സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ ഗ്രാമം
വേലൂർ
സ്ഥലനാമം
വേലൂർ എന്ന പേര് എങ്ങനെ ഉദ്ഭവിച്ചു എന്നതിന് ആധികാരികമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെങ്കിലും കേട്ടുകേൾവികൾ ഒന്ന് രണ്ടു കഥകൾ പറയുന്നുണ്ട് . വേലൂർ എന്നത് വേലകളുടെ ഊരാണ് . ഇതാണ് ഒന്നാമത്തെ വാദഗതി . വേലൂരിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് മണിമലർക്കാവ് ക്ഷേത്രം .ജാതി മതങ്ങൾക്ക് അപ്പുറത്ത് വേലൂരുകാരുടെ ആഘോഷം ആയിട്ടാണ് ഈ ഉത്സവത്തെ ജനങ്ങൾ കാണുന്നത് . 18 ൽ പരംദേശക്കാരുടെ വേല ആയിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. പഴവൂർ ,വെള്ളാറ്റഞ്ഞൂർ ,തോന്നല്ലൂർ ,പുലിയന്നൂര് ,കുറവൻനൂറ്, കിരാലൂർ എന്നീ ഊരുകളുടെ ചേർച്ചയാണ് വേലൂര്. രണ്ടാമത്തെ വാദഗതി കോടശ്ശേരി മലയും ആയി ബന്ധപ്പെട്ടതാണ് . വേലൂരിലെ പ്രധാന കുന്നായ കോടശ്ശേരി ഭക്തി കേന്ദ്രമായിരുന്നു എന്ന് പറയപ്പെടുന്നു. പ്രധാന ആരാധന മൂർത്തി സുബ്രഹ്മണ്യൻ ആണ്. സുബ്രഹ്മണ്യൻ മറ്റൊരു പേരാണ് വേലായുധൻ. വേൽ ആയുധം ആയിട്ടുള്ളവനാണ് വേലായുധൻ . വേൽ എന്നാൽ കുന്തം . സുബ്രഹ്മണ്യൻ ആയുധം കുന്തം ആണെന്നാണല്ലോ വിശ്വാസം . വേലായുധൻ വേലു ആയി. വേലുവിൻറെ ഊരാണ് വേലൂര്.
ഭൂമിശാസ്ത്രം
തെങ്ങ് ,കവുങ്ങ്, നെല്ല് എന്നീ വിളകളാണ് പ്രധാന കൃഷി. നെൽപ്പാടങ്ങളുടെ വിസ്തൃതി വളരെ കുറഞ്ഞിട്ടുണ്ട് . വേലൂരിലെ പ്രധാന കുന്ന് കോടശ്ശേരിയാണ് . വേലൂരിലെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കോടശ്ശേരി ഇന്ന് ഒരു അസ്ഥികൂടം മാത്രമായി മാറിയിരിക്കുകയാണ് . നാലു ഭാഗത്തുനിന്നും പാറക്കല്ലുകൾ പൊട്ടിച്ചെടുത്ത ഭൂമി കുഴിച്ച് കുഴിച്ച് അഗാധമായ ഗർത്തങ്ങൾ ആയി ക്വാറികൾ മാറിയിരിക്കുന്നു. വേലൂരിലെ മറ്റൊരു കുന്ന് തയ്യൂർ ,കോട്ടക്കുന്ന് ആണ്. മച്ചാട് മലകളിൽ നിന്ന് ഉൽഭവിക്കുന്ന വടക്കാഞ്ചേരി പുഴ വേലൂരിലെ വടക്ക് ഭാഗത്ത് കൂടി ഒഴുകുന്നു. വേലൂരിലെ പച്ചപ്പ് എന്ന് പറയാവുന്നത് ഈ പുഴയുടെ തീരപ്രദേശങ്ങൾ ആയ പാത്രമംഗലം , പുലിയന്നൂർ എന്നീ പ്രദേശങ്ങളാണ് . നീർത്തടാധിഷ്ഠിത വികസനം എന്ന യഥാർത്ഥ വികസന കാഴ്ചപ്പാട് പ്രാവർത്തികമാക്കാനുള്ള ഒരു കേന്ദ്ര പ്രദേശമായി ഇവിടം പരിഗണിക്കാവുന്നതാണ്.
പ്രമുഖ സ്ഥാപനങ്ങൾ
- ആർ എസ് ആർ വി എച്ച്എസ്എസ് വേലൂർ
- വിദ്യ എൻജിനീയറിങ് കോളേജ്
- സെൻറ് സേവിയേഴ്സ് യുപിസ്കൂൾ വേലൂർ
- സൽസബീൽ എൽ പി സ്കൂൾ കുറുമാൽ
- ആർ എം എൽ പി സ്കൂൾ വേലൂർ
- ശ്രീ വിഘ്നേശ്വര സിബിഎസ്ഇ സ്കൂൾ വേലൂർ
- കിന്നരി മാഗസിൻ നടുവിലങ്ങാടി
- സെൻതോമസ് യുപിഎസ് പുലിയന്നൂർ
- ഗവൺമെൻറ് ഹൈസ്കൂൾ തയ്യൂർ
- ബോധി കോളേജ് വേലൂർ
- വേലൂർ കോപ്പറേറ്റീവ് സൊസൈറ്റി
- പ്രൈമറി ഹെൽത്ത് സെൻറർ
- ബിഎസ്എൻഎൽ ഓഫീസ്
- കെഎസ്ഇബി ഓഫീസ് വേലൂർ
- വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ് സെൻറർ
വിദ്യാഭ്യാസരംഗം
വേലൂരിലെ വിദ്യാഭ്യാസ പൈതൃകത്തിലെ സുപ്രധാന കണ്ണികളാണ് ഇളയതുമാർ, അർണോസ് പാതിരി, മാടമ്പി മനക്കൽ തിരുമേനിമാർ, താമരതിരുത്തി നമ്പീശൻമാർ, പരദേശി ബ്രാഹ്മണർ, മാധവവാരിയർ കുടുംബം, തയ്യൂരിലെ പട്ടത്ത് നമ്പീശൻമാർ എന്നിവരാണ്.
വേലൂരിലെ പ്രധാന വിദ്യാലയങ്ങൾ
- വേലൂർ ഗവൺമെൻറ് ആർ എസ് ആർ വി എച്ച് എസ് എസ്
- തയ്യൂർ ഗവൺമെൻറ് ഹൈസ്കൂൾ
- പുലിയന്നൂർ സെൻറ് തോമസ് യുപി സ്കൂൾ
- വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂൾ
- വേലൂർ ആർ എം എൽ പി സ്കൂൾ
- കിരാലൂർ പി എം എൽ പി സ്കൂൾ
ഇതിൽ ഏറ്റവും പഴക്കമുള്ളത് ശതാബ്ദി പിന്നിട്ട വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂളാണ്. 1903-ൽ തന്നെ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ ആരംഭം കുറിച്ചത് വേലൂർ പള്ളി അധികാരികൾ ആണ്.
ശിൽപ്പകല
ശില്പകലയിൽ പ്രതിഭകളാൽ സമ്പന്നമാണ് വേലൂർ ഗ്രാമം.
ശിൽപ്പ കലയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ
ശില്പി ജോൺസൺ- വേലൂർ പള്ളി പരിസരത്ത് അർണോസ് പാതിരിയുടെ പ്രതിമ നിർമ്മിച്ചിട്ടുള്ള ജോൺസൺ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ ശിൽപ്പകല അധ്യാപകനാണ്. ഫൈബറിൽ കഥകളി കിരീടം ഉണ്ടാക്കി ലോകത്തിലാദ്യമായി പുത്തൻ പരീക്ഷണത്തിന് തയ്യാറായി.നിരവധി ക്ഷേത്രങ്ങളിൽ ഒട്ടനവധി ശില്പങ്ങൾ പണിതീർത്ത ജോൺസൺ മരം, വെട്ടുകല്ല്, സിമൻറ്, കളിമണ്ണ്, ഫൈബർ എന്നീ മാധ്യമങ്ങളിലെല്ലാം ശില്പങ്ങൾ തീർത്തിട്ടുണ്ട്.
സൂര്യൻ മാസ്റ്റർ- വെട്ടുകല്ലിൽ ശില്പങ്ങൾ തീർത്ത മാടമ്പ് മനക്കൽ സൂര്യ ശർമൻ മാസ്റ്റർ ശിൽപ്പ കലാരംഗത്തെ പ്രതിഭാശാലിയാണ്. വേലൂർ ചുങ്കത്തെ ചിന്താവേദി വായനശാലയ്ക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തകം വായിക്കുന്ന കുട്ടി, പേന, വേലൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തകം വായിക്കുന്ന കുട്ടി തുടങ്ങിയ ശില്പങ്ങൾ ലാളിത്യം കൊണ്ടും ശില്പഭംഗി കൊണ്ടും ശ്രദ്ധേയങ്ങളാണ്.
ജയൻ പാത്രമംഗലം-മരത്തിൽ കലാസൃഷ്ടികൾ ചെയ്തു പ്രാഗല്ഭ്യം തെളിയിച്ച ജയൻ പാത്രമംഗലം കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ ശില്പകല അദ്ധ്യാപകനാണ്. മുണ്ടത്തിക്കോട് പഞ്ചായത്തിലെ ഓഫീസിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയുടെ ശില്പി ഇദ്ദേഹമാണ്.