പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

ആദ്യകാലപ്രവർത്തനങ്ങൾ

കേരളത്തിന്റെ തെക്കെ അറ്റത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാസമ്പന്നവും സംസ്ക്കാരസമ്പന്നവുമായ ഒരു പഞ്ചായത്താണ് കാഞ്ഞിരംകുളം. ഈ പ്രദേശത്തിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇരുണ്ട ചരിത്രത്തെ വെളിച്ചമാക്കി മാറ്റിയ മഹാന്മാരുണ്ട്. ആ പ്രമുഖരിൽ ഒരാളായിരുന്നു പി.കെ. സത്യനേശൻ. കേരളപ്പിറവിക്കുമുൻപ്, തെക്കൻ തിരുവിതാംകൂറിൽ ഗ്രാമങ്ങളിലെ ജനജീവിതം വളരെ ദുസഹമായിരുന്നു. മണ്ണെണ്ണവിളക്കും നിലവിളക്കും മാത്രം വെളിച്ചം നൽകിയിരുന്നകാലം. രാത്രി കാലങ്ങളിൽ കൂരിരുട്ടിനെകുത്തിത്തുളച്ച് ചൂട്ടുകളുടെ പ്രകാശത്തിൽ യാത്രചെയ്തിരുന്ന യാത്രക്കാർ. കാള വണ്ടിയായിരുന്നു പ്രധാന വാഹനം. കട്ടയും കല്ലും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ കടന്നു പോകുന്ന കാളവണ്ടികൾ. ആകാലഘട്ടത്തിലായിരുന്നു പി.കെ. സത്യനേശൻ കാഞ്ഞിരംകുളത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്രചെയ്തിരുന്നത്. പലപ്പോഴും കാൽനടയായിട്ടായിരുന്നു യാത്ര. അന്ധവിശ്വാസങ്ങളും. അനാചാരങ്ങളും തീഷ്ണമായ ജാതിവ്യവസ്ഥകളും നിലനിന്നിരുന്ന കാലയളവിൽ അന്ധകാര പൂർണ്ണമായ സാമൂഹ്യവ്യവസ്ഥയ്ക്ക് മാറ്റത്തിന്റെ തുടക്കമിട്ടുകൊണ്ട് വിദ്യാഭ്യാസത്തിന്റെ തിരിനാളം തെളിയിച്ച യോഗീശ്വരനാണ് പി.കെ. സത്യനേശൻ. 1906-ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് അദ്ദേഹം സ്ഥാപിച്ച് പാഠശാലയാണ് കെ.എച്ച്.എസ്. (KHS)അഥവാ കാഞ്ഞിരംകുളം ഹൈസ്കൂൾ. ഇന്ന് ആ സ്ഥാപനം വളർന്ന് സ്ഥാപകമാനേജരുടെ സ്മരണയിൽ അറിയപ്പെടുന്ന പി.കെ.സത്യനേശൻ ഹയർ സെക്കന്ററി സ്കൂൾ (PKSHSS) ആയി. നാഗർകോവിലിനും തിരുവനന്തപരത്തിനും ഇടയ്ക്കുള്ള ആദ്യത്തെ ഹൈസ്കൂളായിരുന്നു KHS.

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഭരണകാലമായിരുന്നു എങ്കിലും സ്കൂൾ തുടങ്ങുന്നതിൻ ബ്രിട്ടീഷ് സർക്കാറിന്റെ അനുവാദം ആവശ്യമായിരുന്നു. പിന്നോക്ക വിഭാഗത്തിൽപ്പെട്ട നാടാർ സമുദായാംഗമായ സത്യനേശൻ സ്കൂൾ ആരംഭിക്കുന്ന കാര്യം ബ്രിട്ടീഷ് സർക്കാറിന്റെ മുൻപിൽ അവതരിപ്പിച്ച് അനുവാദം നേടിയെടുത്തത് വളരെനാളത്തെ പരിശ്രമത്തിന് ശേഷമാണ്. സ്കൂൾ അംഗീകാരത്തിനായി ഒരിക്കൽ ബ്രിട്ടീഷ് മേലധികാരിയെ സമീപിച്ചപ്പോൾ സത്യനേശനെ നിരാശപ്പെടുത്തുന്നരീതിയിൽ അദ്ദേഹം സംസാരിക്കുകയും അത് ഒരു വാദപ്രതിവാധത്തിലെത്തിക്കുകയം ചെയ്തു. വാദപ്രതിവാദത്തിനൊടുവിൽ ക്രോധം കൊണ്ടുവിറച്ച ബ്രിട്ടീഷ് ഓഫീസർ I am a Tiger എന്നു പറഞ്ഞതിന് If you are a Tiger, I am a Lion എന്ന് സത്യനേശൻ മറുപടിയായി പറഞ്ഞു. ഇതുകേട്ട ഓഫീസർ മൗനം പാലിച്ചു. പലനാളത്തെ പരിശ്രമത്തിനുശേഷം സ്കൂൾ തുടങ്ങുന്നതിനു വേണ്ട അനുവാദം ലഭിച്ചു.

പി.കെ. സത്യനേശൻ പട്ട്യക്കാലയിൽ ജനിച്ചു എങ്കിലും സ്കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചത് കാഞ്ഞിരംകുളത്തായിരുന്നു. പ്രക‌‌ൃതിരമണീയമായ ഒരു കൊച്ചുഗ്രാമമാണ് കാഞ്ഞിരംകുളം. നാലുറോഡുകൾ സംഗമിക്കുന്ന പ്രത്യേക സ്ഥലം, നാലുകെട്ട് എന്ന പേരിലായിരുന്നു അന്ന് ഈ ഗ്രാമത്തെ അറി‍ഞ്ഞിരുന്നത്. കാഞ്ഞ് ഈറനായി കുളം രൂപപ്പെട്ടതുകൊണ്ടാണ് നാലകെട്ട് പിൽക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലനാമത്തിൽ അറിയപ്പെട്ടതെന്നും, അതല്ല കുളവും അതിനടുത്തായി ധാരാളം കാഞ്ഞിരമരങ്ങൾ നിന്നിരുന്നതുകൊണ്ടാണ് കാഞ്ഞിരംകുളം എന്ന പേരു വന്നതെന്നും പഴമക്കാർ പറയുമായിരുന്നു. സ്കൂൾ തുടങ്ങിയ കാലത്ത് വിദ്യാഭ്യാസം നേടുവാൻ ആരും തന്നെ തയ്യാറായില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു എങ്കിലും അതിന്റെ മഹത്വം ആരും ഉൾക്കൊണ്ടില്ല. ഒടുവിൽ മൂന്നുകുട്ടികൾ പഠിക്കുന്നതിന് തയ്യാറായി.

