വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/ചരിത്രം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട ഉളിക്കൽ ഗ്രാമം കുടകുമലനിരകളോടുചേർന്ന് , പയ്യാവൂർ പായം പടിയൂർ എന്നീ പഞ്ചായത്തുകളുമായി അതിർത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു. 1950 ജൂൺ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിർമ്മിച്ചതാണ് വയത്തൂർ യു.പി.സ്കൂൾ. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകൾ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേൽക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തിൽ ഇതൊരു എൽ.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു.
ശ്രീ എ.കെ ശ്രീധരൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. അന്നത്തെ വില്ലേജ് ഓഫീസർ ആയിരുന്ന ശ്രീ കെ.പി കുട്ടിരാമ മാരാർ ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. 1950 ൽ തന്നെ അദ്ദേഹത്തിന്റെ സഹോദരനായ ശ്രീ കുട്ടികൃഷ്ണമാരാർ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒന്നും അന്നുണ്ടായിരുന്നില്ല. 140 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നാല് അധ്യാപകർ കൂടി വന്നുചേർന്നു.
ഈ കാലങ്ങളിലെല്ലാം മാനേജ്മെന്റും അധ്യാപകരും തമ്മിൽ സുദൃഢമായ ബന്ധം പുലർത്തിയിരുന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും മേൻമയേറിയ വിദ്യാഭ്യാസം നൽകുന്നതിനുള്ള എല്ലാ പിന്തുണയും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയായിരുന്നു സ്കൂൾ പ്രവർത്തന സമയം. 1,2 ക്ലാസുകളിൽ സ്ലേറ്റും കല്ലുപെൻസിലും ഉപയോഗിച്ചിരുന്നു. മറ്റു ക്ലാസ്സുകളിൽ കോപ്പി ബുക്കും മറ്റ് ബുക്കുകളും എഴുതാനായി ഉപയോഗിച്ചിരുന്നു. പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പഠന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. ഇന്നത്തെതുപോലുള്ള പരിഷ്കാര വേഷങ്ങൾ ഒന്നുമില്ലായിരുന്നു. ആൺകുട്ടികൾ അധികവും തോർത്തു മുണ്ടും കുപ്പായവും ധരിച്ചിരുന്നു. പെൺകുട്ടികൾക്ക് ഒറ്റയുടുപ്പും പാവാടയും ബ്ലൗസും ഒക്കെയായിരുന്നു വേഷം. പിന്നീട് ആൺകുട്ടികൾ മുണ്ടിനു പകരം നിക്കർ ധരിച്ചു തുടങ്ങി. യൂണിഫോം നിലവിലുണ്ടായിരുന്നില്ല.
ഉച്ചഭക്ഷണം കുട്ടികൾ തന്നെ കൊണ്ടുവന്നിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്നവരായിരുന്നു കുട്ടികളിൽ ഭൂരിഭാഗവും.
ശ്രീ കുട്ടിരാമ മാരാർ മാനേജ്മെന്റിന് വയത്തൂർ യു.പി സ്കൂൾ കൂടാതെ മറ്റു രണ്ട് സ്കൂളുകൾ കൂടി ഉണ്ടായിരുന്നതിനാലും നെല്ലിക്കാംപൊയിൽ പള്ളി ആവശ്യപ്പെട്ടതനുസരിച്ചും 1952 ൽ ഈ സ്ഥാപനം പള്ളി മാനേജ്മെന്റ് വിലകൊടുത്തു വാങ്ങുകയുണ്ടായി. പരേതനായ ഫാദർ ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു അന്ന് മാനേജർ. ശ്രീ കുട്ടിരാമ മാരാരുടെ ആഗ്രഹമനുസരിച്ച് ഈ സ്കൂൾ ഇന്നും വയത്തൂർ യു.പി സ്കൂൾ എന്ന പേരിൽ തന്നെ നിലകൊള്ളുന്നു. 1955 ൽ ഇതൊരു യു.പി സ്കൂളായി ഉയർന്നു. 2016 ജൂലൈ മാസം 14ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ശ്രീ കെ.ഡി താരു മാസ്റ്റർ അന്നുമുതൽ ദീർഘകാലം ഈ സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു എന്നത് അഭിമാനാർഹമാണ്. ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാനേജ്മെന്റും ഇടവക സമൂഹവും തോളോട് തോൾ ചേർന്ന് അധ്വാനിച്ച് പോന്നു. 1960 ൽ എണ്ണമ്പ്രയിൽ ജോസഫ്, പുതിയിടത്ത്താഴത്ത് ദേവസ്യ, വെട്ടിക്കാട്ടിൽ ജോസഫ് എന്നിവർ ചേർന്ന് 60 സെന്റ് സ്ഥലവും എണ്ണമ്പ്രയിൽ ചാക്കോച്ചന്റെ ഭാര്യ ഏലിയാമ്മ വകയായി 40 സെന്റ് സ്ഥലവും ചേർത്ത് ഒരേക്കർ സ്ഥലം സ്കൂൾ നിർമ്മാണത്തിന് വേണ്ടി സൗജന്യമായി നൽകി.
