സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള ചരിത്രത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്ത ,ദൃശ്യ ഭംഗിയാൽ നയന മനോഹരമായ , അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന, ചരിത്ര പ്രാധാന്യമുള്ള കൊച്ചി . കൊച്ചിക്ക് തിലകക്കുറിയായി അറബിക്കടലിന്റെ തീരത്തെ പുൽകി സ്ഥിതി ചെയ്യുന്ന ഫോർട്ടുകൊച്ചി . കടലിന്റെ അഴിമുഖമായ 'കൊച്ച് അഴി ' പേരാണ് കൊച്ചി ആയത്. പോർട്ടുഗീസുകാർ അഴിമുഖത്തിന് അഭിമുഖമായി കോട്ട കെട്ടിയതോടെ 'കോട്ടക്കൊച്ചി'യെന്നും ബ്രിട്ടീഷുകാരുടെ കാലത്ത് 'ബ്രിട്ടീഷ് കൊച്ചി'യെന്നും അറിയപ്പെട്ടു. എന്നാൽ ഇന്ത്യ സ്വതന്ത്രയായതോടെ, കേരള സംസ്ഥാനം രൂപീകൃതമായതോടെ 'കോട്ട' ഗ്രാമീണ പദത്തിനു പകരം ' ഫോർട്ട് 'എന്ന ഇംഗ്ലീഷ് പദം പ്രയോഗിച്ചുതുടങ്ങിയെന്നും അങ്ങനെയാണ് 'ഫോർട്ട് കൊച്ചി 'യായി മാറിയതെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.വാസ്തുകലാ പാരമ്പര്യത്തിന്റെ മനോഹാരിതകളുമായി മണിമാളികകളും ബംഗ്ലാവുകളും ..... തദ്ദേശിയരുടെയും വിദേശികളുടെയും  ആകർഷണകേന്ദ്രം ...... ചരിത്രത്തിന്റെ അവശേഷിപ്പുകളുമായി ചീനവലകൾ ..... സാമ്രാജ്യത്വത്തിന്റെ അവശിഷ്ടമായ ഡച്ചു ശവക്കോട്ട ...... കൊച്ചി മഹാരാജാവും പോർച്ചുഗീസ്  രാജവംശവുമായുള്ള തന്ത്രപരമായ സഖ്യത്തിന് സാക്ഷ്യം വഹിച്ച 1503 - ൽ പണിത ഇമ്മാനുവേൽ കോട്ട ..... ഹോർത്തൂസ് മലബാറിക്കസ് രചിച്ച ഹെന്റിക്ക് അഡ്രിയൻ വാൻ റീഡിന്റെ താമസസ്‌ഥലമായ ഡേവിഡ് ഹാൾ ...... ചരിത്രങ്ങൾക്ക് സാക്ഷ്യങ്ങളായ വലിയ ഗോഥിക് ശൈലിയിലുള്ള ദീർഘവൃത്താകാരമായ ആർച്ചുകളോടു കൂടിയ പഴയ ബിഷപ്പ് ഹൗസ് ......സാന്റാ ക്രൂസ് ബസിലിക്ക .... വാസ്കോഡഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് ദേവാലയം....... തുടങ്ങിയ ചരിത്രസ്മാരകങ്ങളാൽ സമ്പന്നമായ ഫോർട്ടു കൊച്ചി. നാനാ ജാതി മതസ്ഥരുടേയും വ്യത്യസ്ത സംസ്ക്കാരത്തിന്റെയും കൂടിച്ചേരലിന്റെയും ഇടം....  പുതുവർഷത്തെ ഒത്തൊരുമയോടെ വരവേറ്റു കൊണ്ട് ആഘോഷിക്കുന്ന കൊച്ചിൻ കാർണിവൽ  ഫോർട്ടുകൊച്ചിയെ നാനാത്വത്തിൽ ഏകത്വം പ്രദർശിപ്പിക്കുന്ന നാടാക്കി മാറ്റുന്നു.