വർഗ്ഗം:22015 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിതമൊരു പാഴ്കിനാവോ?


പച്ചയാര്‍ന്നൊരു ലോകമതു സ്വപ്നമാകുന്നുവോ ഹരിതമതു ഞാന്‍ കാണുന്ന പാഴ്ക്കിനാവോ എവിടെയെന്‍ ഹരിതമെ നിന്‍ പച്ച മടിയില്‍- തലവെച്ചുറങ്ങുവാന്‍ മോഹമെന്നില്‍.


നിന്‍ പച്ച മേനിയില്‍ ഇരുമ്പുകത്തി താഴുമ്പോള്‍ എന്തുകൊണ്ടോ പൊള്ളുന്നെന്‍ നെഞ്ചം അമ്മയായ് നീ ഉണ്ടായിരുന്നപ്പോള്‍ ഞാനറിഞ്ഞില്ല നോവതിന്‍ ഗന്ധം.


നിന്റെ വേരില്‍ ചോര പടര്‍ന്ന നാള്‍ എന്റെ നെഞ്ചില്‍ പൊടിഞ്ഞിത്തിരി നോവും ഹരിതമെ പറയൂ നീ മാഞ്ഞു പോകുന്നുവോ വസന്തമതു നിന്നില്‍ നിന്നകലെയാണോ.....


പൂവും പുല്‍ത്തടങ്ങളും നിനക്കന്യമാവുന്നുവോ മര്‍ത്ത്യനെല്ലാമിനി നിനക്കന്യമാക്കുന്നുവോ എന്തിനീ വേദന പേറി നീ തേങ്ങുന്നു അതുകൊണ്ടെനിക്കിനി തേങ്ങാതെയാകുമോ


നിന്നെയറിയുന്നു ഞാന്‍ തേങ്ങലറിയുന്നു ഞാന്‍ എന്‍ കരങ്ങള്‍ നിനക്കു രക്ഷയായ് മാറണം.... അറിയില്ല ഹരിതമെ ഒരു ചെറുപാഴ്ക്കിനാ- വെന്നപോലെ നീ അകലുമോയെന്ന്.....


എല്ലാമെന്‍ സ്വപ്നമാകാതിരിക്കട്ടെ ഹരിതമൊരു പാഴ്കിനാവാകാതിരിക്കട്ടെ കണ്ണുനീര്‍ തൊട്ടു നീ കുഴിച്ചിട്ട സ്വപ്നങ്ങള്‍ ഭൂമിയില്‍ പച്ചയായ് മുളച്ചിടട്ടെ.......

ശ്രീലക്ഷ്മി വി എസ് ഒമ്പത് ബി


ഹരിതവൃന്ദാവനം


ഭൂമി എത്ര ശാലീനസുന്ദരി പച്ചപ്പുതപ്പണിഞ്ഞവള്‍ സൂര്യന്റെ ചുട്ടുപൊള്ളുന്ന രശ്മികളെ അതിജീവിക്കുന്നു, അവളുടെ ശ്വാസകോശങ്ങളാകുന്നു കാടുകള്‍ സിരകളിലെ രക്തമാകുന്നു പുഴകളും തടാകവും സമുദ്രങ്ങളും കായലും കുളങ്ങളും.


പച്ചപ്പരവതാനി വിരിച്ച പോലെ അറ്റം കാണാതെ നീണ്ടുനിവര്‍ന്നു കിടക്കുന്ന നെല്‍വയലുകള്‍, സ്വന്തം നിറംകൊണ്ടു ഭൂമിയെ ചായം പൂശുന്ന പൂക്കളോ അതിലേറെ സുന്ദരം!


സ്വന്തം പെറ്റമ്മയെ കൊല്ലുന്ന മനുഷ്യര്‍ക്ക് ജന്മം നല്‍കിയ ഹതഭാഗ്യഭൂമി ഭൂമിയെന്ന വൃന്ദാവനത്തിനെ മരുഭൂമിയായ് മാറ്റുന്ന മനുഷ്യര്‍!


കുന്നും മലയും കാടുകളും പൂഴകളും തടാകങ്ങളും ജീവവായുവും ജീവജാലങ്ങളും ചേരുന്ന ഭൂമിയൊരു ഹരിതവൃന്ദാവനം.



