സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ എവിടേക്കെന്നറിയാതെ..

Schoolwiki സംരംഭത്തിൽ നിന്ന്
എവിടേക്കെന്നറിയാതെ..

വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീട്ടു സാധനങ്ങൾ എല്ലാം തന്നെ ഒഴുകി നടക്കാൻ തുടങ്ങിയിരുന്നു. വർണ്ണാഭമായ മുത്തുകൾ പതിപ്പിച്ച ഒരു കുഞ്ഞുടുപ്പ് അവളുടെ കാലിൽ വന്നു തട്ടിയതും, ഒരു കുഞ്ഞു കാൽ അവളുടെ ഉദരത്തിൽ കിടന്നു ചലിച്ചതും ഒരുമിച്ചാണ് . ഭീതി അവളെ ഒരു കയർ പോലെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു. വിയർപ്പു തുള്ളികൾ നെറ്റിയിൽ നിന്നിറങ്ങി കവിൾത്തടങ്ങളിലൂടെ പാഞ്ഞു താടിയിൽ നിന്ന് ഇറ്റ് വീഴുമ്പോൾ, വെള്ളത്തിന്റെ ഇരമ്പലിനു ശക്തികൂടുന്നത് അവളറിഞ്ഞു
പ്രളയത്തിൻറെ മഹാ കെടുതിയിലേക്ക് തന്റെ വീടും നാടും ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന ഭീതിയെക്കാളേറെ തന്റെ ഉദരത്തിലുള്ള പൈതലിന്റെ മുഖമായിരുന്നു അവളുടെ ഉള്ളു പൊള്ളിച്ചത് .. 'ഇനിയെന്ത്', 'എവിടെക്ക്' എന്ന ചോദ്യങ്ങൾ അവളുടെ മനസ്സിനെ പിടിച്ചുലക്കാൻ തുടങ്ങി.ആദ്യം തോന്നിയത് ഉറക്കെ കരയാൻ ആയിരുന്നു. പക്ഷെ ശബ്ദത്തെ ആരോ പാതിവഴിയിൽ പിടിച്ചുനിർത്തിയത് പോലെ അവൾ പരാജയപ്പെട്ടു. എത്ര സമയം അങ്ങനെ കടന്നു പോയെന്ന് അറിഞ്ഞില്ല. അടുത്ത നിമിഷം വീടിനുചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കാനായി ശ്രമിച്ച അവൾ, ചെറുപ്പത്തിൽ അച്ഛൻ നീന്തൽ പഠിപ്പിക്കാൻ വിളിച്ചപ്പോൾ തിരിഞ്ഞു നടന്നതിൽ ഖേദിക്കുന്നുണ്ടായിരുന്നു.തന്റെ ഉദരം വരെ വെള്ളം ഉയർന്നത് അവളറിഞ്ഞു.മരണഭയം അവളെ പൊതിഞ്ഞിരുന്നു . തന്റെ എല്ലാ ഊർജവും സംഭരിച്ച് മുൻവാതിലിലേക്ക് നടക്കാൻ ശ്രമിച്ചു . അപ്പോൾ തന്റെ പ്രിയതമന് രണ്ടുദിവസം മുമ്പ് ടൗണിലെ ഒരു പ്രധാന കമ്പനിയിൽ നിന്ന് വന്ന അപ്പോയിന്റ്മെന്റ് ഒഴുകി നടക്കുന്നത് അവൾ ശ്രദ്ധിച്ചു. എവിടേക്കെന്നറിയാതെ ജീവിതത്തിൽ കുറെ അലഞ്ഞതാണ്. ഈ കത്ത് കിട്ടിയ രണ്ടാം ദിവസം തന്നെ ആവേശത്തോടെ ഇറങ്ങിത്തിരിക്കുകയും ചെയ്തു. കുറെ പണം കിട്ടുന്നതാണ് എന്നേ പറഞ്ഞുള്ളൂ. ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് എന്ത് ജോലിയാണെന്നോ എവിടെയാണെന്നോ വായിക്കാൻ പറ്റിയില്ല. ചോദിച്ചപ്പോൾ, 'നിനക്ക് മനസ്സിലാവില്ല' എന്ന് ഒരു മറുപടി. എന്തായാലും മൂന്ന് പേരടങ്ങിയ ഒരു കുടുംബത്തിന് സുഖമായി കഴിഞ്ഞുകൂടാവുന്ന ഒന്നാണെന്ന് മനസ്സിലായിരുന്നു. '"ഈ കുത്തൊഴുക്ക് അവിടെയും ഉണ്ടോ ആവോ, രണ്ടു ദിവസമായി ഫോൺ ഓഫായിട്ട്, അദ്ദേഹം സുരക്ഷിതൻ ആണോ എന്നുപോലും അറിയാൻ കഴിഞ്ഞില്ല " ആലോചനകൾക്കിടയിൽ വെള്ളം അവളുടെ കൈമുട്ട് വരെ എത്തിയിരുന്നു .
അടുത്ത നിമിഷം തന്നെ കഷ്ടപ്പെട്ട് ഊന്നിയൂന്നി പ്രധാന വാതിൽ തുറക്കാൻ അവർ ശ്രമിച്ചു. എന്നാൽ അവളുടെ മനസ്സിന് അന്നേരം ഉണ്ടായിരുന്ന കരുത്തിന്റെ നാലിലൊന്നുപോലും അവളുടെ ശരീരത്തിന് ഉണ്ടായിരുന്നില്ല. മുഴുവനായും അവശനിലയിലായ അവൾക്ക് ചാരി നിൽക്കാൻ പോലും കൈയ്യെത്തും ദൂരത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ വീണു പോയാൽ തന്റെ പൈതൽ പിന്നെ ഉണ്ടാവില്ലല്ലോ എന്ന ചിന്ത അവളെ കൂടുതൽ തളർത്തി.. ആറേഴുമാസമായി നെയ്തു കൂട്ടിയ സ്വപ്നങ്ങൾ ആയിരുന്നില്ല അത്. ഒൻപതു വർഷത്തോളം കാത്തിരുന്നുണ്ടായ കണ്മണി.. !ഉദരത്തിലുള്ള തന്റെ കണ്മണിക്ക് വേണ്ടി, അറിയാവുന്ന എല്ലാ ഈശ്വരന്മാരും അവൾ ആ നിമിഷം കൊണ്ട് വിളിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ എവിടെനിന്നോ എവിടെക്കെ ന്നറിയാതെ ഒഴുകിനടന്ന ഒരു ചാരുകസേര അവൾ കയ്യെത്തി പിടിച്ചു. ഒന്നു കൈകുത്തി നിൽക്കുകയേ വേണ്ടിയിരുന്നുള്ളൂ. മറ്റേ കൈ അപ്പോഴും പൈതലിനെ കാവലുണ്ടായിരുന്നു...
അടുത്ത നിമിഷം, തൻറെ ചുറ്റുമുള്ള കുത്തൊഴുക്കിന്റെ സകല ശബ്ദങ്ങളെയും പിറകിലാക്കി കൊണ്ട് ഒരു ഭീകര ശബ്ദം തൻറെ അടുത്ത വരുന്നതായി അവളറിഞ്ഞു. ആർത്തിരമ്പി വരുന്ന ജലപ്രവാഹം ആണതെന്നുറപ്പിച്‌, ഒരു കോഴിയമ്മ തന്റെ കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒളിപ്പിക്കുന്ന പോലെ രണ്ട് കൈകളും അവൾ ഉദരത്തിൽ ചേർത്തുപിടിച്ചു.
പെട്ടെന്ന്, ആകാശത്തുനിന്ന് ദൈവത്തിൻറെ മാലാഖമാർ പറന്നിറങ്ങുന്നത് പോലെ, ഒരു പ്രകാശധാര അവളുടെ ഉദരത്തിൽ വന്നു പതിച്ചു. ആകാംക്ഷയോടെ അവൾ മുകളിലേക്കു നോക്കിയപ്പോൾ, ഇളക്കി മാറ്റിയ ഓടിനിടയിലൂടെ ഒരു കയർ തന്റെ രക്ഷക്കായി താഴ്ന്നു വരുന്നത് അവൾ കണ്ടു.
ഒന്നും ചിന്തിക്കാതെ, അടുത്ത നിമിഷം തന്നെ അവൾ അതിൽ കയറി പിടിച്ചു. മുകളിലെത്തിയപ്പോൾ അവളുടെ നേരെ നീണ്ട ദൈവത്തിൻറെ കരങ്ങളിൽ അവൾ മുറുകെ പിടിച്ചു.എവിടേക്കെന്നോ ആരെന്നോ അവൾ ആ നിമിഷം ചിന്തിച്ചില്ല. അവളുടെ നെറ്റിയിലെ നനഞ്ഞുകുതിർന്ന സിന്ദൂരം ആ കരങ്ങളുടെ ഉടമയുടെ കയ്യിൽ കിടന്ന കുരിശുമാല യിലേക്ക് ഇറ്റി വീഴുന്നുണ്ടായിരുന്നു. വർഗീയതയുടെ മരണം പോലെ... മുകളിലേക്ക് നോക്കിയപ്പോൾ തന്നെ രക്ഷിക്കാനായി വന്ന സൈനികരെയും തനിക്ക് പിടിച്ചുനിൽക്കാനുള്ള ഇരിപ്പിടവും അവൾ കണ്ടു. കയറിൽ തൂങ്ങിപ്പിടിച്ചു ഹെലികോപ്റ്ററിലേക്ക് കയറുമ്പോൾ , അത് രണ്ടു ജീവനുകളുടെ തിരിച്ചു കയറ്റമായിരുന്നു- മരണത്തിൽനിന്ന്..

ഹിബ ഫെബിൻ. പി
+2 Science സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