സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കോവിഡ്, ഒരു ദുരന്തമോ?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്, ഒരു ദുരന്തമോ?

ദുരന്തങ്ങൾ വരുത്തി വെയ്ക്കുന്നത് വിനകളാണെങ്കിലും, അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുവാനും , അതിൽപ്പെട്ടുഴലുന്നവർക്ക് കൈത്താങ്ങാകാനും , അത് ജീവിത വഴിത്താരയിലെ സ്മരണകളാക്കി മാറ്റാനും, വേദനിക്കുന്നവരോടൊപ്പം നിന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും മനുഷ്യൻ ഇന്ന് പ്രാപ്തനായിരിക്കുന്നു. കഴിഞ്ഞ വർഷം നാം നേരിട്ട വെള്ളപ്പൊക്കവും ഈ വർഷത്തെ കോവിഡും നമ്മളെ അതിന് പ്രാപ്തരാക്കി എന്ന് പറയുന്നതാവും സത്യം

.

കോവിസ് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചെങ്കിലും, അതിൽ നിന്നും മുക്തി നേടിയവരും വിരളമല്ല. കഴിഞ്ഞ വർഷത്തെ താരങ്ങൾ മത്സ്യത്തൊഴിലാളികളായിരുന്നെങ്കിൽ , ഇന്നിന്റെ താരങ്ങൾ ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിവരാണ്. സമൂഹത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത പല മാറ്റങ്ങ ളും എല്ലാ മേഖലകളിലും നാം കണ്ടു. വളരെ അർത്ഥവത്തായ നല്ല ശീലങ്ങൾ ഉടലെടുത്തു. ആളുകൾ ലോക്ക് ഡൗൺ ആയെങ്കിലും വീടുകൾ, യഥാർത്ഥ കുടുംബങ്ങളായി - കൂടുമ്പോൾ ഇമ്പമുള്ള ഇടം - പരസ്പരം ആശയവിനിമയത്തിലേർപ്പെടുക, വിനോദങ്ങളിൽ പങ്കുചേരുക, കൃഷി, പലതരം ക്രാഫ്റ്റ് വർക്കുകൾ, പെയ്ന്റിംഗ്, കലാപ്രകടനങ്ങൾ അങ്ങനെ വിവിധ മേഖലകളിലേക്കായി മനുഷ്യന്റെ കാൽവെയ്പ്പ്.


അമ്പലങ്ങളിൽ ഉത്സവങ്ങൾക്കായി മാറ്റി വെച്ച തുക, അശരണർക്കുള്ള ഭക്ഷണ കിറ്റുകളാക്കുന്നതും , വിവിധ മത സ്ഥാപനങ്ങൾ ഐസൊലേഷൻ വാർഡുകൾക്കായി സന്നദ്ധമാകുന്നതും , ഒരു കൊച്ചു മിടുക്കി തന്റെ പിറന്നാളിനു വേണ്ടി മാറ്റിവെച്ച തുക, കോവിഡ് പ്രതിരോധത്തിനായ് നൽകിയതും , അങ്ങനെ എത്രയെത്ര ജീവിതോദാഹരണങ്ങൾ. ക്രിസ്ത്യൻ -മുസ്ലീം പള്ളികളിലെ അനിവാര്യമായ പ്രാർത്ഥനകൾ വീട്ടുകളിലായി മാറി. വലിയ നോമ്പിന്റെ വിശുദ്ധി അക്ഷരാർത്ഥത്തിൽ ക്രൈസ്തവർ ഉൾക്കൊണ്ടു . വീടുകൾ ദേവാലയങ്ങളായി. കുടുംബനാഥന്മാർ വൈദീകരായി മാറി കുടുംബാംഗങ്ങളുടെ കാലുകൾ കഴുകി, ക്രിസ്തുവിന്റെ എളിമ ഉൾക്കൊണ്ടു. സ്വന്തം ആരോഗ്യം പോലും മറന്ന് സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന പോലീസുകാരുടെ അടുക്കൽ ചെന്ന് പെസഹാ അപ്പം മുറിച്ചു പങ്കുവെയ്ക്കുന്ന വൈദീകൻ ഈസ്റ്ററിന്റെ വിശുദ്ധി പകർന്നു തന്നു .


ജാതി മത ഭേദമെന്യെ എല്ലാ തുറകളിൽപ്പെട്ടവരും പാവങ്ങൾക്ക് പൊതിച്ചോറുകളായി, രോഗികൾക്ക് മരുന്നായി, നിരാലംബർക്ക് ആശ്വാസമായി. കഴിഞ്ഞ വർഷം വസ്ത്രങ്ങളാണ് നാം പായ്ക്ക് ചെയ്തതെങ്കിൽ ഇപ്പോൾ മാസ്കുകളായ് മാറി. ശുചിത്വ കേരളം, ആരോഗ്യ കേരളം എന്ന മുദ്രാവാക്യങ്ങൾ മാറ്റൊലി കൊണ്ടു. ഊണും , ഉറക്കവുമില്ലാതെ ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർ, പോലീസുകാർ ഇവരുടെ സേവനങ്ങൾ അവിസ്മരണീയങ്ങളായി. ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോൾ , ഈ കോവിഡ്, ഒരു പരിധി വരെ വിശപ്പും, ദാരിദ്ര്യവും, സാമ്പത്തിക മാന്ദ്യവും, മരണം വരെയും നൽകിയെങ്കിലും, ഇതിൽ നിന്നും പ്രത്യാശയുടെ ഒത്തിരി ജീവിത മാതൃകകൾ നമുക്ക് ലഭിച്ചു. പരസ്പര സാഹോദര്യത്തിന്റെ - സ്നേഹത്തിന്റെ - കരുതലിന്റെ ഒരു സ്വർഗമായി നമ്മുടെ കേരളം. അങ്ങനെ ഭൂമിയിലെ മാലാഖമാരായി മാനവരും.

ജോസ്‍ന ‍ഡയസ്
9 B സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം