വാല്യക്കോട് എ യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ പദങ്ങളിൽ നമ്മുടെ സംസ്ഥാനം ബ്രിട്ടീഷ് ദുർഭരണത്തിൽ അടിമപ്പെട്ട് ദുരിതക്കയത്തിൽ കഴിയുന്ന കാലം ആയിരുന്നു.ഇതേസമയം ദേശീയ പ്രസ്ഥാനത്തിൻെറ നേതൃത്വത്തിൽ അധികാരകേന്ദ്രങ്ങൾക്ക് എതിരെയും സ്വാതന്ത്ര ഇന്ത്യക്കു വേണ്ടിയുള്ള ശക്തമായ മുന്നേറ്റങ്ങൾ മറുവശത്ത് ശക്തിപെടുകയായിരുന്നു. 1924 -25 കാലത്താണ് വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ കൂടുതൽ അറിവും ദേശീയബോധവും വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നമ്മുടെ നാട്ടിൽ വ്യാപകമാകുന്നത്. ഇതിൻെറ ഭാഗമായിട്ടാണ് അക്കാലത്ത് അധ്യാപനത്തിൽ പരിശീലനം നേടിയ എം എം കുഞ്ഞിരാമൻ നമ്പീശൻ തനിക്കുകിട്ടിയ യോഗ്യത സമൂഹത്തിനു കൂടി ഉപകാരപ്രദമാക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചന്വേഷിക്കുന്നത്. തുടർന്ന് സഹോദരൻ എം എം ഗോവിന്ദൻ നമ്പീശനുമായി ചേർന്ന് പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് പ്രദേശത്ത് ഒരു പള്ളിക്കൂടം (എലിമെൻ്റെറി സ്കൂൾ) തുടങ്ങാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഒരു പള്ളിക്കൂടം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സ്കൂൾസ് ,വടകര എന്ന ഉദ്യോഗസ്ഥനുമായി ഇവർ കാര്യങ്ങൾ ചർച്ച ചെയ്തു.വാല്യക്കോട് പ്രദേശത്ത് ഒരു പള്ളിക്കൂടം ആരംഭിക്കാനാണ് ആ ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകിയത്. കുട്ടികളുടെ പഠനവും സ്കൂളിൻെറ പുരോഗതിയും നോക്കി മാത്രമേ സർക്കാരിൻെറ അംഗീകാരവും സാമ്പത്തിക സഹായവും ലഭിക്കൂഎന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. പിന്നീടുള്ള നാളുകളിൽ ഈ സഹോദരങ്ങൾ പള്ളിക്കൂടത്തിനായുഉള്ള തത്രപ്പാടിലായിരുന്നു.വാല്യക്കോട് പ്രദേശത്ത് സ്വന്തമായി ഒരിഞ്ചു ഭൂമി പോലും ഉണ്ടായിരുന്നില്ല.ഇതുകാരണം നാട്ടുകാരിൽ പ്രമുഖരുമായി ചേർന്ന് ഒരു പീടികമുറിയിൽ ഒന്നാം ക്ലാസ്സ് ആരംഭിക്കാനുളള ഏർപ്പാട് ഉണ്ടാക്കുകയും 3-8-1925 ൽ വാല്യക്കോട് ഹിന്ദു എലിമെൻെററി സ്കൂൾ എന്ന പേരിൽ സ്കൂൾ തുടങ്ങുകയും ചെയ്തു. തുടർന്ന് 20-02-1926 ലാണ് 29/26 നമ്പറായി കൊണ്ട് മലബാർ ഡിസ്ട്രിക്ട് ഓഫീസറുടെ ഉത്തരവുപ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത് .തുടക്കത്തിൽ ഗോവിന്ദൻ നമ്പീശൻ മേനേജരും കുഞ്ഞിരാമൻ നമ്പീശൻ ഹെഡ്മാസ്റ്ററുമായി പള്ളിക്കൂടത്തിൻെറ പ്രവർത്തനമാരംഭിച്ചു.അനന്തൻ എന്നയാളായിരുന്നു സ്കൂളിലെ ആദ്യത്തെ വിദ്യാർഥി.