Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം നമ്മളിലൂടെ...
"മോളേ... കഴിക്കാനെടുത്ത് വച്ചിട്ടുണ്ട്, ചേട്ടനെക്കൂടി വിളിച്ചേ... ടി വി യുടെ മുമ്പിൽ കുറെ നേരമായി കുത്തിയിരിക്കുന്ന നിന്റെ അച്ഛനെക്കൂടി വിളിക്ക്."
"ശരി അമ്മേ"
"ഇതെന്താ ഒറ്റയ്ക്ക് , ചേട്ടനെക്കൂടി വിളിക്കാൻ പറഞ്ഞതല്ലേ"?
"അമ്മേ ഞാൻ വിളിച്ചതാ. അമ്മ തന്നെ ചോദിക്ക് എന്താ കഴിക്കാത്തതെന്നു. ജോലി കഴിഞ്ഞ് വന്ന് കുളിച്ചിട്ട് പോലുമില്ല."
രാഹുലിന് ജോലി കിട്ടിയ ശേഷം ഇത് സ്ഥിരമാണ് - രാത്രി കഴിക്കാത്ത ഈ സ്വഭാവം. "എന്താ മോനെ കഴിക്കാത്തത്?" അമ്മയുടെ ചോദ്യത്തിന് മുകളിലത്തെ നിലയിലെ മുറിയിൽ നിന്ന് രാഹുലിന്റെ മറുപടിയെത്തി. "വേണ്ടമ്മേ, ഞാൻ പുറത്തു നിന്ന് കഴിച്ചു"
കഷ്ടപ്പെട്ട് രാത്രിയിൽ അമ്മമാർ ആഹാരം ഉണ്ടാക്കി വയ്ക്കുമ്പോൾ മക്കൾ കഴിക്കാതിരുന്നാൽ പിന്നെ പറയണോ?
"നീ കഴിച്ചിട്ട് വരുന്നെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ? ഇത് ഇന്ന് തുടങ്ങിയതല്ല, ഇടയ്‌ക്കിടയ്‌ക്കുമല്ല, ഒരുപാടായി പുറത്തു നിന്ന് കഴിക്കുന്നത്. അത് നിന്റെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ല. ഞാൻ മാത്രം പറഞ്ഞാൽ എങ്ങനാ? മനുഷ്യാ.. നിങ്ങൾക്ക് ഒന്ന് പറഞ്ഞൂടെ"?
"നീ പറഞ്ഞിട്ട് കേൾക്കാത്തവനാ ഇനി ഞാൻ പറഞ്ഞാൽ കേൾക്കുന്നത്. പുറത്തു നിന്ന് കഴിച്ചെന്നു പറഞ്ഞു വീട്ടിൽ കേറ്റാതിരിക്കാൻ പറ്റുമോ?"
അപ്പോഴാണ് അനിയത്തി, "ഹോ ഈ ചേട്ടന്റെയൊക്കെ ഒരു ഭാഗ്യം! എന്നും എന്തെങ്കിലുമൊക്കെ പറഞ്ഞ് വെളിയിൽ നിന്ന് കഴിക്കും. ഞാൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ എനിക്ക് തോന്നുന്നതൊക്കെ കഴിക്കാമായിരുന്നു. ഇനിയെന്ത് ചെയ്യാൻ?"
മകളുടെ വാക്കുകൾ കേട്ട് അമ്മ വീണ്ടും തുടങ്ങി. "ഇനി നീയും കൂടി തുടങ്ങിക്കോ. ഇപ്പൊ ഇവൻ ഇങ്ങനെ കടയപ്പം തിന്നുന്നതിന്റെ ഫലം അവന്റെ ശരീരം തന്നെ അവന് നൽകും. ഇനി നീയും കൂടി തുടങ്ങാത്തതിന്റെ ഒരു കുറവേയുള്ളു."
ഈ ചെറിയ വഴക്കിന് ശേഷം നാല് പേരും ടി.വി.ക്ക് മുന്നിൽ എത്തി. അത് എന്നും ആ വീട്ടിൽ സ്ഥിരമാണ്. അതും ന്യൂസ് ചാനൽ. ഇപ്പൊ കൊറോണ വന്നതോടെ ടി.വി. നിറയേ അത് തന്നെയാണ്. "ഓരോ രാജ്യത്തും എത്ര പേർ മരിച്ചു?" അമ്മ ഇടയ്‌ക്ക് ചോദിച്ചു. ഇതിന് മറുപടിയെന്നോണം മകൾ പറഞ്ഞു: "വിദേശത്തു നിന്ന് നാട്ടിൽ എത്തുന്നോർക്കും ഇപ്പൊ കൊറോണ ഉണ്ടെന്ന്. കുറെ പേർക്ക് സ്ഥിരീകരിച്ചെന്നു രാവിലെ ന്യൂസിൽ പറഞ്ഞു".
"സംസ്ഥാനത്ത് വിദേശ പൗരന്മാർക്കും കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ബീച്ച് റിസോർട്ടിൽ താമസിച്ചിരുന്ന വിദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്."
ടി.വി. യിൽ നിന്ന് കേട്ട ഈ വാർത്ത വളരെ ഞെട്ടലോടെയാണ് മകൻ കേട്ടത്. കാരണം രാഹുൽ ഒരു സുഹൃത്തിനെ കാണാനായി ബീച്ച് റിസോർട്ടിൽ പോയിരുന്നു. റിസപ്ഷനിൽ വച്ച് ഒരു വിദേശ ടൂറിസ്റ്റുമായി സംസാരിച്ച് കൈ കൊടുത്ത് പിരിഞ്ഞിരുന്നു.
