റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/എനിക്കും പറയാനുണ്ട്
എനിക്കും പറയാനുണ്ട്
മനുഷ്യരും ഈ ലോകവും ഇന്ന് വളരെ പുരോഗമിച്ചിരിക്കുന്നു. ആർക്കും തോൽപ്പിക്കാനാകാത്ത വിധം ശാസ്ത്രത്തെ ഉപയോഗിച്ചവർ വളർന്നു.രാജ്യങ്ങൾ പലതും വികസിപ്പിച്ച് ലോകമഹാശക്തികളാക്കി .ഏതാപത്തിനേയും ഇന്നവർ പ്രതിരോധിക്കാൻ കഴിവുള്ളവരാണ്. എങ്കിലും വാനോളം വളർന്ന മനുഷ്യരാശി എന്റെ ആഗമനം ഇത്ര ഭയാനകമാണെന്ന് കരുതിയിരിക്കില്ല. എന്റെ താണ്ഡവം മഞ്ഞുപെയ്യുന്ന ആ മാസങ്ങളിലായിരുന്നു. രാത്രിയുടെ അന്ധതയിൽ നിന്നും പ്രഭാതത്തിന്റെ പൊൻ വെളിച്ചത്തിലേക്ക് എല്ലാവരും ഉണരുന്നു. സന്ധ്യയ്ക്ക് നിറകണ്ണോടെ ഉറങ്ങാൻ പോയ സൂര്യൻ എന്നത്തേയും പോലെ ഉണർന്നുവന്ന് സമുദ്രത്തിന്റെ മടിത്തട്ടിൽ ഉദിച്ചു നിൽക്കുന്നു .മഞ്ഞു വീണ വീധിയിലും ഇലകളിലും പൂക്കളിലും അങ്ങനെ എല്ലായിടത്തും സൂര്യന്റെ പൊൻകിരണങ്ങൾ വന്നു വീണു.വജ്രം പോലുളള മഞ്ഞുതുള്ളിയിൽ നിന്നും എല്ലാവർക്കും മുക്തി നൽകി.പ്രകൃതിക്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ആ നഗരം ആകെ മാറിയിരുന്നു . സന്തോഷം അലയടിച്ച നാളുകൾ മാറി നഗരത്തിലെങ്ങും മരണത്തിന്റെ ഒച്ചയും ഭയവും നിഴലിച്ചു നിൽക്കുന്നു. നീണ്ടു കിടക്കുന്ന വീധികളിലൂടെ രോഗികളുമായി ആംബുലൻസുകൾ പരക്കം പായുന്നു.നഗരം മുഴുവൻ ശ്മശാനമായി മാറി. ആളുകൾ തിങ്ങി നിന്ന തെരുവുകളും മറ്റും മരിച്ചു മരവിച്ചിരിക്കുന്നു. മുമ്പ് ഈ തെരുവുകളിൽ കുശലം പറഞ്ഞിരുന്നവർ പലരും ഇന്ന് മണ്ണിന് സ്വന്തം . എങ്ങും മരണവീട്ടിൽ ചെന്നതു പോലുള്ള പ്രതീതി. ആംബുലൻസിന്റെ ശബ്ദം ഒഴിച്ച് മറ്റൊരു ശബ്ദവും കേൾക്കാനില്ല.എങ്ങും ഭീതി മാത്രം. ഇതിനെല്ലാം കാരണക്കാരൻ കൊറോണ , കോവിഡ്- 19 എന്നൊക്കെ അറിയപ്പെടുന്ന ഈ ഞാനാണ്. വന്യമൃഗങ്ങളെ വേട്ടയാടി നിങ്ങൾ ഭക്ഷണമാക്കിയപ്പോൾ വാസസ്ഥലമില്ലാതെയായത് ഞങ്ങൾക്കാണ്. വന്യമൃഗങ്ങളുടെ ഉള്ളിൽ ഒതുങ്ങിക്കൂടിയ ഞങ്ങളെ നിങ്ങൾ തന്നെയാണ് പുറത്തിറക്കിയത്. അറിഞ്ഞുകൊണ്ടല്ല ഞങ്ങൾ മഹാമാരി സൃഷ്ടിച്ചത് നിങ്ങൾ ഉൾപ്പെട്ട മനുഷ്യസമൂഹം ഞങ്ങളെ അങ്ങനെയാക്കിയതാണ്. വേണമെങ്കിൽ എന്നെ നിങ്ങളുടെ ശാസ്ത്രത്തിന്റെ സഹായത്തോടെ ഇല്ലാതാക്കാമായിരുന്നു.എന്നാൽ നിങ്ങളെന്നെ നിസ്സാരമായി കണ്ടു. അങ്ങനെ നിങ്ങളുടെ അശ്രദ്ധമൂലം ഞാൻ ഈ ലോകം മുഴുവൻ വ്യാപിച്ച് മഹാമാരിയായി, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തു. എന്നെ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞർ എനിക്ക് കൊറോണ, കോവിഡ്- 19 എന്നൊക്കെ പേരുകൾ നൽകി. എന്നെ തുരത്താൻ ഇപ്പോൾ അഘോരാത്രം പരിശ്രമിക്കുന്നു. എന്നിരുന്നാലും എന്റെ വരവിൽ നിന്നും ഈ ലോകം കുറച്ച് പാഠങ്ങൾ പഠിച്ചു. ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാക്കുമ്പോഴാണല്ലോ മനുഷ്യർ ചിലത് മനസ്സിലാക്കുന്നത്. ഈ ലോകം മുഴുവൻ തകർക്കാൻ നിങ്ങളെക്കൊണ്ടു മാത്രമല്ല നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത എന്നെക്കൊണ്ടും സാധിക്കുമെന്ന് നിങ്ങൾ മനസിലാക്കണം.ആ പത്തിലെങ്കിലും സ്വാർത്ഥത വെടിഞ്ഞ് മാനുഷീകമൂല്യങ്ങൾ തിരിച്ചറിഞ്ഞ് നിങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണം. നിങ്ങൾ തീർച്ചയായും എന്നെ ഇല്ലാതെയാക്കും. നിങ്ങൾക്കതിന് കഴിയും. നിങ്ങളുടെ കൂട്ടത്തോടെയുള്ള പരിശ്രമങ്ങളും , പ്രവർത്തനങ്ങളും നിങ്ങൾക്ക് സഹായകമാകും. നിങ്ങൾക്ക് തീരാനഷ്ടങ്ങൾ നൽകിയതിന് എന്നോട് ക്ഷമിക്കണം. ചെയ്ത തെറ്റുകളെ നിങ്ങൾ തിരുത്തണം. കാടിനെ കാടിന്റെ മക്കൾക്ക് വിട്ടു നൽകണം, പ്രകൃതിയെ സ്നേഹിക്കണം. ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലെന്ന് തിരിച്ചറിയുക. പരിസ്ഥിതിയെ സംരക്ഷിക്കുക. എന്നിൽ നിന്നും മുക്തി നേടി ഒരു നല്ല നാളയെ പടുത്തുയർത്താൻ നിങ്ങൾക്കാകും. അതിനായി ഞാൻ എല്ലാ ആശംസകളും നേരുന്നു.
സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം