വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/അക്ഷരവൃക്ഷം/ കുരുടൻ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
കുരുടൻ പൂച്ച
  • കുരുടൻ പൂച്ച* നിലാവിൽ കുളിച്ച രാത്രിയിൽ അയാൾ തനിച്ചിരുന്നു. അല്ല..തനിച്ചല്ല, കൂടെ സന്തത സഹചാരിയായ കുരുടൻ പൂച്ച മാത്രം.മനസ്സ് വല്ലാതെ പതറിപ്പോവുന്നുണ്ടോ? ഏയ് ഇല്ല......

ചുവരിൽ തൂങ്ങിക്കിടക്കുന്ന സമയകാല പട്ടികയിലേക്ക് ഒന്നു കണ്ണോടിച്ചു.നാട്ടിൽ വന്നിട്ട് ഇന്നത്തേക്ക് അഞ്ചാം നാൾ. ഭാര്യയെയും മക്കളെയും ശരിക്കൊന്ന് കണ്ടിട്ട് പോലുമില്ല. മേശപ്പുറത്തിരിക്കുന്ന മൊബൈൽ ഫോണിൽ നിന്ന് മധുരമായ ഒരു ശബ്ദം കേൾക്കുന്നുണ്ട്. ഫോണടിക്കുകയാണ്. പക്ഷെ എടുക്കാൻ തോന്നിയില്ല. കുറച്ച് സമയം അങ്ങനെ ഇരുന്നു. മനസ്സിന് നല്ല സുഖം തോന്നി. പൂച്ചയും അത് ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു. അതിന്റെ മുഖത്ത് വല്ലാത്തൊരു നിഷ്കളങ്കത. നാട്ടിൽ വന്നപ്പോൾ കൂടെക്കൂടിയതാണ്. അതിന്റെ അനക്കങ്ങൾ ശ്രദ്ധിച്ചിരിക്കുന്നത് വല്ലാത്തൊരു സുഖം തന്നെയാണ്.

ഇടക്കെപ്പോഴോ ഫോണടി നിന്നു. ഏയ്... ഇല്ല .... വീണ്ടും തുടങ്ങി. പതിയെ എഴുന്നേറ്റ് ചെന്ന് എടുത്തു.ഓ.... കൗൺസിലറാണ്. അദ്ദേഹം നൽക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ ശ്രദ്ധിച്ച് കേൾക്കും.ഈഏകാന്തവാസത്തിനിടയിൽ ഒരാശ്വാസമാണത്. ഫോൺ വിളിച്ച്കഴിഞ്ഞ്അൽപമൊന്നുറങ്ങിഎഴുന്നേറ്റപ്പോൾവല്ലാത്തൊരസ്വസ്ഥത. ശ്വാസമെടുക്കാൻ പ്രയാസം തോന്നുന്നുണ്ട്. വല്ലാത്ത ചുമയും എഴുന്നേൽക്കാൻ ശ്രമിച്ചു,പക്ഷെ കഴിയുന്നില്ല. അൽപനേരം ഞാനങ്ങനെത്തന്നെ കിടന്നു. നെറ്റിയിൽ തൊട്ടുനോക്കി നല്ല പനിയുണ്ട്. വല്ലാതെ പേടി തോന്നുന്നു വേഗം തന്നെ ഫോണെടുത്ത് കൺട്രോൾ റൂമിൽ വിളിച്ചു ദൈവമേ വല്ലാത്തൊരു പരീക്ഷണം തന്നെ. ശ്വാസമെടുക്കാനുള്ള പ്രയാസം കാരണം ഒന്നു മയങ്ങാൻ ശ്രമിച്ചു. പതിയെ എന്റെ കണ്ണുകളടഞ്ഞു .

എഴുന്നേറ്റപ്പോൾ ഞാൻ ആശുപത്രിക്കിടക്കയിലാണ്. ചുറ്റും ഡോക്ടർമാരും നഴ്സുമാരും. അവരൊക്കെ എന്നോടെന്തോ പറയുന്നുണ്ട്. അതൊന്നും കേൾക്കാനുള്ളഒരുമാനസികാ വസ്ഥയിലായിരുന്നില്ല ഞാൻ.ശ്വാസംമുട്ടലിന് നേരിയ ആശ്വാസമുണ്ട്.ഞാൻ ചുറ്റും നോക്കി. കുരുടൻ പൂച്ച അടുത്തുണ്ടോ! ... ഇല്ല.

ആരോ തട്ടിവിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.ഡോക്ടർആശ്വസിപ്പിക്കുകയാണ്.പിന്നീട് രണ്ടാഴ്ച്ചയോളം മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്. പക്ഷെ മരണത്തിന് ഇപ്പോളെന്നെ ആവശ്യമില്ലായിരുന്നു. ഡോക്ടർമാരുടെയും മാലാഖമാരുടെയും പരിചരണത്തോടെ ഞാൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് പോരുമ്പോൾ മനസ്സ് അവനിലായിരുന്നു. അവനവിടെത്തന്നെയുണ്ടാകുമോ? എന്റെ കുരുടൻ പൂച്ച ....

ഫിദ തസ്നീം
9 D വി ജെ എച്ച് എസ് എസ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കഥ