വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്/അക്ഷരവൃക്ഷം/ദൈവത്തിൻ്റെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ വികൃതികൾ

ദൈവമുണ്ടോ എന്ന് ചോദിച്ചാൽ ചിലർ പറയും ഉണ്ടെന്ന് , മറ്റു ചിലർ പറയും ഇല്ലെന്ന്. ഇന്നത്തെ സാഹചര്യത്തിൽ എനിക്ക് ദൈവവിശ്വാസികളുടെ കു‌ടെ നിൽക്കാനാണ് താല്പര്യം. മനുഷ്യൻ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമാകുന്നത് അവന് ബുദ്ധിയും തിരിച്ചറിവും വികാരങ്ങളും ഉള്ളതുകൊണ്ടാണ്. എന്നാൽ മനുഷ്യൻ അവയിൽനിന്നും അകന്ന് മൃഗമാകുന്ന സാഹചര്യം ഉണ്ടായാലോ???... അതെ.. മനുഷ്യൻ മനുഷ്യത്വത്തെ മറക്കാൻ തുടങ്ങി. അങ്ങനെയുള്ള സാഹചര്യത്തിലാണ് ആ പഴയ നന്മയുള്ള മനുഷ്യനെ വീണ്ടെടുക്കാൻ ദൈവം ഓരോ പരീക്ഷണങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവയ്ക്കുന്നത്. ഒന്നു തിരിഞ്ഞു നോക്കിയാൽ നമുക്കത് കാണാം.... ലോകമഹായുദ്ധകാലത്ത് എല്ലാരേയും പിടിച്ചുകുലുക്കിയ പ്ളേഗ് മുതൽ ഇന്ന് നമ്മൾ കാണുന്ന, അനുഭവിക്കുന്ന കൊറോണ വരെ അതിനുദാഹരണമാണ്. പണ്ട് സമൂഹത്തിനുണ്ടായിരുന്ന ഇഴയടുപ്പം നമ്മളിൽനിന്നു പലപ്പോഴും കൈവിട്ടുപോയിരിക്കുന്നു. അതിനെ വീണ്ടെടുക്കാൻ നമുക്ക് ദൈവത്തിന്റെ കൈകടത്തൽ ആവശ്യമായി വന്നു. ഉദാഹരണത്തിന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നോക്കിയാൽ, കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി നമ്മുടെ നാട് കടുത്ത പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. അതിനെയെല്ലാം നമ്മൾ പടിപടിയായി അതിജീവിക്കുന്നുമുണ്ട്. ഈ പരീക്ഷണങ്ങളിലൂടെ നമ്മൾ ഒരുപാടു ജീവിത പാഠങ്ങൾ പേടിച്ചുകഴിഞ്ഞിരിക്കുന്നു. കേരളീയർ പഴയ കള്ളവും ചതിയുമില്ലാത്ത മാവേലിയുടെ കാലത്തേയ്ക്ക് മാനസികമായി അടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യയിലാദ്യം കോവിഡ് സ്ഥിതീകരിച്ചത് കേരളത്തിലാണെങ്കിൽ ഇന്ന് നമ്മൾ മറ്റു സംസ്ഥാനങ്ങളേക്കാൾ പെട്ടെന്ന് ആ രോഗത്തെ കീഴ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തിൽ കോവിഡ് രോഗികൾ രോഗമുക്തമാകുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണക്കാർ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും അതിനു നേതൃത്വം വഹിക്കുന്ന ഭരണാധികാരികളുമാണ് . മറ്റു നാടുകളിൽ അവർ നേരിടുന്ന ഒരു വെല്ലുവിളിയും ഇതാണ്. ഇങ്ങനെ പല കാരണങ്ങളിൽ കേരളം പടിപടിയായി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ ദിവസം വന്ന വാർത്ത തീർത്തും അവിശ്വസനീയമാണ്. 