ജീവേഷ് സി ബി എട്ട് എ






ആധുനിക സമൂഹത്തില്‍ സ്ത്രീയുടെ സുരക്ഷിതത്വം


ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ സുരക്ഷിതയാണോ? തീര്‍ച്ചയായും അല്ല. ഓരോ വഴിവീഥിയിലും സ്ത്രീകള്‍ക്കായ് കഴുകന്‍മാരെപോലെ കരുക്കള്‍ നീക്കി കാത്തിരിക്കുന്ന ഒരു സമൂഹത്തിലാണ് ഇന്ന് നാം. തനിക്ക് ജനിക്കുന്നത് ഒരു പെണ്‍കുഞ്ഞാണെന്നു കേള്‍ക്കുമ്പോള്‍ അവളെ ഇനി ഏത് വെളിച്ചത്തിലേക്കാണ് കണ്‍മിഴിപ്പിക്കേണ്ടത് എന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍. വഴിയോരക്കണ്ണുകള്‍ തന്നെ ഉറ്റുനോക്കുന്നുണ്ടോ എന്നാണ് ഒറ്റക്ക് പുറത്തിറങ്ങി നടക്കുന്ന ഓരോ പെണ്ണിന്റേയും മനസ്സ് വ്യാകുലപ്പെടുന്നത്. എന്തിന് പുറത്തിറങ്ങുന്നതിനെക്കുറിച്ച് പറയണം? സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ല ഇന്ന് സ്ത്രീ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈയിടെ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ. മാധ്യമങ്ങളില്‍ നാം കേള്‍ക്കുന്ന ഓരോ വാര്‍ത്തകളും പെണ്‍മക്കളുള്ള മാതാപിതാക്കളില്‍ സൃഷ്ടിക്കുന്നത് പ്രളയം തന്നെയാണ്. പണ്ടെല്ലാം അച്ഛനമ്മമാര്‍ക്ക് കല്യാണ പ്രായമായ പെണ്‍മക്കളെ പുറത്തുവിടാനും മറ്റുമായിരുന്നു പേടി. എന്നാല്‍ ഇന്ന് ഏതു പ്രായമായാലും പെണ്‍കുഞ്ഞാണെങ്കില്‍ മാതാപിതാക്കള്‍ക്ക് പേടിയാണ്. കൊച്ചുകുഞ്ഞിനെ പോലും ഇന്നത്തെ കഴുകന്‍മാര്‍ വെറുതെ വിടുന്നില്ല. എന്തിന് കൊച്ചുകുഞ്ഞുങ്ങള്‍? ഈയിടെ മാധ്യമങ്ങളില്‍ വിവാദമായ ഒരു വാര്‍ത്തയാണ് തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു എന്നത്. ആധുനിക സമൂഹത്തിലെ സ്ത്രീയുടെ സുരക്ഷ എത്രമാത്രമാണ് എന്ന് അതില്‍ നിന്നു തന്നെ മനസ്സിലാക്കാം. സ്വന്തം അച്ഛനാലും സഹോദരനാലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുമുണ്ട്. സ്ത്രീശരീരത്തെ സൗന്ദര്യവസ്തുവായി കാണുന്ന സമൂഹമാണ് നമ്മുടേത്. കുഞ്ഞുങ്ങളെ പ്രസവിച്ച് ആണിന്റെ കീഴില്‍ ഒതുങ്ങിക്കൂടാന്‍ മാത്രമാണ് സ്ത്രീയെന്നാണ് ഇന്നും ചിലരുടെ ധാരണ. അതാണ് ആദ്യം മാറേണ്ടത്.

സ്ത്രീ ഒരമ്മയാണ്. നമുക്ക് ജന്മം തന്ന ജനനി. ജനനി സ്വര്‍ഗ്ഗാതപി ഗരീയസി എന്നാണ് ഭാരതസംസ്കാരം നമ്മെ പഠിപ്പിച്ചത്. അമ്മ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന്. ഈ ലോകത്ത് ഇന്ന് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ എത്രയാണ് എന്നുള്ളതിന് കണക്കില്ല. ഒരു ദിവസം ഒരു കുടുംബത്തിലെ ഒരു സ്ത്രീടെങ്കിലും ചൂഷണം ചെയ്യപ്പെടുന്നു. ഓരോ സ്ത്രീകളും ലോകത്തിന്റെ അഭിമാനമായി മാറേണ്ടവരാണ്. കഴുകന്മാരാല്‍ കൊത്തിപ്പറിക്കപ്പെട്ട് ഇല്ലാതാകേണ്ടവയല്ല സ്ത്രീജീവിതങ്ങള്‍. ബാല്യമായാലും, കൗമാരമായാലും, യൗവ്വനമായാലും, വാര്‍ദ്ധക്യമായാലും ഇന്നത്തെ കഴുകന്മാര്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ വലവീശിപ്പിടിക്കുന്നു.

സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും അവകാശമില്ലാതിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവകാശം മാത്രമല്ല, സുരക്ഷിതത്വവുമില്ല. ട്രെയിനിലും മറ്റും സ്ത്രീകളേളെ ദ്രോഹിക്കപ്പെടുന്നു. സ്ത്രീകള്‍ക്കു മാത്രമായി ഒരു ചെറിയ കമ്പാര്‍ട്ടുമെന്റു മാത്രമാണുള്ളത്. എന്നാല്‍ അവിടെ പോലും സ്ത്രീ സുരക്ഷിതയല്ല. ഓരോ നിമിഷവും അവള്‍ മറ്റാരുടെയൊക്കെയോ നിരീക്ഷണത്തിലാണ്. ആരൊക്കെയോ അവളെ പിന്തുടരുന്നുണ്ട് എന്നതാണ് യഥാര്‍ത്ഥസത്യം.

വീടിന്റെ നാലു കോണുകള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിക്കാന്‍ സ്ത്രീയെ നിര്‍ബ്ബന്ധിക്കരുത്. എന്നാല്‍ അങ്ങനെ ആയിത്തീരുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ വര്‍ധിക്കുന്നതുകൊണ്ടും, അവര്‍ക്കീ ലോകം സുരക്ഷിതമല്ലാത്തതുകൊണ്ടുമാണ്. സ്ത്രീ സുരക്ഷ ഇന്നത്തെ സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളി തന്നെയാണ്.

പ്രണയം നടിച്ച് പ്രാവുകളെ പോലെ സ്ത്രീകളെ പറത്തികൊണ്ടുപോകുന്ന പുരുഷന്മാര്‍, പിന്നീട് കഴുകന്മാരായിത്തീര്‍ന്ന് അവരെ കൊത്തിപ്പറിക്കുന്നു. ചിറകു വിടര്‍ത്തി പറന്നു തുടങ്ങുന്ന പ്രായത്തില്‍ തന്നെ അവളുടെ ചിറകൊടിച്ചിടുകയാണ് ഇന്നത്തെ സമൂഹം. പിന്നീട് നിലത്തു കിടന്നിഴയുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗം അവള്‍ക്കില്ല. സ്ത്രീസുരക്ഷക്കും മറ്റുമായി നിരവധി പേര്‍ മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ കൂടുകയല്ലാതെ കുറയുന്നില്ല. സുരക്ഷയ്ക്കായി പോരാടുന്നവര്‍ പോലും പലപ്പോഴും ഇരകളായിപ്പോകുന്നു. സൗന്ദര്യം പോലും ഇന്നത്തെ പുരുഷന് പ്രശ്നമല്ല. സ്ത്രീയാണെങ്കില്‍ അവള്‍ തന്റെ ഇരയാണെന്ന മനോഭാവമാണ് അവരുടേത്. വലിയ വലിയ നിയമങ്ങളൊക്കെ ഉണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് ഇപ്പോള്‍ എന്ത് ശിക്ഷ ലഭിച്ചു? കൂടി വന്നാല്‍ ഏഴോ പതിനാലോ വര്‍ഷം. പിന്നീടെന്ത് നഷ്ടം അവര്‍ക്ക്. എന്നാല്‍ നഷ്ടപ്പെടുന്നത് ഇരയായ പെണ്‍കുട്ടിയുടെ ജീവനാണ്. തക്കതായ ശിക്ഷയില്ലായ്മയാണ് പിന്നീടും കഴുകന്മാരെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ നിര്‍ത്തലാക്കിയില്ലെങ്കില്‍, വരും നാളുകളില്‍ ഭൂമിയില്‍ മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും?

