വിദ്യാലയ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നരിപ്പറമ്പ് ജിയുപി സ്കൂൾ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.

തലമുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ.


തിരുവേഗപ്പുറ.

1910 ൽ തിരുവേഗപ്പുറ പടനായകത്ത് അപ്പു എഴുത്തച്ഛനാണ് ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. ഇപ്പോൾ തിരുവേഗപ്പുറ റേഷൻ കടയുള്ള പള്ളിക്കര തൊടിയുടെ ഒരു ഭാഗത്ത് ഓലഷെഡിലായിരുന്നു തുടക്കം. കൊല്ലവർഷം 1099 ലെ ശക്തമായ വെള്ളപ്പൊക്കത്തിൽ അത് നിലം പൊത്തി. വിദ്യാലയം തുടർന്നു നടത്തുവാൻ അദ്ദേഹ ത്തിനു കഴിഞ്ഞില്ല. തന്മൂലം അന്ന് വിദ്യാലയത്തിലെ അധ്യാപകനായിരുന്ന കുറുവാൻ തൊടി കുട്ടപ്പനെഴുത്തച്ഛൻ ഇത് ഏറ്റെടുത്തു. പുഴ വെള്ളം കയറാത്ത ,ഒരു കിലോമീറ്ററോളം അകലെയുള്ള, നരികൾ വിഹരിച്ചിരുന്ന ഈ പറമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ഇന്ന് പഴയ എൽ. പി. വിഭാഗം കെട്ടിടം നിൽക്കുന്ന പറമ്പ് അന്ന് അഴകപ്പുറം മന വകയായിരുന്നു. ഇവിടെയാണ് വിദ്യാലയം പുനരാരംഭിച്ചത്. അധ്യാപകനായിരുന്ന ഒ. കെ. ശേഖരൻ നായർ തുടങ്ങിയവരുടെ സഹായവും ഉണ്ടായിരുന്നു. 1952 ലാണ് വാടക നൽകി നമ്മുടെ വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡ് ഏറ്റെടുത്തത്.

1952-ൽ ഈ മുറ്റം നിറയെ നെല്ലികളും, മാവുകളും, പ്ലാവുകളും ഉണ്ടായിരുന്നു. പഴുത്ത ചക്കച്ചുള പറിച്ച് മലർത്തിപ്പിടിച്ച ഓലക്കുടയിലിട്ട് ക്ലാസുകളിൽ കൊണ്ടുനടന്ന് കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പഴയ കെട്ടിടത്തിൽ പടി ഞ്ഞാറെ അറ്റത്തായിരുന്നു ഒന്നാം തരം.

എഴുപതുകളുടെ തുടക്കത്തിൽ സ്കൂളിന് കിഴക്കുവശത്ത് ഒരു പഴയ വാടകക്കെട്ടിടവും പടിഞ്ഞാറ് വശത്ത് ഓടിട്ട ഒരു ചെറിയ സർക്കാർ കെട്ടിടവും മാത്രമാണ് ഉണ്ടായിരുന്നത്. മരസ്സാമഗ്രികൾ ഒന്നും തന്നെ വേണ്ടത്ര ഇല്ല. ക്ലാസ്സ് മുറികൾ വേർതിരിക്കാൻ ഇടഭിത്തിയോ തട്ടികകളോ ഇല്ല. വേർതിരിവിന്റെ അടയാളം പരസ്പരം പുറം തിരിഞ്ഞ് ബെഞ്ചുകളിൽ തിങ്ങിയിരിക്കുന്ന കുട്ടികളുടെ വരികൾ മാത്രം.കുടിവെള്ളത്തിന് ആശ്രയം അറ്റവേനലിൽ വറ്റുന്ന ഒരു കിണർ മാത്രം. പ്രാഥമികാവ ശ്യങ്ങൾ നിറവേറ്റാനുളള സൗകര്യങ്ങൾ പോലും വളരെ പരിമിതം. ഇതെല്ലാമായിട്ടും പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിരുന്നുവെന്ന സത്യം ഇന്നും അവശേഷിക്കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരസ്പര സ്നേഹവും കൂട്ടായ്മയും സേവനസന്ന ദ്ധതയും നിരന്തര പരിശ്രമവും തന്നെയായിരുന്നു ഇതിന്റെ ആധാരശിലകൾ. തുടർച്ചയായി ഏതാനും വർഷം നടന്ന സ്കൂൾ വാർഷികങ്ങൾ എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.

ആദ്യകാല അദ്ധ്യാപകർ

ഈ വിദ്യാലയം ഒരു യു. പി യായി ഉയർന്നു കാണുവാനുള്ള അതിയായ ആഗ്രഹം ഇവിടുത്തെ ജനങ്ങളിൽ ഉണ്ടായി. ചിലർ ബോർഡു പ്രസിഡന്റായിരുന്ന പി. ടി. ഭാസ്കരപ്പണിക്കരുമായി ചർച്ച ചെയ്തു. അന്ന് ഡിസ്ട്രിക്ക് ബോർഡിന് ഇത് സാധ്യമാക്കി തരുവാൻ കഴിഞ്ഞിരുന്നില്ല. എൽ. പി സ്ക്കൂളിനടുത്ത് ജനങ്ങളുടെ സഹകരണത്തോടെ സർക്കാരിലേക്കു നൽകാമെന്ന ലക്ഷ്യത്തോടെ യു.പി. ക്ലാസുതുടങ്ങിയാൽ കേരള സംസ്ഥാനം വന്നാൽ നമുക്ക് കാര്യങ്ങൾ നേടുവാൻ കഴിയുമെന്ന് അദ്ദേഹം നിർദ്ദേശിച്ചുവത്രെ. ഇതോടെ പ്രതീക്ഷകൾ ഉയർന്നു. തിരുവേഗപ്പുറ ഭാഗത്തെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തനങ്ങ ളിൽ അർപ്പണബോധമുള്ളവരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു. തുടർന്ന് ചെക്ക് പോസ്റ്റ് എന്ന് ഇപ്പോൾ വിളിച്ചു വരുന്ന സ്ഥലത്തിന്റെ തെക്കു ഭാഗത്ത് ഉണ്ടായിരുന്ന ചോലയിൽ ഗോവിന്ദകുറുപ്പിന്റെ മനോഹരമായ കെട്ടിടത്തിൽ 1955 ൽ അന്നത്തെ 6-ാം തരം ആരംഭിച്ചു. താമസിയാതെ നരിപ്പറമ്പ് സ്ക്കൂളിന്റെ തെക്കുവശം കിടക്കുന്ന നെല്ലേക്കാട്ട് ഗോപാലൻ നായരുടെ പറ മ്പിൽ എ. കൃഷ്ണപ്പിഷാരോടിയുടെ നേതൃത്വത്തിൽ ഒരു ഷെഡ് നിർമ്മിച്ച് ക്ലാസ് അങ്ങോട്ടു മാറ്റി. അടുത്ത വർഷം തന്നെ പ്രമോഷൻ ലഭിച്ച കുട്ടി കൾക്ക് 7-ാം തരവും തുടങ്ങി. ഇതിനിടയിൽ 100 രൂപ നൽകി ഗോപാലൻ നായരുടെ പറമ്പ് കമ്മിറ്റി വാങ്ങിയിരുന്നു. പിന്നീട് ഇപ്പോൾ കളിസ്ഥലമായി ഉപയോഗിക്കുന്ന പറമ്പ് 185 രൂപയ്ക്ക് പള്ളിപ്പുറം കെ. കുട്ടികൃഷ്ണ മേനോനിൽ നിന്ന് വാങ്ങുകയും ചെയ്തു.

യു. പി. ക്ലാസ് ആരംഭിച്ചതിനു ശേഷം സി. വി. നമ്പീശൻ മാസ്റ്റർ. കുട്ടൻ വാര്യർ, സുകുമാരൻ നെടുങ്ങാടി ഉൾപ്പെടെയുള്ള ഒരു നിവേദക സംഘം മലബാർ ഡിസ്ട്രിക്ക് ബോർഡ് ആസ്ഥാനമായ കോഴിക്കോട് എത്തി. എ. രാമപിഷാരോടി അന്ന് കോഴിക്കോട് ആസ്പത്രിയിലായിരുന്നു. അവർ ബോർഡ് പ്രസിഡന്റ് മൂസാൻ കുട്ടിയുമായി സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധിയായിരുന്ന വി. ടി രാമനെനിവേദനവുമായി വിദ്യാഭ്യാസ ഡയറക്ടറുടെ അടുത്തേക്കയച്ചു. വിദ്യാർത്ഥികളുടെ നാനാ വിധ പ്രശ്നങ്ങൾ രാമൻ അദ്ദേഹത്തെ ധരിപ്പിച്ചു. നിവേദനം അദ്ദേഹം സ്വീക രിച്ചുവെങ്കിലും അനുകൂലമായ ഒരു വാക്കുപോലും പറഞ്ഞില്ല. മാത്രമല്ല വിദ്യാഭ്യാസ കച്ചവടക്കാർ എന്നും മറ്റും ആക്ഷേപിക്കുകയും ചെയ്തുവത് സർക്കാരിലേക്കു നൽകുവാൻ സ്ഥലസൗകര്യങ്ങളോടെ ഒരു വിദ്യാലയം ഞങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന രേഖ അദ്ദേഹത്തെ ഏൽപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കി.

പഴയകാലം 

1956 നവംബർ 1ന് കേരള സംസ്ഥാനം നിലവിൽ വന്നു. 1957 ൽ മഹാനായ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രി സഭ അധികാരമേറ്റു. പ്രഗൽഭനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു അന്ന് വിദ്യാ ഭ്യാസമന്ത്രി എം. എൽ. എ. ശ്രീ. ഇ. പി ഗോപാലന്റെ നേതൃത്വത്തിൽ നമ്പി ശൻ മാസ്റ്റർ ഉൾപ്പെടെയുള്ള നിവേദക സംഘം തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയേയും കണ്ടു. ജനങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനത്തെ അവർ ശ്ലാഘിച്ചു. ജനങ്ങൾ നടത്തിയിരുന്ന ആറും ഏഴും ക്ലാസുകൾക്കുള്ള അംഗീകാരത്തോടെ 1957 ൽ ഈ വിദ്യാലയം ഗവ. അപ്പർ പ്രൈമറി സ്കൂൾ നരിപ്പറമ്പായി നിലവിൽ വന്നു.

വിദ്യാലയം ഇവിടം വരെ എത്തിക്കുന്നതുവരെ സേവനധ്യാപകരായിരുന്നു. കൃഷ്ണവാര്യരും (കുട്ടൻ വാര്യർ) സുകുമാർ നെടുങ്ങാടിയും, ഏതാനും മാസം മുത്തേടത്ത് ശങ്കരനാരായണൻ നമ്പൂതിരിയും. അംഗീകാരത്തിന്റെ സാങ്കേതികത നോക്കി പാലൂരിൽ നിന്നുള്ള വി. കെ പത്മാവതി ടീച്ചറെ കമ്മറ്റി നിയമിക്കുകയും ചെയ്തിരുന്നു. ഇത് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിന് ഈ പ്രദേശത്തെ വലിയൊരു വിഭാഗം പ്രവർത്തിച്ചു. ശങ്കുണ്ണി നായർ, നമ്പീശൻ മാസ്റ്റർ, വി. കെ. കേശവൻ നമ്പൂതിരി, എ. രാമപ്പിഷാരോടി, പി. രായൻ ഹാജി, ആർ. എൻ കക്കാട്, കെ. ഹംസ, വി. പി വേലുവൈദ്യർ, കെ. ടി മുഹമ്മദ്, എൻ. ഗോപാലൻ നായർ തുടങ്ങിയവരായിരുന്നു കമ്മിറ്റി അംഗങ്ങൾ, ശ്രീ ചെറൂളിയിൽ കുഞ്ഞുണ്ണി നമ്പീശൻ ആവശ്യമായ നിർദ്ദേശങ്ങളും നൽകിയിരുന്നു.


1972-ൽ കോൺക്രീറ്റ് മേൽക്കൂരയുള ആദ്യ കെട്ടിടവും ഏതാനും വർഷങ്ങൾക്കുളളിൽ രണ്ടാമത്തെ കെട്ടിടവും വന്നതോടെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി. സർക്കാറിൽ നിന്നുളള ധനസഹായം കൂടുതൽ ലഭിച്ചു തുടങ്ങി. ചുറ്റുപാടു മുളള ജനങ്ങളുടെ ജീവിതനിലവാരവും സാമ്പത്തികഭദ്രതയും ക്രമേണ കൂടുതൽ മെച്ച പ്പെട്ടതായി. ഇതെല്ലാം സ്ക്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ സഹായിച്ചു. സ്കൂൾ വൈദ്യുതീകര ണവും കുടിവെളളത്തിനുളള പൈപ്പ് ലൈനിന്റെ നിർമ്മാണവും മൂലം ഒട്ടേറെ വിഷമതകൾ പരിഹരിക്കപ്പെട്ടു. വിവിധ മത്സരങ്ങളിൽ സ്കൂൾതലത്തിൽ എന്ന പോലെ ഉപജില്ലാതലത്തിലും ജില്ലാത ലത്തിലും നമ്മുടെ കുട്ടികൾ വഹിച്ച പങ്കാള ത്തവും അവർ നേടിയെടുത്ത് ഉയർന്ന സ്ഥാന ങ്ങളും ഈ വിദ്യാലയത്തിന്റെ പ്രശസ്തി നാൾക്കു നാൾ വർദ്ധിച്ചുവരാൻ കാരണമായി തീർന്നു. രണ്ടു തവണ ഇവിടെ വെച്ച് നടന്ന ഉപജില്ലാ കലോത്സവ ങ്ങളും ഉപജില്ലാ ശാസ്ത്രമേളകളും ഏറെ ശ്രദ്ധേയമായിരുന്നു.

ഉപജില്ലാ കായികമേള മാത്രം കളിസ്ഥ ലത്തിന്റെ പോരായ്മ കാരണം ഇവിടെ നടന്നിട്ടില്ല. വ്യക്തിഗത മത്സരങ്ങളിൽ ഒട്ടേറെ ഇനങ്ങളിൽ നമ്മുടെ കുട്ടികൾ നേടിയ സമ്മാനങ്ങൾ നമ്മുടെ സ്കൂളിനുള്ള ഏറ്റവും വലിയ അംഗീകാരമായിരു ന്നു. യു.പി. വിഭാഗം സയൻസ് ക്വിസ്, യുറീക്കാ സംസ്കൃതപദ്യം എന്നിവയിൽ തുടർച്ചയായി ഏതാനും വർഷം ഉപജില്ലാതലത്തിൽ ഈ വിദ്യാല യത്തിന് ലഭിച്ച ഒന്നാം സ്ഥാനം എല്ലാവർക്കും പ്രത്യേകം സന്തോഷം നൽകിയിരുന്നു. 1977-ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നഎം.എസ്. നീലകണ്ഠൻ യു.പി. വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടി സംസ്ഥാനതലമത്സരത്തിൽ പങ്കെടുത്തതും 1990-ലെ സംസ്ഥാന കലോത്സവത്തിൽ ഒരുവിദ്യാർത്ഥിനി അറബിക് പദ്യത്തിൽ സമ്മാനം കരസ്ഥമാക്കിയതും ശ്രദ്ധേയമായിരുന്നു.

2003 ൽ പഴയ വിദ്യാലയ കെട്ടിടവും സ്ഥലവും പാലക്കാട് ജില്ലാ പഞ്ചായത്ത് സർക്കാരിലേക്ക് വാങ്ങിയതോടെ ഈ വിദ്യാലയം പൂർണ്ണമായും പൊതു സ്വത്തായി മാറി.


(ഇല്ലസ്ട്രേഷൻസ് : വി എസ് പ്രകാശ് )

"https://schoolwiki.in/index.php?title=വിദ്യാലയ_ചരിത്രം&oldid=1539539" എന്ന താളിൽനിന്ന് ശേഖരിച്ചത്