മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് മാറി കോഴിക്കോട് കോർപറേഷനുമായി അതിരു പങ്കിടുന്ന പ്രദേശമാണ് കാരന്തൂർ. അഭിഘാത (ഉഴിച്ചിൽ), കളരി മർമ ചികിത്സയ്ക്കും കൊപ്ര, വെളിച്ചെണ്ണ, പപ്പടം വ്യാപാരങ്ങൾക്കും പേരു കേട്ട സ്ഥലം. ബ്രിട്ടീഷുകാരുടെ കാലത്ത് പൊതുമരാമത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. ഇവിടെയുള്ള പരപ്പമ്മൽ പ്രദേശത്ത് സായിപ്പന്മാരുടെ ബംഗ്ലാവും കുതിരപ്പന്തിയും ആയുധപ്പുരയും പ്രവർത്തിച്ചിരുന്നതായി പഴമക്കാർ ഓർക്കുന്നു. ഇപ്പോൾ പി ഡബ്ല്യു ഡി ഓഫീസ പ്രവർത്തിക്കുന്നത് ഈ സ്ഥലത്താണ്. കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ എടുക്കുന്ന മുപ്പത്തിയാറ് മരച്ചക്കുകൾ ഇവിടെയുണ്ടായിരുന്നു.
മരച്ചക്കിൽ ആട്ടിയ വെളിച്ചെണ്ണപ്പെരുമ കോഴിക്കോടും വിട്ട് ഇതര ജില്ലകളിൽ വരെ എത്തിയിരുന്നു. വയനാട്ടിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വെളിച്ചെണ്ണയും നാളികേരവും പപ്പടവും ഇവിടെ നിന്നാണ് കയറ്റി അയച്ചിരുന്നത്. ടി സി സ്വാമി ഗുരുക്കളുടെയും വി പെരച്ചക്കുട്ടി ഗുരുക്കളുടെയും അഭിഘാത ചികിത്സയുടെ കേന്ദ്രവുമാണിത്. പ്രശസ്തരായ പല കലാ കായിക പ്രതിഭകളും വിദേശികളും ഇവിടെ ഉഴിച്ചിൽ ചികിത്സക്കെത്തിയിരുന്നു. പേരുകേട്ട കളരി സംഘങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ ചികിത്സാലയങ്ങൾ ഇന്നും ഇവിടെ സജീവമാണ്. പപ്പട നിർമ്മാണം പണ്ടുമുതൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും തിരൂരിൽ നിന്ന് എത്തിയ ഒരു വ്യക്തിയാണ് പപ്പട വ്യാപാരത്തിന് പ്രചാരം നൽകിയത്. നിരവധി പേർ ഈ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിതം കരക്കടുപ്പിച്ചിട്ടുണ്ട്.
ഗതാഗതം, വ്യാപാരമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജാതി മത വ്യത്യാസമില്ലാതെ സഹകരിച്ചാണ് ജനങ്ങൾ ജീവിച്ചുവരുന്നത്. ഹര ഹര മഹാദേവക്ഷേത്രം, മർകസുസഖാഫത്തി സ്സുന്നിയ്യ, പാറ്റേൺ സ്പോർട്സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ കാരന്തൂരിന്റെ മണ്ണിന്റെ പെരുമ ഉയർത്തുന്നു. പ്രദേശത്തു ജനിച്ചു വളർന്നവരിൽ ഉയർന്ന പദവിയിൽ എത്തിയ ഉദ്യോഗസ്ഥർ, പ്രവാസികൾ, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, മത -രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരും നിരവധിയാണ്.
സ്ഥലനാമ ചരിത്രം
കോഴിക്കോട് -വയനാട് ദേശീയ പാതയിൽ കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിലുള്ള ഒരു ബസ് സ്റ്റോപ്പിന്റെ പേരായിരുന്നു തേക്കിൻ ചുവട്ടിൽ.റോഡരികിൽ ഒരു കൂറ്റൻ തേക്കുമരം വളർന്നു നിൽക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്. ഏകദേശം ഇരുമ്പത്തഞ്ച് മീറ്റർ ഉയരം, മൂന്നു മീറ്റർ ചുറ്റുവണ്ണം. പൊന്നിൻ നിറമുള്ള ടെസ്‌കോണ ഗ്രാൻഡിസ് വിഭാഗത്തിൽ എ ഗ്രേഡിൽ പെട്ടതാണീ തേക്ക്. നടുവച്ചാലിൽ പറമ്പിലാണിത് മുളച്ചു വളർന്നത്. എങ്കിലും റോഡ് വികസനം വന്നപ്പോൾ തേക്ക് പൊതുമരാമത്ത് വകുപ്പിന്റെതായി. പഴമക്കാർ വിളിച്ചിരുന്ന ആ പേര് മർകസ് സ്ഥാപനങ്ങൾ വന്നപ്പോൾ (1978 മുതൽ) മർകസ് സ്റ്റോപ്പായി മാറി. എന്നാലും പ്രകൃതി സ്നേഹികളും നാട്ടുകാരും തേക്കിനെ മറന്നിട്ടില്ല. അവർ തേക്ക് സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. തേക്ക് കാണാൻ മാത്രമായി സന്ദർശകരും എത്താറുണ്ട്.
പൂഴ്ത്തിവെപ്പും പിടിച്ചെടുക്കലും
കേരളത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായ ഒരു കാലമുണ്ടായിരുന്നു. പാവങ്ങൾ വിശന്നു വലയുമ്പോൾ കരിഞ്ചന്തയിൽ കൂടിയ വിലയ്ക്കു വിൽക്കാൻ വേണ്ടി ഒരു വിഭാഗം വ്യാപാരികൾ അരി പൂഴ്ത്തിവെച്ചിരുന്നു. ദാരിദ്ര്യം കൊടുമ്പിരി കൊണ്ട കാലം കാലത്ത് കുന്ദമംഗലത്ത് ചില ആളുകൾ പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്തു പാവപ്പെട്ടവർക്കു വിതരണം ചെയ്തത് പ്രായം ചെന്നവർ ഇന്നുമോർക്കുന്ന സംഭവമാണ്. പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്ത് കൈവണ്ടിയിൽ കയറ്റി പാ വങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു ഒരു കൂട്ടമാളുകൾ. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ. സി നായരുടെ നേതൃത്വത്തിലായിരുന്നു ഒരു സംഘം അരി പിടിച്ചെടുത്ത് വിതരണം ചെയ്തത്.
പിടിച്ചുകെട്ടാതെ വിഹരിച്ച കാളക്കൂറ്റൻ
കാലികളെ അലഞ്ഞുതിരിയാൻ വിട്ടാൽ ഉടമകൾ പിഴടുക്കേണ്ട കാലമായിരുന്നു പണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിന് ടൗണിൽ പഞ്ചായത്ത് പ്രത്യേകം ആലകൾ നിർമ്മിച്ചിരുന്നു. ഇങ്ങനെ പിടിച്ചു കെട്ടിയ കാലികളെ ഉടമകളെത്തി പിഴ അടച്ചാൽ മാത്രമേ വിട്ടു കൊടുത്തിരുന്നുള്ളു അക്കാലത്ത്. എന്നാൽ ഈ നിയമങ്ങളെന്നും ബാധകമല്ലാത്ത ഒരു കാളകൂറ്റൻ കുന്ദമംഗലം ടൗണിൽ ഉണ്ടായിരുന്നു. പഴവും പഴത്തൊലിയും മറ്റും നൽകി ഈ അമ്പലക്കാളയെ നാട്ടുകാരും കടക്കാരും തീറ്റിപ്പോറ്റുകയായിരുന്നു.നാട്ടുകാരുടെ അരുമയായി വളർന്ന ഈ അങ്ങാടി കൂറ്റൻ കഴുത്തിലെ മണി കിലുക്കി, കൊമ്പുകളുയർത്തി അങ്ങാടി കീഴടക്കി നടന്നിരുന്നത് ഇന്നുമോർക്കുന്നവരുണ്ട്.
റേഡിയോ സ്വന്തമാക്കാൻ ലൈസൻസ്
പണ്ടു കാലത്തെ പ്രധാന വാർത്താവിനിമയ ഉപാധിയായിരുന്നു റേഡിയോ. റേഡിയോ കൈവശം വയ്ക്കണമെങ്കിൽ ലൈസൻസ് എടുക്കേണ്ടിയിരുന്നു എന്ന വസ്തുത പുതു തലമുറയ്ക്ക് വിശ്വസിക്കാൻ അല്പം പ്രയാസമു ണ്ടാകും. പോസ്‌റ്റോഫീസിൽ പണമടച്ച് വിലാസം നൽകി അപേക്ഷിച്ചാൽ ലൈസൻസ് ബുക്ക് ലഭിക്കും. ലൈസൻസ് ഫീക്ക് തുല്യമായ സ്റ്റാമ്പാണ് ബുക്കിൽ പതിച്ചിരുന്നത്. വർഷത്തിൽ ഈ ലൈസൻസ് പണമടച്ചു പുതുക്കുകയും വേണം. റേഡിയോ കൈമാറ്റം ചെയ്താൽ ലൈസൻസും ഉടനെ മാറ്റണം. ഇത് പരിശോധിക്കാനും കൃത്യ വിലോപം കണ്ണിൽപ്പെട്ടാൽ പിഴ ഈടാക്കാനും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീട് കാലപ്രവാഹത്തിൽ റേഡിയോക്കുള്ള ലൈസൻസ് സംവിധാനം എടുക്കപ്പെടുകയായിരുന്നു.
കോളറക്കാലത്തെ സേവനം
ജനങ്ങളേറെ ദുരിതം അനുഭവിച്ച കാലമായിരുന്നു കോളറ പടർന്നു പിടിച്ച കാലം. രോഗം പിടിപെട്ടാൽ പെട്ടെന്ന് വ്യാപകമായി പടരുന്ന അവസ്ഥ. രോഗികളെ ശുശ്രൂഷിക്കുവാനും മരിച്ചവരെ സംസ്‌കരിക്കാനും ആളില്ലാതെ സാധാരണ ജനങ്ങൾവലഞ്ഞു. ആ സമയത്ത് ഏക ആശ്രയം വളണ്ടിയർ സേനയായിരുന്നു. ദാമോദരൻ റൈറ്ററും അബ്ദുറഹ്മാൻ കുട്ടി വൈദ്യരും ആണ് സേനയ്ക്ക് നേതൃത്വം നൽകി നാടിന് ആശ്വാസം പകർന്നത്.
അനുഷ്ഠാന കലകൾ
തെയ്യം, കാവടിയാട്ടം, കോൽക്കളി, പരിചമുട്ടുകളി തുടങ്ങിയ നാടൻകലകളുടെ ആശാന്മാർ കാരന്തൂരിലും ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിൽ ചെണ്ട വാദ്യവും തിറയാട്ടവുമായി കാവുകൾ തോറും കയറിയിറങ്ങുന്ന കുടുംബങ്ങൾ കുന്ദമംഗലത്തും പരിസരത്തും താമസിച്ചിരുന്നു. കുന്ദമംഗലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാവടിയാട്ട-കരകാട്ട ട്രൂപ്പുകൾനാട്ടിലും മറുനാട്ടിലും കേൾവി കേട്ടവയായിരുന്നു. തുകൽ വാദ്യവിദഗ്ധൻ തെയ്യൻആശാൻ, നാദസ്വരവിദ്വാന്മാർ, ഓടക്കുഴൽ വാദകൻ കേളു ആശാൻ തുടങ്ങിയവർ ഈ രംഗത്ത് പ്രശസ്തരാണ്.പിറുങ്ങന്റെ നേതൃത്വത്തിലുള്ള നരിക്കളിയും കുന്ദമംഗലത്തിന്റെ തെതെരുവോരങ്ങളിൽ ഉത്സവ കാലത്ത് കലാസ്വാദകരെ രസിപ്പിച്ചിരുന്നു.