സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/അമ്മുവിന്റെ ക്വാറന്റീൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ ക്വാറന്റീൻ...

അമ്മു അന്ന് പതിവിലേറെ ആഹ്ലാദത്തിലായിരുന്നു. ഒരുവർഷമായി വിദേശത്ത് ജോലി ചെയ്യുന്ന അവളുടെ അപ്പൻ ഇന്ന് നാട്ടിൽ തിരിച്ചെത്തുകയാണ്. അവൾ ഏറെ കാത്തിരുന്ന ദിവസം.. തനിക്കും ചേച്ചിക്കും അനിയനും ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളുമായി അപ്പൻ തിരിച്ചെത്തുന്ന ദിവസം. തന്റെ കൂട്ടുകാരികൾക്കും അവൾ ഗൾഫ് മിഠായികൾ വാഗ്ദാനം ചെയ്തിരുന്നു.

അതിരാവിലെ എഴുന്നേറ്റ് കുളിച്ച് മിടുക്കിയായി അവൾ അപ്പനെയും കാത്തിരിപ്പായി. അമ്മയുടെയും ചേച്ചിയുടെയും മുഖത്ത് എന്തോ ടെൻഷൻ പോലെ ..അവൾ അമ്മയോട് കാര്യം തിരക്കി.. "മോളേ....ഈ ന്യൂസ് ചാനലിലൊക്കെ കൊറോണയെ കുറിച്ച് കേൾക്കുന്നില്ലേ... നമ്മുടെ അപ്പനും ഗൾഫിൽ നിന്ന് വരുന്നത് കൊണ്ട് എന്തൊക്കെയാവും എന്നറിയില്ല".. ശരിയാണ്, കുറച്ചുദിവസങ്ങളായി അമ്മുവും കേൾക്കുന്നു ..കൊറോണ, കോവിഡ് എന്നൊക്കെ...ഇത് കാരണം പരീക്ഷ മാറ്റിയല്ലോ എന്ന സന്തോഷമായിരുന്നു അവൾക്ക്.കൊറോണയും അപ്പനുമായി എന്തു ബന്ധം? അവൾ അതേക്കുറിച്ചൊന്നും ആഴമായി ചിന്തിക്കാൻ നിന്നില്ല .അവളുടെ മനസ്സ് നിറയെ ഗൾഫ് മിഠായികളും കളിപ്പാട്ടങ്ങളും ആയിരുന്നു.

രാവിലെ എത്തുമെന്ന് പറഞ്ഞ അപ്പനെ ഉച്ചയായിട്ടും കാണുന്നില്ല. കാത്തിരുന്നു മടുത്തു. അമ്മയോട് അനുവാദം ചോദിച്ചു അവൾ അടുത്ത കൂട്ടുകാരിയുടെ വീട്ടിലേക്ക് കളിക്കാൻ പോയി. കൂട്ടുകാരുമായുള്ള കളികൾക്കിടപ്രകൃതിയുടെ നന്മ... യിലും അപ്പൻ കൊണ്ടുവരുന്ന മിഠായികളെക്കുറിച്ച് അവൾ വീമ്പ് പറഞ്ഞുകൊണ്ടിരുന്നു. തന്റെ വീടിന്റെ മുറ്റത്ത് ഒരു കാർ നിർത്തുന്ന ശബ്ദം കേട്ട് അവൾ വീട്ടിലേക്ക് ഓടി. ദാ,തന്റെ അപ്പൻ എത്തിയിരിക്കുന്നു .സന്തോഷത്തോടെ ഓടിച്ചെന്ന് അപ്പനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച അവളെ അമ്മ തടഞ്ഞു .മാസ്ക് വെച്ച് മുഖം മറച്ച് എത്തിയ അപ്പൻ പെട്ടിയും സാധനങ്ങളുമായി ഒരു മുറിയിലേക്ക് കയറി വാതിലടച്ചു.

ഒരുവർഷമായി അപ്പനെ കാത്തിരുന്ന അവളുടെ നെഞ്ചു തകർന്നു..അവൾ പൊട്ടിക്കരഞ്ഞു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ മുറിയുടെ ജനൽ തുറന്ന് അപ്പൻ അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി. കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എയർപോർട്ടിലെ മെഡിക്കൽ ചെക്കപ്പിൽ കുഴപ്പമൊന്നും ഇല്ലെങ്കിലും വിദേശത്ത് നിന്ന് വന്നത് കൊണ്ട് ഹോം ക്വാറന്റീനിൽ പോകാൻ ഹെൽത്ത് സെന്ററിൽ നിന്ന് നിർദ്ദേശിച്ചത്രേ. വ്യക്തമായി ഒന്നും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

