്തിന്റെയും ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ബ്രഹ്മസ്വങ്ങളുടെയും ഇടപ്രഭുക്കന്മാരുടെയും സഹായസഹകരണത്തോടെ കാർഷിക മേഖലകളിൽ നസ്രാണികൾക്ക് വളരെ പുരോഗതിയുണ്ടായി. സമുദായ സൗഹാർദ്ദത്തിന്റെയും കൂട്ടായ്മയുടെയും ഒരുത്തമ ഉദാഹരണമായിരുന്നു ആദിമ നൂറ്റാണ്ടുകളിലെ ഈ പ്രദേശത്തെ ജനജീവിതം. ഹൈന്ദവ നസ്രാണി സമുദായങ്ങൾ തുടർന്നു വന്നിരുന്ന മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമാണ് കുറവിലങ്ങാട് മാർത്തമറിയം പള്ളിയിലെ മൂന്നു നോയമ്പ് തിരുനാളിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് ആനയെ പ്രദക്ഷിണത്തിനയക്കുകയും, ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിയിൽനിന്നും മുത്തുകുടകൾ കൊടുത്തയക്കുകയും ചെയ്തിരുന്നു എന്നുള്ളത്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ് പ്രധാന മതവിഭാഗങ്ങൾ. കുറവിലങ്ങാടു പഞ്ചായത്തിൽ ആദ്യത്തെ മലയാളം സ്കൂൾ ആരംഭിച്ചത് കോഴായിലുള്ള നിധിയിരീക്കൽ കുടുംബവക ആറായ്ക്കൽ കെട്ടിടത്തിലാണ്. പുരാതന കേരളത്തിന്റെ ഈണങ്ങളായ കൊയ്ത്തു പാട്ട്, തോറ്റം പാട്ട്, മാർഗ്ഗം കളിപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകളുടെ ഈരടികൾ മനസ്സിൽ സൂക്ഷിക്കുന്നവരും കോൽകളി, കടുവാകളി, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങൾ അഭ്യസിച്ചവരും ഈ ഗ്രാമത്തിലുണ്ട്. റ്റി.ഡി. ദേവസ്യാ മെമ്മോറിയൽ കുറവിലങ്ങാട് പഞ്ചായത്ത് ലൈബ്രറി, കളത്തൂരിൽ പ്രവർത്തിക്കുന്ന പഞ്ചായത്തു സാംസ്കാരിക നിലയം എന്നീ രണ്ടു സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്. ക്ഷേത്രങ്ങളിലും മറ്റു ദേവാലയങ്ങളിലെല്ലാം തന്നെ ഉത്സവങ്ങളും മറ്റു തിരുനാളുകളും വളരെ ആഘോഷമായി നടത്താറുണ്ട്. സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാനകലകളും കാവടിയാട്ടവും വളരെയേറെ ആകർഷകമാണ്. ഈ പഞ്ചായത്തിൽ അഞ്ചോളം പബ്ളിക് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ജേസീസ് ക്ലബ്ബ്, വൈസ്‌മെൻസ് ക്ലബ്ബ്, കുറവിലങ്ങാട് ക്ലബ്ബ് എന്നീ സംഘടനകൾ സജീവമായിത്തന്നെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ വിവിധ സാമുദായിക സംഘടനകളും സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചു വരുന്നു. വി.വി.നാരായണൻ നമ്പൂതിരി, വെള്ളായിപ്പറമ്പിൽ വി.എം.മാണി, കെ.ടി.മാണി, കാരാംവേലിൽ ഉലഹന്നൻ ചാമനാക്കലഭാരം, ചെറിയാൻ ആശാരിപ്പറമ്പിൽ, ജെ.വേമ്പന്ന, കെ.ഗോവിന്ദൻ എളുക്കുന്നൻ, കെ.സി.കുമാർ കാരയ്ക്കൽ തുടങ്ങിയവർ ഈ പ്രദേശത്തുള്ള ആദ്യകാല സ്വാതന്ത്ര്യസമരസേനാനികളാണ്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം സാൻഫ്രാൻസിസ്കോയിൽ സമ്മേളിച്ച ഐക്യനാടുസഭയിൽ ഭാരതത്തെ പ്രതിനിധീകരിച്ച പ്രതിനിധി പി.ജെ.തോമസ് ഈ ഗ്രാമത്തിലുള്ള പാറേക്കുന്നേൽ കുടുംബാംഗമാണ്. 1953 ൽ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റായി സ്ഥാനമേറ്റ വെള്ളായിപ്പറമ്പിൽ വി.യു.ഉതുപ്പ് ഈ നാടിന്റെ വികസന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിയാണ്.

പ്രധാന ആരാധനാലയങ്ങൾ
- മർത്തമറിയം ഫോറോന ചർച്ച്
കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലയം . ആഗോള മരിയൻ (കന്യകാ മറിയം) തീർത്ഥാടനത്തിനും, മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണത്തിനും പ്രസിദ്ധമായ ഈ ദേവാലയം പാലാ രൂപതയുടെ കീഴിലാണ്. ചരിത്രത്പ്രാധാന്യമുള്ള തീർത്താടനകേന്ദ്രമാണ് മർത്തമറിയം പള്ളി.എ. ഡി. 34-ലിൽ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്ന് നോമ്പ് തിരുനാൾ വളരെ പ്രസിദ്ധമാണ്. ഈ തിരുനാൾ ആഘോഷത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രം വക ആനകളെ വിട്ടുക്കൊടുത്തിരുന്നുവെന്നത് മഹത്തായ മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയാണ്.
- കാളികാവ് ദേവീക്ഷേത്രം
കുറവിലങ്ങാടിനടുത്ത് കാളികാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രത്തിന് ഏകദേശം 2000 വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു
- കോഴാ നരസിംഹ സ്വാമി ക്ഷേത്രം
കോഴാ ശ്രീ നരസിംഹസ്വാമി ക്ഷേത്രം ഇന്ത്യയിലെ കോട്ടയത്തെ കുറവിലങ്ങാട് ഗ്രാമത്തിലെ കോഴായിലെ ഒരു ഹൈന്ദവ ദേവാലയമാണ്. ഹിന്ദു ദൈവമായ വിഷ്ണുവിൻ്റെ നാലാമത്തെ അവതാരമായ നരസിംഹത്തിന് സമർപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. - മഹാദേവക്ഷേത്രം
കേരളത്തിലെ കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, എംസി റോഡിൽ - എസ്എച്ച് 1 ൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ശ്രീ മഹാദേവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. - കോഴാ മുല്ലപ്പള്ളിക്കാവ്
- വേട്ടയ്ക്കൊരു മകൻ ക്ഷേത്രം
- ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- അരീയ്ക്കൽ മഹാദേവ ക്ഷേത്രം കളത്തൂർ
- ക്രിസ്തുരാജൻപ്പള്ളി ജയ്ഗിരി
- നസ്രത്ത്ഹിൽ പള്ളി
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ദേവമാതാ കോളേജ് കുറവിലങ്ങാട്
പാലാ രൂപതയുടെ കീഴിലുള്ള കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മാർത്ത് മറിയം ആർച്ച്‌ഡീക്കൻ പിൽഗ്രിം ചർച്ച് 1964 ഏപ്രിൽ 3-ന് സ്ഥാപിതമായ ദേവമാതാ കോളേജ്, ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് അറിവ് പകർന്നുനൽകുന്ന അക്കാദമിക് പ്രചോദനത്തിൻ്റെ പ്രധാന ഉറവിടമായി തുടരുന്നു.
- സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂൾ കുറവിലങ്ങാട്
കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . - സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂൾ കുറവിലങ്ങാട്
പരിശുദ്ധ കന്യകയാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടിൽ ആ അമ്മയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ൽ ഒരു പ്രൈമറി സ്ക്കൂൾ ആയി ആരംഭിച്ച വിദ്യാലയം , 1922 ൽ ഒരു പൂർണ മലയാളം മിഡിൽ സ്കൂൾ ആയി. - സെന്റ് മേരീസ് ഗേൾസ് എൽ. പി. സ്ക്കൂൾ കുറവിലങ്ങാട്
ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം വേണമെന്ന് വി.ചാവറപ്പിതാവിന്റെ കല്പനയിൽ നിന്നും ഈ നാട്ടിൽ ഒ രു ആൺപള്ളിക്കൂടം 1894 ൽ സ്ഥാപിതമായിരുന്നുവെങ്കിലും പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസം എന്ന ആഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കൃതമായത് കുറവിലങ്ങാട് മർത്ത്മറിയം പള്ളി വികാരിയായിരുന്ന പുരയ് ക്കൽ ബഹു.തോമസച്ചന്റെ നേതൃത്വത്തിൽ പള്ളിയോഗത്തി ന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി 1919 ഫെബ്രുവരി 12 ന് കുറവിലങ്ങാട് പൂർത്തികരിച്ച കർമ്മലീത്തമഠത്തിന്റെ കിഴക്കുവശത്തുള്ള 2 മുറികളിലായി 1919 മെയ് 15 ന് ഒന്നും ന്നതിന് ഗവൺ രണ്ടും ക്ലാസ്സുകൾ ആരംഭിച്ചതോടെയാണ്. - ഗവണ്മെന്റ് യു. പി. സ്ക്കൂൾ കളത്തൂർ
ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന് 109 വർഷത്തെ പാരമ്പര്യമുണ്ട്. 1913 ൽ എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .1980 ൽ യു പി സ്‌കൂളായി അപ്പ് ഗ്രേഡ് ചെയ്തു .2012 -2013 ശതാബ്ദി വർഷമായി ആഘോഷിച്ചു. - സെന്റ് മേരീസ് യു. പി. സ്ക്കൂൾ കളത്തൂർ
സെൻ്റ് മേരീസ് യുപിഎസ് കളത്തൂർ 1951-ൽ സ്ഥാപിതമായത് പ്രൈവറ്റ് ലിമിറ്റഡ് ആണ്. എയ്ഡഡ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെയുള്ള ഗ്രേഡുകൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ. - സെന്റ് മേരീസ് ബോയ്സ് എൽ. പി. സ്ക്കൂൾ കുറവിലങ്ങാട്
- ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ നസ്രത്ത്ഹിൽ
- അംഗനവാടികൾ
മറ്റു പ്രധാന സ്ഥാപനങ്ങൾ
- സയൻസ് സിറ്റി
- പോലീസ് സ്റ്റേഷൻ
- സീഡ് ഫാം
- കൃഷിഭവൻ
- ജില്ലാകൃഷിത്തോട്ടം
മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നവ
- കുറവിലങ്ങാട് വില്ലേജ് ഓഫീസ്
- എ. ഇ. ഒ. ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
- പി.ജെ.തോമസ്, പറക്കുന്നേൽ: 1895-ൽ കുറവിലങ്ങാട് ജനിച്ച അദ്ദേഹം 1937-1942 കാലഘട്ടത്തിൽ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
- പള്ളിവീട്ടിൽ ചാണ്ടി: 1615-ൽ മുട്ടുചിറയിൽ ജനിച്ച അദ്ദേഹം 1687-ൽ കുറവിലങ്ങാട്ട് അന്തരിച്ചു.
- ബാബു നമ്പൂതിരി: കുറവിലങ്ങാട് ദേവമാതാ കോളേജിൽ കെമിസ്ട്രി പ്രൊഫ. ഡിപ്പാർട്ട്മെൻ്റ് മേധാവി. നൂറിലധികം മലയാളം സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട നടൻ. തൂവാനത്തുമ്പികൾ (1987) എന്ന ചിത്രത്തിലെ തങ്ങൾ, നിറക്കൂട്ടിലെ അജിത്ത് (1985) എന്നിവയുൾപ്പെടെ വില്ലനായും കഥാപാത്രമായും അറിയപ്പെടുന്നു.