പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ലോകം മാനവരാശിയുടെ മാത്രം സ്വത്തോ?
ലോകം മാനവരാശിയുടെ സ്വത്തോ?
ലോകം വൈവിദ്ധ്യങ്ങളാൽ സമ്പന്നമാണ്. ദൈവത്തിന്റെ സൃഷ്ടിയായ അവയെ നാം നിഷ്ക്രൂരം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ സ്വാർത്ഥപൂർണ്ണമായ പ്രവൃത്തികളുടെ ഫലമാണ് പ്രകൃതിയിലെ ജീവ ജാലങ്ങൾ, മരങ്ങൾ എന്നിവയുടെ വംശനാശം. പ്രകൃതിക്കു മേലുള്ള നമ്മുടെ കടന്നുകയറ്റം നമ്മുടെ നാശത്തിനാണ് വഴിയൊരുക്കുന്നത്. ലോകം അതിലെ ഓരോ ജീവിക്കും അവകാശപ്പെട്ടതാണ്. മനുഷ്യന്റെ ഏകാധിപത്യം എന്നാണ് അവസാനിക്കുക? എന്നാണ് അവർ ബോധവാന്മാരാകുക? പ്രകൃതി തന്റേതു മാത്രമാണെന്ന് കരുതുന്ന മാനവസമൂഹം തികച്ചും മൂഢത്വസ്വഭാവികൾ അല്ലേ? ഈ ലേഖനം അത്തരം ഏകാധിപതികൾക്കുള്ള ഒരു മറുപടി തന്നെയാണ്. കൂടാതെ, ഈ ലേഖനം അവർക്കു ഒരു മുന്നറിയിപ്പ് കൂടിയാകുന്നു. നന്മനിറഞ്ഞ സമൂഹത്തിനായി കരുതലോടെ ക്ഷമയോടെ കാത്തിരിക്കാം.
പ്രകൃതി:നമ്മുടെ പോറ്റമ്മ.
പണത്തിനും പ്രഭാവത്തിനും പിറകേ ഓടുന്ന ഇന്നത്തെ ജനസമൂഹം തികച്ചും വ്യത്യസ്തരാണ്. അതിനിടയിൽ, അവർക്കു പെറ്റമ്മയെയോ പ്രകൃതിയാകുന്ന പോറ്റമ്മയെയോ
ശുശ്രൂഷിക്കാൻ സമയം കിട്ടുന്നില്ല. ശുചിത്വത്തിനു വലിയ സ്ഥാനം കല്പിക്കുന്ന നമ്മുടെ ചുറ്റുപാട്, അത് പൂർണ്ണമായി പാലിക്കുന്നില്ല. സ്വന്തം വീടും പരിസരവും വൃത്തിയാക്കുന്ന നാം നമ്മുടെ നാടിനെ വൃത്തിയാക്കാൻ ശ്രമിക്കുന്നില്ല. വിരോധാഭാസം എന്തെന്നാൽ, ആരെങ്കിലും പരിസരശുചിത്വപാലനത്തിനായി ഇറങ്ങിയാൽ അവരെ കളിയാക്കുന്നവരാണ് ഇത്തരം ആളുകൾ. സ്വന്തമായി ഒന്നും ചെയ്യാനും വയ്യ, എന്നാലോ മറ്റുള്ളവരെകൊണ്ട് ഒന്നും ചെയ്യാനും സമ്മതിക്കില്ല. ഇന്ന് നമ്മുടെ പ്രകൃതിയിലെ പല പ്രതിഭാസങ്ങളും കാണുമ്പോൾ മുത്തശ്ശിമാർ പറയുന്ന പഴഞ്ചൊല്ലുകൾക്ക് പ്രസക്തി ഏറുന്നു. ഇരിക്കുന്നതിനു മുമ്പേ കാലു നീട്ടുന്ന ആധുനിക മനുഷ്യർ കുറുക്കുവഴികളിലൂടെ ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുന്നു. അനീതി, സ്വാർത്ഥത, തുടങ്ങിയവ അവരുടെ ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞു. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും വർണ്ണകടലാസുകൾ കണ്ട് കണ്ണുകൾ മഞ്ഞളിക്കുന്ന മനുഷ്യർ എന്തിനും തുനിയുന്നു. ലോകമാകുന്ന വീട്ടിലെ കോടികണക്കിന് ജനങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ കൊല്ലുവാനും കൊല്ലിക്കാനും തയ്യാറാകുന്നു. ജൈവയുദ്ധം(Biowar) അതിൽ ഒരു ഉദാഹരണം മാത്രം.
