പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/ഇളനീർ
ഇളനീർ
രാവിലെ തന്നെ മുടന്തിയാണ് ഞാൻ തൊട്ടടുത്ത വീട്ടിലെ തെങ്ങ് കയറ്റക്കാരൻ മുകുന്ദനെ അന്വേഷിച്ച് ഇറങ്ങിയത്... കണ്ടവരെല്ലാം ചോദിക്കുന്നു _എന്താ മുടന്തുന്നത്?_ ഒന്ന് വീണതാണെന്നു പറഞ്ഞു മടുത്തു... വീടിന്റെ ഉമ്മറത്ത് ഒരു ചായയും കയ്യിൽ പിടിച്ചു പത്രം വായിക്കുന്ന റസാഖിനോട് ചുമ്മ ഒരു കൊച്ചു വർത്തമാനം പറഞ്ഞു മുകുന്ദന്റെ വീട്ടിലേക്ക് നടന്നു... ഞാൻ മുടന്തി നടന്നു വരുന്നത് ദൂരെനിന്നേ അദ്ദേഹം കണ്ടെന്നു തോന്നുന്നു. തെങ്ങ് കയറാൻ വരുമോ എന്ന് ചോദിക്കുമ്പോയെ മുകുന്ദന് എന്റെ മുടന്തിന്റെ കാരണം പിടികിട്ടി.. വീണത് വലിയ തെങ്ങിൽ നിന്നോ.. അതോ ചെറുതിൽ നിന്നോ..? എന്റെ മുഖത്തു ചമ്മലും,നാണവും,പുഞ്ചിരിയും കലർന്ന ഒരു പുതിയ രസം വിരിഞ്ഞു... ലോക്ക്ഡൌൺ അല്ലേ തേങ്ങയിടാൻ ആളെ കിട്ടാത്തത് കൊണ്ട്, അടുക്കളയിൽ കറിക്കരക്കാൻ തേങ്ങ ഇല്ലാതെ ഉമ്മയുടെ തുള്ളൽ പാട്ട് കേട്ട് മടുത്തിട്ടും, കൂട്ടത്തിൽ ഒരു നാല് ഇളനീർ കൂടി കിട്ടിയാൽ ഈ ചൂട് കാലത്ത് നല്ലതാണെന്നും രോഗപ്രതിരോധ ശേഷി വർധിക്കാൻ ഏറ്റവും നല്ലതുമാണ് കാര്യം എനിക്കറിയാവുന്നത് കൊണ്ടുമാണ് ഞാൻ ആ കടുംകൈക്ക് മുതിർന്നത്. പറമ്പിൽ ഉള്ളതിൽ വച്ച് ഏറ്റവും ചെറിയ തെങ്ങിനെ തിരഞ്ഞെടുത്തു, തെങ്ങ് ചതിക്കില്ലെന്ന വിശ്വാസത്തിൽ മൂന്നോ നാലോ സ്റ്റെപ്പ് കയറിയതോർമ്മയുണ്ട്... പിന്നെ ഉമ്മയുടെ ഉച്ചത്തിലുള്ള ചിരിയാണ് കേട്ടത്... നോക്കിയപ്പോൾ ചതിച്ചത് തെങ്ങല്ല... കാലിൽ ഇട്ടിരുന്ന കയറാണ്... മിനുട്ടുകൾക്കകം കാലു നീര് വച്ച് വേദനിക്കാൻ തുടങ്ങി....
ഇങ്ങനെ ഇരുന്നാൽ അടുക്കളയിൽ കറിയാകില്ല എന്ന ഉമ്മയുടെ ഓർമ്മപെടുത്തലും, എന്റെ ഇളനീർ ആഗ്രഹവും മനസ്സിൽ വെച്ച് മുടന്തിയാണെങ്കിലും ഞാൻ അതിരാവിലെ നിങ്ങളുടെ മുമ്പിലെത്തി... മുളയേണിയും തൂക്കി വീട്ടിലെത്തിയതും മുകുന്ദേട്ടൻ പുറകിലെ പറമ്പിലേക്കിറങ്ങി എല്ലാ തെങ്ങുകളെയും നോക്കി... ഒരു പഴയ ഷർട്ടും ലുങ്കിയും തലയിൽ ഒരു കെട്ടും അരയിൽ വാകത്തിയുമായി അദ്ദേഹം പണി തുടങ്ങി.. ആകെ പതിനഞ്ചു തെങ്ങ്... ഒന്നിൽ കയറി ഇറങ്ങിയാൽ പത്തു മിനുട്ട് വിശ്രമം... അങ്ങനെ മണിക്കൂറുകൾ എടുത്തു മുഴുവനും തീർത്ത് തന്നു.. പിന്നെ, വളരെ ഗൌരവത്തോടെ അയാൾ സിറ്റൌട്ടിലെ കസേരയിൽ ഇരുന്നു.. കൊണ്ട് വന്ന മുളയേണിയിൽ രണ്ട് തേങ്ങയും രണ്ട് എന്റെ രോഗ പ്രതിരോധ പാനീയവും കെട്ടി വെച്ചിരിക്കുന്നു... മിത ഭാഷയിൽ അദ്ദേഹം കൂലി പറഞ്ഞു ഞാൻ അവിടെത്തന്നെ നിലത്തു കുത്തിയിരുന്നു ഈ ചങ്ങാതി ഇത്ര നേരം പറിച്ച തേങ്ങയുടെ നാലിരട്ടി മാർക്കറ്റിൽ വിറ്റാലും ഇത്രയും തുക കിട്ടില്ല... ഉമ്മയുടെ തേങ്ങ അരച്ച കറി, എന്റെ ഇളനീർ.. അദ്ദേഹം ജോലിയും ചെയ്തു.. ശരി കാശ് കൊടുക്കാതെ വഴിയില്ലല്ലോ.. മെല്ലെ ഉപ്പയുടെ പോക്കറ്റിൽ നിന്നും ഉമ്മ കൂലിക്കുള്ള പൈസ തന്നു... നല്ല ചിരിയും സമ്മാനിച്ച് മുകുന്ദേട്ടൻ ഏണിയും ചുമലിൽ വെച്ച് പട ജയിച്ച ഒരു യോദ്ധാവിനെ പോലെ നടന്നകന്നു... എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഞാൻ ഉടനെ തന്നെ ഒരു മീറ്റിങ് വിളിച്ചു, ഉപ്പ, ഉമ്മ പെങ്ങൾ അനിയൻ എല്ലാരും റെഡി.. ഞാൻ ഒരു കിടുക്കൻ പ്രസംഗം അടിക്കാൻ തുടങ്ങി പ്രിയ കുടുംബമേ... ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഇളനീര്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇളനീര് കുടിചാൽ മാനസീക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനുള്ള നല്ലൊരു മാർഗ്ഗം കൂടിയാണ് ഇളനീര്. ഈ ചൂടുകാലത്ത് ധൈര്യമായി നമുക്ക് ഇളനീർ ശീലമാക്കാം... എല്ലാവരും കയ്യടിച്ചെങ്കിലും ഉപ്പ ഇളനീർ ശീലമാക്കിയാൽ ഉള്ള കൂലി ഓർത്ത് ഒരു നെടുവീർപ്പ് ഇട്ടത് പോലെ എനിക്ക് തോന്നി...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