1906 ഫെബ്രുവരി 12 വിദ്യാലയാരംഭം

റവ.വില്യംഗുണമുടയാൻ റസാലം അവർകളുടെ ഉദ്ഘാടന പ്രാർത്ഥനയോടുകൂടി പി.കെ. സത്യനേശൻ 1906 ഫെബ്രുവരി 12-ാം തിയതി ഡി.യേശുദാസ്, എൽ. ഡെന്നിസൺ, എൽ.തോംസൺ എന്നീ മൂന്നുകുട്ടികളുമായി നെല്ലിക്കാക്കുഴി എൽ.എം.എസ് ദൈവാലയമായ പെനിയേൽ പള്ളിമുറ്റത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. അക്കാലത്ത് കാഞ്ഞിരംകുളത്തെക്കാൾ ഏറെ പ്രസിദ്ധിയാർജ്ജിച്ച പ്രദേശമായിരുന്നു നല്ലിക്കാക്കുഴി. ധാരാളം നെല്ലിമരങ്ങൾ ഉണ്ടായിരുന്ന പ്രദേശം. ഒരു വർഷക്കാലം ആ സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പി.കെ. സത്യനേശന്റെ പിതാവ് കുമാരൻനാടാർ അദ്ദേഹത്തിന്റെ മകളായ സ്നേഹമണിക്ക് നൽകിയ ഭൂസ്വത്ത് കാഞ്ഞിരംകുളത്ത് ഉണ്ടായിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിൻ സഹോദരീ ഭർത്താവായ വലിയവിള ശങ്കരൻനാടാരിൽ നിന്നും സത്യനേശൻ സ്ഥലം വാങ്ങുകയും 1907-ൽ സ്ക്കൂളിനെ നെല്ലിക്കാക്കുഴിയിൽ നിന്നും കാഞ്ഞിരംകുളത്ത് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥല്ത്തേക്കു മാറ്റുകയും ചെയ്തു. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് വേണ്ടി മെഗാഫോൺ‍ ഉപയോഗിച്ചുകൊണ്ടുള്ള പരസ്യപരിപാടികൾ നടത്തി. സത്യനേശനും സഹപ്രവർത്തകരും ബാൻഡുമേളത്തോടെ മെഗാഫോണിലൂടെ പാട്ടുകൽ പാടി ഊടുവഴികളിൽ കൂടെ ഓരോ ദേശത്തിലേക്കും നടക്കും. ബാന്റുമേളം കുട്ടികളെയും മാതാപിതാക്കളെയും ആകർഷിച്ചു. ദേശം മുഴുവൻ ചുറ്റിനടന്ന് വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻ തുടങ്ങി. വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരുത്തുന്നതിനായി ചെയ്ത മറ്റൊരു പരിപാടിയായിരുന്നു മാജിക്ലാന്റേൺ അഥവാ മായാദീപപ്രദർശനം. ഒരു പ്രത്യേകവിഷയം തെരഞ്ഞെടുത്ത് ഫോട്ടോകളാക്കി അവയെ പ്രൊജക്ടറിന്റെ സഹായത്താൽ സ്ക്രീനിൽ പതിപ്പിക്കുന്നു. ഇവ കണ്ടും കേട്ടും ബോധവൽക്കരിക്കപ്പെട്ട് ധാരാളം വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടി.

സ്ഥാപകദിനം

സ്ഥാപക മാനേജർ പി.കെ സത്യനേശൻ 1964 ആഗസ്റ്റ് 11നാണ് അന്തരിച്ചത്. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആഗസ്റ്റ് 11 സ്ഥാപകദിനമായി ആചരിക്കുകയും അനുസ്മരണപ്രാർത്ഥനനടത്തുകയും ചെയ്യുന്നു. അന്നേദിവസം സ്കൂളിലെ സ്റ്റാഫും ബന്ധുജനങ്ങളും വിദ്യാർത്ഥികളും പി.കെ.എസ് അന്ത്യവിശ്രമം ചെയ്യുന്ന സ്മാരകത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷം അനുസ്മരണപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

അറിവിന്റെ ആദ്യാക്ഷരം (ജീവചരിത്രം)



കെ.എച്ച്.എസ് ആഡിറ്റോറിയം

  • 1957-ൽ സ്കൂളിലെ ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷം നാലുമണി സമയത്ത് സത്യനേശൻ മാനേജർ ഏതാനും ജോലിക്കാരുമായി ഓഫീസ് കെട്ടിടത്തിനു മുന്നിൽ വന്ന് ബാറ്റ്മിന്റൺ കോർട്ടായി ഉപയോഗിക്കുന്ന തരിശുഭൂമിയായി കിടന്നിരുന്ന സ്ഥല്ത്ത് ടേപ്പ് ഉപയോഗിച്ച് 20'x20' എന്ന അളവിൽ ജോലിക്കാരെ കൊണ്ട് കുറ്റിയടിപ്പിച്ചു.
  • അത്തരത്തിൽ 5 മുറികളുടെ സ്ഥലം അളന്ന് സ്ഥിരമായ പന്തലിന്റെ പണി ആരംഭിച്ചു. തെങ്ങിൻ തടികൊണ്ട് തൂൺ സ്ഥാപിച്ച് ഓലമേഞ്ഞ വലിയൊരു ഹാൾ നിർമ്മിച്ചു.
  • അദ്ദേഹം നിർമ്മിച്ച ആഡിറ്റോറിയം 1958 നവംബർ 20-ാം തിയതി കേന്ദ്രവിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്ന കെ.പി. സിൻഹ ഉദ്ഘാടനം ചെയ്തു. കാലക്രമേണ തെങ്ങിൻ തൂൺ മാറ്റി തേക്കിൻ തൂൺ സ്ഥാപിച്ചു.
  • സ്കൂളിന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആഡിറ്റോറിയം പുതുക്കിപ്പണിയുകയും പി.കെ. സത്യനേശൻ സെന്റിനറി ആഡിറ്റോറിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

പള്ളിക്കൂടംവീട്

മുത്തശ്ശി/സ്നേഹ മാവ്

സത്യനേഷൻ മാനേജരുടെ ഭാര്യ സ്നേഹപ്പൂ മുത്തശ്ശിയെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ മുതൽ എല്ലാ വിഭാഗം ജീവനക്കാരും ബന്ധുമിത്രാദികളും നാട്ടുകാരും ഏറെ സ്നേഹിച്ചിരുന്നു. അവർ നൽകിയിട്ടുള്ള ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആരും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല. അദ്ധ്യാപകർക്ക് നല്ലൊരമ്മയായി പുഞ്ചിരിയോടെ എല്ലാപേരോടും കുശലം ചോദിക്കുമായിരുന്നു ഒരമ്മയുടെ സ്നേഹവും സാമിപ്യവും അമ്മൂമ്മയിൽ നിന്നും വേണ്ടുവോളം അവർ അനുഭവിച്ചിരുന്നു. സ്കൂളിന്റെ തന്നെ മുത്തശ്ശിയായിരുന്ന സ്നേഹപ്പൂ മുത്തശ്ശിയുടെ ഓർമ്മക്കായി സ്കൂൾ അങ്കണത്തിലെ "മാവിനെ" "സ്നേഹമുത്തശ്ശിമാവ്" എന്ന് നാമകരണം ചെയ്ത് ആദരിച്ചു.

പുരാതന കിണർ

സ്കൂൾ സ്ഥാപിച്ച കാലത്ത് കാഞ്ഞിരംകുളം പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.കെ.എച്ച്.എസിലെ കുട്ടികൾക്ക് ആവശ്യമായ ജല ലഭ്യത ഉണ്ടായിരുന്നില്ല. വെള്ളത്തിനായി 175 അടി ആഴമുള്ളതും അന്നും ഇന്നും ഉപയോഗിക്കുന്നതുമായ ഒരു കിണർ അകാലത്ത് സ്കൂൾ അങ്കണത്തിൽ നിർമ്മിച്ചു അക്കാലത്ത് അതിൽ നിന്നും നീളമുള്ള വടം ഉപയോഗിച്ച് വെള്ളം കോരി കുട്ടികൾക്ക് നൽകുകയാണ് പതിവ് മൂന്ന് കുട്ടികൾക്ക് " ഒരു ചിരട്ട വെള്ളം " എന്ന കണക്കിലായിരുന്ന കൈ കഴുകാൻ നൽകിയിരുന്നത്. വെള്ളം കോരിയിരുന്നതും കുട്ടികൾക്ക് നൽകിയിരുന്നതും ഹാരിസ് എന്ന ജീവതക്കാരനായിരുന്നു ആ കിണർ ഇന്നും പൈതൃകമായി ഞങ്ങൾ സംരക്ഷിക്കുന്നു ' പുരാതനകാലം മുതൽ കുടിവെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. പണ്ടുകാലം മുതൽ ശുദ്ധജലത്തിനു വേണ്ടി ഈ പ്രദേശത്തിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. കൃഷി മറ്റ് ആവശ്യങ്ങൾക്കെല്ലാം ഇവിടെ നിന്നുമാണ് വെള്ളം ശേഖരിച്ചിരുന്നു