അടുത്ത ദിവസം കടയിലേക്ക് പോയ അമ്മാമ്മ കരഞ്ഞുകൊണ്ടാണ് തിരിച്ചെത്തിയത്. ഇനി ഈ വീട്ടിൽ നിന്ന് ആരും പുറത്തേക്കിറങ്ങരുതെന്ന് അയൽക്കാർ പറഞ്ഞത്രെ. സാധനങ്ങൾ വാങ്ങാൻ എന്ത് ചെയ്യുമെന്ന് ഓർത്ത് സങ്കടപ്പെട്ട അമ്മാമ്മയെ അമ്മ ആശ്വസിപ്പിച്ചു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമായിട്ട് അമ്മുവിന് അപ്പോൾ തോന്നിയില്ല. അടുത്ത ദിവസം കൂട്ടുകാരിയുടെ വീട്ടിൽ കളിക്കാൻ പോകാൻ വാശിപിടിച്ച് കരഞ്ഞ അവളെ അമ്മ ഏറെ പണിപ്പെട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അങ്ങനെ അമ്മുവും കുടുംബവും ക്വാറന്റീനിൽ ആയി .ആദ്യമൊക്കെ ഒറ്റപ്പെടുത്തലിന്റെ നീറ്റൽ അവളുടെ കുഞ്ഞു മനസ്സിനെ നോവിച്ചുവെങ്കിലും പതിയെ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവൾക്കു കഴിഞ്ഞു.അപ്പന്റെ അടുത്തേക്ക് പോകാതെ രണ്ടു വയസ്സുള്ള അനിയനെ നിയന്ത്രിക്കാനാണ് പിന്നീടുള്ള ദിവസങ്ങൾ അവർ ഏറെ ബുദ്ധിമുട്ടിയത്.പതിയെപ്പതിയെ അവനും അത് ശീലമായി. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ അപ്പന്റെയും അമ്മയുടെയും ബന്ധുക്കൾ വീട്ടുപടിക്കൽ എത്തിച്ചു തന്നു .

അതിനിടയിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു.ന്യൂസ് ചാനലുകളിലൂടെ കൊറോണ എന്ന രോഗത്തിന്റെ ഗൗരവം അവർ മനസ്സിലാക്കി.പിന്നീടുളള ദിനങ്ങൾ ഉത്കണ്ഠയും ആശങ്കയും നിറഞ്ഞതായിരുന്നു.കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതും അതിൽ കൂടുതൽ പേരും വിദേശത്തുനിന്ന് എത്തിയവരാണെന്നതും ആ കുടുംബത്തിന്റെ ആശങ്ക ഏറ്റി.എങ്കിലും പ്രാർത്ഥനയോടെയും പ്രത്യാശയോടെയും അമ്മുവിന്റെ കുടുംബം കാത്തിരുന്നു. നീണ്ട 28 ദിനങ്ങൾ.... മുപ്പതാം ദിവസം ഹെൽത്ത് ഇൻസ്പെക്ടറുടെ വിളിയെത്തി."നിങ്ങളുടെ ക്വാറന്റീൻ അവസാനിച്ചിരിക്കുന്നു"

അമ്മു ദൈവത്തിന് ഒരായിരം നന്ദി അർപ്പിച്ചു. തന്റെ അപ്പനെ വിദേശത്തുനിന്നു സുരക്ഷിതനായി വീട്ടിൽ എത്തിച്ചതിന്... ഇപ്പോഴും നാട്ടിലെത്താനാവാതെ വിദേശത്ത് ദുരിതമനുഭവിക്കുന്നവരുടെ ഒരുപാട് വാർത്തകൾ അവൾ അറിഞ്ഞിരുന്നു. അവർക്കു വേണ്ടിയും അവൾ പ്രാർഥിച്ചു. സംസ്ഥാനത്ത് ലോക്ഡൗൺ തുടരുകയാണ്.സ്കൂൾ തുറക്കുമ്പോൾ അഭിമാനത്തോടെ കൂട്ടുകാരോട് പറയാൻ അമ്മു ഒരു കാര്യം കരുതി വച്ചിട്ടുണ്ട്. നാടിന്റെ നന്മയ്ക്ക് വേണ്ടി, മറ്റുള്ളവരുമായി ഇടപഴകാതെ, ക്വാറന്റീനിൽ കഴിഞ്ഞ തന്റെ അപ്പന്റെയും കുടുംബത്തിന്റെയും ഹീറോയിസം...

അമീഷ ടി. ജെ
7 B സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