സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ പ്രകൃതി നൽകിയ നേട്ടം
(സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ പ്രകൃതി നൽകിയ നേട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രകൃതി നൽകിയ നേട്ടം
വളരെക്കാലം മുൻപ് ജയ്പൂർ എന്ന ഗ്രാമത്തിൽ വിശാൽ എന്ന് പേരുള്ള ഒരാൾ ജീവിച്ചിരുന്നു. വളരെ ബുദ്ധിശാലിയും കഠിനാധ്വാനിയും ആയിരുന്നു അദ്ദേഹം. സ്വന്തം എന്നു പറയാൻ കുറച്ചു ഭൂമിയും വയലും ഒരു ചെറിയ കുടിലും മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ആ ഭൂമിയിൽ അദ്ദേഹം പലതരം മരങ്ങൾ വെച്ച് പിടിപ്പിച്ചു. വയലിൽ പലതരം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു. അദ്ദേഹത്തിന്റെ വയലിലും തോട്ടങ്ങളിലും ഒരുപാട് കിളികളും അണ്ണാറക്കണ്ണന്മാരും കൂടുകൂട്ടി താമസിച്ചിരുന്നു. വിശാലിന് അവയെയെല്ലാം ഇഷ്ടമായിരുന്നു. പകലെല്ലാം വയലിലും തോട്ടങ്ങളിലും കഷ്ടപ്പെടുന്ന വിശാൽ ഉച്ചയാകുമ്പോൾ മരത്തണലിൽ കിടന്ന് കിളികളുടെ പാട്ടുകേട്ട് മയങ്ങും. മഴയും വെയിലും മഞ്ഞും മാറി മാറി വന്നു. വിശാൽ തന്റെ അധ്വാനത്തിന്റെ ഫലമായി കിട്ടുന്ന ധാന്യങ്ങളും പച്ചക്കറികളും പഴവർഗ്ഗങ്ങളും മറ്റും സ്വന്തം ആവശ്യത്തിന് എടുത്തതിനു ശേഷം ബാക്കിയുള്ളവ പട്ടണത്തിൽ കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന പണമുപയോഗിച്ചു ജീവിച്ചു പോന്നു. അങ്ങനെ നാളുകൾ കടന്നു പോയി. പട്ടണത്തിൽ പോകുന്ന വഴി വലിയ വലിയ വീടുകൾ കണ്ട് അതുപോലൊരു വീട് തനിക്കും വേണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി. പക്ഷെ അതിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്നായി അദ്ദേഹത്തിന്റെ ചിന്ത. ആകെയുള്ളത് കുറച്ച് ഭൂമി മാത്രമാണ്. അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് വീട് പണിയാം. മരങ്ങൾ മുറിച്ച് വീടിന് ആവശ്യമായ തടിയ്ക്കും ഉപയോഗിക്കാം. അങ്ങനെ വിചാരിച്ച് വിശാൽ കിടന്നുറങ്ങി. അടുത്ത ദിവസം മുതൽ ഭൂമി വിൽക്കാനും വീട് പണിയാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. വീട് പണി ആരംഭിച്ചതോടെ കൃഷിയിലുള്ള ശ്രദ്ധ കുറഞ്ഞു. കൃഷിസ്ഥലത്തേക്ക് തിരിഞ്ഞ് നോക്കാതായി. അങ്ങനെ കൃഷിയൊക്കെ നശിച്ചു. പക്ഷികളും അണ്ണാറക്കണ്ണന്മാരും ഒന്നും വരാതായി. ഭൂമി വാങ്ങിയവരാകട്ടെ അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിയാൻ തുടങ്ങി. എന്നാൽ കൃഷി നശിച്ചതോടെ വിശാലിന് വരുമാനം ഇല്ലാതായി. അതോടെ വീടുപണി പൂർത്തിയാക്കാനാകാതെ കഷ്ടപ്പെട്ടു. തോട്ടമെല്ലാം നനവില്ലാതെ തരിശു ഭൂമി ആയി മാറി. ഇനി എന്ത് ചെയ്യണമെന്നറിയാതെ അയാൾ വിഷമിച്ചു. എവിടെയാണ് തനിക്ക് തെറ്റ് പറ്റിയതെന്ന് അയാൾ ആലോചിച്ചു. എന്നിട്ട് തൽക്കാലത്തേക്ക് അദ്ദേഹം വീടുപണി നിർത്തിവെച്ചു. പണിയായുധങ്ങളുമായി അദ്ദേഹം വയലിലേക്ക് ഇറങ്ങി. പഴയതിനേക്കാൾ കൂടുതലായി അധ്വാനിച്ച് അയാളുടെ തോട്ടം വിളയിച്ചു. പറന്ന് പോയ കിളികളും അണ്ണാറക്കണ്ണന്മാരും എല്ലാം തിരികെ എത്തി. പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. പിന്നീട് ഒരു വിള പോലും നശിപ്പിക്കാതെ പല പല വിളകൾ നട്ടു വളർത്തി. ഇതിൽ നിന്ന് കിട്ടിയ പണമുപയോഗിച്ച് അയാൾ വീടുപണി പൂർത്തിയാക്കി. അങ്ങനെ അദ്ദേഹം പരിസ്ഥിതിയെ സ്നേഹിച്ചു. നല്ലൊരു കൃഷിക്കാരനായി സന്തോഷത്തോടെ അയാൾ ഒരുപാട് കാലം ജീവിച്ചു. ഗുണപാഠം: പ്രകൃതി നമ്മുടെ സമ്പത്താണ്. അതിനെ നാം സംരക്ഷിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