16 വയസ്സായ പയ്യനെ രണ്ടു സുഹൃത്തുക്കൾ ചേർന്നു വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. അതും ചെറിയൊരു കാര്യത്തിന്. ഈ വാർത്ത കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് അവർക്കെന്താ മാനസികമായി വല്ല തകരാറുമുണ്ടോ എന്നാണ്. കോവിഡ് ഭീതിയിൽ ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് വീടിനുള്ളിൽ ഒതുങ്ങിക്കൂടുമ്പോൾ, ഇത്രയും ഭീതി പടർത്തുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു കൊല, അതും സ്വന്തം സുഹൃത്തിനെ.. ഇതെങ്ങനെ സാധിക്കുന്നു???.. ഇന്ന് വളർന്നു വരുന്ന പുതു തലമുറയുടെ ഒരു വലിയ കുറവുകൂടിയാണിത്. തന്റെ ജീവിതം ഫോണിൽ മാത്രമാണെന്നു കരുതി ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിനു താൻ ചെയ്യുന്നതെന്താണെന്നു തിരിച്ചറിയാൻ കഴിയുന്നില്ല. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ സ്വന്തം കുടുംബത്തിലേക്കിറങ്ങിച്ചെല്ലാൻ കഴിയാത്ത മനുഷ്യർക്ക്‌ കോവിഡ് കാലം അതിനുള്ള അവസരം അവർക്കു നൽകി എന്നത് വാസ്തവമാണ്. കൂടാതെ എന്നും ആവിശ്യത്തിലധികം വാങ്ങിക്കൂട്ടുന്ന ജനങ്ങൾ ഇന്ന് ചെലവ് ചുരുക്കി ജീവിക്കാൻ പഠിച്ചു. വീടിനുള്ളിൽത്തന്നെ ഇരിക്കുന്നത്കൊണ്ട് ടീവിക്ക്‌ മുന്നിലും മൊബൈലിനു മുന്നിലും ഇരിക്കാനേ ആദ്യം എല്ലാവർക്കും സമയമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പലരും അതിൽനിന്നും മാറി വീട്ടിലെ പല കാര്യത്തിലും ഇടപെടാൻ ആരംഭിച്ചിരിക്കുന്നു. വീടും അതിനുചുറ്റുമുള്ള പരിസരവും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. അതും നമുക്കുവന്നൊരു വലിയ മാറ്റമാണ്. സാധാരണ വേനലവധിക്കാലമായാൽ പലപ്പോഴും കുട്ടികൾ അവരുടെ കഴിവ് വളർത്താൻ ശ്രമിക്കാറില്ല. എന്നാൽ കോവിഡ് കാരണം വന്നുചേർന്ന ഈ അവസരത്തിൽ വീട്ടിലെ മാതാപിതാക്കളും സർക്കാരുമുൾപ്പെടെ എല്ലാരും കുട്ടികളുടെ കഴിവിനെ വളർത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. മനുഷ്യൻ പ്രകൃതിയെ കഴിയുന്നത്ര ചുഷണം ചെയ്ത് തന്റെ സ്വാർത്ഥതക്കുമാത്രമായി എല്ലാം ചെയ്തപ്പോൾ നമ്മൾ ആരും പ്രതീക്ഷിച്ചില്ല ഭൂമിമാതാവ് ഇത്രയും വലിയ തിരിച്ചടി തരുമെന്ന്. എന്തിനു കോവിഡ് പോലും ആദ്യം ചൈനയിൽ വന്നപ്പോൾ നമ്മളാരും കരുതിയില്ല അത് ഈ ലോകം മുഴുവൻ പടരുമെന്നും നമ്മെയെല്ലാം വീടിനുള്ളിൽ കെട്ടിയിടുമെന്നും. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പറ്റാത്ത ഒരു ചെറിയ ജീവി വിചാരിച്ചാൽ മതി മനുഷ്യവംശത്തെത്തന്നെ ഇല്ലാതാക്കാൻ എന്ന് തിരിച്ചറിയാൻ സമയമെടുക്കരുത്. കാരണം, ആ തിരിച്ചറിവാണ് നമ്മെ ശരിയിലേക്ക് നയിക്കുക. ഭൂമീദേവി എന്നും.. എപ്പോഴും..തന്റെ മക്കളോട് ക്ഷമിക്കണമെന്നില്ല. ഒരുപാടു വേദനിച്ചാൽ ഭൂമിയും തിരിച്ചടിക്കും. മനുഷ്യജീവന് വെല്ലുവിളിയാവുന്ന ഓരോന്നും.. പ്രളയമായാലും, അഗ്നിപർവത സ്ഫോടനമായാലും, ഭൂമികുലുക്കമായാലും...എന്തിനു ഈ വൈറലാകുന്ന വൈറസ് കോവിഡ് 19തായാൽപോലും... എല്ലാം ഒരു മുന്നറിയിപ്പാണ്. എത്രകൊണ്ടാലും മനുഷ്യൻ പഠിക്കില്ല എന്നാണെങ്കിൽ അവന് വീണ്ടും ദൈവത്തിന്റെ വികൃതികൾക്കിരയാകേണ്ടിവരും...




ഹിബ. എസ്
10 E വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം