വീരകേരളവർമ്മ പഴശ്ശിരാജ
കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ് മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച് തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു . ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലൊരാൾ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല . കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ ടി എച്ച് ബേബരിന്റെ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് പറയുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.