വായനശാല സന്ദർശനം

വായന പക്ഷാചരണത്തിന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ നിന്നും നല്ല പാഠം പ്രവർത്തകർ തൃശ്ശൂർ സാഹിത്യ അക്കാദമി,തൃശ്ശൂർ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ ഒരു പഠനയാത്ര നടത്തുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ ലൈബ്രറി സന്ദർശിച്ച് നിരവധിയായ പുസ്തകങ്ങൾ കാണുവാനും അടുത്ത് അറിയുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭിന്നശേഷിക്കാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും ചെയ്തു. ഭിന്നശേഷിക്കാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഇതോടെ വിദ്യാർഥികൾക്ക് ഒരു അവസരം ലഭിച്ചു. അവരിലുള്ള കലാകാരന്മാരെ പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നല്ല പാഠം പ്രവർത്തകർക്ക് സമൂഹത്തിൽ ചിലതെല്ലാം ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.തുടർന്ന് തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ പോയി. അവിടെയുള്ള കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുടെ വിഭാഗം നമ്മുടെ കുട്ടികളെ ഏറെ ആകർഷിക്കുകയുണ്ടായി. അവിടെയുള്ള പുസ്തകങ്ങളുടെ കലവറ കുട്ടികളെ അമ്പരപ്പെടുത്തുക തന്നെ ചെയ്തു. ഈ വർഷത്തെ വായന പക്ഷാചരണം കാഴ്ചകൾ കൊണ്ടും വിജ്ഞാനം കൊണ്ടും ഏറെ ഉപയോഗപ്രദമായി എന്ന് പറയാതെ വയ്യ.

വായനദിനം

2025 അധ്യയന വർഷത്തിലെ വായന ദിന ആചരണം ജൂൺ 19 വ്യാഴാഴ്ച സ മുചിതമായി നടത്തുകയുണ്ടായി. സാഹിത്യകാരനും നാടക കർത്താവുമായ നിതിൻ കെ ( നന്തി പുലം )ആണ് ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂർ അധ്യക്ഷനായ ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഷീജ ടീച്ചർ,നീന ടീച്ചർ സ്കൂൾ ലീഡർ ദേവനന്ദ എന്നിവർ പ്രസംഗിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് ലൈബ്രറിയിൽ പുസ്തക പ്രദർശനവും നടന്നു

ജൂലൈ 5-ബഷീർ ദിനം

മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം ജൂലെെ 5 ശനിയാഴ്ച,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ നാലാം ക്ലാസിലെ ദിയ കൃഷ്ണ ബഷീർ കവിതയും, ആറാം ക്ലാസിലെ ലെന പി.എസ്. പ്രസംഗവും അവതരിപ്പിച്ചു. ബഷീർ കൃതികളിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'ബാല്യകാലസഖി'യുടെ വായനാനുഭവം ഒൻപതാം ക്ലാസിലെ റോസ്ബെല്ല പങ്കുവെച്ചു. ബഷീർ കൃതികളിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ചിത്രരചന മത്സരത്തിൽ യു. പി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഏകദേശം 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഭൂരിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീർ എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഈ ദിനം ഏറെ സഹായകമായി.