വാനോളമുയർന്നോരാ ചക്കരത്തുമ്പിയെ
ആഴത്തിൽ ചുംബിച്ചു നീലാകാശം
കൈ വിട്ടു പോയൊരെൻ ചക്കര തുമ്പി
ചിറകറ്റു വീണു നിലംപതിച്ചു.
മണ്ണില്ല ,മരമില്ല, സ്വർണ നെൽക്ക-
തിരില്ല ,വിത്ത് വിതക്കുന്ന കൈകളില്ല.
ചീയുന്നു, നാറുന്നു, ഇവിടമാകെ സ്വയം
ചീഞ്ഞുനാറുന്നൊരു ജീവിതവും.
മൂവാണ്ടൻ മാവിന്റെ കൊച്ചു ചില്ല, സദാ
എന്നെയും നോക്കി പുഞ്ചിരിച്ചു.
വെട്ടുന്നു, മുറിക്കുന്നു,താഴ്വേരുകൾ നാം
മാന്തുന്നു അമ്മതൻ മാറിലെ പാൽകുടങ്ങൾ
വെട്ടിമാറ്റപ്പെട്ട പാഴ്മരങ്ങൾ നാളെ
എന്റെയും നിന്റെയും സൂചനകൾ.