ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

  ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന ഈ അവസരത്തിൽ വളരെ പ്രസക്തമായ വിഷയമാണ് ശുചിത്വവും ആരോഗ്യവും എന്നത് . 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് നോവൽ കൊറോണ അഥവാ കോവിഡ് -19 എന്ന വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് . തുടക്കത്തിൽ സാധാരണ ഒരു ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഈ അസുഖം പ്രധാനമായും ശ്വാസകോശത്തെയാണ ബാധിക്കുന്നത് . വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. അൻ്റാർട്ടിക്കയൊഴികെ മറ്റ് ആറ് വൻകരകളിലും പടർന്നുപിടിച്ച ഈ അസുഖം 210 രാജ്യങ്ങളിൽ പടർന്നുപിടിച്ചു. ഈ വൈറസ് ബാധ മൂലം ലോകത്താകമാനം 108,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . 17 ലക്ഷത്തിലധികം പേർ രോഗബാധിതരായിട്ടുണ്ട് എന്നാണ് കണക്ക് . കൊറോണ വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ പരിസരശുചിത്വത്തേക്കാൾ വ്യക്തിശുചിത്വത്തിനാണ് കൂടുതൽ പ്രാധാന്യം. കൊറോണ വൈറസ് ബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേയ്ക്കു തെറിയ്ക്കുന്ന സ്രവങ്ങളിലൂടെയാണ് ഇവ പ്രധാനമായും പടർന്നുപിടിക്കുന്നത് . അതുകൊണ്ട് തന്നെ രോഗിയും രോഗിയുമായി ഇടപഴകുന്നവരും നിർബന്ധമായും മാസ്ക്ക് ധരിക്കണം. സോപ്പോ, ആൽക്കഹോൾ കണ്ടന്റെ് അടങ്ങിയ ഹാന്റ് സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ വൃത്തിയായി കഴുകുന്നത് വൈറസിനെ നശിപ്പിക്കുകയും രോഗബാധ തടയുകയും ചെയ്യുന്നു. രോഗവ്യാപനം തടയുന്നതിനുള്ള മറ്റൊരു മാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ് . ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര ഗവൺമെന്റെ ഇപ്പോൾ രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് . കടുത്ത നടപടികളിലൂടെയും തികഞ്ഞ ജാഗ്രതയിലൂടെയും നമ്മുടെ നാട്ടിൽരോഗവ്യാപനത്തിൻ്റെ തോത് നിയന്ത്രിക്കാനായി എന്നത് നമുക്കേവർക്കും ആശ്വാസം നൽകുന്ന ഒരു വസ്തുതയാണ് . എങ്കിലും ശുചിത്വ കാര്യങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിലും നാമിനിയും ജാഗ്രത തുടരേണ്ടതുണ്ട് .

   ഉറങ്ങി എഴുന്നേറ്റാൽ വായും മുഖവും വൃത്തിയാക്കിയതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക, കൃത്യമായ ഇടവേളകളിൽ കൈകാലുകളിലെ നഖം വെട്ടുക, മലവിസർജ്ജനത്തിനു ശേഷം സോപ്പുപയോഗിച്ച് കൈകൾ കഴുകുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുകയും മല മൂത്ര വിസർജ്ജനം നടത്താതിരിക്കുകയോ ചെയ്യുക എന്നിവയെല്ലാം ജീവിതത്തിൽ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണെന്ന് ചെറിയ ക്ലാസ്സുകളിൽ നാം പഠിച്ചിട്ടുണ്ട് . എന്നാൽ ചുമ, ജലദോഷം, വയറിളക്കം എന്നിങ്ങനെ വിവിധ രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയുന്നതിന് ഈ ശീലങ്ങൾ എത്രത്തോളം സഹായകരമാണെന്ന് നാം ഈ അവസരത്തിലാണ ഓർക്കുന്നത് . ചെറിയ ക്ലാസ്സുകളിൽ നാം പഠിച്ച ശുചിത്വ ശീലങ്ങൾ നിത്യജീവിതത്തിൽ കർശനമായി പാലിക്കുന്നത് ഇടയ്ക്കിടെയുള്ള രോഗബാധയും അതോടനുബന്ധിച്ചുള്ള ആശുപത്രി വാസവും ഒഴിവാക്കുന്നതിന് നമ്മെ സഹായിക്കുന്നു. പൊതു ഇടങ്ങളിലെ ഇടപെടലുകളുടെ ആധിക്യവും വ്യക്തികൾ തമ്മിൽ കൂടുതൽ ഇടപഴകിക്കൊണ്ടുള്ള സ്നേഹപ്രകടനങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ രോഗപ്പകർച്ച വർധിക്കുന്നതിനു കാരണമായിട്ടുണ്ടാകാം. വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇന്ത്യൻ രീതിയാണ കൂടുതൽ ആരോഗ്യകരമെന്ന് ലോകത്താകമാനം ഇന്നംഗീകരിച്ചു കഴിഞ്ഞു.

   ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിലും നാം കാണിക്കുന്ന ശ്രദ്ധ പരിസരശുചിത്വത്തിന്റെ കാര്യത്തിൽ നാം കാണിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ് . ‘ ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പേരിൽ പ്രസിദ്ധമായ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാണ് . ഇവിടുത്തെ ജലസമൃദ്ധമായ നദികളും വിശാലമായ വയലേലകളും പച്ച പുതച്ചു നിൽക്കുന്ന നാട്ടിൻപുറങ്ങളുമെല്ലാം കണ്ണിന് കുളിർമയേകുന്നതാണ് . എന്നാൽ ഈ കാഴ്ചകളുടെയെല്ലാം ശോഭ കെടുത്തുന്നതാണ് നാം പരിസരശുചിത്വത്തിൽ കാണിക്കുന്ന അശ്രദ്ധ. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതാണ അവന്റെ പരിസരം. ചീഞ്ഞളിഞ്ഞ പാഴ്വസ്തുക്കളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തിയുടെ ആരോഗ്യം എത്തരത്തിലുള്ളതാകാമെന്ന് നമുക്ക ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും മെച്ചപ്പെട്ട മാലിന്യ നിർമ്മാർജ്ജന സംവിധാനം ഇല്ലെന്നത് ഒരു പോരായ്മ തന്നെയാണ് .മഴ പെയ്യുമ്പോൾ ചപ്പുചവറുകളും മാലിന്യങ്ങളും മഴവെള്ളത്തിൽ കലർന്ന റോഡുകളിലൂടെ പരന്നൊഴുകുകയും ആളുകൾ അവയിലൂടെ ചവിട്ടി നടക്കുകയും ചെയ്യുന്നു. മിക്ക സ്ഥലങ്ങളിലും ഇത് ഒരു നിത്യ സംഭവമാണ് . ചിക്കൻഗുനിയ, ഡെങ്കിപ്പനി, തക്കാളിപ്പനി തുടങ്ങി വിവിധ തരം പനികളുടെ കേന്ദ്രമായി നമ്മുടെ സംസ്ഥാനം മാറിയതിന് ഇവിടത്തെ മാലിന്യപ്രശ്നം തന്നെയാണ് കാരണം. ലക്ഷക്കണക്കിന് വർഷങ്ങൾ മണ്ണിൽ കിടന്നാലും ലയിച്ചു ചേരാത്ത പ്ലാസ്റ്റിക്ക് മാലിന്യം ഒരുക്കുന്ന ഭീഷണിയാണ മറ്റൊന്ന് . മണ്ണിൽ ലയിച്ചു ചേരാതെ കിടക്കുന്ന ഇവ മഴവെള്ളം മണ്ണിലേക്ക ഒലിച്ചിറങ്ങുന്നത് തടയുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അടുത്തിടെയായി നമ്മുടെ സംസ്ഥാത്ത പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവിധ ഭക്ഷ്യ സാധനങ്ങളുടെ കവറുകളെന്ന നിലയിൽ നമ്മുടെ വീടുകളിലെത്തിച്ചേരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേണ്ട രീതിയിൽ സംസ്ക്കരിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജലസ്രോതസ്സുകളിലേക്ക വലിച്ചെറിയുന്നത് ജലത്തിമാലിന്യത്തിന്റെ നീരൊഴുക്ക് തടയുകയും ജലം മലിനമാക്കുകയും ചെയ്യുന്നു. അതിന് പുറമെ അവിടിവിടെ പ്ലാസ്റ്റിക്ക് വസ്തുക്കൾ കുന്നുകൂട്ടി തീയിടുന്നതുമൂലം ചുറ്റുപാടും ദുർഗന്ധവും വിഷപ്പുകയും വ്യാപിക്കുകയും അതു ശ്വസിക്കുന്ന ആളുകൾക്ക് ആസ്ത്മ , ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. അവനവന്റെ വീട്ടിലുണ്ടാകുന്ന മാലിന്യം അവനവൻ തന്നെ സംസ്ക്കരിക്കുന്നതിനുള്ള സംവിധാനമൊരുക്കുക മാത്രമേ ഇതിനൊരു പോംവഴിയുള്ളൂ. ബയോഗ്യാസ് പ്ലാന്റെ് , പൈപ്പ് കമ്പോസ്റ്റ് , വെർമി കമ്പോസ്റ്റ് എന്നീ മാർഗ്ഗങ്ങളിലൂടെ നമുക്ക് നമ്മുടെ വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ ഇല്ലാതാക്കാം. അതോടൊപ്പം തന്നെ പാചകത്തിനാവശ്യമായ ഗ്യാസ് , അടുക്കളത്തോട്ടത്തിനാവശ്യമായ ജൈവവളം എന്നിവ നിർമ്മിക്കുകയും ചെയ്യാം. ഉരുക്കി രൂപം മാറ്റി ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ മാത്രംഉപയോഗിക്കുക. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ദൂഷ്യഫലങ്ങൾ നമ്മുടെ സമൂഹം മനസ്സിലാക്കിത്തുടങ്ങി എന്നതിനുദാഹരണമാണ് പ്ലാസ്റ്റിക്ക് പേനകൾക്കു പകരം ഉപഗോഗിക്കുന്ന മഷിപ്പേനകൾ, സീഡ് പേനകൾ എന്നിവയും പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്ക് പകരം ഉപയോഗിക്കുന്ന സ്റ്റീൽ ബോട്ടിലുകളും. പ്ലാസ്റ്റിക്ക് കവറുകൾ നിരോധിച്ചതിലൂടെ എല്ലാവരും തുണിക്കവറുകൾ, തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയവ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ലൊരു സൂചനയാണ് . മികച്ച പൌരബോധത്തിലൂടെയും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെയും നമ്മുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം. അങ്ങനെ കേരളം ' ദൈവത്തിൻ്റെ സ്വന്തം നാട് ' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാം.

ശ്രീലക്ഷ്മി എസ്
9 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം