ബാവാന്റ പറമ്പ എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പടിഞ്ഞാറ് പൊന്ന്യം പുഴ മുതൽ കിഴക്ക് പാനൂരിന്റെ അതിർത്തിയായ കേളോത്ത് പാലം വരെയുള്ള കരപ്രദേശവും വയലുകളും ഉൾക്കൊള്ളുന്നതാണ് ചമ്പാട് ദേശം. പന്ന്യന്നൂർ അംശത്തിൽ (വില്ലേജ്) ഉൾപ്പെടുന്ന പ്രദേശമായിട്ടും ചമ്പാട് എന്ന പേര് ഈ ദേശത്തിന് വളരെ പഴയ കാലം മുതൽ ലഭിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ. നാനൂറ് കൊല്ലങ്ങൾക്കു മുമ്പ് ചമ്പാട് എന്ന പേര് ഉപയോഗിച്ചിരുന്നു എന്ന് വിശ്വസിക്കാൻ തെളിവുകൾ ഉണ്ട്. വില്യം ലോഗൻറെ മലബാർ മാന്വലിൽ ചേർത്തിട്ടുള്ള തച്ചോളി ഒതേനനെ കുറിച്ചുള്ള ചരിത്രവും പാട്ടുമാണ് ഒരു തെളിവ്. തച്ചോളി ഒതേനൻ പൊന്ന്യത്തേക്ക് പടയ്ക്കു പോകുമ്പോൾ കടത്തനാട്ടു നിന്ന് പെരിങ്ങോം കടത്ത് കടന്നു "ചമ്പാട് പുഞ്ചപ്പാടം മുറിച്ചു കടന്നു" എന്ന് പാട്ടിലുണ്ട് . അവിടുന്ന് "ചമ്പാട് ഗ്രാമത്തിൽ" പ്രവേശിച്ചു. എന്നിട്ട് പൊന്ന്യത്തേക്ക് പോയി. അങ്കം കഴിഞ്ഞു തിരിച്ചു വരുമ്പോഴും "ചമ്പാട്ടെ നെൽവരമ്പത്തൂടെ" നടന്നു തിരികെ പോന്നു എന്നുണ്ട്. തച്ചോളി ഒതേനൻ ജനിച്ചത് കൊല്ലവർഷം 758(എ .ഡി-1584) മിഥുനമാസം കറുത്ത വാവിൻനാൾ നട്ടുച്ചക്കാണെന്ന് ഉള്ളൂർ എസ്സ്. പരമേശ്വര അയ്യർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധീകരിക്കുന്നത് 1887ലാണ്. അതായത് 129 വർഷം മുമ്പ്. ഇരുപത്തൊന്നു വർഷം അദ്ദേഹം ഔദ്യോഗിക ജോലിയിലിരുന്നു. ഇക്കാലയളവിൽ വിവരശേഖരത്തിനു വേണ്ടി അമ്പത് വയസ്സുള്ളവരെ അദ്ദേഹം സമീപിച്ചു എന്നു കരുതുകയാണെങ്കിൽ ഏകദേശം ഇരുന്നൂറു വർഷം മുമ്പത്തെ കൃത്യമായ വിവരങ്ങൾ ആയിരിക്കും. അങ്ങനെ വരുമ്പോൾ ഒരു നാടൻ പാട്ട് രൂപപ്പെട്ടു പ്രചാരത്തിലായതിൻറെ കാലഗണന ശരിയാവാനാണിടം. ഇതിൽ നിന്നും നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ചമ്പാട് എന്ന പേര് വാമൊഴിയായി സ്ഥിരമാകുന്നതിനും വളരെയേറെ വർഷങ്ങൾക്ക് മുമ്പ് ആ പേര് ഉപയോഗത്തിലുണ്ടായിരുന്നു എന്നുള്ള നിഗമനത്തിലേക്കാണെത്തുക.

ദേശനാമം രൂപപ്പെട്ട വഴി അന്വേഷിക്കുമ്പോൾ ഇന്നുള്ള പേരുകളുമായി ചേർത്ത് ആലോചിക്കുന്നത് നന്നായിരിക്കും. ആധികാരികമായി ഇന്ന് പരിശോധിക്കാവുന്ന വില്ലേജ് ഓഫീസിലെ രേഖകൾ ഇന്നത്തെ രീതിയിൽ പുതുക്കി എഴുതിയത് 1933-1934കാലത്താണ്. ആ രേഖകൾ പ്രകാരം "ചമ്പാട്" എന്ന പേര് ചേർന്നു വരുന്ന കുറേ പറമ്പുകൾ ഇന്നത്തെ മീത്തലെചമ്പാട്ടും (മെലേചമ്പാട്) താഴെചമ്പാടും ഉൾക്കൊള്ളുന്ന സ്ഥലങ്ങളാണ്. മേലെചമ്പാട്, താഴെചമ്പാട് എന്ന് പറയുന്ന രീതി പഴയതാണ്. പടിഞ്ഞാറ് ഭാഗത്തെ സൂചിപ്പിക്കുന്നതാണ് മേലെ എന്നത്. കിഴക്ക്ഭാഗത്തേത് താഴെ (കീഴെ) എന്നുമാണ്. മെലേ ചമ്പാട് പടിഞ്ഞാറ് ഭാഗത്തും താഴെചമ്പാട് കിഴക്ക് ഭാഗത്തുമാണ് ഉള്ളത്. ചമ്പാട് ദേശത്തിൻറെ ഭൂപ്രകൃതിയും ഈ പേരുകളെ സാധൂകരിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗം ഉയർന്നും കിഴക്ക് ഭാഗം താഴ്ന്നുമാണുള്ളത്.

ചമ്പാട് ദേശത്തിൻറെ തെക്കുഭാഗത്തുള്ള വയലിനും വടക്ക് ഭാഗത്തുള്ള വയലിനും പുഞ്ചവയൽ എന്നു പേരുണ്ട്. പുഞ്ചവയൽ എന്നാൽ വെള്ളം കെട്ടിനിൽക്കുന്നിടത്തെ വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്ന വയൽ എന്നാണ്. ചമ്പാട് പുഞ്ചവയൽ എന്ന പേര് മെലേചമ്പാടിൻറെയും താഴെചമ്പാടിൻറെയും തെക്ക് ഭാഗത്തുള്ള വയലിൻറെ​ പേരാണ്. പൊന്ന്യം പുഴയുടെ അടുത്തുള്ള സ്ഥലങ്ങളാണ് തൊടുവയലക്കാട്ടു നിലം, പൊന്ന്യത്ത് വയൽ, എടക്കുളം നിലം, മാക്കുനി നിലം തുടങ്ങിയവ. വടക്ക്ഭാഗത്ത് മനയത്ത് വയൽ, തോട്ടോടി വയൽ, ചെറുകുളം വയൽ തുടർന്ന് ചോരങ്കുളം വയൽ, മൊകേരിവയൽ എന്നിങ്ങനെ ആയി കിഴക്കവസാനിക്കുന്നു. ചമ്പാടുദേശത്തെ കിഴക്കുള്ള വയലുകൾ തെക്കേവയലും ചോതാർ വയലുമാണ്. ഇതിനിടയിൽ ഏകദേശം നീളത്തിലാണ് കര. ഇങ്ങനെയാണ് ചമ്പാടു ദേശത്തെ ഭൂമി വിവരങ്ങൾ വില്ലേജ് ഓഫീസിലെ രേഖകളിൽ ഉള്ളത്.

👍👍