കോവിഡ് കാലത്തെ വെളിച്ചം
സൂര്യൻ കിഴക്കേ ചക്രവാളത്തിൽ ഉദിച്ചു. ചിന്നുവിന്റെ വീട്ടിൽ പതിയെ സൂര്യൻ എത്തി നോക്കാൻ തുടങ്ങി. പാടവരമ്പത്തെ ആ കൊച്ച് വീട്ടിൽ എന്നും കിളികൾ വരുമായിരുന്നു .തത്തിക്കളിച്ചും, മണ്ണിൽ ചിതഞ്ഞും, മുറ്റത്തെ മാവിൻ കൊമ്പിൽ ഇരുന്നും അവ പുലരിയെ വരവേൽക്കും. "ചിന്നു, മോളേ ചിന്നു എഴുന്നേറ്റ് ഇങ്ങു വന്നേ " മുറ്റത്ത് നിന്നും അമ്മയുടെ ശബ്ദം ചിന്നുവിന്റെ കാതുകളിൽ എത്തി.അവൾ പതിയെ എഴുന്നേറ്റു .ഇരു കണ്ണുകളും തിരുമ്മിക്കൊണ്ട് അവ പതുക്കെ തുറന്നു.
നല്ല വായു സഞ്ചാരവും പ്രകാശവുമുള്ളതാണ് അവളുടെ ആ കൊച്ച് മുറി. എങ്കിലും ആ പ്രകാശം അവൾക്ക് അനുഭവിക്കാൻ സാധിക്കുന്നില്ല. അവൾക്ക് ചുറ്റും ഒരു ഇരുട്ട്, ആ ഇരുട്ടിൽ ഒരു നേരിയ കുറവു മാത്രമാണ് അവൾക്ക് പ്രകാശം എന്നത് .6 വയസ്സുവരെ അവൾക്ക് കാഴ്ചയുണ്ടായിരുന്നു.പതിയെപ്പതിയെ അത് ഇല്ലാതാവാൻ തുടങ്ങി. പല ആശുപത്രികളിലും കയറിയിറങ്ങി. എങ്കിലും അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഉള്ള കാലം മുഴുവൻ അന്ധയായി കഴിയാനാണ് തന്റെ വിധിയെന്നോർത്ത് ചിന്നു കാലം കഴിച്ചുകൂട്ടി. അവളുടെ ഈ കുറവുമായി ക്രമേണ പൊരുത്തപ്പെട്ടു.ശബ്ദലോകവും സ്പർശനലോകവും കൊണ്ട് കാഴ്ചയുടെ കുറവിനെ നികത്താൻ സാധിച്ചു.
ചിന്നു പതിയെ കട്ടിലിന് കീഴിൽ എന്തോ പരതി. അത് അവളുടെ ഊന്നുവടിയായിരുന്നു. ആ വടിയുപയോഗിച്ച് അവൾ തപ്പിത്തടഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് ചെന്നു. പെട്ടെന്നാണ് അവൾ ഒന്ന് ശ്രദ്ധിച്ചത്.എന്നും ഇല്ലാത്തൊരു നിശബ്ദത, ഒരു ഏകാന്തത അവിടെ അവൾ അനുഭവിച്ചു.റോഡിൽ വണ്ടികൾ ചീറിപ്പായുന്ന ശബ്ദമോ, കുട്ടികളുടെ ചിരിയോ ഒന്നും കേൾക്കുന്നില്ല. അപ്പോഴാണ് അവൾ ഓർത്തത് ഇന്നു മുതൽ ആണല്ലോ ലോക്ക് ഡൗൺ എന്ന്.കോവിഡ് എന്ന വൈറസ് ലോകമെമ്പാടും കിടിലം കൊള്ളിച്ചപ്പോൾ നമ്മുടെ കൊച്ച് കേരളം അതിനെ പ്രതിരോധിക്കാൻ മുൻ നിരയിൽ തന്നെയുണ്ട്. ഡോക്ടർമാരും, നേഴ്സുമാരും ആരോഗ്യപ്രവർത്തകരും ഗവൺമെന്റെ എല്ലാം ഇതിനു വേണ്ടി അക്ഷീണം പരിശ്രമിക്കുകയാണ്.
മുറ്റത്ത് എത്തിയ അവളെ കിളികളുടെ ശബ്ദം വല്ലാതെ ആകർഷിച്ചു.പെട്ടെന്നാണ് കുയിലിന്റെ കൂവൽ കേട്ട് സ്വപ്നത്തിൽ നിന്നും അവൾ എഴുന്നേറ്റത്.ഇത്രേം നേരം ഉറക്കത്തിൽ ഒരു നീണ്ട സ്വപ്നം കാണുകയായിരുന്നു അവൾ.എന്നും അവളെ രാവിലെ വിളിക്കുന്നത് അമ്മയായിരുന്നു. ഇനി കുറച്ചു ദിവസം അവളെ വിളിക്കാൻ അമ്മ കാണില്ല. അവളുടെ അമ്മയുo ഒരു ഗവൺമെന്റെ ഹോസ്പിറ്റലിൽ നേഴ്സാണ്. കോവിഡ് പ്രതിരോധത്തിന് അവളുടെ അമ്മയും ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്.വീട്ടിൽ വരാതെ രാവും പകലും സേവനം അനുഷ്ടിക്കുന്ന അവളുടെ അമ്മയെ പോലെ അനേകർ ഉണ്ടായിരുന്നു. അവളുടെ കൂടെ വീട്ടിൽ അച്ഛനും മുത്തശ്ശിയും ആണ് ഉള്ളത്.
അവൾ വീടിന്റെ പുറകിലേക്ക് തപ്പിത്തടഞ്ഞ് നടന്നു. അവളുടെ മുത്തശ്ശി വീട്ടിൽ ഉണ്ടായ കപ്പ വേവിക്കുകയായിരുന്നു. അച്ഛൻ കൃഷിയിടത്തിൽ കിളയ്ക്കുന്ന ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു. കുഷി സ്ഥലത്ത് ചിന്നുവും അച്ഛനെ സഹായിക്കുമായിരുന്നു. അതിനു ശേഷം അവരെ കപ്പയും ചമ്മന്തിയും കഴിക്കാൻ മുത്തശ്ശി വിളിച്ചു. ഭക്ഷണത്തിനു ശേഷം അവൾ ഒരു കഥയെഴുതാൻ തീരുമാനിച്ചു. ചിന്നുവിന് എഴുതുവാൻ വലിയ ഇഷ്ടമായിരുന്നു. അതിന് അവളുടെ കുടുംബം വലിയ പിന്തുണയും നൽകിയിരുന്നു. അവൾ പറയുന്നത് അവളുടെ അച്ഛനാണ് എഴുതുന്നത്. അവളുടെ കഥകളും കവിതയും കൂട്ടുകാർക്കും അദ്ധ്യാപകർക്കും വലിയ ഇഷ്ടമായിരുന്നു."അച്ഛാ, ഈ കോവിഡ് കാലത്ത് നമ്മുടെ ആരോഗ്യ പ്രവർത്തകരും,പോലീസുകാരും, ഗവൺമെന്റുമെല്ലാം രാവും പകലും പരിശ്രമിക്കുകയാണ്. അപ്പോൾ അവർക്കും സാധാരണ ജനങ്ങൾക്കും സ്വാന്തനം നൽകാൻ ഈ കഥയിലൂടെ കഴിയണം ഈ കഥയുടെ പേര് 'ഭൂമിയിലെ സ്നേഹ ദീപങ്ങൾ ' എന്നാണ് " .കഥ എഴുതിയതിന് ശേഷം ചിന്നുവിന്റെ അച്ഛൻ അത് വായിച്ചു .ചെറിയ ചെറിയ തെറ്റുകൾ ശരിയാക്കിയിട്ടു പറഞ്ഞു "മോളേ, നല്ല കഥ. നീ പറഞ്ഞതിൽ വെച്ച് ഏറ്റവും മികച്ചതാണീ കഥ". അവൾ ചെറുതായി പുഞ്ചിരിച്ചു എന്നിട്ട് മനസ്സിൽ പറഞ്ഞു. "എൻ്റെ അമ്മയെ പോലുള്ളവരുടെ കഥയാണിത് ".
വെളിച്ചം കാണാൻ സാധിക്കാത്ത ചിന്നുവിന് അമ്മയാണ് വെളിച്ചം. അമ്മയാകുന്ന വെളിച്ചത്തിലൂടെ അനേകരുടെ ജീവിതത്തിൽ പ്രകാശവും, പ്രത്യാശയും പകർന്നു കൊടുക്കാൻ സാധിക്കുന്നു. കേരളത്തിനു വേണ്ടിയും ലോകത്തിനു വേണ്ടിയും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ തീർച്ചയായും ഭൂമിയിലെ മാലാഖമാരാണ് അതിലെ ഒരു മാലാഖയാണ് തന്റെ അമ്മയെന്നോർത്ത് ചിന്നുവിന്റെ മനസ്സിൽ സന്തോഷവും അഭിമാനവും തിങ്ങി നിറഞ്ഞു. "അതിജീവിക്കും, തീർച്ചയായുo നമ്മൾ ഈ കോവിഡ് കാലത്തെ അതിജീവിക്കും ....." ചെറുപുഞ്ചിരിയോടും ആത്മവിശ്വാസത്തോടും അവൾ മനസ്സിൽ ഇങ്ങനെ മന്ത്രിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ
|