ഇനിയൊരു ജിഷയോ, അഭയയോ, സൗമ്യയോ ഉണ്ടാവാതിരിക്കാന്‍, സ്ത്രീസുരക്ഷക്കായി ഓരോരുത്തരും മുന്നിട്ടിറങ്ങണം. സ്ത്രീസുരക്ഷ ആധുനിക സമൂഹത്തില്‍ ഉറപ്പാക്കണം.


ശ്രീലക്ഷ്മി വിഎസ് ഒമ്പത് ബി








മധുരമീ പൂക്കാലം


പൂക്കാലം വന്നെത്തീ ലില്ലീപ്പൂവേ, പൂക്കുവാനായ് നീ ഒരുങ്ങിയില്ലേ? എന്താ മുഖത്തൊരു ദുഃഖഭാവം? നിന്നിലിനിയും പൂന്തേന്‍ നിറഞ്ഞില്ലെന്നോ പൊന്‍തുമ്പികള്‍ പാറി വന്നില്ലെന്നോ


പിന്നെന്തിനാണു നിന്റെ ദുഃഖം? നിനക്കു കൂട്ടായിവിടാരുമില്ലെയെന്നോ? ആരു പറയുന്നൂ നിനക്കു കൂട്ടില്ലെന്ന് റോസയും മുല്ലയും മന്ദാരവും പുഞ്ചിരിത്തേനുമായ് കാത്തിരിപ്പൂ.


പൂക്കാലം വന്നെത്തി ലില്ലിപ്പൂവേ നിരനിരയായ് പൂക്കള്‍ നീ കാണുന്നില്ലേ? നിന്നുടെ ദുഃഖങ്ങള്‍ മാറ്റിവെക്കൂ നിന്‍ഭംഗിയിവരെല്ലാം കണ്ടിട്ടെ!


പൂക്കാലം വന്നെത്തി ലില്ലിപ്പൂവെ പൂക്കാലം വന്നെത്തി ലില്ലിപ്പൂവെ.

അഗ്നിറ്റ ടോണി ഏഴ് ബി






വൈകിയെത്തിയ മഴ


തുലാവര്‍ഷക്കാലം. പക്ഷെ മഴയെവിടെ? വരള്‍ച്ചയില്‍ പൊരിയുന്നു സുവര്‍ണ്ണപുരം. പ്രാര്‍ത്ഥനയും വഴിപാടുമായി ജനങ്ങള്‍ വലയുന്നു. രാജാവ് അതീവദുഃഖിതനാണ്. എല്ലാ പഴിയും അദ്ദേഹത്തിനു നേരെയാണല്ലൊ! അവസാനം അദ്ദേഹം ഒരു വിളംബരം നടത്തി. മഴ പെയ്യിക്കുന്നവര്‍ക്ക് ആയിരം പൊന്‍പണം! പക്ഷെ എന്തു ഗുണം? എല്ലാ ശ്രമങ്ങളും വ്യര്‍ത്ഥമായി.

രാജാവ് രാജഗുരുവിനെ കണ്ടു. അദ്ദേഹം രാജാവിനോടന്വേഷിച്ചുഃ "കൊട്ടാരത്തിന് പടിഞ്ഞാറു ഭാഗത്തെ അരയാല്‍ ഇപ്പോഴും അവിടെയുണ്ടോ?”

"ഇല്ല, ഗുരോ. അതല്ലെ, നൃത്തമണ്ഡപം പണിയാന്‍ മുറിച്ചുമാറ്റിയത്?”

രാജഗുരു അസ്വസ്ഥനായി. "അതിനുമുമ്പെ, അങ്ങെന്നെ അറിയിക്കാഞ്ഞതെന്ത്?”

"ഗുരോ അങ്ങ് ഏകാന്ത തപസ്സിലായിരുന്നു. ശല്യപ്പെടുത്തുന്നത് ശരിയെന്നു തോന്നിയില്ല.”

"എന്നെ ശല്യം ചെയ്യുന്നതായിരുന്നു നല്ലത്. പോട്ടെ. ഇനി അവിടെ എത്രയും പെട്ടന്ന് ഒരു അരയാല്‍ വെച്ചു പിടിപ്പിക്കൂ. അത് ജലദേവതയുടെ വാസസ്ഥലമായിരുന്നു. ജലദേവത വീണ്ടും വന്ന് നമ്മെ അനുഗ്രഹിക്കാതിരിക്കില്ല.”

പുതിയ അരയാല്‍ ആചാരപൂര്‍വ്വം നട്ടുപിടിപ്പിക്കാന്‍ സുവര്‍ണ്ണപുരം രാജാവ് വൈകിച്ചില്ല. കരിമേഖങ്ങള്‍, വൈകിയാണെങ്കിലും സുവര്‍ണ്ണപുരത്തിന്റെ ആകാശത്ത് ഉരുണ്ടുകൂടി. ജനങ്ങള്‍ ആഘോഷനൃത്തമാടി.