നാം ചരിത്രങ്ങളിലേക്ക് മടങ്ങിപോകേണ്ടതുണ്ട്. ചരിത്രത്തിന്റെ സുവർണതാളുകളിൽ കുറിച്ചുവച്ചിരിക്കുന്ന ആശയങ്ങൾക്കു ജീവൻ നൽകേണ്ടതുണ്ട്. മനുഷ്യരുടെ ക്രൂരചിന്തകൾക്ക് വഴങ്ങേണ്ടിവരുന്നത് കാടുകളും പുഴകളും മിണ്ടാപ്രാണികളായ ജീവജാലങ്ങളുമാണ്. നാടിനെ ദ്രോഹിക്കുന്നത് കൂടാതെ, കാടിനെയും നശിപ്പിക്കുന്ന മനുഷ്യരുടെ തലയിൽ ശാപവാക്കുകൾ ആഗമിച്ചുകൊണ്ടേയിരിക്കുന്നു. കാടുകൾ അഗ്നിക്കിരയാകുമ്പോൾ വെന്തുമരിക്കുന്ന ലക്ഷകണക്കിന് ജീവികൾ നമ്മോട് എന്തു തെറ്റ് ചെയ്തു? പ്രകൃതിയെ
ചൂഷണം ചെയ്യുമ്പോഴെല്ലാം നാം നമ്മുടെ സുഖം മാത്രമാണ് നോക്കുന്നത്.ഇത്രയും ആധിപത്യം പ്രകൃതിക്കു മേൽ കാട്ടുമ്പോൾ, കുഞ്ഞൻജീവികൾക്കു മുമ്പിൽ മുട്ടുകുത്തുന്ന മനുഷ്യരെയാണ് നാം ഇന്ന് കാണുന്നത്. നഗ്നനേത്രങ്ങൾക്കു ദൃശ്യമല്ലാത്ത വൈറസ്, ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾ ഇതിനോടകം കോടികണക്കിനു ജീവനുകൾ ലോകമൊട്ടാകെ കവർന്നു കഴിഞ്ഞു. നൂറു വർഷം കൂടുമ്പോൾ വന്നുചേരുന്ന പ്ലേഗ്, സ്പാനിഷ് ഫ്ലൂ, കൊവിഡ്-19 പോലുള്ള പകർച്ച വ്യാധികൾ ഒരുപക്ഷേ നമുക്കുള്ള താക്കീതുകൾ ആയിരിക്കാം. അവയെ പ്രതിരോധിക്കാൻ നമുക്ക് ഏറെ അത്യാവശ്യമായി വേണ്ടത് മൂന്ന് ഘടകങ്ങളാണ്-ഒരുമ, അനുസരണ, പ്രകൃതിപാലനം. നാം പുഴകളെയും കായലുകളെയും മലിനമാക്കുന്നു,അവയെ മണ്ണിട്ട് മൂടി കെട്ടിടങ്ങൾ ഉയർത്തുന്നു. അതേ ജലം തന്നെയാണ് പ്രളയത്തിന്റെ രൂപത്തിൽ നമ്മെ ആക്രമിച്ചത്. അതിനാൽ, സാമൂഹികഒരുമയോടെ നമുക്ക് ആരോഗ്യപൂർണമായ ഒരു ലോകത്തെ സൃഷ്ടിക്കാം;എല്ലാവരുടെയും ലോകത്തെ .
ജയ്‌ഹിന്ദ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം