മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സിയിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സിയിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥ ഇല്ല എന്ന് മാത്രമല്ല, നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സിയിൽ ഉണ്ട്.ഒത്തൊരുമയും അച്ചടക്കവും(एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം.രാജ്യത്ത് എൻ.സി.സി 1948 ജുലായ് 15ന് സ്ഥാപിക്കപ്പെട്ടു. 1917ൽ തുടങ്ങിയ 'യൂണിവേഴ്‌സിറ്റി കോർപ്‌സ്'-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. 1946ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. നവംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.

കാർഗിൽ വിജയദിനാഘോഷം 2025

കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് ജൂലൈ 26-ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ NCC വിദ്യാർഥികൾ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ നിർമ്മിച്ച സ്മൃതിമണ്ഡപത്തിലായിരുന്നു പുഷ്പാർച്ചന നടന്നത്. തുടർന്ന്, വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ സൈനികരും സ്മൃതിമണ്ഡപത്തിൽ ഒത്തുകൂടി. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. പരിപാടിയിൽ കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ ഭാരവാഹികളും സ്കൂൾ അധികൃതരും NCC ഓഫീസർ മിദ്ലാജ് മാസ്റ്ററും സംസാരിച്ചു. കാർഗിൽ യുദ്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൈനികരുടെ ത്യാഗത്തെക്കുറിച്ചും അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. രാജ്യസേവനത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്നു ഈ സ്മൃതിദിനാചരണം. ജൂലായ് 30- സ്കൂൾ അസംബ്ലി 2024 ജൂലായ് 30 ന് കേരളത്തെ നടുക്കിയ വയനാട് ജില്ലയിലെ മുണ്ടകൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. അതിന്റെ ഭാഗമായി മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ അസംബ്ലിയും മൗനാചരണവും നടന്നു. അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ പി.കെ. രത്നാകരൻ മാസ്റ്റർ സംസാരിച്ചു.