സ്കൂളിലെ ഇന്നത്തെ അവസ്ഥ
ഇന്നീ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും മറ്റു എല്ലാവിധ സൗകര്യങ്ങളും ഒക്കെയുള്ള അന്തരീക്ഷമുണ്ട്. കാലാകാലങ്ങളിലുള്ള മാനേജർമാരുടെയും ഇടവക ജനങ്ങളുടെയും കഠിനാധ്വാനമാണ് ഇതിന്റെ പിന്നിൽ ഉള്ളത്. അതുപോലെതന്നെ മാനേജ്മെന്റിനോട് സഹകരിച്ചു പ്രവർത്തിച്ചു കൊണ്ടിരുന്ന ഹെഡ്മാസ്റ്റർമാരും മറ്റ് അധ്യാപകരും ഈ സ്കൂളിന്റെ നല്ല ഭാവി സ്വപ്നം കണ്ടിരുന്നവരാണ്. ഈ പ്രദേശത്തെ മിക്ക സാംസ്കാരിക പരിപാടികൾക്കും സ്കൂൾ ഗ്രൗണ്ട് ഉപയോഗിച്ചിരുന്നു. മറ്റു സമുദായക്കാരുമായും ഈ മാനേജ്മെന്റ് നല്ല ബന്ധം പുലർത്തിയിരുന്നു.
വിദ്യാലയങ്ങളാണ് ഒരു നാടിന്റെ അഭിവൃദ്ധിക്കു ചുക്കാൻ പിടിക്കുന്നത് എന്ന് അറിയാവുന്ന അധ്യാപകനായിരുന്നു മാർ വള്ളോപ്പള്ളി പിതാവ്. പുതിയ തലമുറയ്ക്ക് ധാർമികതയിൽ അടിയുറച്ച വിദ്യാഭ്യാസം നൽകിയില്ലെങ്കിൽ ഭാവി അപകടത്തിലാകുമെന്ന് കണ്ടറിഞ്ഞ ആ പുണ്യാത്മാവ് 1967 ജൂൺ അഞ്ചാം തീയതി തലശ്ശേരി കോർപ്പറേറ്റ് ഏജൻസി പ്രവർത്തനമാരംഭിച്ചു. അതോടെ ഈ വിദ്യാലയവും കോർപ്പറേറ്റിൽ ലയിച്ചു. ഈ വിദ്യാഭ്യാസ ഏജൻസിയുടെ ആവിർഭാവത്തോടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഒരു ദിശാബോധം കൈവരുകയുണ്ടായി. 2010 മെയ് മാസത്തിൽ ഉളിക്കൽ ഇടവക രൂപം കൊണ്ടത് മുതൽ സ്കൂളിന്റെ ചുമതല ഉണ്ണിമിശിഹാ പള്ളിയുടെ കീഴിലായി. പ്രഥമ വികാരിയായ റവ. ഫാ. ഫിലിപ്പ് ഇരുപ്പകാട്ട് സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകിയിരുന്നു.
ജാതി മത ഭേദമെന്യേ നിരവധി വിദ്യാർഥികൾ വിദ്യയുടെ വിമല വെളിച്ചം സ്വായത്തമാക്കി ഇവിടെനിന്നും പുറത്തിറങ്ങുന്നു. ഇന്ന് ഈ സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. 32 അധ്യാപകരും ഒരു അനധ്യാപകനും ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി അധ്യാപകരെ ഒരു ചരടിൽ കോർത്തിണക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹെഡ്മാസ്റ്റർ ടി ജെ ജോർജ് സാറിന്റെ നേതൃത്വം ഞങ്ങൾക്ക് ശക്തിയും ഊർജ്ജസ്വലതയും പകരുന്നു. ഇരിക്കൂർ ഉപജില്ലയിലെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്നു എന്ന ബഹുമതിയോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ഒന്നാമത് തന്നെയാണ് ഈ വിദ്യാലയം. അതുപോലെ കോർപ്പറേറ്റ്ലെ മികച്ച സ്കൂളുകൾക്കുള്ള അവാർഡ് തുടർച്ചയായി ഏഴ് വർഷം സ്കൂൾ നേടിയിട്ടുണ്ട്. എൽഎസ്എസ്, യുഎസ്എസ്, നവോദയ പരീക്ഷകളിലും പ്രസംഗ മത്സരങ്ങളിലും ക്വിസ് പ്രോഗ്രാമുകളിലും കോർപ്പറേറ്റ് പരീക്ഷകളിലും ഒക്കെ മികച്ച നേട്ടങ്ങൾ ലഭിച്ചുവരുന്നു.