പിന്നീട് പതിനേഴോളം കുട്ടികൾ അതേവർഷംതന്നെ ഒന്നാം ക്ലാസിലേക്ക് വരികയുണ്ടായി.1957- 58 അദ്ധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാഭ്യാസ പരിഷ്കരണ ബിൽ വന്നതോടെ സ്കൂളിൻെറ ചട്ടങ്ങൾക്കു മാറ്റം വന്നു. തുടർന്ന് വാല്യക്കോട് എയിഡഡ് എൽപി സ്കൂൾ എന്ന് സർക്കാർ ഈ വിദ്യാലയത്തെ പുനർനാമകരണം ചെയ്തു.1962 വരെ അഞ്ചാം തരം വരെ ഉണ്ടായിരുന്ന എൽ പി സ്കൂളുകൾ സർക്കാർ ഉത്തരവനുസരിച്ച് നാലാം തരം വരെയുള്ള വിദ്യാലയങ്ങൾ ആയി മാറി. 1984ലാണ് വാല്യക്കോട് എയിഡഡ് എൽപി സ്കൂൾ ഒരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടിഎം ജേക്കബാണ് 15-4 1984ന് യു പി വിഭാഗത്തിൻെറ ഉദ്ഘാടനം നിർവ്വഹിച്ചത്. 2011ലാണ് ഇപ്പോഴത്തെ മാനേജരായ കെ സി ബാലകൃഷ്ണൻ മാസ്റ്റർ ചുമതല ഏറ്റെടുക്കുന്നത്.01-03- 2012ലാണ് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ കെട്ടിടം അന്നത്തെ കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനൻ സ്കൂളിനായി സമർപ്പിക്കുന്നത്. കമ്പ്യൂട്ടർ മുറി സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്.2019 ഫെബ്രുവരി അഞ്ചാം തീയതി തൊണ്ണൂറ്റിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു 12 ഹൈടെക് ക്ലാസ് മുറികൾ ഉള്ള പുതിയ കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്കൂളിൻെറ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി ഒരു പി.ടി.എ യും, സമൂഹത്തിൻെറ ആർജിതശേഷികൾ സ്കൂളിന് ലഭ്യമാക്കുന്നതിനായി ഒരു സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ കലാമേള കൾ,ശാസ്ത്രമേളകൾ,കായികമേളകൾ,പ്രവൃത്തിപരിചയമേളകൾ തുടങ്ങിയവ വാല്യക്കോട് എ യു പി സ്കൂൾ പലതവണ ആതിഥേയത്വം വായിച്ചിട്ടുണ്ട്.പല വർഷങ്ങളിലായി ജില്ലാതലങ്ങളിൽ കലാമേളകളിലും പ്രവൃത്തിപരിചയ മേളകളിലും ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്. ഗണിത ശാസ്ത്ര മേളകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. പ്രവർത്തിപരിചയമേള കളിൽ പല വർഷങ്ങളിലും സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലാ സംസ്ഥാനതല അംഗീകാരം നേടിയിട്ടുണ്ട്. കായികമേളയിലും വിദ്യാരംഗത്തും പഞ്ചായത്ത് സബ്ജില്ലാ - ജില്ലാ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന എൽ.എസ് .എസ് ,യു. എസ്. എസ് പരീക്ഷകൾ,ഭാഷാശാസ്ത്ര ക്വിസ്സുകൾ,യൂറിക്ക വിജ്ഞാനോത്സവം നാഷണൽ മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ,തളിര് സ്കോളർഷിപ്പ് പരീക്ഷ തുടങ്ങിയവയും സ്കൂളിൽ വർഷങ്ങളായി നടത്തിവരുന്നുണ്ട്.