പ്രവർത്തനം ആരംഭിക്കുകയും ചെയ്തു/കൂടുതൽ വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്

നാളിതുവരെ ഈ കലാലയത്തെ നയിച്ച കർമ്മോത്സുകരായ പ്രഥമ അധ്യാപകരുടെയും അവരുടെ ദീർഘവീക്ഷണത്തെ പ്രാവർത്തികമാക്കാൻ അക്ഷീണം പ്രയത്‌നിച്ച സഹഅധ്യാപകരുടെയും അനധ്യാപകരുടെയും ഒത്തൊരുമയുടെ ഫലമായി പത്തനംതിട്ട ജില്ലയിലെ കോന്നി പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാഭ്യാസരംഗത്ത് തനതായ സ്ഥാനം നേടിയെടുത്തുകൊണ്ട് ഇന്നും പ്രശോഭിക്കുന്നു.ഈ കലാലയത്തിൽ നിന്ന് നാളിതുവരെ അക്ഷരവെളിച്ചം ഉൾക്കൊണ്ടത് 5000ൽപരം കുരുന്നുകളാണ്. അവരിൽ സമൂഹത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന നിരവധി വ്യക്തിത്വങ്ങളും അടങ്ങുന്നുവെന്നത് ഈ കൊച്ചുവിദ്യാലയത്തെ സംബന്ധിച്ച് അഭിമാനകരമാണ്. ആദ്യകാലങ്ങളിൽ മലയാളം മീഡിയം മാത്രമായിരുന്നുവെങ്കിലും പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് 2004ൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും അന്നുമുതൽ രണ്ട് മീഡിയങ്ങളിലുമായി സ്‌കൂൾ പ്രവർത്തിച്ച് വരുകയും ചെയ്യുന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് തുടക്കമെങ്കിലും നിലവിൽ ഇവിടെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 2000ൽ അധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും, ശാസ്ത്ര അഭിരുചി വളർത്തുന്നതിനു വേണ്ടി ഗണിത-സാമൂഹ്യ-ജീവശാസ്ത്രവിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി നിരീക്ഷണ പരീക്ഷണ പഠനസാമഗ്രികൾ അടങ്ങിയ ലാബും പ്രവർത്തന സജ്ജമാണ്. 2015ൽ സുവർണജൂബിലി കൊണ്ടാടിയ ഈ വിദ്യാലയം 2019-2020 അധ്യയനവർഷം സംസ്ഥാനസർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കമ്പ്യൂട്ടർവത്കരിക്കുകയും കുട്ടികൾക്ക് സാങ്കേതികപരിജ്ഞാനം നൽകുന്നതിൽ മുൻതൂക്കം നൽകുകയും ചെയ്തു വരുന്നു. അക്ഷരങ്ങളിലൂടെ മാത്രം അറിവ് സ്വായത്തമാക്കുന്ന അദ്യകാല പഠനരീതിയ്ക്ക് പകരം വ്യത്യസ്തവും നൂതനവും ആകർഷണവുമായ പഠനരീതിയുടെ ഭാഗമായി വിവിധവിഷയങ്ങളിൽ ക്ലബുകൾ പ്രവർത്തിക്കുകയും ക്ലബുകളുടെ പ്രവർത്തനം ഊർജ്ജസ്വലമായ നടന്ന് വരികയും ചെയ്യുന്നു. കുട്ടികളുടെ സമ്പൂർണ്ണമികവ് ലക്ഷ്യം വച്ചുകൊണ്ടുള്ള എസ്.എസ്.എയുടെ അടിസ്ഥാനത്തിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഈ വിദ്യാലയത്തെ നിലവിൽ സി. മറിയാമ്മ ഡാനിയേൽ (ഹെഡ്മിസ്ട്രസ്) സ്റ്റാഫ് അംഗങ്ങളായ ശ്രീമതി ജിമിനി കോശി, സി. അന്നമ്മ കെ.സി, ശ്രീമതി സൂസൻ മാത്യു, സി. ഷൈനി ജി, ശ്രീമതി അന്നമ്മ എബ്രഹാം, ശ്രീമതി ദിയാ മേരി ഫിലിപ്പ്, സി.ജിനി പാപ്പച്ചൻ, അനധ്യാപകനായ ബിജു എൽ എന്നിവർ നയിക്കുന്നു.

   കോന്നിയുടെ മണ്ണിൽ വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്ന സെന്റ് തോമസ് യു.പി. സ്‌കൂളിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസന അധിപൻ അഭി. സാമുവൽ മാർ ഐറേനിയോസ് പിതാവിനോടും ബഥനി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. ലിറ്റിൽ ഫ്‌ളവറിനോടും പത്തനംതിട്ട പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ മദർ ഹൃദ്യയോടും എം.എസ്.സി. മാനേജ്‌മെന്റ് കറസ്‌പോണ്ടന്റ് പെരിയ ബഹു. വർഗ്ഗീസ് കാലായിൽ അച്ചനോടും ലോക്കൽ മാനേജർ ബഹു. വർഗ്ഗീസ് കൈതോൺ അച്ചനോടും വകയാർ മഠത്തിന്റെ സുപ്പീരിയർ സി. എൽസീനായോടും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപകരക്ഷാകർതൃസമിതിയോടും അഭ്യുദയകാംക്ഷികളോടും നന്ദി അറിയിച്ചുകൊണ്ട് ഇന്നലകളുടെ മികവുകളെ കൈമുതലാക്കി പുത്തൻപ്രതീക്ഷകളോടെ ഈ വിദ്യാലയചരിത്രം സംഗ്രഹിക്കുന്നു.