സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അതിജീവനകാലഘട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനകാലഘട്ടം

നോവൽ കൊറോണവൈറസ് എന്ന കോവിഡ് 19 എന്ന മഹാമാരി നമ്മളെ വേട്ടയാടാൻ തുടങ്ങിയിട്ട് അഞ്ചേയഞ്ചു മാസമേ ആയിട്ടുള്ളു. എന്നാൽ ഇന്നത്തെ നമ്മുടെ ഓരോരുത്തരുടേയും അവസ്ഥ എന്താണ് ?നമ്മുടെ കണ്ണുകൾക്കു പോലും കാണാൻ കഴിയാത്ത എവിടെയൊക്കെ ഒളിച്ചിരുന്നു നമ്മെ വേട്ടയാടും എന്ന് പറയാൻ കഴിയാത്ത ഈ വൈറസിന് ഈ ലോകത്തെ ഒന്നടങ്കം പിടിച്ച് കുലുക്കുവാൻ കഴിഞ്ഞുവെന്ന് പറയുമ്പോൾ തന്നെ അതിന്റെ ഭീകരവസ്ഥ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

കൊറോണവൈറസ് എന്ന ഈ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ചൈന നേരിട്ടിരുന്ന കടുത്ത സാമ്പത്തികമാന്ദ്യവും ദാരിദ്ര്യവും അതിജീവിക്കാനാണ് അന്നത്തെ ചൈനീസ് സർക്കാർ വന്യജന്തുക്കളേയും വേട്ടയാടുന്നതിന് ഒരു തടസ്സവുമില്ലാത്ത നിയമം പുറപ്പെടുവിച്ചത്. ഇതിൽ ഒരു പരിധിവരെ ചൈനീസ് സർക്കാർ വിജയം കണ്ടു. കാലക്രമേണ ചൈന ദാരിദ്ര്യത്തിൽ നിന്നും കരകയറുകയും ചെയ്തു

ലോകത്തെ വൻശക്തിയായി കുതിച്ചുയരുമ്പോഴും 2003ൽ SARS , 2013ൽ MERS എന്ന മഹാവൈറസുകളുടെ ഉത്ഭവവും ഇവിടെ നിന്നാണെന്ന പരമാർത്ഥം ചൈനീസ് സർക്കാർ പിന്നെയുംപിന്നെയും മറന്നുപോകുന്നു. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഈ മാർക്കറ്റ് അടച്ചിടുവാനായി ഉത്തരവിറക്കും എന്തു കാര്യം? വീണ്ടുമിതെല്ലാം കെട്ടടങ്ങുമ്പോൾ അവർ പൂ‍ർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കും. ഈ പ്രാവശ്യവും പതിവു പോലെ തന്നെ ഫെബ്രുവരി 20 ന് ചൈനയിലെ ഈ മാർക്കറ്റ് അടച്ചിടാൻ അവിടുത്തെ സർക്കാർ ഉത്തരവിറക്കി. എന്തുകാര്യം? ഇന്നീ മഹാമാരി കടലുകളും കടന്ന് ലോകശക്തികളായ ഇറ്റലിയേയും ഫ്രാൻസിനേയും എന്തിനേറെ പറയുന്നു അമേരിക്കയെ വരേയും പിടിച്ചു കുലുക്കിയിരിക്കയാണ്. ലോകത്ത് ഇരുന്നൂറിൽപരം രാജ്യങ്ങളിൽ പടർന്നു പിടിച്ച കോവിഡ് 19 എന്ന മഹാമാരി ഒന്നരലക്ഷത്തിലേറെ പേരുടെ ജീവനെടുത്തു.

ഈ സാഹചര്യത്തിൽ നമ്മുടെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സ്ഥിതിഗതികൾ വളരെവേഗത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിച്ചത് ഇവിടുത്തെ സർക്കാരിനൊപ്പം നാം മലയളികൾ ചങ്കുറപ്പോടെ നിന്നതുകൊണ്ടാണ്. രണ്ടു പ്രളയങ്ങൾ വന്നു, നിപ്പ വന്നു. നാം തള‍ർന്നില്ല, നമ്മൾ പോരാടി.കാരണം നമ്മൾ മലയാളികളാണ്. കാലം ഇനിയും കടന്നു പോകും.നമ്മൾ ഇതിനേയും അതിജീവിക്കും, മുന്നേറും.എന്നാൽ മറ്റു സംസ്ഥാനങ്ങളിലേയും രാജ്യങ്ങളിലേയും സ്ഥിതിഗതികൾ ഇതല്ല. ചില ആഴ്ചകളിലായി ഓരോ ദിവസവും മരണസംഖ്യ 1000നുമുകളിലുള്ള രാജ്യങ്ങളുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാനാകാതെ ലോകമനസാക്ഷിയുടെ മുമ്പിൽ വിതുമ്പിക്കരഞ്ഞ ഇറ്റാലിയൻ പ്രസിഡന്റെ മുഖം നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടാവില്ല.

1720കളിൽ പ്ളേഗായിരുന്നുവെങ്കിൽ 1820കളിൽ കോളറയയിരുന്നു. പിന്നേയും നൂറു വർഷം പിന്നിട്ട് 1920കളിൽ സ്പാനിഷ് ഫ്ളൂ ആയിരുന്നെങ്കിൽ 2020ൽ കോവിഡ് 19 ആണ്. മുമ്പ് മൂന്നു തവണയും ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ഇപ്പോൾ ആളുകൾക്ക് ജോലിക്കായി, പഠനത്തിനായി സമ്പത്തിനായി ഓട്ടമില്ല. ഉറക്കമില്ലാത്ത ചേരികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലെ ചേരികളും നിശബ്ദമാണ്. ഇപ്പോൾ നാം എത്തി നിൽക്കുന്നത് തുടക്കത്തിന്റെ അവസാനത്തിൽ മാത്രമണ്. അതിനൽ നാം വ്യക്തിശുചിത്വം പാലിക്കണം. വീടിനു പുറത്തേയ്ക്ക് പരമാവധി ഇറങ്ങാതിരിക്കാൻ ശ്രമിക്കുക. പുറത്തുനിന്നുള്ള സാധനസാമഗ്രികളിൽ തൊടാതിരിക്കുക. അതായത് സാമൂഹിക അകലം പലിക്കുക.ഇത്രമാത്രം ചെയ്യുക.നമ്മൾക്കു നമ്മുടെ ലോകത്തെ രക്ഷിക്കാൻസാധിക്കും. ഈ പോരാട്ടത്തിൽ നാം വിജയിക്കും.

ആന്റണി കെ. പ്രിൻസ്
പ്ളസ് ടു ബയോമാത്ത്സ് സെന്റ് ജോർജ് എച്ച്.എസ്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം