ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ 1936 ൽ സംസ്കൃത വേദപാഠശാലയായാണ് ഈ വിദ്യാലയം ഉദയം ചെയ്യുന്നത് സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ പാഞ്ചജന്യം, ശ്രീവത്സം എന്നീ സ്ഥാപനങ്ങൾ നിലനിൽക്കുന്ന, കോവിലകം പറമ്പിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അത് സംസ്കൃതം എലിമെന്ററി ആയിമാറി.
സംസ്കൃത പണ്ഡിതനായിരുന്ന പരമേശ്വരശർമ്മയായിരുന്നു പ്രധാന അദ്ധ്യാപകൻ. സുബ്രഹ്മണ്യ ശാസ്ത്രികൾ, രാമചന്ദ്രഅയ്യർ തുടങ്ങിയവർ അവിടെ സംസ്കൃതം പഠിപ്പിച്ചിരുന്നു. പിന്നീട് കരുണാകരൻ മാസ്റ്റർ അവിടെ ജോലിക്കു ചേരുകയും സംസ്കൃതത്തിനുപുറമേ പുതുവിഷയങ്ങൾ പഠിപ്പിക്കാനും തുടങ്ങി.
1953 ൽ അഡ്വാൻസ് സ്കൂൾ എന്ന പേരിൽ ഇപ്പോഴത്തെ സത്രം ഈസ്റ്റ് ബ്ലോക്കിലെ ലൈബ്രറി കെട്ടിടത്തിലേക്ക് ഈ വിദ്യാലയം മാറി. 1957 ൽ ഈ വിദ്യാലയം എയ്ഡഡ് പദവിയിലെത്തി ധാരാളം കുട്ടികൾ ഇവിടെ ചേരാൻ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ 1961 ൽ ശ്രീകൃഷ്ണ സെക്കന്ററി സ്കൂൾ എന്ന പേരിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്നും പരമേശ്വര ശർമയായിരുന്നു പ്രധാന അദ്ധ്യാപകൻ .1980 കളിൽ നാല്പതോളം ഡിവിഷനുകളായി 2000 ത്തിലേറെ കുട്ടികളുമായി ഈ വിദ്യാലയം വളർന്നു. പുതിയ കെട്ടിടങ്ങളും ഓഡിറ്റോറിയവും ഒക്കെ ഗുരുവായൂർ ദേവസ്വം നിർമ്മിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ പ്രത്യേക താല്പര്യത്തിൽ സ്കൂളിൽ നല്ലൊരു ഗ്രൗണ്ടും മിനി സ്റ്റേഡിയവും നിർമ്മിച്ചു. അന്നത്തെ ഹെഡ് മിസ്ട്രസ് ആയിരുന്ന കെ.കോമളവല്ലിടീച്ചർ പ്രിൻസിപ്പാളായി, സ്കൂൾ ഹയർസെക്കന്ററി ആയി ഉയർത്തപ്പെട്ടു .സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിലായി അഞ്ച് ബാച്ച് അനുവദിച്ചു കിട്ടി. പിന്നീട് കമ്പ്യൂട്ടർ സയൻസും ലഭിച്ചു.
2000 ത്തിനു ശേഷം സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ വേണ്ടത്ര മെച്ചപ്പെടാതെയും പൊതുവെ പൊതു വിദ്യാലയങ്ങൾക്ക് ഏറ്റുകൊണ്ടിരിക്കുന്ന തിരിച്ചടിയുടേയും ഭാഗമായി കുട്ടികളുടെ എണ്ണം കുറഞ്ഞു.
ഈ സ്കൂളിലെ പഴയ കാല അദ്ധ്യാപകനായിരുന്ന 100 വയസ്സ് കഴിഞ്ഞ ശ്രീ നൊച്ചൂർ രാമചന്ദ്ര ശാസ്ത്രീകളിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ പഴയ കാല ചരിത്രം 2013 ൽ 10-ആം തരത്തിൽ പഠിക്കുമ്പോൾ യദുകൃഷ്ണൻ കെ എന്ന വിദ്യാർത്ഥിയാണ് അന്വേഷിച്ചു കണ്ടെത്തിയത്.
ഇന്ന് നാം കാണുന്ന ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രാഗ് രൂപം എന്തെന്നറിയുവാൻ ഏതാണ്ട് നൂറു ദശകങ്ങൾ പിന്നിട്ട് പോകേണ്ടതുണ്ട്. ഗുരുവായൂരും മറ്റും, മലബാർ എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രദേശത്തിലാണ് ഉൾപ്പെട്ടിരുന്നത്. മലബാറിന്റെ ഭരണ സിരാകേന്ദ്രം മദിരാശിയായിരുന്നു.
മദിരാശി സംസ്ഥാനത്തിലെ വിദ്യാഭ്യാസഭരണ വിഭാഗത്തിന് പൗരസ്ത്യഭാഷ പഠനത്തിന് പ്രത്യേകമായി ഒരു വകുപ്പുണ്ടായിരുന്നു. സംസ്കൃതഭാഷ പഠനത്തിന് പ്രത്യേകമായി സിലബസും വിദ്യാലയവും മലബാറിൽ പലയിടത്തും പ്രചരിച്ചുവന്നു. അക്കൂട്ടത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ സാമൂതിരി മഹാരാജാവിന്റെ പരിലാളനയേറ്റു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു. അഡ്വാൻസ്ഡ് സംസ്കൃത സ്കൂൾ എന്നായിരുന്നു ആ വിദ്യാലയത്തിന്റെ പേര്. ദേവസ്വം സംസ്കൃത സ്കൂൾ എന്ന പേരിലാണ് അത് നാട്ടിലറിയപെട്ടത്. 1913 ൽ സ്കൂളിന്റെ അഞ്ചാം വാർഷികത്തിൽ മഹാകവി വള്ളത്തോൾ കവിത അവതരിപ്പിച്ചതായി രേഖയുണ്ട്. അതുകൊണ്ടു തന്നെ ഈ സ്കൂൾ 1908 ൽ തുടങ്ങിയിരിക്കണം.
ഇന്നത്തെ സത്രപറമ്പിൽ ഈസ്റ്റ് ബ്ലോക്ക് നിൽക്കുന്ന സ്റ്റാളായിട്ടായിരുന്നു. വിദ്യാലയം സ്ഥിതിചെയ്തിരുന്നത്. സാഹിത്യ പ്രധാനമായ പഠനരീതിയാണ് അവലംബിച്ചിരുന്നത്. സിദ്ധരൂപം മുതൽക്കു കാവ്യവും, കാവ്യമീമാംസയും പഠിക്കുന്ന ശൈലിയാണ് അന്നുണ്ടായിരുന്നത്. സംസ്കൃതഭാഷയിൽ, ബിരുദപഠനത്തിനാവശ്യമായ അടിത്തറ ഉണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു ഈ വിദ്യാലയത്തിന്റെ ദൗത്യം. ഇത്തരം വിദ്യാലയങ്ങൾക്ക് Entrance Sanskrit School എന്നും പേര് പറഞ്ഞിരുന്നു.
ഈ സംസ്കൃത വിദ്യാലയത്തിൽ സംസ്കൃതം മാത്രമല്ല ഇംഗ്ലീഷ്, ചരിത്രം, മുതലായവയും പഠിപ്പിച്ചിരുന്നു. ഏതാണ്ട് പൗരസ്ത്യ ഭാഷാപഠനത്തിൽ Entrance പാസാവുന്നത് SSLC പാസാവുന്നതിനു
സമാനമായിരുന്നു.
ഈ വിദ്യാലയം എല്ലാ കൊല്ലവും വാർഷികം കേമമായി ആഘോഷിച്ചിരുന്നു. പ്രഗൽഭമതികളായ പലരും, ആ വാർഷികാഘോഷവേളയിൽ സന്നിഹിതരായിരുന്നു. സാഹിത്യ നായകന്മാരായ മഹാ മഹിമ ശ്രീ. രാമവർമ്മ അപ്പൻ തമ്പുരാൻ, വടക്കേപ്പാട്ടു നാരായണൻ നായർ ( വൈദ്യശാസ്ത്രപാരംഗതൻ മഹാകവി വള്ളത്തോൾ പുറ്റേഴത്ത് രാമൻമേനോൻ തുടങ്ങിയവർ അവരിൽ ചിലരാണ്. വാർഷികാഘോഷ വേളകളിൽ നാടകം നിഷ്കർഷയോടെ അവതരിപ്പിച്ചിരുന്നുവത്രേ. ചുരുക്കത്തിൽ ഗുരുവായൂരിന്റെ സാംസ്കാരിക രംഗത്തു വളരെ ശക്തമായി ഇടപെടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സർവ്വശ്രീ രവി നമ്പൂതിരി, പരമേശ്വര ശർമ്മ, നൊച്ചൂർ രാമചന്ദ്ര ശാസ്ത്രികൾ, സുബ്രമണ്യ ശാസ്ത്രി, കൊടയ്ക്കാട് വീട്ടിൽ കരുണാകരൻ നായർ തുടങ്ങിയവർ, ഈ വിദ്യാലയത്തിലെ പൂർവികരായ അധ്യാപകരിൽ ചിലരത്രെ. അവരിൽ ശ്രദ്ധിക്കപ്പെട്ടവരായിരുന്നു പ്രഥമസ്മരണീയനായ ഡോ. എം. എസ് മേനോൻ - വൈദ്യശാസ്ത്രത്തിലും ജ്യോതിഷത്തിലും പേരുകേട്ടവർ പലരുണ്ട്.
ഈ വിദ്യാലയം കോവിലകം പറമ്പിലേക്ക് മാറുമ്പോൾ അത് ഓറിയന്റൽ ഹൈ സ്കൂൾ ആയി മാറിയിരുന്നു. SSLC വരെയുള്ള ക്ലാസുകൾ എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന സിലബസ് എന്നിവ വിദ്യാലയത്തിന്റെ ഘടന തന്നെ മാറ്റിതീർത്തു. അന്ന് പ്രധാന അധ്യാപകനായി നിയുക്തനായത് ഗവ. ഹൈസ്കൂളിൽനിന്ന് റിട്ടയർ ചെയ്ത സദാശിവയ്യരായിരുന്നു. അദ്ദേഹമാണ് ഓഫീസിലും, ക്ലാസ്സുകൾക്കും, അധ്യാപനത്തിനുമൊക്കെ ഒരു ചിട്ട വരുത്തിയത്. 1953 ൽ അഡ്വാൻസ്ഡ് സ്കൂൾ എന്ന പേരിൽ ഇപ്പോഴത്തെ സത്രം ഈസ്റ്റ് ബ്ലോക്കിലെ ലൈബ്രറി കെട്ടിടത്തിലേക്ക് ഈ വിദ്യാലയം മാറി. 1957 ൽ എയ്ഡഡ് പദവിയിൽ എത്തി.
കോവിലകത്തെ സ്കൂളിന് തത്കാലിക സംവിധാനമ ഉണ്ടായിരുന്നുള്ളൂ. വിദ്യാലയം അവിടെനിന്നു മാറ്റി സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ ഒരു കെട്ടിടം പണിതു. അതാണ് മമ്മിയൂരിൽ ഇന്ന് സ്ഥിതി ചെയ്യുന്ന ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ. വിദ്യാലയം അവിടേക്കു മാറ്റിയതു 1961 ൽ ആണ്. സദാശിവയ്യർക്കു ശേഷം പ്രധാന അദ്ധ്യാപിക ആയതു സുശീല ബി നായരാണ്.
ഐക്യ കേരളം ഉടലെടുത്ത ആദ്യത്തെ തിരഞ്ഞെടുപ്പോടെ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭാ അധികാരത്തിൽ വന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലം, കെ ആർ ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്കരണ ബില്ലും വലിയ എതിർപ്പുകൾ ക്ഷണിച്ചുവരുത്തി. 1959 ലെ എതിർപ്പുകളെല്ലാം ഒരു വലിയ വിമോചന സമരമായി രൂപം പ്രാപിച്ചു അക്കാലത്ത് സ്വകാര്യ മാനേജർമാർ വിദ്യാലയങ്ങൾ നിരുപാധികം അടച്ചിട്ടപ്പോൾ കുറെ കുട്ടികൾ ഗുരുവായൂർ ശ്രീകൃഷ്ണയിൽ വന്നു ചേർന്നു. അത് വിദ്യാലയത്തിന്റെ ശുക്രദശയായിരുന്നു. തുടർന്നങ്ങോട്ടു ഈ വിദ്യാലയം അഭിവൃദ്ധിയുടെ വഴിയിലൂടെ ബഹുദൂരം സഞ്ചരിച്ചു.
ഓറിയെന്റൽ ഹൈ സ്കൂൾ ക്രമേണ സാധാരണ ഹൈ സ്കൂൾ ആയി. പിന്നീട് 1988 ൽ ഹയർ സെക്കന്ററി ആയ ഈ വിദ്യാലയം ഇന്ന് വൈവിധ്യ പൂർണമായ പ്രവർത്തനങ്ങളിലൂടെ ബഹുജനങ്ങൾ അംഗീകരിക്കുന്ന, ഇഷ്ടപ്പെടുന്ന വിദ്യാലയമായി മാറിയിരിക്കുന്നു. 2018-19 അധ്യയന വർഷത്തിലെ SSLC വിജയം നൂറ് ശതമാനമായതോടെ അക്കാദമിക നിലവാരം പൂർണതയിലെത്തി. ഏറെ കുറെ അവ്യക്തമായി കിടന്ന ഈ വിദ്യാലയത്തിന്റെ ചരിത്രമിപ്പോൾ തേടി കണ്ടെത്തി തന്നതു ഈ വിദ്യാലയത്തിൽ 1946 മുതൽ 1989 വരെ അധ്യാപകനായിരുന്ന, ഇന്ന് ഗുരുവായൂരിന്റെ സാംസ്കാരിക നായകനായ ശ്രീ. രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്ററാണ്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ കെ യദുകൃഷ്ണൻ, ഈ വിദ്യാലയത്തിലെ പഴയ കാല അധ്യാപകനായ ശ്രീ. നൊച്ചൂർ രാമചന്ദ്ര ശാസ്ത്രികളുമായി നടത്തിയ അഭിമുഖവും കുറെ വിവരങ്ങൾ ശേഖരിക്കുന്നതിനു സഹായകമായി.