മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/എന്റെ വിദ്യാലയം

പൊതുവിദ്യാഭ്യാസം ഇന്ന് മികവിന്റെ വഴിയിലാണ്. പൊതുവിദ്യാലയങ്ങൾ നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സംഘാടനത്തിലൂടെ ഏറ്റവും മികച്ച വിദ്യാഭ്യാസം ഏറ്റവും മെച്ചപ്പെട്ട അന്തരീക്ഷത്തിൽ കുട്ടികൾക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. ഈ രംഗത്ത് ജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാലയമാണ് മട്ടന്നൂർ നഗരത്തിന്റെ തിലക്കുറിയായി വിരാജിക്കുന്ന മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ. ഏറ്റവും മികച്ച വിദ്യാഭ്യാസം ഓരോരുത്തർക്കും എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ പഠിച്ച് ജീവിതത്തിന്റെ നാനാതുറകളിലുമുള്ള പ്രശസ്തരും അപ്രശസ്തരും ഈ വിദ്യാലയത്തെ അഭിമാനത്തോടെ ഓർമ്മിക്കുന്നു എന്നുള്ളത് വിദ്യാലയത്തിന്റെ യശസ്സിന് മാറ്റ് കൂട്ടുന്നു. വിദ്യാലയങ്ങൾ ഹൈ-ടെക് ആയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജില്ലയിലെ പൈലറ്റ് പ്രോജക്റ്റിൽ ഉൾപ്പെടുത്തിയ ഉപജില്ലയിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ഹൈടെക് വിദ്യാലയങ്ങൾ എന്ന സങ്കല്പത്തിന്റെ ഒരു ഭാഗം മാത്രമാണ് ഭൗതിക ഡിജിറ്റൽ പശ്ചാത്തലമൊരുക്കൽ എന്നത്. നമ്മുടെ അധ്യാപകർ ഇത്തരം നവീന സാങ്കേതിക സംവിധാനങ്ങൾ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നുവെന്നത് അഭിനന്ദനീയമാണ്. ഒപ്പം തന്നെ പ്രവർത്തനാധിഷ്ഠിത ക്ലാസ് മുറികളിൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സംവാദങ്ങളും നാടകീകകരണങ്ങളും വാതിൽപ്പുറം പഠനങ്ങളും സെമിനാറുകളും ഒക്കെ നടന്നു വരുന്നു. പഠനതന്ത്രങ്ങളുടെ വൈവിധ്യവൽക്കരണത്തിലൂടെ എല്ലാ കുട്ടികൾക്കും നിർദ്ദിഷ്ട പഠനനേട്ടങ്ങൾ ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ട്. ഇക്കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകാൻ ശേഷിയുള്ള സ്വയം സമർപ്പിതമായ അധ്യാപകരെ ലഭിക്കുന്നുവെന്നുള്ളത് നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ച മികവുകളിലൊന്നാണ്. ഓരോ വിദ്യാർത്ഥിയും ആർജിക്കേണ്ട അറിവും ശേഷിയും ധാരണകളും ഉറപ്പിക്കുന്നതിനായി വിദ്യാലയം തന്നെ പാഠപുസ്തകമാക്കും വിധം പി ടി എ യുടെ സഹായത്തോടെ നിർമ്മിച്ച കുട്ടികളുടെ പാർക്കും കെ എസ് എഫ് ഇ യുടെ സഹായത്തോടെ നവീകരിച്ച മനോഹരമായ ലൈബ്രറിയും റീഡിംഗ് ലാബും സയൻസ് പാർക്കും വിവിധ പരിപാടികൾ നടത്താനുതകുന്ന ആധുനിക ശബ്ദസംവിധാനത്തോടെയുള്ള വിശാലമായ ഓഡിറ്റോറിയവും സുസജ്ജമായ ഐ ടി ലാബും സയൻസ് ലാബും മറ്റെങ്ങുമില്ല തന്നെ.

ഞങ്ങളുടെ സവിശേഷതകൾ

   • എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസ് മുറികൾ
   • എൽ.പിക്കും യു.പി.ക്കും പ്രത്യേക മൾട്ടിമീഡിയ ലാബുകൾ
   • ജില്ലയിലെ ആദ്യത്തെ സയൻസ് പാർക്ക് വിദ്യാലയം
   • ശിശു സൗഹൃദ ക്ലാസുമുറികൾ
   • എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ
   • 6000ത്തിലധികം പുസ്തകങ്ങളുമായി ജനറൽ ലൈബ്രറിയും റീഡിംഗ് ലാബും
   • സുസജ്ജമായ ശാസ്ത്ര- ഗണിത- സാമൂഹ്യ ശാസ്ത്ര ലാബുകൾ
   •  എല്ലാ ഭാഗത്തേതക്കും വാഹനസൗകര്യം
   •  മാലിന്യമുക്ത – പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്
   •  സ്കൗട്ട് യൂണിറ്റ്
   •  സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
   •  സൗജന്യ കളരി/ കരാട്ടെ പരിശീലനം
   •  കലാ- കായിക അധ്യാപകരുടെ സേവനം
   •  പോ‍കസമൃദ്ധമായ ഉച്ചഭക്ഷണം
   •  വൃത്തിയുള്ള ശുചിമുറികൾ
   •  സംസ്കൃതം, ഉറുദു, അറബിക് പഠനത്തിന് അവസരം
   •  ഒന്നാം ക്ലാസ് മുതൽ ഐ.ടി പഠനം
   •  കുടിവെള്ള സൗകര്യം
   •  മികച്ച കളിസ്ഥലം
   •  ഇംഗ്ലീഷ്, ഹിന്ദി, മലയാളം - ലാംഗ്വേജ് ലാബുകൾ
   •  സഹവാസ ക്യാമ്പുകൾ
   •  വാതിൽപ്പുറ പഠനങ്ങൾ
   •  പഠനയാത്രകൾ
   •  എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ (ഇംഗ്ലീഷ് മീഡിയം)
   •  പഠനവിശേഷങ്ങളറിയാൻ സ്കൂൾ ബ്ലോഗ്
   •  സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം സാഹിത്യവേദി, ഇക്കോ ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്, ഊർജ ക്ലബ്ബ്, മഞ്ചാടി ക്ലബ്ബ്, . . . .