സാംസ്കാരിക രംഗം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരുകാലത്ത് വള്ളുവനാടിന്റെ തലസ്ഥാനമായിരുന്ന ചെർപ്പുളശ്ശേരിയുടെ സാംസ്കാരിക ഉറവിടം ഈ ഗ്രാമത്തെ അതിരിടുന്ന തൂതപ്പുഴതന്നെ. കലാ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ നിരവധി പ്രതിഭകളെ കൈരളിക്ക് സംഭാവന നൽകാൻ ഈ കൊച്ചു ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട്. കാറൽമണ്ണക്ഷേത്രം, അയ്യപ്പൻകാവ് എന്നിവിടങ്ങളിലെ ഉത്സവവേദികൾ കലാരൂപങ്ങളുടെ എണ്ണപ്പെട്ട പ്രദർശനവേദികളാണ്. ഇവിടങ്ങളിലെ സവർണ്ണപ്രഭുകുടുംബങ്ങളിൽ വിശേഷാവസരങ്ങളിൽ ഒരരങ്ങ് കഥകളി പതിവായിരുന്നു. തായമ്പകയിലെ തൃത്താല ശൈലി എന്ന് വിഖ്യാതമായ മലമക്കാവ് സമ്പ്രദായത്തിന്റെ വികാസത്തിന് ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ ഉത്സവം അപ്രധാനമല്ലാത്ത വേദിയായിട്ടുണ്ട്. മധ്യകേരളത്തിൽതന്നെ മേളകലക്ക് ഇത്രയേറെപ്രാമുഖ്യം നൽകിയ മറ്റൊരു ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. കലാരസികൻമാരായ പ്രഭുക്കൻമാരിടെ സംരക്ഷണയിൽ ദരിദ്രനെങ്കിലും പ്രഗൽഭമതികളായ കുറെ കലാപ്രതിഭകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി ചെർപ്പുളശ്ശേരി. കഥകളിരംഗത്ത് അനന്വയമായിരുന്ന വാഴേങ്കട കുഞ്ചുനായർ, കോട്ടക്കൽ ശിവരാമൻ, പ്രസിദ്ധപഞ്ചവാദ്യ വിദഗ്ദനായ ചെർപ്പുളശ്ശേരി ശിവന്റെ മാതൃമാതുലനായ മദ്ദളം കുഞ്ഞൻനായർ, മേളവിദഗ്ദരായിരുന്ന ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ, കൃഷ്ണപ്പൊതുവാൾ, സമകാലീക കഥകളികലാകാരൻമാരിൽ ശ്രദ്ധേയരായ സദനം കൃഷ്ണൻകുട്ടി, നരിപ്പറ്റനാരായണ്ൻനബൂതിരി, സദനംഭാസി, കലാമണ്ടലം രാജേദ്രൻ തുടങ്ങി ചെർപ്പുളശ്ശേരിയുടെ സംഭാവനകളായ കലാകാരൻമാരുടെ പട്ടിക വളരെ നീണ്ടതാണ്. ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ, കൃഷ്ണപ്പൊതുവാൾ, എന്നിവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നിരവധി വാദ്യവിദഗ്ദരും ചെർപ്പുളശ്ശേരിയുടെ അഭിമാനമാണ്. ചിത്രകലാ രംഗത്തെ പുതിയ പാന്ഥാവുകളുടെ പ്രണേതാക്കളായിരുന്ന തൃക്കിടീരിമനയിലെ നമ്പൂതിരിമാരും അവരുടെ മാർഗനിർദേശത്തോടെ ചിത്രകലാരംഗത്ത് ആധിപത്യം സ്ഥാപിച്ച എ.എസ്.നായരും ഈ നാടിന്റെ സമ്പന്നമായ കലാ പൈതൃകത്തിന്റെ സന്തതികളാണ്. ശ്രീമതി ഭാർഗ്ഗവിഅമ്മ, ഗോപാലകൃഷ്ണൻ, ശ്രീധരനുണ്ണി, നാരായണസ്വാമി, സദനംലക്ഷിക്കുട്ടി, കലാമണ്ഡലംസുശീല തുടങ്ങി എണ്ണമറ്റ കലാപ്രവർത്തകരുടെ ശിക്ഷണത്തിലും പരിചരണത്തിലും നൃത്തവും നാടകവും സംഗീതവും ഇവിടെ വികസിച്ചുവന്നു. വളരെ കാലം മുമ്പുതന്നെ നാടകത്തിന് ഇവിടെ വേരുകളുണ്ട്. ബാലകലാസമിതിയിൽ തുടങ്ങുന്നു അതിന്റെ ചരിത്രം. ആ പരമ്പര്യം പുതിയ മാനം കണ്ടെത്തുകയാണ് ശ്രീ.നരിപ്പറ്റരാജുവിലൂടെ. സാഹിത്യരംഗത്തും കഴിവുറ്റചിലരെയെങ്കിലും നമ്മുടെ ഈഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാർഡു നേടിയ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലടക്കം ഏതാനും കൃതികൾ കൊണ്ടുതന്നെ മലയാളിയുടെ മനസ്സിൽ സ്ഥിരപ്രതിഷ്ടനേടിയ ശ്രീമതി.ടി.എ.രാജലക്ഷ്മി ഇവരിൽ പ്രധമഗണനീയയാണ്. ചെർപ്പുളശ്ശേരി ആമയോട്ടുകുറുശ്ശിക്കളമാണ് ഇവരുടെ ജന്മഗൃഹം. പ്രണ്ഡിത കവിയായ ശ്രീ.അവിനാശി എഴുത്തച്ഛൻ ജനിച്ചതും ജീവിച്ചതും ഇവിടെയാണ്.

തൂത, പുത്തനാലിക്കൽ, പന്നിയംകുറുശ്ശി, കാവുകൾ, ആറംകുന്നത്തുകാവ്, അറേക്കാവ് എന്നിവയാണ് പ്രധാന ദേവീക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളാണ് ഈ പ്രദേശത്തെ ഏറ്റവുംവലിയ ജനകീയ ഉത്സവങ്ങൾ. മത, ജാതി ഭേദമന്യെ ഈ പ്രദേശത്തുകാരുടെ മുഴുവൻ ആഘോഷമായി ഈ ഉത്സവങ്ങൾ മാറുന്നു. പൂതൻ, തിറ മുതലായ നാടൻകലകളും വള്ളുവനാടിന്റെ മാത്രം പ്രത്യേകതയായ കാളവേലയും ഈ ദേവീക്ഷത്രങ്ങളിലെ ഉത്സവങ്ങളുടെ പ്രത്യേകതയാണ്. കതിർവേല, കാളവേല തുടങ്ങിയ ഉത്സവരൂപങ്ങൾ ജനങ്ങളുടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം വിളവെടുപ്പു കഴിയുന്നതോടെയാണ് ആരംഭിക്കുന്നത്.

ചെർപ്പുളശ്ശേരി പഞ്ചായത്തിൽ ഒരു ഗവ.ഹയർസെക്കെണ്ടറി സ്കൂളും, മൂന്നു യു.പി.സ്കൂളുമടക്കം 15 സ്കൂളുകളാണ് പൊതു വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ അംഗീകാരമുള്ളതും അല്ലാത്തതുമായ കോളേജുകളടക്കമുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. ആകെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 3 എണ്ണംമാത്രമാണ് സർക്കാർ മേഖലയിൽ ഉള്ളത്. ആരോഗ്യരംഗത്ത് സർക്കാർ മേഖലയിൽ ഗവ.ആസ്പത്രി, ആയുർവേദ ആസ്പത്രി എന്നിവയും സ്വകാര്യമേഖലയിലും കോപ്പറേറ്റീവ് മേഖലയിലുമായി 3 ആസ്പത്രികളും പ്രവർത്തിക്കുന്നു. ഇതിനുപുറമെ പ്രധാനപ്പെട്ട എല്ലാ ഗ.വ.സ്ഥാപനങ്ങളും ട്രഷറി, പൊതുമേഖലാ ബാങ്കുകൾ എന്നിവയടക്കം കോപ്പറേറ്റീവ് മേഖലയിലും സ്വകാര്യമേഖലയിലുമായി നിരവധി ധനകാര്യസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=സാംസ്കാരിക_രംഗം&oldid=1825488" എന്ന താളിൽനിന്ന് ശേഖരിച്ചത്