പിറ്റേ ദിവസം രാഹുലിന് ചെറിയൊരു പനി വന്നു. അമ്മ അവന് മരുന്ന് കൊടുക്കാനായി മുറിയിലേക്ക് വന്നപ്പോൾ അവൻ കാര്യം പറഞ്ഞു. അവർ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. അന്ന് തന്നെ രാഹുലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചു. കുടുംബാംഗങ്ങളെയും അടുത്തിടപഴകിയവരെയും ക്വാറന്റയിനിൽ ഇരിക്കാൻ ഉപദേശിക്കുകയും ചെയ്തു.
പിറ്റേ ദിവസം രാജ്യം മുഴുവൻ നടുക്കി 'ലോക്ക് ഡൗൺ' പ്രഖ്യാപിച്ചു. രാഹുലിന്റെ കുടുംബം അവന്റെ റിസൽറ്റും കണ്ടു നടുങ്ങി - "പോസിറ്റീവ്". ചികിത്സ നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയി വന്നില്ല. അത് അവന്റെ കുടുംബത്തെ ഒന്നാകെ വിഷമിപ്പിച്ചു.
അവനെ ചികിത്സിച്ച ഡോക്ടർ അച്ഛന്റെ സുഹൃത്ത് ആയിരുന്നു. അയാൾ രാഹുലിന്റെ അച്ഛനെ ഫോണിൽ വിളിച്ചു. "രോഗപ്രതിരോധ ശേഷി കുറവായത് കൊണ്ടാണ് രോഗം മാറാത്തത്. അല്ലെങ്കിൽ വേറെന്തെങ്കിലും അസുഖം ഉണ്ടാകണം. എന്നാൽ രാഹുലിന്റെ കാര്യത്തിൽ അതില്ലല്ലോ."
"ഇല്ല ഡോക്ടർ, അവന് ഒരസുഖവും ഇല്ലായിരുന്നു. അവന് കുഞ്ഞിലേ മഴ നനഞ്ഞാൽ പോലും പനി വരില്ലായിരുന്നു."
"അപ്പോൾ അവന്റെ രോഗപ്രതിരോധശേഷി കുറഞ്ഞത് തന്നെയാ ഇതിന് കാരണം. അവന്റെ ജീവിത രീതിയിലും ആഹാര ശീലത്തിലും വന്ന മാറ്റം ആകാം ഇതിന് കാരണം."
"അതെ ഡോക്ടർ, അവൻ ഫാസ്റ്റ് ഫുഡ് ഒരുപാട് കഴിക്കും.”
"അത് നിർത്താൻ പറയുന്നില്ല, കുറച്ചാൽ മതി", ഡോക്ടർ പറഞ്ഞു, "ഒന്ന് മനസ്സിലാക്കിക്കൊടുക്ക്."
ആ ആശുപത്രിയിൽ നിന്ന് രോഗമുക്തി നേടിപ്പോകുന്ന ആളുകൾക്ക് എല്ലാം ഒരു ബോധവത്കരണ ക്ലാസ് നടത്തിയ ശേഷമാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞയയ്ക്കുക.
"ആഹാര രീതികൾ ഒരാളുടെ രോഗപ്രതിരോധ ശേഷിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. നമ്മുടെ തോട്ടത്തിൽ ഉണ്ടാവുന്ന ചക്കയും മുരിങ്ങയും എല്ലാം ഇതിന് സഹായിക്കുന്നവയുമാണ്. അത് മനസ്സിലാക്കാതെ ഫാസ്റ്റ് ഫുഡിന്റെ പിറകെ പോകുന്നവർ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഇവ രുചിയിൽ മുന്നിൽ ആണെങ്കിലും ആരോഗ്യം പ്രദാനം ചെയ്യുന്ന കാര്യത്തിൽ വളരെ പിന്നിലാണ്. എന്നാൽ ആഹാരരീതികൾ മാത്രം നന്നായാൽ പോര, വ്യക്തി ശുചിത്വം, ശരിയായ വ്യായാമം, ആരോഗ്യകരമായ പരിസ്ഥിതിയും ആവശ്യമാണ്. ഇപ്പോൾ തന്നെ പുറത്തു വരുന്ന കണക്കുകൾ പറയുന്നത് ലോക്ക് ഡൗണിന് ശേഷം വായു മലിനീകരണത്തിന്റെ തോത് വളരെ കുറവാണ്. കാരണമെന്താണ്, ഫാക്ടറികൾ പോലുള്ള മലിനീകരണമുണ്ടാക്കുന്ന ഒരു സ്ഥാപനങ്ങളും തുറക്കുന്നില്ല. നമ്മുടെയും പ്രകൃതിയുടെയും ആരോഗ്യം നമ്മുടെ കൈകളിലാണ്. നമുക്കുണ്ടാകുന്ന ഗുണത്തിനും ദോഷത്തിനും കാരണം നമ്മുടെ തന്നെ പ്രവൃത്തികളാണ്. അത് മനസ്സിലാക്കി പ്രവൃത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിന്തിക്കുക....”
ഈ വാക്കുകൾ രാഹുലിനെ വല്ലാതെ പിടിച്ചുലച്ചു. അമ്മ പറഞ്ഞതിന്റെ വില മനസ്സിലാക്കി അവൻ വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കഥ
|