അല്‍ന സാബു ഏഴ് എ



ആധുനിക സമൂഹവും സ്ത്രീ സുരക്ഷിതത്വവും

ആധുനികസമൂഹത്തില്‍ സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്? എവിടേയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും അനീതികളും! ഓരോ സ്ത്രീ ജീവിതം പൊലിയുമ്പോഴും നിയമങ്ങള്‍ വെറും നോക്കുകുത്തികളാകുന്നു. കുറ്റവാളികള്‍ സുഖമായി വാഴുന്നു. നഷ്ടപ്പെടുന്നത് സമൂഹത്തിലെ സ്ത്രീകളുടെ സ്വപ്നങ്ങള്‍! ദിനം തോറും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടി വരികയാണ്. ഒരു കാലത്ത് സ്ത്രീകളെ അമ്മയായി കണ്ടിരുന്ന സമൂഹം ഇന്ന് സ്ത്രീകളെ പിച്ചിച്ചീന്തുന്നു. എവിടേയും അവള്‍ സുരക്ഷിതയല്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഫലപ്രദമായ നിയമങ്ങളില്ല. എങ്ങും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍. എല്ലാ മേഖലകളിലും സ്ത്രീകള്‍ ശോഭിച്ചുനില്‍ക്കുമ്പോഴും, അതിലേറെ സ്ത്രീകള്‍ സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങള്‍ക്ക് അടിമകളാകുന്നു.

എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പുരുഷനോടൊപ്പം തന്നെ സ്ത്രീ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഇന്ന് സ്ത്രീകള്‍ കൈവെക്കാത്ത ഒരു മേഖലയുമില്ലെന്നു തന്നെ പറയാം. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു ചെറുസമൂഹം ഇന്നും നിലനില്‍ക്കുന്നുണ്ട്. എങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വേണ്ടപോലെ ചോദ്യം ചെയ്യപ്പെടുകയോ, അവക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുകയോ ചെയ്യുന്നില്ല. അത് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ആധികാരികതയെ ചോദ്യം ചെയ്യാനിടയാക്കുന്നു.

നമുക്കൊരു പുതു സമൂഹം ആവശ്യമാണ്. സ്ത്രീയുടെ മഹത്വമറിയുകയും അവളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ഒരു പൊതു സമൂഹം. അത് സ്ത്രീക്കെതിരായ ഒരു ചെറുവിരലനക്കം പോലും അനുവദിക്കാത്ത ഒന്നായിരിക്കണം. സ്ത്രീജീവിതസുരക്ഷിതത്വമാണ് ഒരു സമൂഹത്തിന്റെ നന്മയുടെയും സംസ്കാരത്തിന്റേയും അളവുകോല്‍. ആ അളവുകോലിന്റെ കണക്കുകള്‍ ഇന്നത്തെ ഭാരതീയസമൂഹത്തിന്റെ അവസ്ഥ ശോചനീയമാണ് എന്ന് തെളിയിക്കുന്നു. നമുക്കിനിയെങ്കിലും വീണ്ടുവിചാരം നടത്തേണ്ട കാലമായിരിക്കുന്നു. സ്ത്രീ രാജ്യത്തിന്റെ അഭിമാനമാണ്. അവള്‍ പരിപൂര്‍ണ്ണ സംരക്ഷണം അര്‍ഹിക്കുന്നവളാണ് എന്ന ബോധം നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരാന്‍ നമുക്ക് പ്രവര്‍ത്തിക്കാം.


അമൃത കെ ബി പത്ത് ബി


ആധുനികസമൂഹത്തില്‍ സ്ത്രീ


കുടുംബത്തില്‍ അനുസരയുള്ള മാതാവും അടുക്കളക്കാരിയുമായും, അച്ചടക്കമുള്ള മകളും സഹോദരിയുമായും അടങ്ങിടയൊതുങ്ങിക്കഴിയുക എന്ന പാഠമാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. സമൂഹത്തിലും അതേപോലെ ഒതുങ്ങിക്കൂടുക എന്നതുമാത്രമാണ് അവള്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പുരുഷനോടൊപ്പം തന്നെയോ അല്ലെങ്കില്‍ അതിലേറെയോ, എല്ലാ മേഖലകളിലും ശോഭിക്കാനും വിജയം നേടാനും കഴിവുള്ളവളാണ് സ്ത്രീ. എന്നാല്‍ അവളുടെ കഴിവുകള്‍ പ്രകടമാക്കാന്‍ സമൂഹം അനുവദിക്കുന്നില്ല. സാമൂഹികമായ അക്രമങ്ങളിലൂടെ അവളുടെ ശക്തിയും ധൈര്യവും ചോര്‍ത്തിക്കളയുകയാണ് സമൂഹം ചെയ്യുന്നത്.


ഇന്നത്തെ സമൂഹം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഒരു കൂത്തരങ്ങായിരിക്കുന്നു എന്നു പറയാം. എവിടേയും അവള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം ഭീതിജനകമാണ് അവള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍. എന്നാല്‍ അതിനെ ഉന്മൂലനം ചെയ്യാന്‍ നമ്മുടെ ശിക്ഷാവിധികള്‍ക്കോ നിയമങ്ങള്‍ക്കോ കഴിയുന്നില്ല താനും. നമുക്കൊരു പരിഹാരം ആവശ്യമാണ്.


കുടുംബശ്രീ പദ്ധതികളും സ്ത്രീ ശാക്തീകരണ പദ്ധതികളും ഈ ദിശയില്‍ ഒരു മുന്നേറ്റം കൈവരിക്കാന്‍ സഹായകമാക്കാവുന്നതാണ്. ഇങ്ങനെയുള്ള സ്ത്രീ കൂട്ടായ്മകളില്‍ സ്ത്രീ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവക്ക് പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുകയും വേണം. ചുരുങ്ങിയത് അതാത് പ്രദേശങ്ങളിലെ സ്ത്രീ പ്രശ്നങ്ങളെങ്കിലും പരിഹരിക്കാന്‍ ഈ കൂട്ടായ്മകള്‍ക്ക് കഴിയണം. അത് ഒരു ബൃഹത് പദ്ധതിയായി വികസിക്കുകയാണെങ്കില്‍ സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടച്ചുനീക്കാന്‍ നമുക്കു കഴിയും.


സ്ത്രീ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് സ്ത്രീസുരക്ഷിതത്തോടൊപ്പം ഭാരതത്തിന്റെ ഭാവിയും പഴയ പ്രതാപവും സമുന്നതമാക്കുമെന്ന് നമുക്കാശിക്കാം.


ഐശ്വര്യ കെ യു പത്ത് ബി



പരിസ്ഥിതി സംരക്ഷണത്തില്‍ കുട്ടികള്‍


ഇന്നത്തെ കുട്ടികള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ തല്പരരാണോ? അതോ കമ്പ്യൂട്ടര്‍ ലോകത്തോ? ഫേസ്ബുക്കും വാട്ട്സപ്പും അവരെ കീഴടക്കിയിരിക്കുന്നു. മരങ്ങള്‍ മുറിച്ചും കുന്നുകള്‍ നിരത്തിയും മനുഷ്യര്‍ പ്രകൃതിയെ കാര്‍ന്നുതിന്നുന്നത് അവര്‍ അറിയുന്നുണ്ടോ? സ്വന്തമായതെല്ലാം മറ്റുള്ളവര്‍ക്ക് വാരിക്കോരി നല്‍കുന്ന ആ നല്ല ഭൂമാതാവിനെ നാം ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ഭൂമിയില്‍ ജീവിക്കുന്ന നാം തന്നെ അതിനെ നശിപ്പിക്കുന്നു.

കുട്ടികള്‍ക്ക് പരിസ്ഥിതിസംരക്ഷണത്തില്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യാനാവും. നമ്മുടെ മാതാപിതാക്കളാണ് മരം മുറിക്കുന്നവരും കുന്നുകള്‍ നികത്തുന്നവരും. അവരോട് സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ നമുക്ക് കഴിയും. മരങ്ങള്‍ മഴ കൊണ്ടു വരികയും, മഴ പുഴയായി മാറുകയും, പുഴ കൃഷിക്കും വെള്ളത്തിനും വഴിയൊരുക്കുന്നതും നമുക്കവരെ ബോധ്യപ്പെടുത്താം. അവര്‍ക്കതറിയാത്തതല്ല. എങ്കിലും സാഹചര്യങ്ങള്‍ അവരെ പ്രേരിപ്പിക്കുകയാണ്. പ്രകൃതിയെ അവരില്‍ നിന്നും രക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്.

പഴയ തലമുറയിലെ ആളുകള്‍ അവര്‍ക്കാവശ്യമായ അരിയും പച്ചക്കറികളും സ്വയം കൃഷിചെയ്യുകയായിരുന്നു. അതിന് അവര്‍ക്ക് അവരുടെ കുട്ടികളുടെ സഹായവും ഉണ്ടായിരുന്നു. ഇന്ന് നമുക്ക് ലഭിക്കുന്നത് കേരളത്തിനു പുറത്ത് വിഷാംശം കൂടുതലായി ചേര്‍ത്ത് കൃഷി ചെയ്ത പച്ചക്കറികളാണ്. കൃഷിയോട് താല്പര്യം വരുന്നത് തന്നെ പ്രകൃതിയോടുള്ള താല്പര്യമായി മാറും. പ്രകൃതിയെ സംരക്ഷിക്കാന്‍ അപ്പോള്‍ നാം സന്നദ്ധരാവും.

ഇന്ന് സ്ക്കൂളുകളില്‍ പരിസ്ഥിതി-കാര്‍ഷികക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപകമാണ്. അവയില്‍ പങ്കാളികളായിക്കൊണ്ട് നമുക്ക് പരിസ്ഥിതി സംരക്ഷണത്തേയും കൃഷിയേയും പ്രോത്സാഹിപ്പിക്കാം. നല്ലൊരു നാളേക്കായി നമുക്ക് പരിശ്രമിക്കാം. നല്ലൊരു പരിസ്ഥിതിക്കായി നമുക്കു കൈകോര്‍ക്കാം. പരിസ്ഥിതിയെ സ്നേഹിച്ച് നമുക്ക് നമ്മുടെ ഭാവി ശോഭനമാക്കാം.


അല്‍ന സാബു ഏഴ് എ



പരിസ്ഥിതിസംരക്ഷണം കുട്ടികളിലൂടെ


ഇന്നത്തെ കാലത്ത് പുതിയ തലമുറ പരിസ്ഥിതി സംരക്ഷണത്തില്‍ ഉത്തരവാദിത്ത ബോധമില്ലാത്തവരാണ്. എല്ലാവരും പ്രകൃതിയെ മലിനമാക്കുമ്പോള്‍ അവരും അവരുടെ പങ്ക് നിര്‍വ്വഹിക്കുന്നു. നദികളിലും തടാകങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ ആരും തെറ്റുകാണുന്നില്ല.

നാം കുട്ടികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവണം. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമാണ്. അവിടെത്തന്നെ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. അതിനുവേണ്ടി ജനങ്ങളെ ബോധവാന്മാരാക്കണം.

പണ്ട് നമ്മുടെ ഗ്രാമങ്ങളോടനുബന്ധിച്ച് ഒന്നോ രണ്ടോ പാടങ്ങളുണ്ടായിരുന്നു. അവയിലൂടെ ഒഴുകുന്ന ചെറിയ തോടുകളും, നിറഞ്ഞ കുളങ്ങളും, പച്ചവിരിച്ചു കിടക്കുന്ന നെല്‍കൃഷിയും ഒക്കെയായി മനോഹരമായിരുന്നു അന്ന് ഗ്രാമങ്ങള്‍. ഇന്നു പക്ഷെ, കുളങ്ങളും വയലുകളും എല്ലാം നികത്തി, അവിടെ വലിയ വലിയ ഫ്ലാറ്റുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ആ ഫ്ലാറ്റുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ പോലുമുള്ള സംവിധാനങ്ങളില്ല.

കാടുകളും മരങ്ങളും നശിപ്പിക്കുന്നതാണ് പ്രകൃതിക്കേല്‍ക്കുന്ന മറ്റൊരു ആഘാതം. മനുഷ്യര്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി കാടും കടലും നശിപ്പിക്കുമ്പോള്‍, എത്രയോ ജീവജാലങ്ങളാണ് നശിച്ചുപോകുന്നത്! അതിനോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ ഭീഷണിയിലാവുന്നു.

മാലിന്യങ്ങള്‍ ശരിയായ വിധത്തില്‍ നീക്കം ചെയ്യുന്നതിനോടൊപ്പം മരങ്ങളും ചെടികളും വെച്ചു പിടിപ്പിച്ച് ഭൂമിയുടെ മനോഹാരിത തിരിച്ചു കൊണ്ടുവരാനും, അതോടൊപ്പം പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാനും നാം കുട്ടികള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. പരിസ്ഥിതി ക്ലബ്ബുകളും കാര്‍ഷിക ക്ലബ്ബുകളും നമുക്കതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നവയാണ്. നാം അവയില്‍ പങ്കാളികളായി നമ്മുടെ കടമ നിര്‍വ്വഹിക്കണം.


അലീന സി വി ഏഴ് എ


പൂക്കാലം

വരവായ് ............ പൂക്കാലം മാനത്തുദിച്ചോരമ്പിളി പോലെ തളിരിന്‍ തരുണതയായീ പൂക്കാലം.

വരവായ് വാനില്‍ വര്‍ണ്ണശലഭങ്ങള്‍ വര്‍ഷിക്കുന്നു പ്രകൃതി നമുക്കായ് വരവായ് പൂക്കാലം.

ഒരുങ്ങിയില്ലെ ചമ്പകമേ, നിന്‍ പാല്‍നിലാവിന്‍ നിറമേലും പൂക്കളുമായ് നറുമണമേകാന്‍ നീ...

പുഞ്ചിരി തൂകും പിഞ്ചോമനയായ് വന്നെത്തുക നീ താമരമലരേ...

മധുരക്കിനാവുപോലൊ- രോര്‍മ്മയായ് പൂക്കാലം വീണ്ടുമൊരിക്കല്‍ നീ വരുമെങ്കില്‍.

വരവായ് പൂക്കാലം തളിരിടുകയായ് പൂക്കാലം.

എന്‍ ജീവിതവാടിയിലിനിയും വജ്രത്തിളക്കമായെത്തുക നീ..

വെറും സ്വപ്നമായ് മാറാതെ നീയെന്‍ പൂക്കാലമേ...... വീണ്ടും വരിക നീ പൂക്കാലമേ!

ദേവിക കെ എസ് ഏഴ് സി



പരിസ്ഥിതി


കുട്ടികളിലൂടെയാണ് ഇനി പരിസ്ഥിതി സംരക്ഷിക്കപ്പെടാന്‍ പോകുന്നത്. മുതിര്‍ന്നവര്‍ വലിയ കാറുകളിലും വന്‍ കെട്ടിടങ്ങളിലും ആനന്ദം കണ്ടെത്തുമ്പോള്‍, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം കുട്ടികളിലൂടെയാണ് ലോകം മനസ്സിലാക്കേണ്ടത്.

മുതിര്‍ന്നവര്‍ കാടുവെട്ടി നശിപ്പിക്കാനും, പാടങ്ങള്‍ നികത്താനും, ജലാശയങ്ങള്‍ മാലിന്യമാക്കാനും നികത്താനും, പുഴകള്‍ മണല്‍ വാരി വറ്റിക്കാനും മുന്‍കൈ എടുക്കുമ്പോള്‍ എല്ലാറ്റിനും രക്ഷയാവേണ്ടത് കുട്ടികളുടെ കൈകളാണ്.

വിദ്യാലയങ്ങളിലും വീടുകളിലും കൃഷി ചെയ്ത് കുട്ടികള്‍ ഒരു കൃഷിയുടെ സംസ്കാരം വളര്‍ത്തണം. അതില്‍ നിന്നു ലഭിക്കുന്ന പച്ചക്കറികളും വിളകളും വീട്ടാവശ്യത്തിനും കൂടുതലുള്ളത് വില്‍ക്കാനും സാധിച്ചാല്‍, ഏവര്‍ക്കും വിഷരഹിതമായ ഭക്ഷണം ലഭ്യമാകും. കൃഷിയുടെ ആവശ്യം അങ്ങനെ മുതിര്‍ന്നവര്‍ക്ക് ബോധ്യപ്പെടും. കൃഷിയിടങ്ങള്‍ തരിശിടാതിരിക്കാനും നികത്താതിരിക്കാനും അത് അവര്‍ക്ക് പ്രചോദനമാവും. സ്ക്കൂളുകള്‍ മരങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിച്ച് മനോഹരമാക്കുമ്പോള്‍, അത് അന്തരീക്ഷം ശുദ്ധവും തണുപ്പുള്ളതുമാക്കും. അത് കാണാനിട വരുന്ന മാതാപിതാക്കളും മറ്റു ചുറ്റുപാടുമുള്ള ആളുകളും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കും. മരത്തൈകളും ചെടികളും പരിസരത്തുള്ള വീട്ടുകാര്‍ക്ക് നല്‍കി അവ പരിപാലിച്ചു വളര്‍ത്താന്‍ അവരെ പ്രോത്സാഹിപ്പിക്കണം.

