എസ് വി എച്ച് എസ് കായംകുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
![](/images/thumb/d/d3/36048_20190311_161430.jpg/300px-36048_20190311_161430.jpg)
കാലത്തിനും സമയത്തിനും മാറ്റിമറക്കാനാവാത്ത ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണിൽ സംസ്‌കൃതിയുടെ ഉത്തമ ഉദാഹരണമായി തലയെടുപ്പോടെ നിൽക്കുന്ന ശ്രീ വിഠോബാ ഹൈ സ്കൂൾ ഇന്നും എന്നും ഒളിമങ്ങാതെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സരസ്വതി ക്ഷേത്രമായി ജനമനസുകളിൽ സ്ഥാനം പിടിച്ചു നിൽക്കുന്നു. ബ്രിട്ടീഷുകാർക്കെതിരായുള്ള ഭാരതീയരുടെ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വാനങ്ങളും ഉദ്‌ബോധങ്ങളും പൂർണമായും ഉൾകൊള്ളുന്ന ഭാരതീയ ജനത. അക്കാലത്തു വിദ്യാസമ്പന്നരും ക്രാന്തദർശിയുമായിരുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടേതായ ദേവസ്വവും അതിന്റെ വക ഒരു സ്കൂൾ ഉണ്ടാകണമെന്നുള്ള ആശയം ഉദിച്ചു. ആദരണീയനായ വക്കീൽ ശ്രീ. എൻ . കൃഷ്ണകമ്മത്ത് , ജഡ്‌ജി ശ്രീ നാരായണ റാവു , ശ്രീ ബാപ്പുറാവു , ശ്രീ എ രാമ പൈ എന്നിവരുടെ പരിശ്രമഫലമായി 1926 (എം.ഇ.4/10/1101)ൽ ശ്രീ വിഠോബാ ഹൈസ്കൂൾ സ്ഥാപിച്ചു. 4th ട്രാവൻകൂർ ജി എസ് ബി പരിഷത്തിന്റെ പ്രസിഡന്റും , എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്രവിഭാഗം പ്രൊഫസറുമായ ശ്രീ ശ്രീനിവാസപൈ അവർകൾ സ്കൂളിന്റെ പ്രവർത്തനോത്ഘാടനും നിർവഹിച്ചു .
![](/images/thumb/4/45/20193609-043643_p0.jpg/600px-20193609-043643_p0.jpg)
അങ്ങനെ ഈ വിദ്യാഭ്യാസസ്ഥാപനം ഇന്നും ആദ്യകാല സ്കൂൾ എന്ന നിലയിൽ കായംകുളത്തിന്റെ ഹൃദയഭാഗത്തുതന്നെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ജാതി മത വർഗ്ഗചിന്തകൾ കൊടികുത്തി വാണിരുന്ന കാലം . ഒരു മനുഷ്യന്റെ മൗലികാവകാശങ്ങളിലുൾപ്പെട്ട "വിദ്യാഭ്യാസം ചെയ്യുവാനുള്ള അവകാശം" - പോലും ഹിന്ദുമത പിന്നോക്ക വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്നു ആ കാലഘട്ടത്തിലാണ് തൊട്ടുകൂടായ്‌മയും ദുരാചാരങ്ങളും സ്ഥാനം കൊടുക്കാതെ മനുഷ്യജാതി എന്ന പരിഗണന മാത്രം കൊടുത്തു സാർവത്രിക വിദ്യാഭ്യാസം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് 1926ൽ ഈ സ്കൂൾ നിലവിൽ വന്നത് .
![](/images/thumb/8/88/36048_DPI.jpg/450px-36048_DPI.jpg)
അന്നും ജാതി മത ചിന്തകൾക്കതീതമായി എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകിയിരുന്നു. പിന്നെയും പതിമൂന്ന് വര്ഷങ്ങള്ക്കു ശേഷം അതായത് 1939ൽ മാത്രമാണ് ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം നടന്നത്. അങ്ങനെ കായംകുളത്തെ ആദ്യകാല സ്കൂൾ എന്ന നിലയിലും ഏകോദരസഹോദര ഭാവത്തോടെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സ്കൂളെന്ന നിലയിൽ എന്ന് ഇതിന്റെ പേര് ചരിത്ര രേഖകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ ഈ സ്കൂളിന്റെ ആവിർഭാവം പെൺകുട്ടികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് വളരെ യധികം അനുഗ്രഹമായിത്തീർന്നു.
1952ൽ ശ്രീ വിഠോബാ സ്കൂൾ ഒരു ഹൈ സ്കൂളായി ഉയർത്തപ്പെട്ടു . മാനേജ്മെന്റ് തന്നെ ജീവനക്കാർക്കു ശമ്പളം കൊടുത്തു സ്ഥാപനം നിലനിർത്തേണ്ട ആദ്യകാലഘട്ടത്തിൽ കുട്ടികളിൽ നിന്നും ഒരു നിശ്ചിത ഫീസ് വാങ്ങിയായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. സാമ്പത്തികവും സാമുഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശ്രീ വിഠോബാ ദേവസ്വത്തിൽ നിന്നും ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും നൽകിയിരുന്നു . എന്നാൽ സ്കൂൾ വർഷത്തിൽ മാനേജ്മെന്റ് സ്കൂളുകൾ എയ്ഡഡ് സ്കൂളുകളായി സർക്കാർ അംഗീക്കരിച്ചതോടെ മാനേജ്മെന്റിന്റെ അധികബാധ്യതകൾ സ്കൂളിന്റെ പുരോഗമന കാര്യങ്ങൾക്കായി വിനിയോഗിച്ചു തുടങ്ങി.