കുട്ടികള്‍ ഒരു മരം പോലും മുറിക്കപ്പെടാതിരിക്കാന്‍ അവരാലാവും വിധം ശ്രമിക്കണം. വെച്ചു പിടിപ്പിക്കുന്ന മരങ്ങള്‍ക്ക് സമയാസമയം വെള്ളവും സംരക്ഷണവും നല്കാന്‍ തയ്യാറാവണം.

നമ്മുടെ ഭൂമി മുടിയാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ജല ക്ഷാമം, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍, അസഹ്യമായ ചൂട് എന്നിവ അതിന്റെ ലക്ഷണങ്ങളാണ്. അവയില്‍ നിന്നെല്ലാം രക്ഷ നേടാന്‍ പ്രകൃതി സംരക്ഷണമല്ലാതെ വേറൊരു വഴിയില്ല.


ജയരാജ് എം കെ ഏഴ് ബി



മഴയില്ലെങ്കില്‍


കര്‍ക്കികടമടുത്തു. പിന്നെയും പിന്നെയും മഴ. രാമുവിന്റെ കൃഷിയിടം നശിച്ചു. വാഴകള്‍ ഒടിഞ്ഞു. നെല്‍കൃഷി മുങ്ങിപ്പോയി. അവന്‍ മഴയെ ശപിക്കുകയും പഴിക്കുകയും ചെയ്തു. കൃഷിയില്‍ താല്പര്യമില്ലാതായി. തുലാവര്‍ഷം കഴിഞ്ഞപ്പോള്‍ മഴ കുറഞ്ഞു. ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും രാമു വീണ്ടും കൃഷിക്കൊരുങ്ങി.


പക്ഷെ വേനല്‍ അവനെ ചതിച്ചു. കൃഷിയെല്ലാം വെള്ളമില്ലാതെ വരണ്ടുണങ്ങി. അവന്‍ മഴയുണ്ടായിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി. അപ്പോള്‍ അവനു തോന്നി, മഴയും വെയിലും കാറ്റും പ്രകൃതിയിലുള്ളതെല്ലാം വേണം. നാം നമ്മുടെ ഇഷ്ടത്തിന് ഓരോന്നിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കുറ്റബോധത്തോടെ അവന്‍ രാത്രി ഉറങ്ങി.


രാവിലെ ചെറിയ മഴയുടെ ആരവം കേട്ട് അവന്‍ ഉണര്‍ന്നു. പുറത്തേക്ക് ജനലിലൂടെ അവന്‍ നോക്കി. നല്ല മഴ പെയ്തു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. പാടത്തും പറമ്പിലുമെല്ലാം വെള്ളം നിറഞ്ഞിട്ടും. പക്ഷികളും ചെടികളും മഴയുടെ ആനന്ദത്തിലാണ്. തവളകള്‍ തിമിര്‍ത്തു ശബ്ദിക്കുന്നുണ്ട്.


നമ്മുടെ ഭാവങ്ങള്‍ക്കനുസരിച്ച് പ്രകൃതി മാറുന്നുണ്ട് എന്നവനു തോന്നി. നാം എല്ലാം സ്വീകരിക്കാന്‍ തുടങ്ങുമ്പോള്‍ പ്രകൃതി സ്വയം വേണ്ടതു ചെയ്യുന്നു. നാം പ്രകൃതിയെ പഴിക്കുമ്പോള്‍ പ്രകൃതി പിണങ്ങുന്നു. ഇനിയൊരിക്കലും ഞാന്‍ പ്രകൃതിയെ പഴിക്കില്ല. രാമു കുനിഞ്ഞ് ഭൂമിയെ തൊട്ടു വണങ്ങി. ആകാശത്തേക്കു നോക്കി കൈകള്‍ കൂപ്പി.


അഭിഷേക് ടി ആര്‍ ഏഴ് ബി




മഴയത്ത് വീണ മരം

മഴ പെയ്യുമ്പോളെനിക്ക് നനയാന്‍ തോന്നും മഴയത്ത്. ഒന്നാം ക്ലാസ്സിലെ ആ സംഭവം രസമായി ഇപ്പോള്‍ തോന്നുന്നു. ചേട്ടന്‍ സൈക്കിളിലാണ് എന്നെ സ്ക്കൂള്‍ വിട്ടാല്‍ കൊണ്ടു പോകാറുള്ളത്. അന്നും ചേട്ടന്‍ ഗെയ്റ്റില്‍ നില്‍ക്കുന്നുണ്ടായിരുന്നു, സൈക്കിളുമായി. മണിയടിക്കുമ്പോള്‍ ആകാശം മഴക്കാറുകൊണ്ടു നിറഞ്ഞതായിരുന്നു. പുറത്തു കടന്നപ്പോള്‍ മഴ തുള്ളിയിടാനും തുടങ്ങി. പെട്ടന്നത് വലിയ മഴയായി. ഞങ്ങള്‍ മഴ തോരാന്‍ കാത്തു നിന്നു. പക്ഷെ മഴ നീണ്ടു പോയി. മഴ തോരില്ല എന്നു തോന്നി. അവസാനം ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

ചേട്ടന്‍ സീറ്റിനടിയില്‍ നിന്നും രണ്ട് പ്ലാസ്റ്റിക്‍ കവറുകള്‍ എടുത്തു. വലുതില്‍ എന്റെ ബാഗ് വെച്ച് എന്റെ മടിയില്‍ വെച്ചു തന്നു. ചെറിയത് എന്റെ തലയില്‍ വെച്ചു തന്നു. "വേഗം കയറ്" ചേട്ടന്‍ പറഞ്ഞു. ഞാന്‍ പേടിച്ചു പേടിച്ച് പിന്നില്‍ കയറിയിരുന്നു. വഴി മുഴുവന്‍ വെള്ളത്തിലായിരുന്നു. സൈക്കിള്‍ വെള്ളത്തിലൂടെയാണ് പോയ്ക്കൊണ്ടിരുന്നത്. അല്പം ചെന്നപ്പോള്‍ ഒരു വലിയ മരം കട പുഴകി കിടക്കുന്നു. ഇലക്ട്രിക്‍ കമ്പികളും മതിലും തകര്‍ത്താണ് അത് കിടക്കുന്നത്. അതിന്റെ വേര് പൊങ്ങി വന്ന് ഒരു ഗര്‍ത്തമായിരിക്കുന്നു. അതിലൂടെ സൈക്കിളിറക്കി കടത്താനാവില്ല എന്നുറപ്പായിരുന്നു. ചേട്ടന്‍ വണ്ടി തിരിച്ചു ചവിട്ടി. സ്ക്കൂളിനടുത്തുള്ള ഊടുവഴിയിലൂടെ പോകാനാണ്.

അതുവഴി പോകുമ്പോള്‍ ഒരു ഉയര്‍ന്ന കല്ലില്‍ പെട്ടന്ന് വണ്ടി കയറി. ഞാന്‍ പിടി വിട്ട് താഴെ വീണു. ചേട്ടന്‍ വണ്ടി സ്റ്റാന്റിലിട്ട് എന്നെ എടുത്ത് സൈക്കിളില്‍ വെച്ചു. "സൂക്ഷിച്ചിരിക്കണ്ടെ, അറിഞ്ഞൂടെ മോശം വഴിയാണെന്ന്". ചേട്ടന്‍ പറഞ്ഞു. ഞാന്‍ കരയുകയായിരുന്നു. അതുകേട്ടപ്പോള്‍ സാവധാനം എന്റെ കരച്ചില്‍ മാറി. തെറ്റ് എന്റെയാണല്ലോ!

വീട്ടിലെത്തിയപ്പോള്‍, എന്തു പറ്റിയെന്ന് അച്ഛന്‍ ചോദിച്ചു. "ചെറുതായൊന്നു വീണു, കാര്യമായൊന്നും പറ്റിയില്ല.” എന്റെ മുറിവുകള്‍ നോക്കി അച്ഛനും പറഞ്ഞു. "സാരംല്യ, കാര്യായൊന്നും പറ്റീട്ടില്ല.”

അന്നു ഞാന്‍ മഴയെ പഴിച്ചിരുന്നു. എന്നാലിന്നിപ്പോള്‍ ആ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്കു ചിരിവരുന്നു. എന്നാലിപ്പോള്‍ അങ്ങനെ ചിരിക്കാന്‍ മഴയെവിടെയാണ്? മരങ്ങള്‍ വെട്ടി മനുഷ്യര്‍ മഴയേയും ഓടിച്ചു വിട്ടിരിക്കുന്നു!

ജയരാജ് എം കെ ഏഴ് ബി


പാതിരാമഴ


പണ്ടുപണ്ട് ഒരു രാത്രി, കോരിച്ചൊരിയുന്ന മഴയത്ത് ഒരു വൃദ്ധന്‍ ഒരു ഊന്നിവടിയും കൈയില്‍ പിടിച്ച്, ഒരു ഭാണ്ഡവും തോളിലേറ്റി നടന്നു വലഞ്ഞ് ചുക്കിച്ചുളിഞ്ഞ ശരീരപ്രകൃതിയുമായി നടന്നു വരുന്നു. തണുത്തു വിറച്ച് ഒരു കീറിയ മുണ്ടുമാത്രം ധരിച്ചുകൊണ്ട് അദ്ദേഹം ക്ഷീണിതനായി ഒരു ബസ് സ്റ്റാന്റില്‍ കയറിക്കിടന്നു. അതെല്ലാം കണ്ടുകൊണ്ട് ഒരു അച്ഛനും മകനും അവിടെയുള്ള ഒരു കടയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു.


ഈ സമയം ആ അച്ഛന്‍ കടക്കാരനോടു ചോദിച്ചു. "ആ മനുഷ്യന് വീടും കുടിയുമൊന്നുമില്ലേ?” കടക്കാരന്‍ മറുപടി പറഞ്ഞു. "അതെല്ലാം ഉണ്ടായിരുന്നു. മകനെ താലോലിച്ചു വളര്‍ത്തിയതിന്റെ ഫലമാണ്.”

ആ അച്ഛന്‍ എന്തോ ആലോചനകളില്‍ മുഴുകി. ഏകാന്തനായി ഒരു കടത്തിണ്ണയില്‍ ഉറങ്ങേണ്ടി വരുന്ന ഒരു വൃദ്ധന്റെ അവസ്ഥ അയാളെ വേദനിപ്പിച്ചു. അദ്ദേഹം ആ വൃദ്ധനെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. സ്വന്തം അച്ഛനെപ്പോലെ അദ്ദേഹവും കുടുംബവും വൃദ്ധനെ പരിപാലിക്കാന്‍ തുടങ്ങി. മകന് വൃദ്ധന്‍ നല്ലൊരു മുത്തച്ഛനായി. തന്റെ അച്ഛനോട് ആ കുഞ്ഞുമകന് ബഹുമാനം തോന്നി. ഒരു വൃദ്ധനും വഴിയില്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ പാടില്ല എന്ന തോന്നല്‍ ആ കുട്ടിയുടെ മനസ്സില്‍ വേരുറച്ചു.


രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അതു പോലെ ഒരു പാതിരാ പെരുമഴ. വൃദ്ധന് എന്തോ അസ്വസ്ഥത പോലെ അനുഭവപ്പെട്ടു. എല്ലാവരും അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിചരിച്ചു. ആ ദിവസം അവര്‍ക്കെല്ലാം ദുഃഖദിവസമായിരുന്നു. വൃദ്ധന്‍ അവരെയെല്ലാം വിട്ടു പിരിഞ്ഞ് യാത്രയായി.


മഴ പെയ്തുകൊണ്ടേയിരുന്നു. അതുപോലെ അവരുടെ കണ്ണുകളും!


അഗ്നിറ്റ ടോണി ഏഴ് ബി

"22015 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 2 പ്രമാണങ്ങളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.